• ഞാന്‍ എന്റെ ശരീരത്തിലും അധികമാണ്

  by  • October 17, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  ഞാന്‍ എന്റെ ശരീരത്തിലും അധികമാണ്

  I am more than my body

  ഇന്ന് നാമെപ്പോഴും അനുഭവിച്ചു അറിയുന്നതും എന്നാല്‍ നാം ചിന്തിചിട്ടില്ലാതതുമായ ഒരു സംവിധാനത്തെ പരിചയപ്പെടാം. വ്യവസ്ഥ.  അതെന്തെന്നു നോക്കാം.

  നാം നമ്മുടെ ശരീരം മാത്രമല്ല, അതിലും അധികമാണ്. എന്താണ് വിശ്വാസം വരുന്നില്ലേ? നിങ്ങള്ക്ക് ജീവന്‍ ഉണ്ടെന്നു നിങ്ങള്‍ സമ്മതിക്കുമോ? അത് ഭൌതിക ശരീരത്തിന്റെ ആകെ തുകയില്‍ പെടുന്നതാണോ? നിങ്ങള്ക്ക് മനസ്സില്ലേ? അത് ശരീരത്തിന്റെ തുകയിലും അധികം തന്നെ. നിങ്ങളുടെ ജ്ഞാനമോ? അതും അധികം തന്നെ. നിങ്ങളുടെ ശക്തിചൈതന്യമോ? അതും അധികമാണ്. അതായത് നാം വെറും ശരീരം മാത്രമല്ല, അതിലും അധികമായി ജീവനും മനസ്സും ജ്ഞാനവും ചൈതന്യവും ചേര്‍ന്നതാണ്.

  ലോകത്ത് പ്രവര്‍ത്തന സജ്ജമായ ഏതൊരു വസ്തുവും ഇത് പോലെ തന്നെയാണ്. അവയവങ്ങള്‍ എല്ലാം ചേര്‍ന്ന് ശരീരം ആകുമ്പോള്‍ അവയവങ്ങളുടെ ആകെ തുക മാത്രമാണ് ശരീരം എന്ന് അതിനെ അനുഭവിക്കുന്ന ഒരാള്‍ക്ക്‌ തോന്നാം. എന്നാല്‍ അയാള്‍ കാണുന്ന അവസ്ഥയിലും അധികമാണ് ആ ശരീര വ്യവസ്ഥ.  ഈ അതിലും അധികമാണ് എന്നതാണ് വ്യവസ്ഥാ നിയമം.   അത് കൊണ്ട് തന്നെ നാം കാണുകയും അറിയുകയും ചെയ്യുന്ന എല്ലാം യഥാര്‍ത്ഥത്തില്‍ വ്യവസ്ഥകള്‍ ആണ്.  ഒന്നിന്റെ ശരീരവും അത് നില്‍ക്കുന്ന പരിസരവും, അതിന്റെ സ്വഭാവങ്ങളും പ്രവര്‍ത്തനങ്ങളും ശേഷിയും ഒക്കെ ചേര്‍ന്ന ഒരു അവസ്ഥ. അതാണ്‌ വ്യവസ്ഥ.

  ജീവിതത്തെ കേവല ഭൌതിക വസ്തുവായി കരുതുമ്പോള്‍ ആ വസ്തു ജഡം ആണ്. അത് ചേതനയുള്ളതാകുന്നതു അത് വ്യവസ്ഥയായിരിക്കുമ്പോള്‍ ആണ്. ശരീരം ഒരു വ്യവസ്ഥയാണ്‌, അവയവങ്ങളും വ്യവസ്ഥകളാണ്, കോശങ്ങളും അങ്ങനെ തന്നെ.

  ശരീരം അവയവങ്ങളെ ഒരു പാത്രമോ കൂടോ ആയി  ഉള്ളില്‍ വച്ചിരിക്കുന്നത് പോലെ നാം എന്ന വ്യവസ്ഥയെ ഉള്‍ക്കൊള്ളുന്ന പാത്രമോ കൂടോ ആണ് പ്രകൃതി എന്ന വ്യവസ്ഥ.   അങ്ങനെ നാം അകത്തും പുറത്തും കൂടുകളായാണ് നില കൊള്ളുന്നത്‌. കേവലം ശരീരം മാത്രമായിരിക്കുമ്പോള്‍ ഈ കൂടായ വിന്യാസത്തിന് പ്രാധാന്യമില്ല. ശരീരം വ്യവസ്ഥയാകുമ്പോള്‍ നാം കൂടിനകത്താണ്. സുരക്ഷിതമാണ്. നമ്മെ ഉള്‍ക്കൊള്ളുന്ന ആ കൂടിന്റെ പരിധിയോളം ഓടി നടക്കുവാനുള്ള പരിധി ഉള്ളതാണ്.

