• ഗുരുപ്രാപ്തി

  by  • April 15, 2015 • ക്രമപ്പെടുത്താത്തവ • 0 Comments

  സദ്ഗുരു മണിയേട്ടനെ ഗുരുവായി ലഭിച്ചപ്പോള്‍ ഉണ്ടായ അനുഭവം

  സമര്‍പ്പണം
  ആദിഗുരുവിനും, ഗുരു പരമ്പരയ്ക്കും, കാരണ ഗുരു മണിയേട്ടനും കാര്യഗുരുവായ ആത്മത്തിനും ആത്മ പ്രകാശങ്ങള്‍ ആയിരിക്കുന്ന സഹോദരങ്ങള്‍ക്കും പ്രണാമം.

  നമ്മെ വെളിച്ചത്തിലേക്ക് വഴിവിളക്ക് തെളിച്ചു തന്നവര്‍ എല്ലാം ഗുരുക്കന്മാര്‍ തന്നെ. ആദ്യാക്ഷരങ്ങളും ഭാരതീയ പുരാണങ്ങളും ചൊല്ലിയൂട്ടിത്തന്ന മാതാപിതാക്കളും, ഒന്നാം തരത്തില്‍ പഠിപ്പിച്ച രാജന്മാഷും, പിന്നീട് പഠിപ്പിച്ച ഒട്ടേറെ സ്കൂള്‍ കോളേജ് റ്റീച്ചര്‍മാരും, ജീവ കാരുണ്യത്തിന്‍റെ ബാലപാഠം ഒരിക്കലും മാറാത്ത അവബോധമായി ഉള്ളില്‍ വരച്ചിട്ടു തന്ന സ്കൈലാര്‍ക്ക് എന്ന കോഴിയമ്മയും, ഭാഷയുടെയും സാഹിത്യത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും അടിസ്ഥാന ശിലകള്‍ ഉള്ളില്‍ പാകിയുറപ്പിച്ച മുത്തശ്ശന്‍ കൂടിയായ പ്രൊഫസര്‍ ദിവാകരനും, ഉള്ളില്‍ ശാസ്ത്രജ്ഞാനത്തിന്‍റെ വിത്തുകള്‍ പാകി വെള്ളമൊഴിച്ച് വളര്‍ത്തിയ പദ്മനാഭന്‍ മാസ്റ്ററും സംഗീതത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ പാടിപ്പഠിപ്പിച്ച പുഷ്പരാജു മാസ്റ്ററും കേരളസംഗീതത്തെ പാടിപ്പഠിപ്പിച്ച സദനം ജ്യോതി മാസ്റ്ററും നാട്യ കലയുടെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചു തന്ന കേളുവാശാനും ഇലക്ട്രോണിക്സിന്‍റെ അനന്തലോകത്തേ ആദ്യക്ഷരം മുതല്‍ ആഴത്തില്‍ പഠിപ്പിച്ചു തന്ന നമ്പീശന്‍ മാസ്റ്ററും വിവര സാങ്കേതിക വിദ്യയുടെ മാനെജ്മെന്‍റ് ആഴത്തില്‍ പഠിപ്പിച്ചു തന്ന കമലാദേവി ട്ടീച്ചരും വിപണന മാനെജ്മെന്‍റ് പഠിപ്പിച്ചു തന്ന അലക്സ് ബയസ് എന്ന അമേരിക്കക്കാരനും ജീവിത വിജയ മനെജുമെന്‍റ്റ് പ്രായോഗികമായി പഠിപ്പിച്ചു തന്ന ശ്രീ രാജും യുക്തിരഹിതമായ സ്നേഹത്തിന്‍റെ അത്യനന്ത സാന്നിദ്ധത്തെ നിശ്ശബ്ദ ഭാഷയിലൂടെ പഠിപ്പിച്ചു കാലം ചെയ്ത ഖദീജ എന്ന ശുനക രത്നവും ദാമ്പത്യത്തെ പഠിപ്പിച്ചു തന്ന ആദ്യ പത്നി ഹേമയും അര്‍പ്പണതയുള്ള ശിഷ്യത്തവും ശിഷ്യ ധര്‍മവും മാതൃത്വവും പിതൃ ധര്‍മവും പഠിപ്പിച്ചു തന്ന എക്കാലത്തെയും വിലപ്പെട്ട ശിഷ്യയും പിന്നീട് രണ്ടാം പത്നിയും ആയ പൊന്നിയും ആയോധനകലയുടെ സ്ഥാനവും വഴക്കവും പഠിപ്പിച്ചു തന്ന ശ്രീ ബാലചന്ദ്രന്‍ ഗുരുക്കളും, വൈദ്യശാസ്ത്രത്തെ ബിരുദാനന്തര ബിരുദമാക്കുവാന്‍ കാരണമായ ഡോക്റ്റര്‍ ടീ എ ശേഖരനും സുസ്ഥിര കൃഷിയെയും പരിസ്ഥിതിയെയും അതിന്‍റെ ആത്മീയതയേയും ബോദ്ധ്യമാക്കി ത്തന്ന പ്രൊഫസര്‍ ജോണ്‍സി ജേക്കബും, പരസ്പരാനന്ദ ജീവിതം ഒരു മാതൃകയാക്കി കാണിച്ചു തന്ന ശ്രീ പങ്കജാക്ഷക്കുറുപ്പും,ഞാന്‍ ലോക സമക്ഷം അവതരിപ്പിച്ച ഒളിമ്പസ്സെന്ന പ്രപഞ്ച സിദ്ധാന്തത്തിന്‍റെ നിലയും വിഭാഗവും ഇക്കൊസഫിയാണെന്നു കാണിച്ചു പഠിപ്പിച്ചു തന്ന ഇന്ത്യന്‍ ഫിലോസഫിക്കല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഡോക്റ്റര്‍ രാമകൃഷ്ണനും, ഒക്കെയൊക്കെ ഗുരുസ്ഥാനീയര്‍ ആണെന്ന ബോദ്ധ്യത്തോടെ അവര്‍ക്കെല്ലാം പ്രാരംഭ പ്രണാമം അര്‍പ്പിക്കട്ടെ.

