• വിശ്വാസത്തില്‍ നിന്നും ഉറപ്പിലേക്കും അവിടെ നിന്നും ശ്രാദ്ധ യിലേക്കും

  by  • July 24, 2013 • ആത്മീയത • 0 Comments

  ശ്യാം കാലടി ചോദിക്കുന്നു..

  വിശ്വാസത്തില്‍ നിന്നും ഉറപ്പിലേക്കും അവിടെ നിന്നും ശ്രാദ്ധ യിലേക്കും എന്നെ നയിച്ചാലും ….

   

  ==

  ശ്രാദ്ധ എന്ന പദം എനിക്ക് പുതിയതാണെന്നാണ്  തോന്നുന്നത്. വിശ്വാസമുള്ള എന്ന അര്‍ത്ഥം ആണ് മലയാളം വിക്കിയില്‍ കണ്ടത്.  അങ്ങയുടെ ചോദ്യത്തിലെ ക്രമം മൂലം ഉറപ്പിലും കൂടുതല്‍ ഉറപ്പായ ഒരു വിശ്വാസം എന്ന് കരുതിക്കോട്ടെ.. മേല്‍പ്പറഞ്ഞവയ്ക്ക്    മറുപടി പറയാന്‍ ആകെ എന്റെ കയ്യിലുള്ള സങ്കേതം ഒളിമ്പസ് മാത്രമാണ്.

   

  ഒളിമ്പസ്സനുസരിച്ചു ജ്ഞാനമെന്നത്  ഒരു സത്തയുടെ പഞ്ച രൂപങ്ങളില്‍ ഒന്നാണ്. ഭൌതിക രൂപം, പ്രതിഭാസ രൂപം, ധര്‍മ രൂപം, ജ്ഞാന രൂപം, ബല രൂപം എന്നിങ്ങനെയാണ് പഞ്ച രൂപങ്ങള്‍. സത്തയുടെ അകം പുറം സഹ പരിസ്ഥിതികളുമായുള്ള വിനിമയാവസ്ഥയാണ് ജ്ഞാനം.

   

  പ്രകടമായ ജ്ഞാന തലങ്ങള്‍ അഞ്ചാണ്.

  1. സഹജാവബോധം (അവബോധം),
  2. ശിക്ഷിതാവബോധം (തഴക്കം),
  3. ധാരണ (സംസ്കാരം),
  4. സങ്കല്‍പം (ഭാവന),
  5. പ്രേരണ (പ്രഭാവം)

  സഹജാവബോധം

  വിനിമയ പ്രക്രിയയില്‍ ഉണ്ടാകുന്ന ഏകാതാനാവസ്തയാണ് അവബോധം എന്നത്. ഓരോ കോശങ്ങളും ഒരു പ്രാപഞ്ചിക അവസ്ഥയെ ഏകതാനമായ ബോദ്ധ്യത്തില്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ തലം. പൊതുവില്‍ അവബോധം എന്നത് ഓരോ സത്തയിലും ലീനമായിരിക്കും. സഹജ ചോദനകള്‍  ഉണര്‍ത്തുന്നതും ഉയര്‍ത്തുന്നതും അവബോധമാണ്. അവബോധത്തെ പൂര്‍ണമായി ആധാരമാക്കി ജീവിക്കാറാകുമ്പോള്‍   നാം പ്രാപഞ്ചിക ബോധവുമായി സുതാര്യതയിലാകും. ഒരു ഈശ്വര വിശ്വാസിക്ക്, ഈ അവസ്ഥയെ ഈശ്വരീയ ജീവനം എന്ന് വിളിക്കാനാകും.. മോക്ഷമെന്നും പരമമായ ജ്ഞാനമെന്നും ഒക്കെ പറയപ്പെടുന്നത്‌ ഈ അവസ്ഥയെ ആണ്. അവബോധം എന്നത് സഹജമായി ഉണ്ടാകുന്നതും, അതുപയോഗിച്ചു കാലിക പരിസ്ഥിതിയെ അറിഞ്ഞു പരുവപ്പെടുന്നതും ആകും. അവബോധത്തിന് ശരി തെറ്റുകള്‍ ഇല്ല. ഒരു തരം യഥോതധ്യാവസ്ഥ ആണത്. ഇതൊക്കെ ആണെങ്കിലും, നമ്മുടെ വികാസ ധാരയില്‍ ഒഴുകുന്ന സാമൂഹ്യ ജീവനം കൊണ്ട്, ശൈശവത്തിന്റെ ആദ്യ നാളുകളില്‍ തന്നെ, അവബോധം നമ്മുടെ ബോധത്തിന്റെ കാഴ്ചകള്‍ക്കും അപ്പുറത്തേക്ക് ഒഴുകി മാറി മറഞ്ഞിരിക്കും.

