• ജീവിതം തന്നെ ഒരു സാധനയാക്കുന്നതെങ്ങനെ?

  by  • May 12, 2021 • ആത്മീയത, ജീവിത വിജയം • 0 Comments

  ജീവിതം തന്നെ ഒരു സാധനയാക്കുന്നതെങ്ങനെ?

   

  ആമുഖം

  പ്രപഞ്ച സഞ്ചാലനം ഒരു അനന്തമായ ഒഴുക്കാണ്. ആ ഒഴുക്കിനോട് ചേർന്ന് ഒഴുകുന്പോഴാണ് ആ ജീവിതം സുഗമമാക്കുന്നത്. എതിരെ ഒഴുകുക അസാദ്ധ്യവും കുറുകെ ഒഴുകുക ശ്രമകരവും ആയിരിക്കും. അതായതു നമ്മുടെ വേരുകളുമായി ഗുരുത്വപ്പെട്ടു നിന്നും എന്നാൽ ഒട്ടി നിൽക്കാതെ വേണ്ടത്ര ടയർ പ്രഷർ മാത്രം ഉള്ള കാർ പോലെ റോഡ് ഗ്രിപ്പും ഫ്ലെക്സിബിലിറ്റിയും ഒരു പോലെ ഉണ്ടായിരിക്കുന്പോൾ ഓട്ടം സുഗമമായിരിക്കുന്നത് പോലെ. അങ്ങനെ ചേർന്ന് നിൽക്കാനുള്ള ഏറ്റവും പ്രധാനമായ ഉപാധിയാണ് mindfulness അഥവാ മന:സാന്നിദ്ധ്യം. മറ്റു ജീവജാലങ്ങളെ നോക്കി മനസ്സിലാക്കിയാൽ അവയെല്ലാം വർത്തമാനത്തിൽ തന്നെയാണെന്ന് കാണാം. വർത്തമാനത്തിൽ ജീവിക്കുക എന്നത്, കൂടുതൽ സമയവും ഭൂതത്തിലും ഭാവിയിലുമായി ജീവിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ശ്രമകരമായിരിക്കും. അത് കൊണ്ടാണ് യൗക്തികനായ മനുഷ്യന് മനഃസാന്നിധ്യത്തിലൂടെ, വർത്തമാനത്തെ മനസ്സിലാക്കി അതിനോട് തത്സമയം പ്രതികരിച്ചു കൊണ്ട് ജീവിക്കാൻ പരിശീലിക്കേണ്ടത്. അത് പരിശീലിച്ചാൽ നമുക്ക് വർത്തമാന സമയം എന്ന ഒരു സർപ്പിളമായ കുഴലിലൂടെ (time spiral)എന്ന പോലെ   സദാസമയം നമ്മുടെ ചോദനകളും അനുഭവങ്ങളും അറിഞ്ഞു മനസ്സിലാക്കി പ്രതികരിച്ചു അത് നമ്മുടെ ധർമ്മ നിർവഹണമാണെന്നറിഞ്ഞു ആസ്വദിക്കാൻ കഴിയും. അപ്പോൾ യുക്തിയിൽ വരുന്ന ചോദ്യം ആണ്  മൂർത്തരൂപങ്ങളിലൂടെ ഭാവന ചെയ്തു ഭാവിയെ ആസൂത്രണം ചെയ്യാനുള്ള നമ്മുടെ കഴിവിനെ എങ്ങനെ ഉപയോഗിക്കാമെന്നും ആശിക്കുന്ന ഭാവിയെ manifest എങ്ങനെ ചെയ്യും എന്ന്. അപ്പപ്പോൾ ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞാൽ, അതിനും വേണ്ടത്ര സമയം കിട്ടും. അപ്പോഴും മനഃസാന്നിദ്ധ്യം തന്നെയാണ് നമുക്ക് വേണ്ടത്. ഔചിത്യപരമായി സമയ വിനിയോഗം. അങ്ങനെ വർത്തമാനത്തിലൂടെ ജീവിക്കാൻ സാധിക്കുന്പോൾ ജീവിതം തന്നെ ഒരു സാധന ആകുന്നു. അതിലേക്കുള്ള ദിനചര്യകളും പരിശീലനങ്ങളുമാണ് നാമിവിടെ സംവദിക്കുന്നത്. ഇവയെല്ലാം നമ്മെ തിരികെ പ്രകൃതിയുടെ താളവുമായി ചേർക്കാനുള്ള ഉപാധികളാണ്, അതിലേക്കുള്ള യാത്രയാണ്. അതിനാൽ അതറിഞ്ഞു ചെയ്യുന്പോൾ അത് അനായാസമാകുന്നു, അവസരോചിതമായി ലംഘിക്കേണ്ടി വരുന്പോഴും അത് ലംഘനമായി തോന്നുകയുമില്ല. അങ്ങനെ അതിലെത്തിക്കഴിഞ്ഞാൽ പിന്നെ ഉപാധികൾ പോലും ആവശ്യമില്ല. അതായി ഭവിക്കുന്നു. നാമറിയാതെ പ്രകൃതിയുമായി ചേരുന്നു.

   

  1 ഉണരുന്പോളുള്ള സാധന

   

  ഉണരുക സാവധാനമായിരിക്കണം. സുഷുപ്തിയിൽ നിന്നും ഉപബോധത്തിലേക്കും അവിടെ നിന്നും ബോധമനസ്സിലേക്കും തുടർന്ന് കർമ്മേന്ദ്രിയങ്ങളിലേക്കും പ്രാണനെ ധ്യാനിച്ചു കൊണ്ടു, പ്രാണനെ എന്നിൽ നിലനിർത്തിയ പ്രപഞ്ചത്തോട് കൃതജ്ഞത അർപ്പിച്ചു കൊണ്ട് ഉണരുക. എണീക്കുന്പോൾ വലതു വശത്തോട്ട് തിരിഞ്ഞു ഇടതു കൈ കുത്തി എണീക്കാം. കൈ കൂട്ടിത്തിരുമ്മി മുഖം മുതൽ പാദം വരെയും ഒന്ന് തടവുക. അൽപ നേരം ഇരുന്നു ശ്വാസത്തെ ശ്രദ്ധിക്കുക. അകത്തു നിന്നും ഒരു പുഞ്ചിരിയോടെ കർമ്മങ്ങൾ തുടങ്ങാം. ആദ്യമായി കിടക്കയെ അടുത്ത ദിവത്തേക്കു ക്രമപ്പെടുത്തുക. നമ്മുടെ ശരീരത്തിന്റെ പുനഃസ്ഥാപനക്രിയയുമായി താളത്തിലാകാൻ സഹായിക്കും.

   

  2 പ്രഭാതചര്യകൾ

   

  നമ്മുടെ ശരീരമായ മന്ദിരത്തിന്റെ പരിചരണമാണ് ദേഹ ശുദ്ധി – വിസർജ്ജനങ്ങൾ, ദന്ത ശുദ്ധി, ചർമ്മ ശുദ്ധി എന്നിവ. മലവിസർജനം ദിവസേന 2 – 3 ആയാൽ ഉത്തമം. ദഹനപ്രക്രിയ കഴിഞ്ഞാൽ മലവിസർജ്ജനം കഴിയുന്നതും വേഗം നടക്കുകയാണ് നല്ലതു. വിസർജ്ജനം ശരിയാകണമെങ്കിൽ ഭക്ഷണം ശരിയാക്കണം, ജൈവമാക്കണം. മുൻകർമ്മങ്ങൾ ചെയ്തു വിസർജ്ജന പ്രക്രിയയെ ക്രമീകരിക്കുക. പല്ലു തേക്കാൻ ഉമിക്കരിയോ ഹെർബൽ ടൂത് പേസ്റ്റ് ഓ പ്രകൃതി ജീവനക്കാർ ഉണ്ടാക്കുന്ന പൽപൊടിയോ, മാവിലയോ (പഴുത്തു വീണത്) ഉപയോയ്ക്കാം.

  എല്ലാ കർമ്മങ്ങളും ചെയ്യുമ്പോഴും പരിസരവുമായി ചേർന്നു ലയത്തിലായിരിക്കണം. മറ്റു ചിന്തകളെ കടന്നു വരാതിരിക്കാൻ മനഃസാന്നിധ്യമുണ്ടായിരിക്കണം. അതിനായി പ്രാണനെയും ശ്രദ്ധിക്കുക. അവിടെ ഏതെങ്കിലും പ്രാണികളോ ജീവികളോ ഉണ്ടെങ്കിൽ അതുമായി സംവദിച്ചു കൊണ്ട് നിർവഹിക്കുക. അങ്ങനെ പ്രകൃതിയുമായി സുതാര്യതയിലെത്തുക.

