ഒളിമ്പസ്സിനു പണം എവിടെ നിന്ന് ലഭിക്കുന്നു?
by Santhosh Olympuss • August 31, 2013 • സമ്പദ്ശാസ്ത്രം • 0 Comments
ദീപന് നായര്‍ ചോദിക്കുന്നു:
? <<<ഈ സംരംഭത്തില്‍ “പണം ” ഏതു സ്ഥാനത്താണ് നില്‍ക്കുന്നത് എന്ന് കൂടെ അറിഞ്ഞാല്‍ നന്നായിരുന്നു .. ഇങ്ങനെ ചോദിയ്ക്കാന്‍ കാരണം .. കുറെ നാളുകള്‍ക്ക് മുന്‍പ് .. ലക്ഷങ്ങള്‍ വാഗ്ദാനം ചെയുന്ന ഒരു കുറിപ്പ് കാണാനിടയായി അപ്പോള്‍ തൊട്ടാണ് -നമ്മള് തമ്മില്‍ ബന്ധിച്ചിരുന്ന അദൃശ്യമായ നൂല് അയഞ്ഞുതുടങ്ങിയതും >>>
= പ്രിയ ദീപന് ജി,
അങ്ങിനെയൊരു കുറിപ്പിനെ പറ്റി എവിടെ നിന്നും വായിച്ചു എന്ന് മനസ്സിലായില്ല. എങ്കിലും അങ്ങയുടെ സംശയ ദൂരീകരണത്തിന് വേണ്ടുന്ന കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നത്, മറ്റു വായനക്കാര്‍ക്ക് കൂടി വ്യക്തത നല്‍കും എന്ന് തോന്നുന്നു.
ഈ സംരഭത്തിന്റെ സാമ്പത്തിക സ്രോതസ്സ്, ഈ ലേഖകന്റെ ജീവിതം തന്നെ. എന്റെ ഉടമസ്ഥതയില്‍ ഒരു കാലത്ത് ഉണ്ടായിരുന്ന ഒരു സോഫ്റ്റ് വേര് കമ്പനിയുടെയും, മറ്റൊരു കാലത്ത് ഉണ്ടായിരുന്ന ഒരു മാര്‍ക്കറ്റിംഗ് കമ്പനിയുടെയും, പിന്നീടൊരിക്കല്‍ ഉണ്ടായിരുന്ന ഒരു വോക്കെഷനല്‍ സെന്ററിന്റെയും പിന്നീട് അനൌപചാരികമായി ഉള്ള, ഒരു ചെറു സോഫ്റ്റ് വേര് കച്ചവടത്തിന്റെയും ഒക്കെ മുഴുവന്‍ വരുമാനവും (ലാഭം എന്നല്ല) ഈ കൂട്ട് കുടുംബത്തിന്റെ ജീവന – ഗവേഷണ – പ്രചാരണ പരിപാടികള്‍ക്കായി ഉപയോഗിക്കുകയാണ് ചെയ്തിട്ടുള്ളത്. കൂട്ട് ജീവിത കേന്ദ്രത്തിലെ ചെലവുകള്‍, സൌജന്യ ആശുപത്രി നടത്തിപ്പിലെ ചെലവുകള്‍, അന്നുണ്ടായിരുന്ന അംഗങ്ങളുടെ വീടുകളിലെ അടിസ്ഥാന പ്രശ്നങ്ങള്‍, മൂന്നു ഗ്രാമക്കൂട്ടങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ അതിന്റെ നടത്തിപ്പ്, മറ്റു പരിപാടികളില്‍ അംഗങ്ങള്‍ പങ്കെടുക്കുമ്പോള്‍ അതിന്റെ ചെലവുകള്‍ എന്നിവയെല്ലാം, ഇങ്ങിനെ ഉണ്ടായത് തന്നെ. അതല്ലാതെ കൂട്ട് ജീവിത കേന്ദ്രം ഉണ്ടായിരുന്നപ്പോള്‍ അംഗങ്ങള്‍ക്ക് നിര്‍ബന്ധിതമായി നല്‍കിയിരുന്ന ചുമതലകളില്‍ നിന്നും ഏതാണ്ട് മുപ്പതിനായിരം രൂപവരെ ഇത് കൂടാതെയും സ്വരൂപിച്ചിട്ടുണ്ട്. 