  ആമുഖം
  എന്താണ് ഗുരുത്വം? പ്രപഞ്ചത്തിലെ എല്ലാ സ്ഥൂല സൂക്ഷ്മ ദ്രവ്യ സംഭവാദികളും ചില അടിസ്ഥാന ബലങ്ങളെ അഥവാ ചൈതന്യങ്ങളെ ആധാരമാക്കിയാണ് നില കൊള്ളുന്നത്. പശിമം, ഗുരുത്വം, വികാസം, അര്‍ത്ഥനം, പ്രകാശം എന്നിങ്ങിനെ ആണ് അഞ്ചു ചൈതന്യങ്ങള്‍. അവയില്‍ രണ്ടാമത്തേതാണ് അഭികേന്ദ്ര ബലിതമായ ഗുരുത്വം. സ്വന്തം പ്രകൃതിയില്‍ നിന്നും നിരന്തരം വികസിച്ചു വഴിമാറുവാനോ ശിഥിലമാകുവാണോ ഉള്ള പ്രവണത ജീവ സഹജമാണ്. അങ്ങിനെ വികസിച്ചു ശിഥിമാകുവാനുള്ള പ്രവണതയെ ഇല്ലായ്മ ചെയ്തു ജീവിതത്തെ സുഗമമായി നില നിര്‍ത്തുവാന്‍ ശക്തമായ ഒരു ഉള്‍വലിവ് ഉണ്ടായേ മതിയാകൂ. അത്തരം ഉള്‍വലിവിനെ വളര്‍ച്ചാ പരിധി എന്ന് വിളിക്കുന്നു. വളര്‍ച്ചാ പരിധിക്കു കാരണമാകുന്നത് ഗുരുത്വം ആണ്. ചോദനയോ, വികാരമോ, വ്യവസ്ഥയോ, നിയമമോ, വിചാരമോ ആയി ഒരു ജീവല്‍ സംവിധാനത്തില്‍ ഗുരുത്വം ഉണ്ടായിരിക്കും. മനുഷ്യനില്‍ വിശ്വാസങ്ങളും, അനുഷ്ടാനങ്ങളും ആരാധനാലയങ്ങളും ഗുരുകുലങ്ങളും ഒക്കെ ഈയൊരു നിയത പരിധി ഉളവാക്കുവാനായി ഉണ്ടായവയാണ്. ഗുരുത്വത്തിന്‍റെ മൂര്‍ത്തിമത് ഭാവമാണ് ഗുരു ശിഷ്യ ബന്ധം. ജീവിത ധര്‍മത്തേ ഗുരു ഒരുവന് ദര്‍ശിപ്പിക്കുകയും, അതേ ധര്‍മധാരയില്‍ തന്നെ തുടരുവാന്‍ ആധാര ബലമാകുകയും ചെയ്യുന്നു. അങ്ങിനെ ഗുരുത്വത്തിന്‍റെ പൂര്‍ണ അര്‍ത്ഥത്തില്‍ സദ് ഗുരു യോഗാശ്രമത്തിലെ സദ് ഗുരു മണിയേട്ടന്‍ ആയിരങ്ങള്‍ക്ക് ഗുരുത്വമേകുന്നു. ആ ഗുരുത്വ മണ്ഡലത്തില്‍ വന്നു പെട്ട് ജീവിതത്തെ സാര്‍ത്ഥകമാക്കപ്പെട്ട ഒരുവനെന്ന നിലയിലെ എന്‍റെ അനുഭവങ്ങള്‍ ആണ് ഈ അവതരണത്തിലെ പ്രമേയം.