  കുളിക്കുന്പോഴും അത് ആസ്വദിച്ച് ചെയ്യുക. വിസർജ്ജനത്തിന്റെ കാര്യത്തിൽ നമ്മുടെ ചർമ്മം വളരെ പ്രാധാന്യമുള്ളതാണ്. ചർമ്മം ഒരു ഇന്റലിജന്റ് ആയ ഒരു സുരക്ഷാ കവചമാണ്. അതിന്റെ ആരോഗ്യത്തിന് പരിചരണം ആവശ്യമാണ്. അതിൽ കൂടി ഒരു പ്രധാന വിസർജ്ജന കർമ്മം നടക്കേണ്ടതുണ്ട്. വിയർപ്പിലൂടെ നമ്മുടെ ശരീരം വളരെയധികം മാലിന്യങ്ങൾ പുറത്തു തള്ളുന്നുണ്ട്. അത് പോലെ തന്നെയാണ് lymph sysrtem എന്ന ശരീരത്തിന്റെ drainage. കോശാന്തര ത്തിലെ മാലിന്യങ്ങൾ പലതും ഇതിൽ സംഭരിക്കുന്നു. രക്തത്തിനുള്ള പോലെ ഒരു pump ഇല്ലാത്തതിനാൽ lymph ന്റെ വിസർജനം നടക്കുന്നത് വ്യായാമത്തിലൂടെയോ മസ്സാജിലൂടെയോ കിട്ടുന്ന pressure ഉപയോഗിച്ചാണ്. അതുകൊണ്ടാണ് പ്രഭാത കർമ്മങ്ങളിൽ യോഗയെ, വ്യായാമമോ, നടത്തമോ, ഓട്ടമോ, aerobics ഓ വേണ്ടത്. മസ്സാജ്, dry ആയും, എണ്ണ ഉപയോഗിച്ചും deep tissue ആയും ഇടയ്ക്കിടെ ആകാം. ദിവസേന ഉള്ള കുളിയിൽ തന്നെ ചെറിയ തോതിൽ മസാജ് ചെയ്യാൻ ശ്രദ്ധിക്കുക. എല്ലാം അതാതിന്റെ ഉദ്ദേശം മനസ്സിലാക്കി അതിലേക്കു നിമജ്ഞനം ചെയ്തു കൊണ്ട് ചെയ്യുക. ഏതെങ്കിലും കർമ്മങ്ങൾ മാറ്റി ചെയ്യണമെന്നുണ്ടെകിലോ സമയപരിധികൾ ഉണ്ടെങ്കിലോ, മുൻകർമ്മത്തിലൂടെ അവ അസൂത്രണം ചെയ്തു നടപ്പാക്കാൻ ശ്രദ്ധിക്കുക. ഏതിൽ ശ്രദ്ധ ചെലുത്തുന്നുവോ അത് കൂടുതൽ ശക്തിയാർജിക്കും. അങ്ങനെ ആ കർമ്മങ്ങളെല്ലാം എന്റെ ശരീത്തെ പരിചരിക്കാനുള്ള എന്റെ ധർമ്മം ആയി കണ്ടു, അതെല്ലാം അറിഞ്ഞു കൊണ്ട് ചെയ്യുന്പോൾ അതും സാധനയാകുന്നു.

   

  ശരീര പരിചരണം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പരിസര പരിചരണം. നമ്മുടെ സ്വന്തം ചുറ്റുപാടായ നാം ജീവിക്കുന്ന വീടും ജോലി ചെയ്യുന്ന ഇടവും. പ്രകൃതിയിൽ എല്ലാത്തിനും ഒരു ക്രമമുണ്ട് മനുഷ്യൻ ഇടപെടാത്ത എല്ലാത്തിനും ആ സുന്ദരത ഉണ്ട്. പ്രകൃതിയിലെ ക്രമമില്ലായ്മയ്ക്കും ഒരു ക്രമമുണ്ട്. അതിനോട് ചേർന്ന് നിൽക്കണമെങ്കിൽ നാമും അടുക്കും ചിട്ടയുമുള്ളവരായിരിക്കണം. നമ്മുടെ വീട്ടിൽ മുറികൾ അതിലെ സാധനങ്ങൾ, അടുക്കള, മുറ്റം, വർക്ക് സ്പേസ് എല്ലാം അടുക്കും ചിട്ടയോടും ഇരിക്കണമെങ്കിൽ ഉപയോഗിക്കുന്നവർക്കു മനഃസാന്നിദ്ധ്യം വേണം. എല്ലാത്തിനും അതിന്റെതായ ഇടമുണ്ട്. അത് ക്രമീകരിച്ചു പാലിച്ചാൽ നമ്മുടെ കർമ്മങ്ങളും സുഗമമാകും. ചുറ്റുപാടിൽ നാം ക്രമം വരുത്തിയാൽ അത് ഉള്ളിനെയും ക്രമീകരിക്കും, ക്രമം ആണ് സമഗ്രതയുടെ അടിസ്ഥാനം. അങ്ങനെ വർത്തമാന ബോധ സാധനയിലാകുക.

   

  3  പ്രാണ സാധന / സാദാ പ്രാണ ശ്രദ്ധ.

   

  ജീവിതത്തിൽ ഓരോ നിമിഷവും മുന്നോട്ടു കൊണ്ട് പോകുന്ന ശക്തി അഥവാ ഊർജ്ജത്തിന്റെ ഉറവിടമാണ് പ്രാണൻ. യൂണിവേഴ്സൽ ഡയനാമിസവുമായി ചേർത്ത് നിർത്തുന്നതാണ് പ്രാണൻ. പ്രപഞ്ച ചൈതന്യത്തിന്റെ ഭാഗമായ നമ്മുടെ പ്രാണനെ വഹിക്കുന്ന carrier ആണ് സൂര്യ പ്രകാശത്തിൽ അയോണീകരിക്കപ്പെട്ട ഓക്സിജൻ പോലെ മറ്റു വാതകങ്ങളും അടങ്ങിയ വായു. ഇതാണ് നമ്മുടെ സുരക്ഷാ മണ്ഡലം. അത് രക്തത്തിലൂടെ എല്ലാ ശരീരത്തിന്റെ ഭാഗങ്ങളിലും നൽകി അവിടെ നിന്നെല്ലാം ഉള്ള വിസർജ്ജന വസ്തുക്കളെയും എടുത്ത് കരളിലും കിഡ്‌നിയിലും എത്തിച്ച ശേഷം ബാക്കി ദൂഷ്യ വാതകങ്ങൾ തിരികെ ശ്വാസോച്ഛാസത്തിലൂടെ പുറത്തു കളയാൻ തിരികെ ശ്വാസകോശത്തിൽ എത്തിച്ചു വീണ്ടും ആ ചാക്രികത തുടരുന്നു. ഈ ഭൗതിക ധർമ്മം കൂടാതെ ഈ ശ്വാസം ഒരു intelligent പാറ്റേൺ കൂടി carry ചെയ്യുന്നുണ്ട്. അതാണ് നമ്മുടെ ജീവന്റെ ആധാരമായ സ്വയം സഞ്ചാലകത്വം, സ്വയം സംരക്ഷണം നമ്മുടെ ബോധ നവീകരണം ഒക്കെ ചേർന്ന ഒരു algorithm അഥവാ പ്രാണൻ. ഇത് സദാഗതിയിൽ അകത്തോട്ടും പുറത്തോട്ടും ചലിക്കുന്പോഴാണ്‌ നമ്മുടെ ജീവനും ചൈതന്യവും ശരിയായി വർത്തിക്കുന്നത്.  അതായതു നമ്മുടെ പ്രാണസഞ്ചാലനം ശ്വാസത്തിലൂടെയാണ്. അതിനാൽ പ്രാണ സാധനയെ സദാ അറിഞ്ഞു കൊണ്ട് ചലിപ്പിക്കാൻ കഴിയുക എന്നതായിരിക്കണം നമ്മുടെ ലക്‌ഷ്യം.

