• ആരോവിൽ :: ആഗോള മാനുഷിക സാഹോദര്യത്തിന്റെ ഭൂമിക

  by  • February 19, 2014 • കൂട്ട് ജീവിതം • 0 Comments

  കഴിഞ്ഞ ഒരാഴ്ച ആരോവിൽ എന്ന സ്വപ്ന തുല്യ യാഥാർത്യത്തിൽ ജീവിക്കുകയായിരുന്നു. തിരികെ വീട്ടിൽ എത്തിയിട്ടും മനസ്സിൽ ആരോവിൽ പടർന്നു തന്നെ കിടക്കുന്നു. അറിഞ്ഞു ഇരുപത്തി അഞ്ചു കൊല്ലത്തിനു ശേഷം ഇപ്പോഴെങ്കിലും അവിടെ ചെന്നെത്താൻ സാധിച്ചതിനു ക്രിസ്റ്റൊയോടു (Christo Gabriel) നന്ദി പറയുന്നു.

  പലരും പലരൂപത്തിൽ പറഞ്ഞു  തന്നിട്ടുണ്ട് ആരോവില്ലിനെ പറ്റി. ഒരു വലിയ ഇക്കോ വില്ലേജ് എന്നാണു അതിൽ നിന്നോക്കെയും മനസ്സിലാ ക്കിയിട്ടുള്ളത്.. . എന്നാൽ, ക്രിസ്റ്റോ ആകട്ടെ, എനിക്ക്  പറഞ്ഞു തന്നതും നേരിട്ട് കാണിച്ചു തന്നതും, ഞാൻ മുൻപ് കേട്ടിരുന്നതിലും എത്രയോ മടങ്ങ്‌ വലിയ ഒരു സംവിധാനത്തെയാണ്. എനിക്ക് മനസ്സിലായത്‌ ഞാൻ താഴെ കുറിക്കാം.

   