  ഒരു സാധനാ സമ്പ്രദായത്തിലെ ദീക്ഷ ലഭിക്കുന്നത് ഒരു കേവല ജ്ഞാന സ്നാനം ചെയ്യലല്ല. അത് ഒരു സാധകന്‍റെ മനോ കായ കര്‍മങ്ങളില്‍ ഉളവാക്കുന്ന ഘട്ടം ഘട്ടമായ പരിവര്‍ത്തനമാണ്. ദീക്ഷ അതിന്‍റെ സുപ്രധാന നാഴികക്കല്ലിനെ സൂചിപ്പിക്കുന്നു എന്ന് മാത്രം. സദ്ഗുരു യോഗാശ്രമത്തില്‍ ദീക്ഷയായി കരുതപ്പെടുന്നത് ബ്രഹ്മോപദേശമാണ്. ഉപദേശം എന്ന് ഈ ദീക്ഷ നല്കലിനെ ചുരുക്കിവിളിക്കാറുണ്ട്. അങ്ങിനെയെങ്കില്‍ എന്നിലേക്ക് ഇവിടുന്നു പകര്‍ന്നു കിട്ടിയത് നാല് ഘട്ടങ്ങളായ ഉപദേശ പരമ്പരയാണ്. അത് തീര്‍ന്നു എന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അതിനാല്‍ തന്നെ ഈ ആശ്രമത്തിലെ ഗുരുപ്രാപ്തി എന്നത് നമ്മുടെ ബോധാവിഷ്കാരത്തിന്‍റെ ചരിത്രം കൂടി ആയിരിക്കും എന്നും പറഞ്ഞു കൊള്ളട്ടെ.

  കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മൂന്നു വര്‍ഷത്തേക്ക് ഈ ആശ്രമത്തില്‍ നിന്നും പുറത്താക്കപ്പെട്ട എന്‍റെ തിക്ത അനുഭവങ്ങള്‍ നിര്‍ബന്ധമായും ഇവിടെ അവതരിപ്പിക്കേണ്ടതുണ്ടെന്നു ഗുരു മണിയേട്ടന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ ഗുരുവിന്‍റെ ഇച്ഛയ്ക്കും ആജ്ഞയ്ക്കും അനുവാദത്തിനും വഴങ്ങി എന്‍റെ ഗുരുപ്രാപ്തിയുടെ അനുഭവങ്ങളെ പങ്കിടട്ടെ.

  ഹൃദയത്തോടെ നിങ്ങളുടെ സന്തോഷ് ഒളിമ്പസ്

  ഗുരുപ്രാപ്തി
  ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അതായത് ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഏഴു എണ്‍പത്തി എട്ടു കാലഘട്ടത്തിലാണ്, യശ്ശശരീരനായ ശ്രീമാന്‍ സേതുമാധവന്‍ എന്ന ശുഭകാംക്ഷി എന്നെയും പിതാവിനെയും ഈ ആശ്രമത്തിലേക്ക് കൊണ്ടു വന്നു മണിയേട്ടനിലെക്കും ഗുരുത്വത്തിലെക്കും ഉള്ള രാജപാതയെ പരിചയപ്പെടുത്തുന്നത്. സ്കൈലാര്‍ക്ക് എന്ന കോഴിയമ്മ ഒന്‍പതാം വയസ്സില്‍ പഠിപ്പിച്ചു തന്ന ജീവകാരുണ്യ ബോധത്തിലൂന്നി, ജീവ ശരീരങ്ങളായ മത്സ്യവും മാംസവും ഇലകളും ഉപേക്ഷിച്ചു അഹിംസയിലൂടെ ജീവിക്കുന്ന പതിനേഴുകാരന് ഭ്രാന്തു ആണെന്ന് സ്ഥാപിച്ചു കൊണ്ടാണ് പിതാവ് എന്നെ മണിയേട്ടനിലേക്ക് കൈമാറുന്നത്. സ്വന്തം പുത്രന്‍റെ വാസനകളെ മനസ്സിലാക്കാതെ ഭ്രാന്തന്‍ എന്ന് മുദ്രകുത്തിയ പിതാവിനെ പുറത്താക്കുകയും എന്നെ സ്നേഹവാത്സല്യത്തോടെ സ്വീകരിക്കയും ചെയ്യുന്നിടത്ത് നിന്നാണ് ഞാന്‍ ആത്മബോധത്തിന്‍റെയും നിത്യ ഗുരുത്വത്തിന്‍റെയും ഈ ഭൂമികയിലേക്ക് കാലു കുത്തുന്നത്. പ്രത്യയ ശാസ്ത്രങ്ങളിലും കേവല യുക്തിയിലും ബൃഹദ് ഗ്രന്ഥങ്ങളില്‍ നിന്നും സ്വാംശീകരിക്കുന്ന സ്ഥിതി വിവരങ്ങളായ അറിവിനെയല്ല, നമ്മുടെയുള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന നൈസര്‍ഗികമായ അവബോധത്തെ (സഹജാവബോധത്തെ) മാത്രമാണ് നാം പിന്‍പറ്റേണ്ടത് എന്ന വിശിഷ്ടോപദേശമാണ് ആദ്യ സത്സംഗത്തില്‍ അദ്ദേഹം ഉള്ളില്‍ ഊതിത്തന്നത്. ഹംസ വിദ്യയിലുള്ള ബ്രഹ്മോപദേശത്തേക്കാള്‍ ഈ ആശ്രമത്തിലും ഗുരുപരമ്പരയില്‍ നിന്നുമുള്ള ദീക്ഷയായി എന്നിലേക്ക് ആദ്യമായി ഒഴുകി വന്നു നിറഞ്ഞത് ഈ ആദ്യോപദേശമാണ്. അന്നു മുതല്‍ ഇന്ന് വരെ പൂര്‍ണമായ അര്‍പ്പണതയോടെയും ആദരവോടെയും മണിയേട്ടന്‍റെ ഈ ആദ്യോപദേശത്തെ ഞാന്‍ പിന്‍പറ്റി വരുന്നു.