  ശ്വാസ വേഗത്തിനനുസരിച്ചു നമ്മുടെ ചിന്താ വേഗം കൂടുകയും കുറയുകയും ചെയ്യും. ശ്വാസവേഗം കുറയുന്പോൾ ചിന്താ വേഗം കുറയും. അപ്പോൾ വിശ്രാന്തി കൂടുതൽ ലഭിക്കും, അത് resilience അഥവാ പുനഃസ്ഥാപനത്തിലേക്കും ശമനത്തിലേക്കും നയിച്ചു നമ്മുടെ നൈസർഗികമായ അവസ്ഥയിലെത്തിക്കുന്നു. ഒരു കുഞ്ഞിനെ എന്നപോലെ സംരക്ഷിക്കുന്ന അവസ്ഥ. സുഖനിദ്രയിലും ധ്യാനാവസ്ഥയിലും അതാണ് സംഭവിക്കുന്നത്. പ്രാണവേഗം കുറയുന്പോൾ ആ ഇടവേളയിൽ പ്രാണൻ അകത്തു ആ ഡയാനമിസത്തെ സംഭവിപ്പിക്കുന്നു. ജീവിതത്തെ ഒരു സാധനയാക്കൂന്പോൾ ഏറ്റവും പ്രധാനമായത് പ്രാണനാണ്. എന്നാൽ അത് നിരന്തരമായതിനാൽ നാം അതിനെ ശ്രദ്ധിക്കാതെ പോകുന്നു. അതെ സമയം നാം ഇന്ദ്രിയങ്ങളിലൂടെ കിട്ടുന്ന വിവരങ്ങളെ, ചിന്തയിലൂടെ ഓർമ്മകളിലെ ബിംബങ്ങളും, യുക്തിയും, നമ്മുടെ ശേഷിയും പരിഗണിച്ചു, അഹത്തെ ആധാരമാക്കി ഭാവിയെ മുഴുവൻ ആസൂത്രണത്തിലൂടെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നു. ആ ശ്രമം പ്രകൃതിയുടെ സ്വാഭാവിക പ്രവർത്തനത്തിനു വിഘാതം ഉണ്ടാക്കുന്നു. അത് നമുക്കും പ്രക്ഷുബ്ധത സൃഷ്ട്ടിക്കുന്നു. യഥാർത്ഥത്തിൽ പ്രപഞ്ച സഞ്ചാലനവുമായി ചേർന്ന് നിൽക്കുയല്ലേ ബുദ്ധി. ഇത്രയും ശ്രമകരമായ ആസൂത്രണം വേണ്ട ആവശ്യമുണ്ടോ? “Let God” എന്ന തത്വത്തിൽ വിട്ടു കൊടുക്കയല്ലേ നല്ലതു. അപ്പോൾ സ്വയം സംഘാടകത്വം, സ്വയം പരിചരണം, സ്വയം സംരക്ഷണം എല്ലാം നടത്താൻ കഴിവുള്ള പ്രാണന്റെ കഴിവിൽ വിശ്വസിച്ചു അതിനെ ശ്രദ്ധിക്കുക. നാം എന്തിനെ ശ്രദ്ധിക്കുന്നുവോ അത് നമ്മെ ശ്രദ്ധിക്കും. നാം ചിന്തയെ മാത്രം ശ്രദ്ധിച്ചാൽ ആ ചിന്തകളായിരിക്കും നമ്മെ ശ്രദ്ധിക്കുന്നത്. അപ്പോൾ വേണ്ടത് നാം നിരന്തരം ആ പ്രാണനെ ശ്രദ്ധിക്കുക എന്നതാണ്. അതാണ് നമ്മെ സദാഗതിയിലെത്തിക്കുക. പ്രതീക്ഷകളില്ലാതെ ശ്രദ്ധിക്കുക, അത് പ്രാണനോടുള്ള പ്രണയമായി ഭവിക്കട്ടെ.

   

  4 പരിസര സാധന / സാദാ പരിസര ശ്രദ്ധ / വസ്തു വസ്‌തുതാ ബോധം

   

  നാം എന്ത് ചെയ്യുമ്പോഴും എല്ലാ പ്രക്രിയകളുടെയും ആദ്യവും അന്തവുമെന്നപോലെ തന്നെ അതിനിടയിലെ എല്ലാ നിലകളും ഒരുപോലെ പ്രാധാന്യമുള്ളതാണ്. അപ്പോഴാണ് നാം mindful ആകുന്നത്. ആ ശ്രദ്ധക്ക് വേണ്ടത് വസ്തു ബോധവും വസ്തുതാ ബോധവുമാണ്. നമ്മുക്ക് ഏറ്റവും സുഖമായ അവസ്ഥയിൽ നാം ചുറ്റുപാടുമായി, അകത്തും പുറത്തുമുള്ള പ്രകൃതിയുമായി പൊരുത്തപ്പട്ടിരിക്കും. എന്നാൽ ചാരി ഇരിക്കുന്പോഴോ, ഒരു കാട്ടിലൂടെ പോകുന്പോഴോ തട്ടാതെയും മുട്ടാതെയും പോകണമെങ്കിൽ പരിസരത്തെ വസ്തുക്കളുമായി പൊരുത്തപ്പെടണം. ചുറ്റുപാടുള്ള വസ്തുക്കളും വസ്തുതകളും എങ്ങനെയെന്ന് ബോധ്യപ്പെട്ടു ജ്ഞാനത്തിലായാൽ അതിനനുസരിച്ചു ശരീരത്തെ വഴക്കിയെടുത്താൽ നമ്മുടെ ഗമനം സുഗമമാകും. എവിടെ എന്നും, എങ്ങനെ എന്നും ഉള്ള ബോധമാണ് വസ്തുതാ ബോധം. അവിടെ നിങ്ങൾ സാഹചര്യത്തോട് സുതാര്യമാകുന്നു. സാഹചര്യങ്ങളുമായി പൊരുത്തമാകണമെങ്കിൽ നിങ്ങളുടെ മുന്നിലേക്കു വരുന്ന ഏതു കാര്യത്തിന്റയും തുടർച്ചയിലേക്കു പോകുവാനുള്ള ഒരു മനോതലമുണ്ടായാൽ മതി. അവിടെ വിവേകം ഉപയോഗിക്കേണ്ടി വരാം. എന്നാൽ എല്ലാ കാര്യങ്ങളോടും വിയോജിച്ചു നിൽക്കേണ്ട കാര്യമില്ല. അത് നല്ലതോ ചീത്തയോ ആകട്ടെ ശുഭമോ അശുഭമോ ആകട്ടെ. നമ്മുടെ മുന്നിലേക്ക് വരുന്ന ഒരു സാഹചര്യത്തെ improvise ചെയ്യുന്ന രൂപത്തിൽ നില കൊണ്ടാൽ നമുക്ക് പ്രകൃതിയുടെ ഒഴുക്കുമായി ചേർന്ന് തടസ്സങ്ങളില്ലാതെ ബുദ്ധിമുട്ടുകളില്ലാതെ പോകുവാൻ കഴിയും. അതായതു നെഗറ്റീവ് ആയ കാര്യങ്ങളെ അതു പോലെയാണെന്നു മനസ്സിലാക്കി സ്വീകരിക്കുകയും, അതിനെ കഴിയുമെങ്കിൽ പോസറ്റീവ് ആക്കി improvise ചെയ്യാനും പറ്റിയാൽ നന്ന്. അതാണ് mindfulness. അതിലൂടെ കാണുന്നത് പ്രകൃതിയെയാണ്. പ്രപഞ്ച സഞ്ചാലനത്തിലെ വിതാനത്തെയാണ്, അതിന്റെ അതി ജൈവതെയാണ്, ഈശ്വരീയത്തെയാണ്.

   

   

   

  1. ഭക്ഷണം എന്ന സാധന

  ഉള്ളിലോട്ടു വരുന്ന  inputs എന്തിനെയും (ഭക്ഷണം ഉൾപ്പടെ) സ്വീകരിക്കാൻ വിമുഖത ഉണ്ടെങ്കിൽ നാം അതിനെ മാറ്റി നിർത്തും. അതുപോലെ നമ്മുടെ ശരീരവും അത്തരത്തിലുള്ള ഒന്നിനെയും സ്വീകരിക്കില്ല, പ്രോസസ്സ് ചെയ്യുകയില്ല.  മുന്നിലൂടെ പോകുന്ന എന്തിനോടും വിമുഖത കാണിക്കുന്ന സാംസ്‌കാരിക ഉപബോധമുണ്ടെകിൽ, അത് നമുക്ക് മുന്നോട്ടു പോകാൻ പ്രശ്നങ്ങൾ ഉണ്ടാക്കും. നമ്മുടെ ഭക്ഷണണത്തെയും അതുപോലെ സമീപിക്കണം. ശരീരത്തിന് വേണ്ട ഭക്ഷണമാണെങ്കിൽ കൂടി, വിമുഖതയോടെ വെറുപ്പോടെ എടുത്താൽ അത് ശരീരവും എടുക്കില്ല ദഹനം നടക്കില്ല ചിലപ്പോൾ ഉടനെ തന്നെ ശർദിച്ചു പുറത്തു കളയാൻ ശരീരം ശ്രമിക്കും. കുട്ടികൾക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും കൊടുത്താൽ സംഭവിക്കുന്നപോലെ. ഭക്ഷണം എന്റെ ശരീരത്തിന്റെ ഭാഗമാകാനുള്ളതാണെന്ന് മനസ്സിലാക്കി അതിനെ പൂർണ മനസ്സോടെ സ്വീകരിക്കണം.