   

  ശിക്ഷിതാവബോധം

  ശൈശവം മുതല്‍ നാം ശീലിക്കുന്ന നിഷ്ഠകളും, അനുഭവങ്ങളാല്‍ പാകപ്പെടുത്തി എടുക്കുന്ന സംവേദന ക്ഷമതയും നമ്മെ എത്തിച്ചെടുക്കുന്ന അടുത്ത ജ്ഞാന തലമാണിത്‌. ജന്മസിദ്ധമല്ലാത്ത പലശേഷികളും പരിശീലനത്താല്‍ ആര്‍ജിക്കുവാന്‍ നമുക്കാകുന്നത് ഈ ജ്ഞാന തലം നമുക്കുള്ളത് കൊണ്ടാണ്. ഉപകരണങ്ങള്‍, സങ്കേതങ്ങള്‍, വര്‍ത്തമാന പശ്ചാത്തലങ്ങള്‍ തുടങ്ങിയ ബാഹ്യ സംവിധാനങ്ങളുമായി പൊരുത്തമാകാന്‍   ഈ തലം നമ്മെ സഹായിക്കും. എന്നാല്‍  ബാഹ്യ സംവിധാനങ്ങളിലെ  അപാകങ്ങള്‍ (പാകങ്ങളും) ഈ ജ്ഞാന തലത്തെ ബാധിക്കുന്നതാണ്..

   

  ധാരണ.

  ബാല്യ കാലത്ത് നമ്മുടെ ജ്ഞാന മണ്ഡലത്തില്‍ തെളിവാകുന്ന അടുത്ത ജ്ഞാന തലമാണിത്‌. കണ്ടു വളരുന്ന എല്ലാ സാഹചര്യത്തെയും വിവേചനമില്ലാതെ തന്നെ  സ്വീകരിക്കുന്ന ഒരു പ്രായത്തില്‍ ഉരുവാകുന്ന ഒരു ലോക വീക്ഷണത്തില്‍, അവനവനെ കുറിച്ചും അവനവന്റെ ശേഷിയെ കുറിച്ചും, വ്യക്തിത്വത്തെ കുറിച്ചും ഒക്കെ ഉള്ള  ഒരു  സമഗ്രമായ ആത്മ  ചിത്രം ഉപബോധത്തില്‍ രൂപപ്പെടുന്നു . പിന്നീട് ഉള്ള വളര്‍ച്ചയില്‍ വന്നു ചേരുന്ന വിഷയങ്ങളുടെ ആവൃത്തി മൂലവും  ആഘാതം മൂലവും ഒക്കെ ഈ ജ്ഞാനാവസ്ഥയുടെ രൂപഭാവങ്ങള്‍ക്ക് മാറ്റം വരാവുന്നതാണ്.  ഒരു വ്യക്തിയുടെ അയാള്‍ പോലും അറിയാത്ത സ്വത്വം ആയ വ്യക്തിത്വം  (സംസ്കാരം)   ഈ അവസ്ഥയില്‍ നിര്‍ണയമാകുന്നു.

   

  സങ്കല്‍പം.