  സഹജാവബോധത്തെ പിന്‍പറ്റണമെന്ന മണിയേട്ടനില്‍ നിന്നുമുള്ള ആദ്യോപദേശം എന്നില്‍ വരുത്തിയ മാറ്റങ്ങള്‍ നിരവധിയാണ്. പ്രാപഞ്ചികമായ നിലനില്‍പ്പിന്‍റെയും ജീവിതത്തിന്‍റെയും കാര്യ കാരണങ്ങളുടെ ഉറവിടം അന്വേഷിക്കുന്ന ജിജ്ഞാസു ആയ കൌമാരക്കാരനെ ആത്മ ബോധത്തിന്‍റെ അസ്ഥിത്വത്തെയും പ്രാപ്തിയേയും അന്വേഷിക്കുവാന്‍ ആണ് ഈ ഉപദേശം പ്രേരിപ്പിച്ചത്. ജീവകാരുണ്യവും സംഗീതവും നാടകവും ഭാഷയും ശാസ്ത്രവും സങ്കേതവും മാനേജ്മെന്‍റും ഒരേ സമയം പല കോണുകളില്‍ നിന്ന് ഈ അന്വേഷണത്തെ തുണച്ചു. എന്നാല്‍ ഞാന്‍ ഉപയോഗിക്കുന്ന ഭാഷയുടെയും പദാവലിയുടെയും സങ്കേതങ്ങളുടെയും അതിപ്രസരം കൊണ്ടായിരിക്കണം ഓരോ അന്വേഷണത്തെയും കാരണ ഗുരുവായ മണിയേട്ടന്‍ കണ്ടില്ലെന്നു നടിക്കുകയോ അടിച്ചൊതുക്കുകയോ നിരാകരിക്കുകയോ ചെയ്തു പോന്നു. ഒരു പക്ഷെ അതിപ്പോഴും തുടരുന്നു. ഈ നിരാകരണം എന്നില്‍ പുറമേക്ക് കടുത്ത നിരാശ ഉണ്ടാക്കി തന്നു. എങ്കിലും ആദ്യോപദേശം ഉള്ളില്‍ തറപ്പിച്ച ബോധ്യത്തിന്‍റെ ബലത്തില്‍ ഓരോ തവണയും ആശ്രമത്തില്‍ നിന്നും പുറത്തേക്ക് പോയി അടുത്ത വാരം തിരികെ വരുമ്പോഴേക്കും അന്വേഷണത്തിന് ഉള്ള ഉത്തരം സഹജമായി കണ്ടെത്തുകയും അടുത്ത അന്വേഷണ ഘട്ടത്തിനുള്ള ജിജ്ഞാസകളുമായി തിരികെയെത്തി പുതിയ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു. അന്നൊക്കെ മണിയേട്ടന്‍ അടിച്ചൊതുക്കയും നിഷേധിക്കുകയും ചെയ്യുമ്പോഴൊക്കെ ജീവിതത്തിലെ ഏറ്റവും കൂടുതല്‍ തളരുകയും എന്നാല്‍ അദ്ദേഹത്തിന്‍റെ ആദ്യോപദേശത്തിന്‍റെ പിന്‍ബലത്തില്‍ അതിനെ അതിജീവിക്കാന്‍ ശീലിക്കയും ചെയ്തു. അദ്ദേഹം പകര്‍ന്നു തന്ന തീവ്രമായ ഈ പരിശീലനം തുടര്‍ന്നുള്ള സത്യാന്വേഷണ ജീവിതത്തില്‍ ഇന്നോളവും തുണയാകുകയാണ് ചെയ്തിട്ടുള്ളത്.

  ആശ്രമത്തിന്‍റെ നിഷ്ടകളിലൂടെ സഞ്ചരിക്കുകയും സത്സംഗങ്ങളില്‍ നിറയുകയും യോഗാഭ്യാസം പൂര്‍ത്തീകരിക്കുകയും ചെയ്തപ്പോള്‍ എല്ലാര്‍ക്കും എന്ന പോലെ എന്നെയും പതിനേഴാം വയസ്സില്‍ ബ്രഹ്മോപദേശമെന്ന അനുഷ്ടാനത്തിലൂടെ മണിയേട്ടന്‍ കടത്തി വിട്ടു. ഉപദേശ അനുഷ്ടാനത്തിന്‍റെ ആദ്യപാദത്തിലെ ഹുംകാര നാദം അന്ന് എന്നില്‍ ചെലുത്തിയ വിശ്വത്തോളം വലുതെന്നു തോന്നിച്ച പ്രാണ പ്രകമ്പനം ആണ് ഗുരു മണിയേട്ടന്‍ പകര്‍ന്നു തന്ന രണ്ടാം ഉപദേശം. ബാഹ്യ യുക്തികളുടെ സ്വാധീനമുള്ള ശിക്ഷിതമായ അവബോധത്തെ വെടിഞ്ഞു സ്വയം നിര്‍ണയം ചെയ്യുന്ന പ്രാപഞ്ചികമായ ഒരു നൈസര്‍ഗികാവസ്ഥ അത് എന്നില്‍ പ്രദാനം ചെയ്തു. പ്രാണന്‍ നിശ്ചലമായി. അന്നോളം അന്വേഷിച്ചു വന്ന പ്രാപഞ്ചിക സ്ഥിതികത്വത്തിന്‍റെ ആഖ്യാനങ്ങള്‍ കേവലം എത്തിപ്പിടിക്കാവുന്ന ജ്ഞാന മുത്തുക്കളായി ചുറ്റിലും വിലയം ചെയ്തു. എന്നാല്‍ ജീവിതാനുഭവങ്ങളുടെ അഭാവം, നമ്മെ വിലയം ചെയ്ത വിഭവങ്ങളെ വ്യാഖ്യാനിക്കുവാനുള്ള ഭാഷാ ശേഷി ഉണ്ടാകാതെ തുടരുകയും ചെയ്തു. അറിഞ്ഞിട്ടും പറയാന്‍ ആകാതെ നില്‍ക്കേണ്ടി വന്ന ആനുഭൂതികമായ അവസ്ഥ.