  സ്വീകരിക്കാനുള്ള ഒരു തയാറെടുപ്പു മനസ്സിലും ഉണ്ടാകണം. അതിനെ പ്രതീക്ഷയോടെ സ്വീകരിക്കുന്പോൾ ശരീരവും അതിനുള്ള തയാറെടുപ്പ് ഉമിനീരിലൂടയും, ദഹന enzyme പുറപ്പെടുവിക്കുന്നതിലൂടയും നടത്തും.

   

  ഭക്ഷണം നമ്മിലേക്കെത്തിക്കാൻ സഹായിച്ച എല്ലാത്തിനും, അത് പാചകം ചെയ്തവരോടും, അതിനുള്ള പദാർത്ഥങ്ങൾ ഉണ്ടാക്കിയവരോടും, നമ്മിലേക്കെത്തിച്ചവരോടും പ്രകൃതിയോടും നന്ദി പറഞ്ഞു കൊണ്ട് സ്വീകരിച്ചാൽ ശരീരവും അതിനെ ഭക്തിയോടെ സ്വീകരിക്കും. അങ്ങനെയാകുന്പോൾ നമ്മുക്കുതകാത്ത ഭക്ഷണമാണ് വരുന്നതെങ്കിൽ കൂടി സ്വീകാര്യതയുണ്ടെങ്കിൽ അതിനെയും ശരീരം സ്വാംശീകരിക്കും. അതിൽ മാലിന്യങ്ങളുണ്ടെകിലും അതിനെ പ്രോസസ്സ് ചെയ്യാൻ ശരീരത്തിന് കഴിയും കുറഞ്ഞ പക്ഷം അതിനെ mucous കൊണ്ടോ കൊഴുപ്പു കൊണ്ടോ പൊതിഞ്ഞു നിർവീര്യമാക്കും. അങ്ങനെ പുകവലിക്കാരെ ശരീരം സഹിക്കുന്നത് mucous ഉണ്ടാക്കി അതിൽ പൊതിഞ്ഞാണ്. മാലിന്യങ്ങൾ രക്തത്തിലെത്തുന്നത് കരളിനും കിഡ്‌നിയ്ക്കും പ്രോസസ്സ് ചെയ്യാൻ കഴിയാത്തതു, ശരീരത്തിലെ കൊഴുപ്പു കലകളിൽ പൊതിഞ്ഞു അവയുടെ പ്രഹരം ശമിപ്പിക്കാൻ ശ്രമിക്കുന്നു. അതുപോലെ തന്നെ മദ്യപാനികളുടെ പലരുടെയും മെറ്റബോളിസം മദ്യത്തെ പ്രോസസ്സ് ചെയ്യാൻ adapt ചെയ്തതായി കാണുന്നുണ്ട്. എല്ലാവരുടെയും ഫിസിയോളജി ഒരുപോലെയല്ല. മദ്യത്തെ മോക്ഷമായും അമൃതുമായും കണ്ടു ഭക്തിയോടെയും ആസ്വാദ്യതയോടെയും അല്പാല്പമായി രുചിച്ചു adapt ചെയ്യന്നവർ കൂടുതൽ മദ്യപാനികളായി മാറും അല്ലാത്തവർ വഴിയിൽ തന്നെ വീണു പോകും. എന്ന് വിചാരിച്ചു അഡാപ്റ് ചെയ്തവർക്കും ഇത് ശരിയായ മാർഗം അല്ല. ശരീരത്തിന്റെ താൽകാലിക പൊരുത്തപ്പെടൽ മാർഗം ആണ്. പ്രക്ഷുബ്ധത (entropy) ഇല്ലാതാവുന്നില്ല. പ്രകടമാകാതിരിക്കാൻ വേണ്ടി മറയ്ക്കുകയാണ്. അതിന്റെയും ഒരു പരിധി ഉണ്ട്. അത് മറികടന്നാൽ ശരീരത്തിൽ ജീവിതശൈലി രോഗങ്ങൾ പ്രത്യ്ക്ഷപ്പെടും, കരൾ വീക്കം, കിഡ്നി failure, ബിപി, ഹൃദ്രോഗങ്ങൾ എന്നിവ ഉണ്ടാകും. അതിനാൽ ചെറുപ്പത്തിന്റെയോ യൗവനത്തിന്റെയോ ചൈതന്യത്തിൽ ഇവയൊന്നും എനിക്ക് ബാധകമല്ല എന്ന് വിശ്വസിക്കുന്നവരുടെ ശരീരത്തിന്റെ ഇലാസ്ടികത മദ്ധ്യ വയസ്സുവരെയൊക്കെ പിടിച്ചു നിൽക്കും. ആ വിശ്വാസം ഒരു വിധത്തിൽ അവർക്കു അവസാനം ദൂഷ്യം തന്നെയാണ്. ശരി എന്തെന്ന് ബോദ്ധ്യമാകാതെയുള്ള യാത്രയെ കർമ്മ ഫലം തന്നെ പിടിച്ചു നിർത്തും. അപ്പോഴേക്കും ജീവിതസമയം ഭൂരിഭാഗവും കഴിഞ്ഞിരിക്കും. പിന്നീട് അതുവരെ ഉണ്ടാക്കിയ സന്പാദ്യമെല്ലാം അതിന്റെ ചികിത്സക്കായി വിനിയോഗിക്കുന്നതാണ് ഇന്നത്തെ ജീവിതശൈലി. അപ്പോഴും തെറ്റ് ബോദ്ധ്യമാകാതെ ജീവിതാവസാനം വരെ ചികിൽസിച്ചും വേദനകൾ അനുഭവിച്ചും കഴിയും.

   

  നമ്മുടെ ചൈതന്യത്തിനുള്ള ഊർജത്തിനും, ശരീര ഘടകങ്ങളുടെ പരിചരണത്തിനും വേണ്ടിയതാണ് ഭക്ഷണം. പൂർണ വളർച്ച എത്തിയ ഒരാൾക്ക് വേണ്ട ഭക്ഷണത്തിന്റെ അളവും അതിലെ പോഷകങ്ങളുടെ വൈവിധ്യവും വ്യത്യാസപ്പെടും. എന്നാൽ നമ്മുടെ ആധുനിക പരിഷ്കാര രീതികൾ കാരണം പല ദുശീലങ്ങളും നാം ആർജിച്ചിരിക്കുന്നു. അപ്പോൾ ആദ്യം വേണ്ടത് നമ്മുടെ യഥാർത്ഥ ഭക്ഷണം എന്തായിയിരിക്കണം എന്ന ബോദ്ധ്യം ആണ്. അതുണ്ടായാൽ ഇന്നത്തെ നമ്മുടെ ഭക്ഷണ ശൈലി വളരെ മാറിപ്പോയി എന്ന് മനസ്സിലാകും. ഒറ്റ ദിവസം കൊണ്ട് ഇത് തിരിച്ചു പിടിക്കാൻ കഴിയില്ല. അപ്പോൾ എങ്ങോട്ടാണ് പോകേണ്ടത് എന്ന ബോദ്ധ്യം ആയാൽ, അതിനുള്ള ആസൂത്രണം നടത്തി അതിലേക്കു വഴിയൊരുക്കുക. ഇപ്പോൾ ചെയ്യുന്നതെല്ലാം തെറ്റെന്നു കുറ്റബോധം പാടില്ല. നാം ഇതുവരെ ചെയ്തതെല്ലാം നമ്മുടെ ബോദ്ധ്യത്തിൽ ശരിയായി തോന്നിയതിനാൽ ആണ് ചെയ്തത് എന്ന് മനസ്സിലാക്കി ഇപ്പോഴത്തെ ബോദ്ധ്യത്തിൽ ശരിയായി മനസ്സിലാക്കിയതിലേക്ക് മാറുന്നു എന്ന സംതൃപ്തി ആണ് വേണ്ടത്. അങ്ങനെ അതിലേക്കു എത്തുന്നവരെയും നമ്മുടെ തുടർന്ന് വന്നതിനെ ശരിയായി ആസ്വദിച്ച് കഴിക്കുക. കാരണം നാം കഴിക്കുന്നതിനെ എല്ലാം ദഹിപ്പിക്കാനും സ്വാംശീകരിക്കാനും ശരീരത്തിനു കഴിവുണ്ട്. ക്വാണ്ഡം ഭൗതികം അവിടെ പ്രവർത്തിക്കുന്നു. അതിനാൽ ഭക്ഷണത്തെ കഴിക്കുന്നത് ഒരു സാധനയാക്കുക. അപ്പോൾ നാം ഭക്ഷണത്തിന്റെ ഉറവിടത്തെയെല്ലാം മനസ്സിൽ കണ്ടു അതിനെ നമ്മിലേക്കു എത്തിക്കാൻ സഹായിച്ചവരെ ഒക്കെ ഓർത്തു കൊണ്ട് അവർക്കു നന്ദി പറഞ്ഞുകൊണ്ടു കഴിക്കണം. പ്രധാന ഉറവിടമായ പ്രകൃതിയോട് നന്ദി പറയുക. “അന്നവിചാരം” ചെയ്തു, ഭക്ഷണം അതിന്റെ ഭംഗിയും, മണവും, രുചിയും ആസ്വദിച്ച് അതിൽ ലയിച്ചു കഴിക്കുന്നതാണ് ആ സാധന. ആ സാധനയുടെ സമയത്തു മറ്റു ഒന്നും തടസ്സമാകാതിരിക്കാൻ ശ്രദ്ധിക്കുക അതിനാൽ തന്നെ Television, ന്യൂസ്‌പേപ്പർ, സോഷ്യൽ മീഡിയ, മൊബൈൽ സംഭാഷണം, തീൻ മേശ diplomacy, തീൻ മേശ രാഷ്ട്രീയ ചർച്ചകൾ, കുടുംബ പ്രശ്ന ചർച്ചകൾ എന്നിവ  ഒഴിവാക്കുക. ഭക്ഷണത്തെ തന്നെ ധ്യാനിച്ചാസ്വദിച്ചു അതിന്റെ മഹിമയെയും പുകഴ്‌ത്തി തന്നെ കഴിക്കുക.