  ബാല്യ കൌമാരങ്ങളില്‍ രൂപപ്പെട്ടു മനസ്സിന്റെ തികഞ്ഞ വാര്‍ധക്യം എത്തുവോളം തുടരുന്ന അടുത്ത ജ്ഞാന തലമാണിത്‌. കണ്മുന്‍പില്‍ എത്തുന്ന  വിഷയങ്ങളെ, ധാരണയുടെ ശേഷീ  പശ്ചാത്തലത്തില്‍ രൂപപ്പെടുത്തി എടുക്കുന്ന ഭാവനാ പൂര്‍ണമായ അവസ്ഥയാണിത്. ചിന്തയുടെയും ഗ്രഹിക്കലിന്റെയും നേര്‍ നിരീക്ഷണ പരിധിയില്‍ വരുന്നത്  കൊണ്ട് തന്നെ വ്യക്തിയുടെ ആജ്ഞാ പരിധിയില്‍ ആണെന്ന് ഈ ജ്ഞാനാവസ്ഥ തോന്നിപ്പിക്കും. വിശ്വാസങ്ങള്‍ ആയി രൂപപ്പെടുന്ന എന്തും ഈ ജ്ഞാന തലത്തിലാണ്. വിശ്വാസ രൂപത്തില്‍ ഉടലെടുക്കുന്ന ഏതു ദത്തവും (Data) പുനരുപയോഗത്താല്‍   ധാരണയായി മാറാറുണ്ട്. ഒപ്പം തന്നെ ധാരണയോടു സുതാര്യ നീതി പുലര്‍ത്തുന്ന സങ്കല്‍പ്പങ്ങള്‍, മൂര്‍ത്തവല്കരിക്കയും, ആ വ്യക്തിയുടെ / സത്തയുടെ ഭാവി നിമിഷങ്ങള്‍ നിര്‍ണയിക്കയും ചെയ്യും.

   

  പ്രേരണ.

  ബാല്യാരംഭത്തില്‍ ജ്ഞാന മണ്ഡലങ്ങളില്‍ ഉരുവാകുന്ന അനന്യ ബോധമാണ് അഹം എന്ന നിലയില്‍ പിന്നീട് രൂപമെടുക്കുന്നത്. തന്റെ ലോകവീക്ഷനത്തെ സ്ഥിതീകരിക്കാനുള്ള ശ്രമമാണ്  ഈ ജ്ഞാന  മണ്ഡലത്തിന്റെ പ്രധാന ധര്‍മം. ഭാവം, പെരുമാറ്റം, ഇടപെടല്‍ എന്നീ ഭൌതിക വിനിമയ കൃതങ്ങള്‍ ഈ ഘട്ടത്തിന്റെ ഭാഗമാണ്.  ബുദ്ധിയുടെ ഇടപെടല്‍ തികഞ്ഞ രൂപത്തില്‍ കൈവരുന്ന ഇടമായതിനാല്‍, യാഥാര്‍ത്യവുമായി ഈ ജ്ഞാന ഘട്ടതിനുള്ള ബന്ധം പൂര്‍ണമായും വിശ്വസിക്കാവുന്നതല്ല.

   