  നിമിഷങ്ങള്‍ക്കുള്ളില്‍ മണിയേട്ടന്‍ തിരിഞ്ഞു നിന്നു കൊണ്ട് പാപങ്ങളെ അദ്ദേഹത്തിങ്കലേക്ക് സമര്‍പ്പിക്കുവാനും ദുശ്ശീലങ്ങളെ സമര്‍പ്പിച്ചു വാക്ക് കൊടുക്കുവാനും ആവശ്യപ്പെട്ടു. അതോടെ അനുഭൂതികളില്‍ നിന്നും യുക്തിയുടെ ലോകത്തേക്ക് ഞാന്‍ തിരികെ വന്നു. പിന്നീട് പ്രാണോപദേശം ചെയ്തു കൊണ്ടു അദ്ദേഹം തന്നെ നേരില്‍ പ്രാണനെ ഊതി തന്നു. ഇതാണ് എന്നില്‍ കാരണഗുരു മണിയേട്ടന്‍ ചെലുത്തിയ മൂന്നാം ഉപദേശം.
  ആത്മ ജ്ഞാനത്തിലെക്കും നൈസര്‍ഗികതയിലെക്കും ഉള്ള എകധാര അതാണെന്ന് മുതിര്‍ന്ന ശിഷ്യരില്‍ നിന്നും പലപ്പോഴായ ചര്‍ച്ചകളില്‍ നിന്നും ബോദ്ധ്യമായി. തുടര്‍ന്ന് ഞായറാഴ്ചകളില്‍ ആശ്രമത്തിലെ ജപമുറിയിലും അതല്ലാത്തപ്പോള്‍ സ്വഗൃഹത്തിലെ മുറിയിലും ആകുമ്പോഴെല്ലാം ജപം തുടര്‍ന്നു. അക്കാലത്താണ് നാദം ഇല്ലാതെ സദാ സമയവും ജപിക്കാം എന്ന കാര്യം അറിയാന്‍ കഴിഞ്ഞത്.

  ഈ ആശ്രമത്തിലെ ദീക്ഷ എന്നത് ഈ പ്രാണവിദ്യ ആണെന്നും അത് മാത്രമാണ് ഉപദേശം എന്നും ഞാന്‍ നന്നേ ധരിക്കുകയും മുന്‍പ് കിട്ടിയ രണ്ടു ഉപദേശങ്ങളെ അറിയാതെ വിസ്മൃതിയിലേക്ക് തള്ളി വിടുകയും ചെയ്തു. കാരണ ഗുരുവിന്‍റെ ഒരു പദം കൊണ്ടു പോലുമുള്ള ആദ്യോപദേശങ്ങള്‍ നമ്മില്‍ ശരീര ഘടനയുടെ ഭാഷയായി അഗ്നിയായി സര്‍വ ദീപ്തിയായായി വര്‍ത്തിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു എന്ന് ബോദ്ധ്യമാകുവാന്‍ പിന്നീട് ഇരുപതു കൊല്ലങ്ങള്‍ വേണ്ടി വന്നു എന്നത് നിയതി.

  പിന്നീട് പഠനാര്‍ത്ഥം കൊച്ചിയിലേക്കും പിന്നീട് സമ്പാദാനാര്‍ത്ഥം ചെന്നൈയിലെക്കും താമസം മാറ്റേണ്ടി വന്നപ്പോഴും ജപവും അന്വേഷണവും മുടക്കിയില്ല. മൂന്നാം ഉപദേശത്തിന്‍റെ നിരന്തരക്രിയയിലൂടെ കൈവരുന്ന അതി വിശിഷ്ടമായ ഒരു അഭൌമ സാക്ഷാത്കാരം പ്രതീക്ഷിച്ചിരിക്കുന്ന ഒരു കാലമായിരുന്നു അത്. അതിനാല്‍ സാദ്ധ്യതയുള്ളപ്പോള്‍ കേരളത്തില്‍ തിരികെയെത്തി മണിയേട്ടന്‍റെ സാന്നിദ്ധ്യത്തില്‍ നില്‍ക്കുവാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആ മേഖലയിലെ വിഷയങ്ങളിന്മേലുള്ള അന്വേഷണത്തിന് ആദ്യകാലത്തെ പോലെ തന്നെ മറുപടികള്‍ പറയാതെ അദ്ദേഹം തിരികെ വിട്ടു.