   

  അടുത്തതായി അടുക്കളയിലെ പാചകം. പാചകവും ഒരു സാധനയായി ചെയ്യാൻ കഴിയണം. സ്നേഹം ചേർത്തു രുചികരമായി, സൗന്ദര്യ പൂർവമായി പാചകം ചെയ്യാൻ കഴിഞ്ഞാൽ അതും സാധന തന്നെ.

   

  6 ധർമ്മ സാധന / ധർമ്മ ശ്രദ്ധ

   

  എല്ലാ സത്തകൾക്കും ഉപരി വ്യവസ്ഥ കല്പിച്ച ധർമ്മങ്ങളുണ്ട്. അതാണ് ജീവിതത്തിന്റെ ഉദ്ദേശ്യം. ഇത് നടപ്പിലാകുന്നത് നാം എന്തിനെയൊക്കെയോ ജീവിതത്തിൽ അഭിമുഘീകരിക്കുന്നവോ അവക്കുതകുന്ന രീതിയിൽ അവയോടു പൊരുത്തപ്പടുന്പോൾ ചെയ്യേണ്ടുന്നതെന്തോ അത് നിർവഹിക്കുന്പോഴാണ്. അതാണ് നമ്മുടെ ധർമ്മം. സാന്ദർഭികമായി നമ്മിൽ വന്നു ചേരുന്ന ഉത്തരവാദിതയെയാണ് ധർമ്മം എന്ന് പറയുന്നത്. അതിന്റെ ആസൂത്രണ പദ്ധതിയാണ് മനസ്സ്. അത് നടപ്പ്പിലാക്കുന്നതിനെയാണ് കർമ്മം എന്ന് പറയുന്നത്. നാം ചെയ്യുന്ന കർമ്മത്തെ നമ്മുടെ ധർമ്മമായി മനസ്സിലാക്കി ചെയ്യുന്പോൾ അത് സുഗമമായി അനായസം ചെയ്യാൻ കഴിയും. എന്നാൽ ഇന്നത്തെ സ്ഥിതിയിൽ നമ്മുടെ ധർമ്മം എന്തെന്ന് മനസ്സിലാക്കാനോ, അഥവാ മനസ്സിലായാൽ തന്നെ അതിലേക്കു മാറാനോ കഴിയുന്നില്ല. ഇന്ന് വ്യവഹാര ജീവിതത്തിൽ ഇഴുകി ജീവിക്കുന്ന നമ്മൾ ചെയ്യുന്ന കർമ്മങ്ങൾ, മറ്റാരുടെയോ യുക്തിയിൽ നിന്നുരുവായ ഒരു ഉപരിവ്യവസ്ഥാ പദ്ധതിക്കനുസരിച്ചാണ്. മനുഷ്യൻ പ്രകൃതിയുമായി സഹകരിച്ചു സഹവർത്തിച്ചു പോകേണ്ടതിനു പകരം അവൻ ചില പ്രത്യേക സാന്ദര്ഭിക യുക്തികളിൽ ഒതുങ്ങി കൂടുന്ന രീതിയിൽ ആണ് ഇന്നത്തെ സ്ഥിതി. ഇത് ശരിയല്ലെന്ന് മനസ്സിലായാൽപോലും നമുക്ക് ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല. നാം ഒരു കടലിലാണെന്നു സങ്കൽപ്പിക്കുക. കരയിലെത്തണമെന്നു തീരുമാനിച്ചാൽ കൂടെ അതുവരെ നീന്തിയാലെ പറ്റൂ. അതിനാൽ ഇപ്പോഴത്തെ ധർമ്മം നമ്മുടെ പരിസരവുമായി ചേർന്ന് പോകലാണ്. അത് തന്നെയാണ് പ്രക്ഷുബ്ധത ഇല്ലാതെ പോകാനുള്ള വഴി. പരിസരത്തെ ശുഭീകരിച്ചു, improvise ചെയ്തു അനുരൂപനപെട്ടുപോകണം. ഉപരി വ്യവസ്ഥ അനുഭവങ്ങൾ ഒരു പ്രത്യേക രീതിയിൽ തരുന്നു എന്ന് കണ്ടു അതിനെ സ്വീകരിച്ചു മുന്നോട്ടു പോകണം. അങ്ങനെ ഒരു തൊഴിൽ സംസ്കാരത്തിൽ പെട്ട നാം ഇപ്പോൾ ഞാനപ്പെട്ടു, പൊരുത്തപ്പെട്ടു അതിനോട് നീതി പുലർത്തുകയും വേണം. നാമിന്നു പണസംസ്കാരത്തിന്റെ അടിമകളായി ജോലി ചെയ്തു ജീവിക്കുന്നു. ഉപഭഗേ സംസ്കാരത്തിന്റെ പ്രലോഭനങ്ങളിൽ വീണു, ആജീവനാന്തം കടബാധ്യതക്കാരനായി ജീവിക്കുന്നു. ഇത് ശരിയല്ല എന്ന ബോദ്ധ്യം വന്നിട്ടുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടുന്നത് നാം വാങ്ങുന്ന പണം നമ്മുടെ ജീവിത മാർഗമായി സ്വീകരിച്ചു, അതിനായി നാം ചെയ്യുന്നതെല്ലാം നമ്മുടെ താൽകാലിക ധർമ്മമായി എടുക്കുക.  അപ്പോൾ ആ ധർമ്മത്തിൽ പ്രാവീണ്യം ആർജ്ജിച്ചു ഉത്തമമായി ചെയ്യുക. ചെയ്തു കൊണ്ട് തന്നെ ലക്ഷ്യത്തിലേക്കുള്ള ചവിട്ടു പടികൾ കടക്കുക. കടബാധ്യതകളെ ഇല്ലാതാക്കി, സുസ്ഥിരതയുടെ വഴിയിലേക്കുള്ള പാതയൊരുക്കി കൊണ്ടിരിക്കുക. അതാണ് നാം ഇവിടെ മുന്നോട്ടു വെക്കുന്ന സ്വയം പര്യാപ്തതയിലൂന്നിയ ഇക്കോവില്ലേജ്. അങ്ങനെ നാം ലക്ഷ്യവും മാർഗ്ഗവും ക്രമീകരിച്ചു, നമ്മുടെ ഇപ്പോഴത്തെ ജോലി നമ്മുടെ ധർമ്മമായി മനസ്സിലാക്കിയാൽ അതും സുഗമമാകും. ആസ്വദിച്ച് ചെയ്യാൻ കഴിയുന്നതിന്റെ അനായാസത്തവും നേടാം. അവിടെ ശാന്തി ഉണ്ടാകും, അത് സാധനയാകും.