  എല്ലാ വ്യവസ്ഥകളും ചാക്രിക സ്വഭാവം ഉള്ളവയാണ്. ഹൃദയ മിടിപ്പും ശ്വാസോച്ച്വാസവും മുതല്‍ അകത്തു കോശങ്ങളിലെ ചയാപചായങ്ങളും പുറത്ത് പ്രകൃതിയിലെ ദിനരാത്രങ്ങളും വശത്ത് ജീവരാശിയിലെ   ജനിമൃതികളും ചാക്രികം തന്നെ. നമ്മുടെ ചലനങ്ങളുടെ ചക്രവും പ്രകൃതിയുടെ ചലനങ്ങളുടെ ചക്രവും ബുദ്ധി കൊണ്ട് വേര്‍ തിരിക്കുന്നില്ലെങ്കില്‍ നാം പ്രകൃതിയെന്ന കൂടിനകത്ത് സുരക്ഷിതരായിരിക്കും.

  എല്ലാ വ്യവസ്ഥകളും മറ്റു വ്യവസ്ഥകളിലൂടെ പ്രവഹിക്കുന്നു,. ഒരു വ്യവസ്ഥയും തുടക്കമോ ഒടുക്കോ അല്ല.  പ്രവാഹമാണ്. ഭക്ഷണം നമ്മിലൂടെ കടന്നുപോകുന്നത് പോലെ സംഭവങ്ങള്‍ നമ്മെ കടന്നു പോകുന്നതു പോലെ നാം പ്രകൃതിയിലെ ഓരോ വ്യവസ്ഥയേയും കടന്നു പോകുന്നു. ഈ കടന്നു പോക്കിന് തടസം ചെയ്യാതിരുന്നാല്‍ നാം സുരക്ഷിതമായി – ശാന്തമായി ജീവിക്കും.

  എല്ലാ വ്യവസ്ഥകളും അതിന്റെ അകത്തും പുറത്തും വശത്തും ഉള്ള മറ്റെല്ലാ വ്യവസ്ഥകളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. നാം ശ്വസിക്കുന്ന വായുവും അകത്തെ കോശവും മറ്റെങ്ങോ ഉണ്ടാകുന്ന ചെടിയും പരസ്പരം ബന്ധിതമാണ്. ഈ ബന്ധത്തെ നിഷേധിക്കാതെ ഇരിക്കുമ്പോള്‍ നാം സുരക്ഷിതരും സ്വാസ്ഥ്യം ഉള്ളവരും ആയിരിക്കും.

  എല്ലാ വ്യവസ്ഥകളും വികസിക്കുന്നവയാണ്. പുറത്തുള്ള കൂടായ വ്യവസ്ഥ നമുക്ക് ഒരു വളര്‍ച്ചാ പരിധി അനുവദിച്ചു തന്നിട്ടുണ്ട്. അതു വരെ വികസിക്കുവാന്‍ പര്യാപ്തമാണ് ഓരോ വ്യവസ്ഥയും. ഈ പരിധിയെ സമ്മതിച്ചും അനുകൂലിച്ചും നില്‍ക്കുമ്പോള്‍ നാം വികസിക്കുക മാത്രമേ ചെയ്യുകയുള്ളൂ..

  എല്ലാ വ്യവസ്ഥകളും സ്വയം നിയന്ത്രിക്കുന്നവയാണ്. ഓടിത്തളരുമ്പോള്‍ ഒന്ന് വിശ്രമിച്ചാല്‍ പഴയത് പോലെ ആയിത്തീരുവാനുള്ള,  ഒരു മുറിവ് വന്നാല്‍ ഉണങ്ങുവാനുള്ള പ്രകൃതിയുടെ സംവിധാനമാണിത്. ക്രമം തെറ്റി പ്രവര്‍ത്തിച്ചവ വിശ്രാന്തിക്ക് ഇടം നല്‍കിയാല്‍ തിരികെ ക്രമത്തിലേക്ക് എത്തിച്ചു ശമിപ്പിക്കും എന്നതിനാല്‍ നാം എപ്പോഴും സുരക്ഷിതരും പരിഗണിക്കപ്പെടുന്നവരുമാണ്.

  നമ്മുടെ ജീവിതം സ്വാസ്ഥ്യം നിറഞ്ഞു വിജയകരമാകുവാന്‍ ഇത്രയും  അറിയുകയും അംഗീകരിക്കുകയും ചെയ്യുകയാണ് നാം വേണ്ടത്. ഈ നിയമങ്ങള്‍ക്കു വഴങ്ങുകയാണ് വേണ്ടത്. അതിനെ പിന്തുടരുകയാണ് വേണ്ടത്. നാമെന്ന കൂടിന്റെ ഈ സ്വയം നിയന്ത്രണ വിന്യാസമാണ് ജൈവീകതയെങ്കില്‍ പ്രകൃതിയുടെ സ്വയം നിയന്ത്രണ വിന്യാസമാണ് ദൈവീകത. ശരീരം എന്ന ഞാന്‍ ബോധത്തില്‍ നിന്നും വ്യവസ്ഥ എന്നൊരു “നാം” ബോധത്തിലേക്ക്‌ ചേക്കേറുകയാണ് ക്യൂലൈഫ് സാധനകളിലൂടെ നമ്മള്‍ കൈവരിക്കുന്ന സിദ്ധി.

  Print Friendly

  72total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in