  അങ്ങിനെ നിരാശിതനായി മടങ്ങിപോയ ഒരു കാലത്ത് പരിചയപ്പെട്ട ചെന്നൈയിലെ പേരറിയാത്ത ഒരു സിദ്ധയോഗിയാണ്, പ്രാണവിദ്യയുടെ അകം ക്രിയകള്‍ പരിചയപ്പെടുത്തുന്നത്. അവയെക്കുറിച്ച് ഉറപ്പാക്കാന്‍ എത്തിയപ്പോഴും ശകാരങ്ങള്‍ കൊണ്ടു മണിയേട്ടന്‍ എന്നെ തിരികെ വിട്ടു. എന്നാല്‍ നമുക്ക് സര്‍വ ആധാരമായ കാരണഗുരു കൈവെടിഞ്ഞപ്പോഴൊക്കെയും അദേഹം ആദ്യം നല്‍കിയ രണ്ടു ഉപദേശങ്ങള്‍ ഞാന്‍ പോലും അറിയാതെ ഉള്‍ക്കരുത്തും ഉത്തരങ്ങളും നല്‍കി.

  അങ്ങിനെയാണ് ഞാന്‍ ഏതാണ്ട് നാല് വര്‍ഷത്തോളം ചെന്നൈയില്‍ നിന്നും ഏറെ ദൂരെ കാട് പിടിച്ചു കിടന്ന ഒരിടത്തെ ഒരു ചെറു വീട്ടില്‍ മൌനമായി ജീവിച്ചു വന്നത്. ഖദീജ എന്ന ശുനക മാത്രമായിരുന്നു സ്ഥിരം കൂട്ട്. ഫലങ്ങള്‍ മാത്രമായിരുന്നു ഭക്ഷണം. ചില ദിനങ്ങളില്‍ മാത്രം ചില മനുഷ്യരെ കണ്ടു. കുറെ എഴുതി. കത്തുകളിലൂടെ വായനക്കാരോട് സംവദിച്ചു. അത്രയും കാലം പ്രകൃതി വിജ്ഞാനീയത്തിനും ശാസ്ത്രത്തിനും അന്യമായിരുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ എഴുതുവാനും പിന്നീട് പറയുവാനും തുടങ്ങിയപ്പോള്‍ ഒളിമ്പസ് എന്ന ദര്‍ശനം അങ്ങിനെ രൂപം കൊള്ളുകകയായിരുന്നു. കാരണ ഗുരു ആയ മണിയേട്ടനില്‍ നിന്നുമുള്ള ആദ്യ രണ്ടു ഉപദേശങ്ങള്‍ ഉള്ളില്‍ കത്തി നില്‍ക്കുമ്പോഴും മൂന്നാം ഉപദേശത്തില്‍ നിന്നും ഉള്ള പ്രതീക്ഷകളെ എനിക്ക് നഷ്ടമായത് കൊണ്ടു തന്നെ ആ ഒഴുകി വന്നതൊക്കെ സ്വന്തം ധിഷണയില്‍ നിന്നും മാത്രമാണെന്ന ഒരു അഹങ്കാരം പിന്നീട് എപ്പോഴോ ഉള്ളില്‍ കടന്നു കൂടിയിരുന്നു. ഇടയ്ക്ക് കേരളത്തിലെത്തുമ്പോഴെല്ലാം മണിയേട്ടന്‍ എന്നെ നിഷേധിക്കുമ്പോഴൊക്കെ, അദ്ദേഹം അംഗീകരിക്കാത്ത എന്‍റെ ദര്‍ശനങ്ങളെല്ലാം സ്വന്തം സൃഷ്ട്ടിയാണെന്നു കൂടുതല്‍ ധരിച്ചു പോന്നു. അത് കൊണ്ടു തന്നെ അദ്ദേഹം ഉപദേശിച്ചു തന്ന പ്രാണവിദ്യയെ മനപ്പൂര്‍വം താഴെവയ്ക്കുകയും സാധകന്‍റെ വൈരാഗ്യ പൂര്‍ണമായ ഹീനയാന യാത്രയെ വിട്ടു സാമൂഹ്യമായ മഹായാനത്തിലേക്ക് കാല്‍ വയ്ക്കുകയും ചെയ്തു. അക്കാലത്ത് വിവാഹിതനാകുകയും കൂട്ട് ജീവിത കേന്ദ്രത്തില്‍ സ്വകാര്യ സ്വത്തുകളില്ലാതെ ജീവിക്കുകയും ഒട്ടേറെ എഴുതുകയും നിറയെ വായനക്കാരെ കിട്ടുകയും ചെയ്തിരുന്നു. നാം ദര്‍ശിച്ചിരുന്ന വിഷയങ്ങള്‍ ദക്ഷിണേന്ത്യയിലും നേപ്പാളിലും പലയിടങ്ങളില്‍ ക്ലാസ്സുകളായി എടുത്തപ്പോള്‍ ഒട്ടേറെ അനുയായികളും ഉണ്ടാകുകയും ചെയ്തിരുന്നു. ആ നാല് വര്‍ഷത്തിനു ശേഷം താമസവും പ്രവര്‍ത്തനങ്ങളും വീണ്ടും കേരളത്തിലേക്ക് മാറ്റി.