   

  7 ചിന്താ സാധന

   

  ചിന്തയിലൂടെയാണ് എല്ലാം സംഭവിക്കുന്നത് എന്ന പശ്ചാത്തലത്തിൽ സാധനയും ചിന്തയിലൂടെയാണ് നടപ്പാക്കുന്നത് എന്ന് മനസ്സിലാക്കം. അതിനാൽ ചിന്തയെയും നാം സാധനയാക്കുന്നതെങ്ങനെ എന്ന് കൂടി വിശകലനം ചെയ്യണം. ചിന്തക്കാധാരമാകുന്നതെല്ലാം വ്യക്തമായാലെ ചിന്തയുടെ ആസൂത്രണം ശരിയാം വണ്ണം നടക്കുകയുള്ളൂ. ഇന്ദ്രിയങ്ങളിലൂടെ കിട്ടുന്ന സംജ്ഞകളെ ശരിയാം വണ്ണം വ്യാഖ്യാനം ചെയ്യണമെങ്കിൽ അവിടെ അത് സുതാര്യമായി കിട്ടണം. അവിടെ മുൻവിധികൾ അതിനെ സ്വാധീനിക്കുന്ന. അതിനാലാണ് Nonjudgement പരിശീലിക്കാൻ പറയുന്നത്. സുതാര്യമായി നിക്സപക്ഷമായി, നിസ്സംഗമായി നമ്മുടെ മുന്നിൽ വരുന്ന കാഴ്ചകളെ കാണുവാനുള്ള പാകം വരുന്പോഴാണ് ആശയം വ്യക്തമാകുകയും ആശയകുഴപ്പമില്ലാതിരിക്കയും ചെയ്യുക. പ്രകൃതി ഈ മഹാസംവിധാനത്തെ മുഴുവൻ വളരെ ചന്തമായ രീതിയിൽ ക്രമീകരിച്ചിട്ടുണ്ടെന്ന പൂർണ വിശ്വാസത്തിൽ നിന്നുകൊടുക്കയല്ലേ വേണ്ടൂ. എല്ലാം പ്രകൃതി നിയമങ്ങൾക്കനുകൂലപ്പെട്ടു, അനുരൂപപ്പെട്ടു നിന്നാൽ മതി എല്ലാം സുഗമമായി നടന്നു കൊള്ളും എന്ന വഴക്കം ഉണ്ടായാൽ ആശയ കുഴപ്പം ഇല്ലാതെ വരും. ആധുനിക വിദ്യാഭ്യാസത്തിൽ വിശ്വസിച്ചു ആ രീതികൾ പിന്തുടരുന്പോഴും അത് നമ്മെ ഒരു ജീവിതമാർഗ്ഗം കിട്ടാൻ ഉതകും എന്ന വിശ്വാസത്തിലല്ലേ ഇപ്പോഴത്തെ പാശ്ചാത്യ രീതികൾ നാം പിന്തുടരുന്നത്. അപ്പോൾ പ്രപഞ്ചമെന്ന മഹാ സംവിധാനം ഇത്രയുംഭംഗിയായി നടത്തിക്കൊണ്ടു പോകുന്ന ഈ പ്രകൃതിക്കു എത്രമാത്രം കഴിവുണ്ട് എന്ന് മനസ്സിലാക്കി അതിൽ മാത്രം വിശ്വസിച്ചാൽ പോരെ ഇപ്പോഴുള്ള തട്ടലും മുട്ടലും ഇല്ലാതെ സുഗമമായി മുന്നോട്ടു പോകാൻ. നമ്മുടെ ചിന്തയെ അതിലേക്കു വഴിതിരിച്ചു പ്രകൃതിയുടെ ആയത്തിൽ അഥവാ താളത്തിൽ നിന്നാൽ എല്ലാം ഭംഗിയായി നടന്നുകൊള്ളും എന്ന് ചിന്തയെ പറഞ്ഞു ബോധിപ്പിക്കാനും ബുദ്ധിക്കു കഴിയും. ചിന്തയെ ഒരു കൊച്ചു കുഞ്ഞിനെ കൈകാര്യം ചെയ്യുന്ന പോലെ വഴിതിരിയുന്പോഴെല്ലാം അതിനെ കൈപിടിച്ചു വഴി തിരിച്ചു കൊണ്ട് വരണം. അങ്ങനെ നമ്മുടെ ചിന്തയെ എപ്പോഴും വഴിതിരിച്ചു വിടാനും, ശുഭീകരിക്കാനും ഉള്ള മനഃസാന്നിധ്യം ഉണ്ടായാൽ അപ്പോഴെല്ലാം നാം പ്രകൃതിയുമായി സുതാര്യതയിലായി അതിന്റെ താളത്തോടു ചേർന്ന് നിൽക്കുവാൻ നമുക്ക് കഴിയും. ചിന്തയെ ഇങ്ങനെ വീക്ഷിക്കുന്നതിനെ “thinking about thinking” എന്ന് പറയും. അങ്ങനെ സാധിച്ചാൽ നമ്മുടെ ചിന്തയുടെ മുകളിൽ നമുക്ക് നിയന്ത്രണം കിട്ടും അതിന്റെ മേൽ സ്വാധീനം കിട്ടും. അങ്ങനെയായാൽ നമ്മുടെ ജീവിതം അനായാസമായി least effort എന്ന പ്രകൃതി തത്വത്തിൽ കൊണ്ടുപോകാൻ സാധിക്കും. പ്രകൃതിയിലെ എല്ലാം നിരീക്ഷിച്ചാൽ ഏതു സങ്കീർണ പ്രവർത്തനവും അതിന്റെതായ ഒരു താളത്തിൽ നിന്ന് നിസ്സാര ശ്രമത്തിൽ നടക്കുന്നത് കാണാം. അതേ സമയം നാമത് യുക്തിയുപയോഗിച്ചു നടപ്പാക്കാൻ വളരെ ശ്രമവും തടസ്സങ്ങളും അനുഭവപ്പെടുന്നു. എന്നാൽ നാം എപ്പോഴൊക്കെ പ്രകൃതിയുടെ രീതിയെ അനുകരിച്ചുള്ള പ്രവർത്തന രീതികൾ അവലംബിക്കുന്പോൾ അവയൊക്കെ ഈ least effort ൽ പ്രവർത്തിക്കുന്നത് കാണാം. അങ്ങനെ നിരന്തരം ചിന്തയെ ശ്രദ്ധിച്ചാൽ അതുമായി ഏക താളത്തിലായി നാം അവലംബിക്കുന്ന പ്രകൃതിയുടെ താളവുമായി ഏകതാനതയിലാകാൻ സാധിക്കും.

   

   

  8 ബന്ധങ്ങളിലെ സാധന.

   

  ബന്ധങ്ങളിലെ സാധനയിലായാണ് ബന്ധുത്വമനനത്തിലൂടെ നാം ചെന്നെത്തുന്നത്. ഇതിനു അനുബന്ധമായി വിമുക്തി ധ്യാനത്തിലൂടെ എല്ലാമായി മാപ്പു ചോദിച്ചും മാപ്പു നൽകിയും സ്നേഹിച്ചും സുതാര്യമാകണം. ദൈനം ദിന ഏർപ്പാടുകളിൽ നാം അനേകം പേരുമായി ഇടപെടുന്നു. അനേകം വസ്തുക്കൾ, വസ്തുതകൾ, പശ്ചാത്തലങ്ങൾ, സ്ഥലങ്ങൾ, കാലങ്ങൾ, ഭാവങ്ങൾ എന്നിവയൊക്കെ നമ്മിലേക്ക്‌ വന്നു ചേരുന്നു. അവയൊക്കെയുമായി സമവാകത്തിലാകാൻ ഞാനപ്പെടാൻ കഴിയണം. അതായതു എന്റെ ബോധം, മറ്റൊന്നിനോട് പൊരുത്തപ്പെട്ടു ബന്ധത്തിലായിരിക്കുന്ന അവസ്ഥ.  സ്നേഹത്തിലൂടെ എന്നാ പോലെ ഇഴുകി, വഴുക്കി, ഒഴുകി പോയാൽ സൗഖ്യം കിട്ടും. നമ്മുടെ വീട്ടിൽ നമ്മുടെ ഇണയും മക്കളും തുടങ്ങി നമ്മുടെ ചുറ്റുപാടിലെ എല്ലാ മനുഷ്യരും ജീവജാലങ്ങളും വസ്തുക്കളും വസ്തുതകളും ആയി ഇടപെടൽ ego clash ഇല്ലാതെ സുഗമമായി പോകാൻ സാധിക്കും. എന്നാൽ ബന്ധങ്ങൾ ബന്ധനങ്ങളാകരുത്. ഞാൻ നിനക്കുള്ളതാണെന്നുള്ള ബോധം ചലസ്ഥിതാവസ്ഥ പോലെയും (stasis), അതേസമയം ഒട്ടിപിടിക്കലില്ലാതെയും(static), അധികാര ധാർഷ്ട്യവുമില്ലാതെയും. ചുറ്റുമുള്ള എല്ലാമായിട്ടും നിബന്ധനകളില്ലാത്ത സ്നേഹബന്ധുത്വവും, അതേസമയം ബന്ധനമില്ലായ്മയും, ആധിപത്യമില്ലായ്മയും. അതു ഒരു ശ്രദ്ധയായി, സാധനയായി, ധ്യാനത്തിന്റെ ഫലം കിട്ടും

   