  1. ആരോവിൽ (ഓറോവിൽ) ഒരു ലോക  മാനുഷിക സാഹോദര്യ നഗരം ആണ്.
  2. അരൊബിന്ദോ സൊസൈറ്റിയുടെ ഭാഗമായി 1968 ഫെബ്രുവരി 28, ബുധനാഴ്ച മിറാ അല്ഫാസ (The Mother) യാണ് ആരോവിൽ സ്ഥാപിച്ചത്.
  3. നേർ ഉടമസ്ഥതയിൽ ഏതാണ്ട് ഇരുപത്തഞ്ചു ചതുരശ്ര കിലോ മീറ്റർ പരപ്പുണ്ട് ആരോവില്ലിന്. അതല്ലാതെ, അതിനു ചുറ്റുമുള്ള ഒട്ടേറെ ഗ്രാമങ്ങളും നഗരങ്ങളും, ആരോവില്ലിന്റെ പ്രത്യക്ഷ പരോക്ഷ പദ്ധതികളാൽ പൂരിതമാണ്.
  4. ആരോവിൽ ഫൗണ്ടേഷനും ഭാരത സർക്കാരും സംയുക്തമായി അവിടുത്തെ ഭൂമിയുടെ നിയമ പരമായ ഉടമസ്ഥത വഹിക്കുന്നു.
  5. നൂറോളം രാജ്യങ്ങളിൽ നിന്നും വന്ന് ആരോവിൽ അംഗങ്ങളായുള്ള (ആരൊവില്ലിയൻസ്)  നാലായിരത്തോളം മാനവിക വീക്ഷണമുള്ള ഹരിത ഹൃദയങ്ങളാണ്, ആരോവില്ലിന്റെ പ്രായോഗിക ഉടമകളും, നിർവാഹകരും.
  6. ഒരു മതമോ ഭാഷയോ വംശമോ ദേശീയതയോ, കക്ഷിരാഷ്ട്രീയമോ  പ്രകടമായി ആരോവില്ലിനെ ഭരിക്കുന്നില്ല.
  7. ഒരു ഹരിത നഗരം എന്ന രീതിയിൽ ഒരൊറ്റ സത്ത ആണെങ്കിലും, വിവിധ ഉപ സമൂഹങ്ങൾ അഥവാ കമ്യൂണിറ്റികൾ ആയി ആണ് ആരോവില്ലിലെ ഓരോ വിഭാഗവും നിലനില്ക്കുന്നത്.
  8. സാധാരണ ഹരിത – മാനവിക ജീവിതം നയിക്കുന്ന കൂട്ട് ജീവിതക്കാർ മുതൽ ലോകോത്തര പദ്ധതികൾ നിർവഹിക്കുന്ന വൻകിട കൂട്ട്സ്ഥാപനങ്ങൾ വരെ ആരോ വില്ലിൽ ഉണ്ട്.
  9. സുസ്ഥിരമാണെന്ന് ഉറപ്പായുള്ള ഒട്ടേറെ പദ്ധതികൾ  വിദ്യാഭ്യാസം, ഗവേഷണം, കലകൾ, കൃഷി, എഞ്ചിനീറിംഗ്, വസ്ത്രം,  കരകൌശലം, ചികിത്സ, ഗതാഗതം, വനവൽകരണം, പ്രസിദ്ധീകരണം, വാർത്താവിതരണം, ആത്മീയത തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും  ആയി  ആരോവില്ലിൽ നിർവഹിക്കപ്പെടുന്നു.
  10. ആദ്യം ഒരു വർഷത്തോളം അവിടുത്തെ ഏതെങ്കിലും പദ്ധതിയിൽ സന്നദ്ധ സേവകരായും, പിന്നീട് ഒരു വർഷം നവാഗതർ ആയും കഴിഞ്ഞു വേണം ഒരാൾക്ക്‌ ആരോ വില്ല്യൻ ആയി മാറാൻ അപേക്ഷിക്കാൻ കഴിയുക. അതിനിടെ ഒട്ടേറെ കടമ്പകൾ കടക്കാനും ഉണ്ട്.
  11. പല കമ്യൂനിട്ടികളും വാലന്റീർമാർക്ക് താമസം സൗജന്യമായി കൊടുക്കാറുണ്ട്. ഭക്ഷണത്തിനു നിത്യേന 300 രൂപയോളം കമ്യൂനിട്ടികൽക്കു നല്കേണ്ടി വരും.
  12. ഇതൊക്കെയാണെങ്കിലും, നൂറിലധികം രാജ്യങ്ങളിൽ നിന്നും നിത്യനയെന്നോണം ആയിരത്തിലധികം യുവതീ യുവാക്കളാണ്  ഹ്രസ്വ / ദീർഘ കാല വാലന്റീരിംഗിനു വേണ്ടി എത്തി ചേരുന്നത്. അതിൽ ഒരു പത്തു ശതമാനമെങ്കിലും ആരോവില്യൻ ആകാൻ ശ്രമിക്കാറുമുണ്ട്.
  13. ആദ്യ രണ്ടു ഘട്ടങ്ങളും സ്വന്തം കയ്യിൽ നിന്നും യൂറോപ്യൻ നിലവാരത്തിൽ ഉള്ള പണച്ചെലവുണ്ടെങ്കിലും, ആരോവില്യൻ ആയിക്കഴിഞ്ഞാൽ, ഇന്ത്യൻ നിലവാരത്തിലുള്ള ജീവിത ചെലവിനുള്ള അലവൻസ് ലഭ്യമാകും.
  14. ആരോവില്യൻ ആയി മാറിയ ഒരാൾക്ക്‌ സുസ്ഥിരമായ ഹരിത പദ്ധതികൾ ആരോവില്ലിനകത്തോ പുറത്തോ നടപ്പിലാക്കുവാൻ കഴിയും. അതിനുള്ള സാമ്പത്തിക സഹായം ആരോവില്ലിൽ നിന്നും മുഴുവനായും കിട്ടുകയില്ല.
  15. ആരോവില്യൻ ആയ ഏതൊരാളും, എന്തെങ്കിലും തൊഴിൽ ചെയ്യേണ്ടതും, അതിലെ വരുമാനത്തിന്റെ 30% ആരോവില്ലിലേക്ക് ഒടുക്കെണ്ടതുമാണ്.
  16. ആരോവില്ലിൽ ഒരു അംഗം നിക്ഷേപിക്കുന്ന എന്തൊന്നും, പിന്നീട് ആ സമൂഹത്തിന്റെ പൊതു സ്വത്തായത് കൊണ്ട്, പിന്നീട് എപ്പോഴെങ്കിലും ആരോവിൽ വിട്ടു പോകുകയാണെങ്കിൽ, യാതൊന്നും, പുറമേക്ക് തിരികെ കൊണ്ട് പോകാൻ കഴിയുകയില്ല.
  17. മൂന്നു മാസത്തിലധികം ആരോവിൽ വിട്ടു നില്ക്കുന്ന ഒരാൾക്ക്‌ ആദ്യം മുതൽ ഉള്ള എന്ട്രീ പ്രോസസ്സിൽ കൂടി കടന്നു പോകേണ്ടി വരും.