  ഞാന്‍ സൃഷ്ടിച്ചതെല്ലാം സ്വന്തം ശേഷി കൊണ്ടാണെന്ന അഹങ്കാരം എന്നില്‍ നില നില്‍ക്കുവാന്‍ കാരണഗുരു മണിയേട്ടന്‍റെ നിഷേധങ്ങള്‍ വീണ്ടും വീണ്ടും കാരണമായി. അതോടെ ഏറെക്കുറെ എന്‍റെ ആശ്രമ സന്ദര്‍ശനം വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ആയി കുറഞ്ഞു. സാമൂഹ്യമായ ഇടപെടലുകള്‍ ശക്തിപ്പെടുത്തുവാനും, കാരണഗുരുവിന്‍റെ അംഗീകാരമില്ലായ്ക നിഷേധിക്കുവാനും വേണ്ടി മദ്യ ധൂമാദികളിലും വളരെ കുറച്ചു നാള്‍ മാംസ മത്സ്യാദികളിലും ഇടപെട്ടു തുടങ്ങി. അതോടെ ധൈഷണികമായ ജ്ഞാനധാരയ്ക്ക് കുറവ് വരാതെ ഇരിക്കുമ്പോഴും ജീവിതാനുഭവങ്ങള്‍ തിക്തമാകുവാന്‍ തുടങ്ങി. ഇതിനിടെ ഒരു തവണ ഇക്കാര്യം കാരണഗുരു മണിയേട്ടനോട് വെളിപ്പെടുത്തിയതോടെ അദ്ദേഹം ജപമുറിയില്‍ കയറുവാനുള്ള അനുവാദം നിഷേധിച്ചു.

  ഇടയ്ക്ക് വന്നു പോയ്ക്കൊണ്ടിരുന്നുവെങ്കിലും ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ അങ്ങിനെ കടന്നു പോയി. അതിനിടെ ഭാര്യ ഉപേക്ഷിച്ചു പോയി. ഉയര്‍ത്തി കൊണ്ടു വന്ന കൂട്ട് ജീവിത സംവിധാനങ്ങളും ഗ്രാമക്കൂട്ടങ്ങളും തകര്‍ന്നു പോയി. ഒരു പുത്രന്‍ മരിച്ചു. മക്കള്‍ രോഗാതുരരായി, അറിയാത്ത കാരണങ്ങള്‍ക്ക് മേല്‍ മാനഹാനി ഉണ്ടായി. ദേശങ്ങളില്‍ നിന്നും ദേശങ്ങളിലേക്ക് പാലായനങ്ങള്‍ വേണ്ടി വന്നു. ഉയര്‍ന്ന തോതിലുള്ള സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടായി.

  ഇക്കാലത്ത് ഗുരു നിത്യ ചൈതന്യ യതിയുടെ ശിഷ്യനായ സാബു സ്വാമി ഞങ്ങളുടെ കൂട്ടുജീവിത കേന്ദ്രത്തില്‍ കുറെ നാള്‍ താമസമാക്കുകയും നിഷ്ഠകളിലേക്ക് തിരികെ വരുവാന്‍ ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. കാരണ ഗുരുവായ മണിയേട്ടന്‍റെ സ്വീകാര്യതയില്ലായ്മ കൊണ്ടു തന്നെ എനിക്കും കൂടെയുള്ളവര്‍ക്കും ആദ്ധ്യാത്മിക പരിശീലനങ്ങള്‍ക്കായി ഒരിടം കണ്ടെത്തേണ്ടി വന്നു എന്നതിനാല്‍ മണിയേട്ടന്‍റെ വിദ്യകളും, അവയെ ഉപജീവിച്ചു കൊണ്ടു എന്നില്‍ ഉണ്ടായ ദര്‍ശനങ്ങളും പഠിപ്പിക്കാനുള്ള ഒരു ഗുരുകുലമായി താമസിക്കുന്ന കൂട്ട് ജിവിത കേന്ദ്രത്തെ മാറ്റി രൂപീകരിച്ചു. തുടക്കത്തില്‍ ഈ ഗുരുകുലത്തെ പറ്റി കേള്‍ക്കുവാനോ ഒന്ന് ആശീര്‍വദിക്കുവാനോ അദ്ദേഹം തയ്യാറായിരുന്നില്ല. നിഷ്ഠകളിലേക്ക് കുറച്ചൊക്കെ തിരികെ വരുവാന്‍ തുടങ്ങിയപ്പോള്‍ തിക്താനുഭവങ്ങള്‍ കുറഞ്ഞു തുടങ്ങി. ഗുരുകുലത്തെ സ്വദേശത്തേക്ക് തന്നെ തിരികെ കൊണ്ടു വന്നു സ്ഥാപിച്ചു.

  അങ്ങിനെ ഇരിക്കുന്ന ഒരു കാലത്ത് ഒരു ആള്‍ക്കൂട്ടത്തില്‍ വച്ച് എന്‍റെ പുറത്ത് ഉറക്കെ തട്ടിക്കൊണ്ടു കാരണഗുരു മണിയേട്ടന്‍ പ്രത്യക്ഷനാകുകയും ‘എല്ലാം ഉള്ളിലുള്ള ഭഗവാനല്ലേ തോന്നിപ്പിക്കുന്നത്, അതിനാല്‍ എല്ലാം ശരിതന്നെ, നീ ധൈര്യമായി മുന്‍പോട്ടു പോടാ’ എന്ന് അരുളി അപ്രത്യക്ഷനായി.. സ്വപ്ന സദൃശമായ ഈ സംഭവം സത്യമോ മിഥ്യയോ എന്ന് ഇപ്പോഴും എനിക്കറിയില്ല. എങ്കിലും അദ്ദേഹം പറഞ്ഞത് നാലാം ഉപദേശമായി ഞാന്‍ സ്വീകരിച്ചു.