  9 പ്രകൃതി സാധന

  പ്രകൃതി എന്ന മഹാ സംവിധാനത്തെ ഒരു കടൽ ആയി നിരൂപിക്കുക. അതിലെ ഒരു മീനിനെ എടുത്താൽ അത് കടലിലെ മറ്റു സത്തകളുമായി വേറെ ആണെന്നാണ് മനസിലാക്കുക. പക്ഷെ കടലിനു അവയെല്ലാം കടൽ തന്നെ. നമ്മൾക്കും ആ മീനിന്റെ സങ്കുചിത വീക്ഷണമാണ്. വേറിട്ട് നിൽക്കുന്ന ബോധം. ഈ പ്രകൃതിയിലെ ഘടകങ്ങെളെല്ലാം സ്വാംശീകരിച്ചു രൂപപ്പെട്ട നാം നമ്മുടെ ജന്മത്തിലോ, നിലനിൽപ്പിലോ സ്വാധീനമില്ലാത്ത നാം, ഞാൻ ബോധത്തിൽ, മറ്റുള്ളവയിൽ നിന്നും വേറിട്ടതാണെന്നുള്ള ധാർഷ്ട്യം നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നതു ഒരു പ്രതിസന്ധിയിലാണ്. ചെറുപ്പം മുതലേ വേറിട്ടതാണെന്നു പഠിച്ചിരുന്ന നാം ഇപ്പോൾ ഇതെല്ലം ഒന്നായി മനസ്സിലാക്കിയിട്ടും അതിനോട് പൊരുത്തപ്പെടാൻ വിഷമിക്കുന്നു. വളരെ പ്രകടമായ ശ്വസോച്ഛാസത്തിലൂടെ മനസ്സിലാക്കാവുന്ന കാര്യം പോലും നാം ശ്രദ്ധിക്കുന്നില്ല. അതിലും ഉപരിയായി, നാം ഒരു ക്വാണ്ഡം ഫീൽഡ് ലാണ് എന്നും, മൊബൈലിൻറെ electromagnetic radiation ലും ഭൂമിയുടെ കാന്ത മണ്ഡലത്തിലുമാണെന്നും ശാസ്ത്രവും പറയുന്നു. എല്ലാ ജീവനുള്ള സത്തകൾക്കും അതിന്റെതായ ഒരു ക്വാണ്ഡം മണ്ഡലം ഉണ്ട്. ഒരേസമയം ഇതെല്ലം നമ്മിലൂടെ നിരന്തരം കയറിയിറങ്ങി പോകുന്നു, നാമറിയാതെ തന്നെ. അത്രയും സങ്കിർണമായി നാം പ്രകൃതിയിൽ ഇഴുകി ചേർന്നിരിക്കുമ്പോൾ ഞാൻ വേറിട്ടതാണെന്നും, ഇവയുമായി യാതോരു ബന്ധവുമില്ലന്നുള്ള ബോധം ധാർഷ്ട്യം തന്നെയല്ലേ?

  ഇത് കൊണ്ട് നമുക്ക് നമ്മുടെ ധർമ്മങ്ങളിൽ സമ്പൂർണ്ണത ഇല്ലാതെ പോകുന്ന. ചേർന്ന് പ്രവൃത്തിക്കുന്പോൾ വേണ്ട വഴക്കം, clarity എന്നിവ ഇല്ലാതെ വരുന്നു. നമ്മുടെ ശരീരത്തെ വലുതാക്കി കാണുന്ന പോലെ (ഒരു കാർ ഓടിക്കുന്പോൾ നമ്മുടെ ശരീരം കാറിന്റെ വലുപ്പത്തിൽ കാണാൻ കഴിയുന്നപോലെ), നമ്മുടെ ശരീര പരിധി ത്വക് മാത്രമാണെന്ന ബോധത്തിൽ, നമുക്ക് നാം പിറന്ന ആ വലിയ മണ്ഡലത്തിലേക്ക് നമ്മുടെ ശ്രദ്ധയെയോ, മനസ്സിനേയോ, ധർമ്മത്തെയോ, അനുഭവത്തെയോ കൊണ്ട് പോകാൻ കഴിയാതെ വരും. നാം വിച്ഛേദിതരായി പരിമിതരായ സത്തകളായി നിന്നുപോകും. ആ പരിമിതിയിൽ നിന്നും നമുക്ക് യാഥാർഥ്യങ്ങളെ മനസ്സിലാക്കാൻ കഴിയില്ല. നാം ഉരുവാക്കപ്പെട്ടതു അങ്ങനെ ഒരു ബോധത്തിലായിരുന്നെങ്കിലും, നമ്മുക്ക് വളർച്ച എന്നുള്ളത് ഇതിനെയെല്ലാം വികസിപ്പിക്കാൻപാകത്തിലാണ്. വളർച്ച, ശരീര പരിധിയിൽ എത്തിക്കഴിഞ്ഞാൽ മനസ്സിന്റെ വളർച്ചയും അതിനു ശേഷം അറിവിന്റെ വളർച്ചയും സംഭവിക്കണം. അറിവിന്റെ വളർച്ചക്ക് പരിധികളില്ല. പക്ഷെ നാം യുക്തിയിലും സംസ്കാരത്തിലും അക്കാദമി വിദ്യാഭ്യാസത്തിലും കുടുങ്ങി കഴിയുന്പോൾ നമ്മളുടെ അറിവ് അവിടെ പരിമിതപ്പെടുന്നു, അറിവിന്റെ വികാസം നിലക്കുന്നു. ഞാൻ ബോധം എന്നത് നമ്മുടെ existence ന്റെ ഭാഗമായി നമുക്ക് കിട്ടിയതാണ്. അത് നിലനില്പിന്റെ അടിസ്ഥാനം മാത്രമാണ്. അതിനും അപ്പുറത്തേക്കെ ഇതിന്റെ ഒരു വികസനം ആവശ്യമാണ്. അവിടെയാണ് നാം Deep Ecology യെ പഠിക്കുന്നത്, Deep Ecological Self Realisation എന്നത് മനസ്സിലാക്കണം. ആ ബോധ്യത്തിലേക്കു വരുന്പോഴാണ് സ്വാഭാവികമായ നമ്മുടെ ജീവ സന്ധാരണം സാദ്ധ്യമാകുക, സുഗമമായ മനോവ്യാപാരം സാദ്ധ്യമാകുക. മനസ്സിന് ചുറ്റുപാടുമായി ഇടപെടലിന്റെ വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങൾ തിരിച്ചറിയാൻ കഴിയുക. അതിനുള്ള സാധനകളാണ് നാം ഇതുവരെയും പറഞ്ഞുകൊണ്ടിരുന്നത്. നമ്മുടെ പരിധി, തൊലിക്കിപ്പുറം മാത്രമല്ല എന്നും പരിസരം നമ്മളിലൂടെ കടന്നു പോകുന്ന തുടർച്ചയാണെന്നും നാം അതിന്റെ ഉള്ളിലണെന്നും ഉള്ള നിരന്തര ബോദ്ധ്യം നിലനിർത്തുന്പോഴാണ് നാം പ്രകൃതി സാധനയുടെ പാരമ്യത്തിൽ എത്തുന്നത്. നാമും പ്രകൃതി തന്നെ എന്ന് ബോദ്ധ്യം ഉണ്ടായാൽ, പ്രകൃതിയിൽ നടക്കുന്നതെല്ലാം നിയതമായതാണെന്നു മനസ്സിലാകും. അതിനെ സ്വീകരിച്ചു അതുമായി ചേർന്നു പോകുന്പോൾ നാം ഇച്ഛിക്കുന്നതു പ്രകൃതിയിൽ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സംഭവിച്ചു കൊണ്ടിരിക്കും.

   

  10 ഉറക്കം എന്ന സാധന.

   

  ഉറക്കം ആരും സാധനയായി പറയാറില്ല. എന്നാൽ നമ്മുടെ ചലനാത്മകതയുടെ ഏറ്റവും കാതലായ പ്രതിഭാസങ്ങൾ നിദ്രയിലാണ് സംഭവിക്കുന്നത്. അതെ, നമ്മുടെ blueprint software ന്റെ ഡീഫോൾട് പൊസിഷൻ റീബൂട്ടിങ് സംഭവിക്കുന്നത് അപ്പോഴാണ്. നമ്മുടെ ഓർഗനൈസേഷണൽ ഇന്റെഗ്രിറ്റി മൈന്റൈൻ ചെയ്യാനുള്ള പ്രക്രിയ. ആ ഒരു പ്രതിഭാസം കൊണ്ട് തന്നെ അത് ഏറ്റവും പ്രാധാന്യമർഹിക്കുന്നു. അങ്ങനെ അത് ജീവിതത്തെ തന്നെ സാധനയാക്കുന്നതിലെ ഒരു പ്രധാന ഭാഗമാകുന്നു.