1994 മുതല്‍ ഇന്നോളം അത് ഏതാണ്ട് 65 ലക്ഷം രൂപ എന്റെ കയ്യില്‍ നിന്നും തന്നെ ചെലവായി കഴിഞ്ഞു. ഇത് കൂടാതെ, ഇവിടെ കൂട്ടായ്മകള്‍ക്ക് വരുന്നവര്‍ അരിയോ പച്ചക്കറിയോ പോസ്റ്ററെഴുതാനുള്ള പേപ്പറോ പേനയോ, കൊണ്ട് വരാറുണ്ട്. നാല് ദിവസം നീളുന്ന പ്ലീനങ്ങള്ക്ക് നടത്തിപ്പ് ചെലവിനു അതിഥികളില്‍ നിന്നും 200 രൂപ ഈടാക്കാറുണ്ട്. കൂട്ടായ്മകളിലെ ഭക്ഷണം തുടങ്ങിയവയ്ക്ക് പണം തികയാതെ വന്നാല്‍, എന്റെ പിതാവില്‍ നിന്നും വാങ്ങാറാണ് പതിവ്. കുറെ കാലം, പണരഹിത ജീവിതം നയിച്ചിട്ടുള്ള എനിക്ക് സ്വകാര്യ സമ്പാദ്യങ്ങള്‍ ഇല്ല എന്നതറിയാവുന്ന എന്റെ പിതാവ്, അത് ഇത് വരെ തിരികെ ചോദിച്ചിട്ടില്ല.
ഇപ്പോള്‍, കഴിഞ്ഞ കുറച്ചു നാളായി , സോഷ്യല്‍ മീഡിയ വഴി അംഗ സമാഹരണത്തിന് മുഴുവന്‍ സമയവും ചെലവഴിക്കുന്ന എനിക്ക്, എന്റെ അച്ഛന് സ്വന്തമായുള്ള ഒരു മാന്തോട്ടത്തിന്റെ ലാഭ വിഹിതമെന്ന പേരില്‍ (ഔദാര്യം എന്ന പേര് വരാതിരിക്കാന്‍ ആയി ലാഭവിഹിതം എന്ന് അവര്‍ അതിനെ വിളിക്കുന്നു) ഒരു ചെറിയ തുക തരാറുണ്ട്. ഈ വിനിമയത്തിനുള്ള ഇന്റര്‍നെറ്റ് ചാര്‍ജു പോലും അച്ഛനാണ് അടയ്ക്കുന്നത്. ഇത് ലോക നവോദ്ധാനത്തിനായുള്ള ഒരു അര്‍പ്പണമാണെന്ന് അറിഞ്ഞു കൊണ്ടല്ല അവര്‍ അത് ചെയ്യുന്നതെങ്കിലും, ഇന്നോളം ഒളിമ്പസ്സിനു സഹായകമായുള്ളത് എന്റെ മാതാ പിതാക്കളാണ്. ഇതിനിടെ എന്റെ നേപാള്‍ യാത്രയ്ക്കായും ക്ലാസ്സുകല്ക്കായുള്ള പ്രോജക്റ്റര്‍ ആമ്പ്ലിഫയര്‍, മൈക്ക് എന്നിവ വാങ്ങുവാനും സോഷ്യല്‍ മീഡിയയിലെ ചില ബന്ധുക്കള്‍ പലപ്പോഴായി ഏതാണ്ട് ഒരു ലക്ഷത്തോളം രൂപ തന്നിരുന്നു.