  അതോടെ എന്‍റെ ഭൌതികവും മാനസികവും ആയ പ്രക്ഷുബ്ധതകള്‍ എല്ലാം കുറഞ്ഞു വരുവാന്‍ തുടങ്ങി. ഇത്രയും കാലം അനുഭവിച്ചതെല്ലാം കാരണഗുരു എന്നെ പക്വപ്പെടുത്തുവാന്‍ തന്ന പാഠങ്ങള്‍ ആണെന്ന് ബോദ്ധ്യമായി. മൂന്നാം ഉപദേശത്തെക്കാളും എന്നില്‍ പ്രവര്‍ത്തിച്ചതും പിടിച്ചു നിര്‍ത്തിയതും ഒന്നാം ഉപദേശം ആണെന്ന് ബോദ്ധ്യമായി. എന്‍റെ കാരണ ഗുരു മണിയേട്ടന്‍ തന്നെയെന്നും തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്‍റേതായി എനിക്ക് കിട്ടിയ നാല് ഘട്ട ഉപദേശങ്ങളും പ്രസക്തമാണെന്നു ഉറപ്പായി. എന്‍റെ ജ്ഞാന ഉറവിടവും ഗുരുത്വ കേന്ദ്രവും മണിയേട്ടന്‍ തന്നെ ആണെന്നും, എന്നെ പക്വപ്പെടുത്തുവാനും പരിശീലിപ്പിക്കുവാനും വേണ്ടിയാണ് അദ്ദേഹത്തിന്‍റെ നിസ്സഹകരണങ്ങളും ശകാരവും എന്നും ഉത്തമ ബോദ്ധ്യമായി.

  ഇപ്പോള്‍ ശരി തെറ്റുകളോ സുഖ ദുഖങ്ങളോ നോക്കാറില്ല. ഗുരുവും ഗുരുപരമ്പരയും ഏല്‍പ്പിച്ച ധര്‍മം നിര്‍വഹിക്കുന്നു. കാര്യഗുരു തെളിയിച്ചു തന്ന ഒളിമ്പസ്സിന്‍റെ ദര്‍ശനങ്ങള്‍ ആധുനിക ശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ നാം ഇവിടെ പഠിച്ച വിഷയങ്ങളെയും ഇക്കൊസഫി, ഡീപ് ഇക്കോളജി, ഇക്കോ സൈക്കോളജി, ഇക്കോ സോഷ്യോളജി, ഇക്കോ ബയോളജി, ഇക്കോ സ്പിരിച്വാലിറ്റി, ഓര്‍ത്തോപതി (ശാസ്ത്രീയ പ്രകൃതി ചികിത്സ), പെര്‍മാഫാമിംഗ്, സസ്റ്റൈനബില്‍ ലിവിംഗ് എന്നിവയും ലോകത്തിനു പരിചയപ്പെടുത്തുന്നു. ഈ മേഖലകളില്‍ നൂറുകണക്കിന് പ്രബന്ധങ്ങളായും ആയിരത്തില്‍ പരം ലേഖനങ്ങള്‍ ആയും ക്ലാസ്സുകളായും ലോകത്തിനു നല്‍കി ക്കൊണ്ടിരിക്കുന്നു. നൂറു കണക്കിനു രാജ്യങ്ങളില്‍ നിന്നായി ഒട്ടേറെ പേര്‍ അവ കാണുകയും പഠിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ട്. പല സത്സംഗങ്ങളും സര്‍വകലാശാലകളും ഞാന്‍ എഴുതിയ പ്രബന്ധങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. അവയെല്ലാം അതിന്‍റെ ഉറവിടമാകുന്ന ഗുരു മണിയേട്ടന്‍റെ പാദങ്ങളില്‍ സമര്‍പ്പിച്ചു ധര്‍മാന്വീതനായി ഞാന്‍ ഇവിടെ നിലകൊള്ളുന്നു.

  ഇതാണ് എന്‍റെ അനുഭവം. മണിയേട്ടനെന്ന മഹാസ്തംഭത്തിന്‍റെ വചനങ്ങളെ ആധുനിക ശാസ്ത്ര രൂപത്തില്‍ അവതരിപ്പിക്കുന്ന ഒരു ജീവിത ധര്‍മം കൈക്കൊള്ളാന്‍ കഴിഞ്ഞതിലും മണിയേട്ടന്‍റെ പാത പിന്തുടരുവാനായി മാത്രം ജീവിതത്തെ സമര്‍പ്പിക്കുവാന്‍ കഴിയുന്നതിലും ഏറെ സന്തോഷം, അഭിമാനം, കൃതജ്ഞത. ഇവ മാത്രം.

  പ്രണാമം

  originally prepared and published in 2015

  Print Friendly

  901total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in