  ധനാത്മകമായി സാമാന്യേന ഇത്രയും ഒക്കെ ആണെന്ന് പറയാം.

   

  ഇതിൽ ഞാൻ വിശേഷ്യാ ശ്രദ്ധിച്ച ഒരു കാര്യം, പ്രബുദ്ധതയിലെ സാന്ദ്രത കൊണ്ട് ലോകത്തിൽ തന്നെ മുന്നിൽ നില്ക്കുന്ന മലയാളികളെ, ഇവിടെ വളരെ കുറച്ചു മാത്രമേ കാണാൻ കിട്ടുകയുള്ളൂ എന്നതാണ്. അവിടെ കണ്ട വിരലിലെണ്ണാവുന്ന മലയാളികളോട് സംവദിച്ചതിൽ നിന്നും മലയാളികളുടെ അലഭ്യതയ്ക്ക് കാരണമായി ഞാൻ മനസ്സിലാക്കിയത്, യൂറോപ്യൻ നിലവാരത്തിലുള്ള ചെലവല്ല, മറിച്ചു, കൂട്ട് ജീവിതത്തോടും, കൂട്ടായ സംരംഭങ്ങളോടും, പൊതു ഉടമസ്ഥതയോടും ഉള്ള മലയാളിയുടെ വിമുഖതയും, അവനവനിസത്തിന്റെ മേൽക്കോയ്മയ്ക്ക്, കൂട്ട് സംരംഭങ്ങൾ തണലേകില്ല എന്നതുമാണ്‌.

   

  ആരോവില്ലിന്റെ പദ്ധതികൾക്കകത്തു കൊണ്ട് വയ്ക്കാവുന്ന ഒന്നല്ല ഒളിമ്പസ്സിന്റെത് എന്നതിനാൽ ഒളിമ്പസ്സിന്റെ പദ്ധതികൾ പുറത്താണ് നിർവഹിക്കുകയെങ്കിലും, സാദ്ധ്യമായ ഇടങ്ങളിലെല്ലാം, ആരോവില്ലിന്റെ പദ്ധതികളിൽ ഇഴ ചേരുവാനാണ്, നവഗോത്ര സമൂഹത്തിന്റെ തീരുമാനം. അത് നടപ്പിലാക്കി തുടങ്ങി കഴിഞ്ഞു. ഒളിമ്പസ്സിനോടോ ആരോവില്ലിനോടോ  സഹകരിക്കുവാൻ തയ്യാറുള്ളവർ, അത് നീട്ടി വയ്ക്കാതിരിക്കുക..

  https://www.facebook.com/notes/600940113287266

  Print Friendly

  59total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in