ഇവിടുത്തെ അടുക്കള ജോലികളും, കുഞ്ഞുങ്ങളെ പരിപാലിക്കലും, പൊന്നിയും ബാബുവും ഞാനും ചെയ്യുന്നു. സന്ദര്‍ശകരെ കൈകാര്യം ചെയ്യല്‍, ഞാനും, പൊന്നിയും ചെയ്യുന്നു. കമ്പ്യൂട്ടര്‍ റിപ്പയര്‍ സംബന്ധമായ ജോലികളില്‍, ശ്രീനിവാസന് അരുണ്‍ എന്നിവര്‍ സന്നദ്ധസേവനം ചെയ്യുന്നു. നാല് സെന്റു പറമ്പിലെ ജോലികളില്‍, മണികണ്ടനും, പൊന്നിയുടെ പിതാവും സന്നദ്ധ സേവനം ചെയ്യുന്നു. കൂടുതല്‍ ജോലികള്‍ വേണ്ടി വരുമ്പോള്‍, ജോലിക്കാര്‍ക്ക്, എന്റെ പിതാവ് നല്കുന്ന തുകയില്‍ നിന്നും ഞങ്ങള്‍ ചെലവാക്കുന്നു. ഈ സന്നദ്ധ സേവകരുടെ ഒഴിവില്ലായ്മ ഒരു പ്രശനമാണ്. ഇവ കൂടാതെ ചെയ്തു തീര്‍ക്കാന്‍ ഒട്ടേറെ കര്‍മ പദ്ധതികള്‍ ഉണ്ട് താനും. മറ്റു സാമ്പത്തിക പശ്ചാത്തലമോ, മാനവ വിഭവ ശേഷിയോ ഇല്ല്ലാത്തതിനാല്‍, പ്രവര്‍ത്തനങ്ങള്‍ മന്ദ ഗതിയില്‍ ആണ് നീങ്ങുന്നത്. മാനവ വിഭവ ശേഷി ഉണ്ടാക്കുക എന്നതാണ് ഈ വെബ്സൈറ്റിന്റെ ലക്ഷ്യം.
പിന്നെ കിട്ടിയിട്ടുള്ള സാമ്പത്തിക വാഗ്ദാനങ്ങള്‍ ലക്ഷങ്ങളുടെയല്ല, കോടികളുടെ ആണ്. ഒളിമ്പസ്സിന്റെ നിയമ സാധുതയ്ക്കായി രജിസ്റ്റര്‍ ചെയ്തിടുള്ള ഒരു ശാസ്ത്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ കോടികളുടെ വാഗ്ദാനങ്ങള്‍ കിട്ടിയിട്ടുണ്ട്. അത് ഒളിമ്പസ്സിന്റെ ഉദ്ദേശ്യ ശുദ്ധിയില്‍ കളങ്കം വരുത്തുമെന്ന് തോന്നിയിട്ടുള്ളതിനാല്‍ അവ നിരാകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇന്നുവരെ മേല്പറഞ്ഞ തുകകള്‍ ക്യാമ്പ് ഫീ ആയും യാത്രാ ചെലവിനായും മൊന്നു നാല് ഉപകരണങ്ങള്‍ക്ക് വേണ്ടിയും അല്ലാതെ മറ്റൊന്നും പുറത്ത് നിന്നും സ്വീകരിച്ചിട്ടില്ല. കൂടാതെ നിരാലംബര്‍ക്കും ദരിദ്ര സംഘടനകള്‍ക്കും ആവതു ചെയ്യാറുമുണ്ട്.
ഇനി ഗ്രാമപദ്ധതി, നടപ്പിലാകുവാന്‍, വേണ്ടി പണം ആവശ്യം തന്നെ. ഒളിമ്പസ്സിനെ പഠിക്കുന്നവര്‍ക്ക് നല്കുവാന് കഴിയുന്ന ഒരു നികുതിയില്‍ നിന്നും മാത്രമേ അത് കണ്ടെത്തുവാനാകൂ.. ഇന്നുവരെ അത് വാങ്ങിയിട്ടില്ല. ഇനി, അത് വേണ്ടിവന്നേക്കും.അത് കാലം തീരുമാനിക്കട്ടെ..
ഇത് വായിക്കുന്ന അംഗങ്ങളുടെ വിലയിരുത്തല്‍ പ്രതീക്ഷിക്കുന്നു.
290total visits,1visits today