• സമൃദ്ധി (Abundance)

  by  • December 28, 2020 • ആത്മീയത, തത്വചിന്ത, നിഘണ്ടു, സുഭാഷിതം • 0 Comments

  സമൃദ്ധി (Abundance)

   

  സമൃദ്ധി എന്നത് പ്രകൃതിയുടെ സവിശേഷമായ പ്രതിഭാസമാണ്. പ്രകൃതിയിൽ എല്ലാം സമൃദ്ധമാണ് അത് കാണാനുള്ള ഒരു തുറവി വേണം. ആ തുറവി എല്ലാ ജീവജാലങ്ങൾക്കും നൈസര്ഗികമാണ്. മനുഷ്യനിൽ അവന്റെ യുക്തിയുടെ ഉപയോഗത്തിന്റെ ആധിക്യം കാരണം ആ തുറവി മൂടപ്പെട്ടു കിടക്കുന്നു. അതിനാൽ അവനു പലതും ക്ഷാമമായി കാണുന്നു. അഥവാ അവന്റെ ശിക്ഷിതാവബോധം അവനെ അങ്ങനെ കാണാനാണ് ശീലിപ്പിച്ചത്.

   

  പരമബോധം അതിന്റെ ഒരു ധർമ്മ നിർവഹണത്തിനായി ഉരുവാക്കുന്ന ഒരു സത്തക്ക് വേണ്ടിയാ എല്ലാ വിഭവങ്ങളും അവന്റെ ചുറ്റുപാടിൽ ഒരുക്കിയിരിക്കും എന്നത് ഒരു അനുഭാവാത്മക യാഥാർഥ്യമാണ്. ഏതുവിധ വിഭവങ്ങൾക്കും വേണ്ട പ്രാഥമിക മൂലകങ്ങൾ പ്രകൃതിയിൽ പതിന്മടങ്ങു ലഭ്യമാണ്.  ആവശ്യാനുസൃതം ദ്രവ്യ രൂപീകരണവും ബോധ വിന്യാസത്തിൽ രൂപകല്പന ചെയ്തിട്ടുണ്ട്. സത്തയുടെ രൂപീകരണത്തോടൊപ്പം അതിനു വേണ്ട എല്ലാ ക്രമീകരണങ്ങളും (വസ്തുക്കളും വസ്തുതകളും സാഹചര്യങ്ങളും) ഒരുക്കപ്പെടും അതാതു ഘട്ടങ്ങളിൽ വേണ്ടതെല്ലാം അപ്പപ്പോൾ ലഭ്യമാകത്തക്കവിധം ക്രമീകരണങ്ങളും പുറം വ്യവസ്‌ഥകളിൽ നടന്നുകൊണ്ടിരിക്കും. അതുപോലെ ഒരു സത്തയുടെ ഉൾവ്യവസ്‌ഥകൾക്ക് സത്തക്ക് വേണ്ടതിലും വളരെയധികം ശേഷിയുണ്ടായിരിക്കും. അവിടെയും പ്രകൃതി, സമൃദ്ധി കരുതിയിട്ടുണ്ട്.

   

  എന്നാൽ നൈസര്ഗികത നഷ്ടപെട്ട മനുഷ്യർക്ക്‌ ആ അവസ്ഥ അറിയാതെ പോകുന്നു. അവന്റെ യുക്തിപരതയിലൂന്നിയ രീതികളിൽ അവന്റെ നൈസർഗികമായ വാസനകളെയെല്ലാം പ്രാകൃതമായി തള്ളി, താനാണ് എല്ലാത്തിനും അധിപൻ, എനിക്ക് എന്തിനെയും നിയന്ത്രിക്കാൻ കഴിയും എന്ന ധാർഷ്ട്യം. അതേസമയം, മറ്റെല്ലാ ജീവജാലങ്ങൾക്കും അതിനു വേണ്ടതെല്ലാം തിരക്കി എടുക്കാനുള്ള കഴിവ് ഉണ്ട്.  അവയുടെ നൈസര്ഗികത അതിനുള്ള എല്ലാ ചോദനകളും മനസ്സിലാക്കി പ്രയോഗിക്കുന്നു. ആ ചോദനകളെ മനസ്സിലാക്കാൻ യുക്ത്യാധിമുള്ള മനുഷ്യന് കഴിയാതെ പോകുന്നു. മനസ്സിലാക്കിയാലും അത് തിരക്കിയെടുക്കാനുള്ള ശേഷിയും മിക്കവാറും അവനു നഷ്ടപ്പെട്ട് കഴിഞ്ഞു. അവന്റെ വളർത്തുമൃഗങ്ങളെ പോലെ. മിക്ക നായകളും അവരെ തനിയെ പ്രകൃതിയിൽ വിട്ടാൽ അവയ്ക്ക് നിലനിൽക്കാൻ കഴിയാതെ വരുന്നു. അത് പോലെ തന്നെ മനുഷ്യന്റെ ഉപഭോഗസംസ്കാരത്തിലൂന്നിയ സപ്പോർട്ട് സിസ്റ്റം നിലച്ചുപോയാൽ അവൻ പകച്ചു നിൽക്കേണ്ടി വരും. അവനു വേണ്ടതെല്ലാം അവന്റെ ചുറ്റുപാടുള്ള പ്രകൃതിയിൽ നിർദ്ധാരണം ചെയ്തിട്ടുണ്ടെന്നുള്ള ബോദ്ധ്യം അവനില്ല. ഉണ്ടെങ്കിൽ തന്നെ അതിനുള്ള പ്രാവീണ്യവും അവനു സിദ്ധിച്ചിട്ടില്ല. അങ്ങനെ ആ സമൃദ്ധി അവൻ അറിയാതെ പോകുന്നു. അവന്റെ എല്ലാ ശിക്ഷണങ്ങളിലും പരിശീലനങ്ങളിലും വിഭവങ്ങൾ പ്രകൃതിയിൽ അപര്യാപ്തമാണെന്നാണ് അവനെ ധരിപ്പിച്ചിരിക്കുന്നത്. അതവനെ അന്ധമാക്കി അവന്റെ  സ്വയം അന്വേഷണത്തിനുള്ള  ധിഷണയെ കൂടെ ഇല്ലാതാക്കി. അങ്ങനെ പ്രകൃതിയിലെ സമൃദ്ധിക്കു പകരം അപര്യാപ്തത മാത്രം അവന്റെ ദൃഷ്ടിയിൽപ്പെടുന്നു.

  Print Friendly

  217total visits,3visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  National Coordinator, Greencross Foundation Centre for Deep Ecology, Faculty Member, Deep Ecological Fellowship, Editorial Member, The Ecosophical Insight, (olympuss.in)

  https://www.olympuss.in