  ഈ ജ്ഞാന ഘട്ടങ്ങളെല്ലാം തന്നെ ഒരു ജൈവ സത്തയെ അതിന്റെ അകം പുറംപരിസ്ഥിതികളുമായി  പൊരുത്തമാക്കുവാന്‍ വേണ്ടി ഉള്ളതാണ്… ജൈവ സത്തയുടെ അടിസ്ഥാന ചോദനകള്‍ വൈകാരിതകളായി അകത്തു നിന്നും പുറത്തേക്കു ഒഴുകുകയും, അതിനോട് പരിസ്ഥിതി പ്രതികരിക്കുകയും പരിസ്ഥിതി നല്‍കുന്ന പ്രതിഫലങ്ങള്‍ പുറത്തു നിന്നും അകത്തേക്ക് ഒഴുകുകയും ആണുണ്ടാകുക. വിദ്യാഭ്യാസവും ജീവിത ശൈലിയും ഒരു ജീവിയെ അതിന്റെ പുറം ഘട്ടങ്ങളില്‍ തന്നെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നു. പ്രപഞ്ച വികാസത്തിന് അത്യന്താപേക്ഷിതമായ ഈ പുറം സഞ്ചാരങ്ങള്‍ സ്ഥിരമായി തുടരുന്നത് സത്തയുടെ അസ്തിത്വത്തെ ബാധിക്കും എന്നത് കൊണ്ടാണ് സത്തകള്‍ക്ക് ഉറങ്ങേണ്ടി വരുന്നത്. പ്രാപഞ്ചിക പ്രാഥമിക നിയമങ്ങളെ പിന്‍ പറ്റിയുള്ള  ജീവനത്തിനു, അകം ജ്ഞാന ഘട്ടങ്ങളെ ഉപ ജീവിക്കേണ്ടി വരും. ഈ ഓരോ  ജ്ഞാന ഘട്ടങ്ങളും തമ്മിലുള്ള സുതാര്യ വിനിമയം ആണ് സത്തയുടെ ജീവിത സുസ്ഥിതിക്കും ശാന്തിക്കും സന്തോഷത്തിനും കാരണമാകുക.  ഈ സുതാര്യ വിനിമയം ആണ് ധ്യാനത്തിലൂടെ നമുക്ക് പുനരാര്‍ജിക്കാന്‍ കഴിയുന്നത്‌. അതെല്ലാവര്‍ക്കും ഒരേ തോതിലല്ല കഴിയുക. തികഞ്ഞ താള ബോധം ഉള്ളവര്‍ക്ക്, ചിട്ടയായ ശ്രമങ്ങളിലൂടെ ഈ സുതാര്യ വിനിമയം സാധ്യമാകും. അവബോധവും തഴക്കവും, ധാരണയും, ഭാവനയും, പ്രഭാവവും ഒരേ ധാരയില്‍ ആയിത്തീരുമ്പോള്‍ പ്രാപഞ്ചിക ജീവിതം സുഗമമാകും.

   

  പ്രപഞ്ച വര്‍ത്തമാന സ്ഥിതികത്വം ആണ് യാഥാര്‍ത്ഥ്യം എന്നും, പ്രാപഞ്ചിക ഐഛികതയിലാണ് ജീവിതം വിതാനിക്കപ്പെടുന്നത് എന്നുമുള്ള തിരിച്ചറിവാണ് ഈ സുതാര്യത പുനരാര്‍ജിക്കുവാന്‍ ആദ്യമേ വേണ്ടത്. ഓരോ ഘട്ടങ്ങളും തമ്മില്‍ നിരന്തരം ബന്ധപ്പെടുന്നത് നിരീക്ഷിക്കയാണ്‌, അടുത്ത ഘട്ടം. അവയെ അനുഭവിക്കയും, അതായി തീരുകയും ആണ് ശേഷമുള്ള ഘട്ടങ്ങള്‍. ഈവഴി മുന്‍ നടന്നിട്ടുള്ളവര്‍ക്ക്, ഒരു പക്ഷെ ഇക്കാര്യത്തില്‍ ഒരു കൈ തരുവാന്‍ കഴിഞ്ഞേക്കും. അര്‍പ്പിത വിശ്വാസം (trust), ഒരു ജീവല്‍ – ജ്ഞാന വ്യവസ്ഥയോടുള്ള ഗുരുത്വം, അടങ്ങാത്ത അഭിവാന്ഛ എന്നിവ ആവശ്യമായ ഉള്‍പ്രേരകങ്ങള്‍ ആയിരിക്കും.

   

  ഇതില്‍ നിന്നും അങ്ങേയ്ക്കുള്ള ജ്ഞാന പരിവര്‍ത്തന വഴികളെ പറ്റി ഒളിമ്പസ്സിന്റെ പറയാനുള്ളത് മനസ്സിലായിക്കാണും എന്ന് കരുതുന്നു.

   

  https://www.facebook.com/notes/santhosh-olympuss/notes/391382804242999

  Print Friendly

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in