   

  ചലനം, നിച്ഛലനം, ചലനം, ഇങ്ങനെയാണല്ലോ പ്രപഞ്ച സഞ്ചാലനം. ഈ നിരന്തര പ്രയാണത്തിനുള്ള ഊർജ്ജം എടുക്കുന്നത് ഓരോ ചലനത്തിനും ശേഷം അടുത്ത ചലനത്തിനും ഇടയിലുള്ള നിച്ഛലാവസ്ഥയിൽ നിന്നാണ്. ജാഗ്രത്തിൽ ഒരു മനുഷ്യൻ തന്റെ പരിസരത്തെയും, ശേഷികളെയും, ധര്മങ്ങളെയും, ഓർമ്മകളയും ഒക്കേ വിശകലനം ചെയ്തു ചുറ്റുപാടുകളുമായി co-operate  ചെയ്തു, correlate  ചെയ്തു പദ്ധതികൾ ആസൂത്രണം ചെയ്തു കർമ്മങ്ങളെ രൂപീകരിച്ചു ചെയ്തു കൊണ്ടുള്ള ദൈനംദിന പ്രവർത്തനങ്ങൾക്കു ശേഷം വിശ്രാന്തിയിലേക്ക് കടക്കുന്നു. പ്രവർത്തനത്തിനിടയിലെ കേടുപാടുകൾ തീർക്കാനും, പരിചരണത്തിനും, വീണ്ടും അടുത്ത ദിവസത്തേക്ക് ആർജ്ജവത്തോടും ഉന്മേഷത്തോടും പ്രവത്തനപരതനാകുവാനും ഉള്ള ഊർജ്ജം സ്വരൂപിക്കാനും ആകാനുള്ള പ്രക്രിയ ആണ് വിശ്രാന്തി.  ഈവിധത്തിൽ തിരികെ പുനഃസ്ഥാപനത്തിനുള്ള ശേഷിയാണ് നിദ്ര.

   

  ജീവിച്ചു കൊണ്ടിരിക്കുന്പോൾ നാം ജീവിത സന്ധാരണത്തിനും, ജീവിതത്തെ സംരക്ഷിക്കുവാനും പരിചരിക്കുവാനും, വംശീകരിക്കുവാനും ഉള്ള പ്രകടനപരതയിലാണ് ദിവസം മുഴുവനും. സന്ധ്യയായാൽ ഇതിൽ നിന്നും ഓരോന്നായി വിരമിച്ചു, ആദ്യം സാമൂഹ്യ ബന്ധങ്ങളെ ഒഴിവാക്കി, വീട്ടിനുള്ളിലെത്തൂന്പോൾ, വീടെന്ന കൂടിൽ നമ്മുടെ domain ൽ ഉള്ള ഉറ്റവരും pets ഉം ആയി കുറച്ചു നേരം സംവദിച്ച ശേഷം, മെല്ലെ അവരിൽ നിന്നും പിൻവാങ്ങി കിടക്ക മുറിയിൽ എത്തി ഉറങ്ങുന്നതിനു തയാറെടുത്ത ശേഷം കിടക്കുക. അപ്പോഴും നമ്മുടെ ചിന്തകൾ പ്രവർത്തിക്കുന്നുണ്ട്. ആ ചിന്തകളെയും ഒതുക്കികൊണ്ടു നിദ്രയിലേക്ക് പ്രവേശിക്കുന്നു. ആദ്യമായി ഓർമ്മകളുടെ ലോകത്തിലേക്ക് ചെല്ലുന്നു, ജാഗ്രത്തിൽ നിന്നും സ്വപ്നത്തിലേക്ക് കടക്കുന്നു. അന്നത്തെ മുഴുവനും സ്ഥിതിവിവരങ്ങളെ പഴയ ഓർമ്മകളുമായി ചേർത്ത് കൂട്ടിക്കിഴിച്ചു record ചെയ്യുന്നു. വേണ്ടാത്തത് സ്വപ്നത്തിലൂടെ പ്രോസസ്സ് ചെയ്തു കളയുന്നു. അടുത്തതായി സ്മൃതീന്ദ്രിയത്തിൽ നിന്ന് സ്വതേന്ദ്രിയത്തെക്ക് കടക്കുന്നു. ഈ സമയം ശരീരം ഒരു ജഡാവസ്ഥയിലായിരിക്കും. ഓർമ്മകളും കർമ്മങ്ങളും ജീർണ്ണിക്കുന്നു. അപ്പോഴാണ് സുഷുപ്തിയിൽ എത്തുന്നത്. ഈ ഘട്ടത്തിലെ ഒരു നിമിഷത്തിൽ പരമാവബോധവയുമായി സ്പർശനത്തിലാകുന്നു (തുരീയ സ്പർശം). നമ്മുടെ നിർമ്മാണത്തിനടിസ്ഥാനമായ സൂത്രവാക്യത്തെ (blueprint pattern) പുനർജ്ജീവിപ്പിക്കുന്നു. അങ്ങനെ ചൈതന്യ പുനരാവിഷ്കാരം നടക്കുന്നു. ഈ സ്പർശം ഏകദേശം 36 സെക്കൻഡ്‌സ് ൽ കുറവ് നേരം മാത്രമേ കാണുകയുള്ളു എന്നാണ് കരുതുന്നത്. അവിടെ നിന്നും സ്വപ്‍നത്തിലേക്കും, സുഷുപ്തിയിലേക്കും വീണ്ടും തുരീയത്തിലേക്കും പലവുരു പോയി വരും. അതിനു ശേഷമാണ് പുതിയ ഉന്മേഷത്തോടെ ഉണർന്നു അടുത്ത ദിവസത്തെ ചര്യകളിലേക്കു കടക്കുന്നത്.

   

  നിദ്ര സംഭവിക്കുന്ന സമയത്തു പ്രകൃതിയുമായി പൂർണ്ണ ഏകതാനതയിലായിരിക്കണം. ശരീരത്തിനോ മനസ്സിനോ സൗഖ്യമില്ലെങ്കിൽ അഥവാ തടസ്സങ്ങളുണ്ടെങ്കിൽ ഉറക്കം ശരിയാവില്ല. നിദ്രയിലെ അകതോട്ടും പുറത്തോട്ടും ഉള്ള പ്രാണന്റെ പ്രയാണം തടസ്സപ്പെടും. നമ്മൾ എല്ലാ ഭൗതിക മാനസിക വ്യവഹാരങ്ങളിൽ നിന്നും പ്രത്യാഹാരം ചെയ്തു പിൻവാങ്ങി, അടുത്ത ദിവസാം രാവിലത്തേക്കു വേണ്ട തയാറെടുപ്പ് ചെയ്താൽ ആകുലതകളില്ലാതെ ഉറക്കത്തിലേക്കു പോകാം. മനസ്സിൽ വ്യാകുലതകൾ ഉണ്ടെങ്കിൽ നിദ്ര ശരിയാവില്ല. കിടക്കമുറിയിൽ മറ്റു ശല്യങ്ങൾ പാടില്ല. EMF റേഡിയേഷൻസ് ഒഴിവാക്കുക. അതുപോലെ തന്നെ ടെലിവിഷൻ, റീഡിങ്, സോഷ്യൽ മീഡിയ പോലുള്ള വികാരങ്ങളെ ഉത്തേജിപ്പിക്കുന്നതായ ഒന്നും അവിടെ പാടില്ല. ഭക്ഷണം പോലും ലളിതമായിരിക്കണം, ഉറക്കത്തിന്റെ സമയത്തു ദഹനം കഴിഞ്ഞിരിക്കണം. അതായതു 2.5 -3 മണിക്കൂർ മുൻപ് കഴിക്കണം. ഇവയെല്ലാം നാം പാലിച്ചില്ലെങ്കിൽ ശരിയായ നിദ്രയിൽ എത്തുന്നതിനു തടസ്സമാകും. തുരീയ സ്പർശം സാദ്ധ്യമാവില്ല. ഉറക്കത്തിനു തൊട്ടു മുൻപായി അൽപ നേരം പ്രാണനെ ധ്യാനിച്ച് കൊണ്ട് എല്ലാത്തിനും നന്ദി പറയുക, ഉറക്കത്തെ എനിക്ക് പ്രദാനം ചെയ്യുന്ന പ്രപഞ്ച സംവിധാനത്തോടെയും എന്നെ ഇവിടെ എത്താനാക്കിയ സാമൂഹ്യ, ഗാർഹിക വ്യവസ്ഥയോടും, പ്രകൃതിയോടും നന്ദി പറഞ്ഞു ജ്ഞാൻ നിദ്രയിലേക്കു കടക്കുയാണെന്നു ശരീരത്തെ ധരിപ്പിച്ചു കൊണ്ട് ഉറക്കത്തിലേക്കു കടക്കുവാൻ അസാധിച്ചാൽ തുടർന്നു നിദ്രയിലേക്കുള്ള യാത്ര സുഗമമായിരിക്കും. അങ്ങനെയാകുന്പോൾ തുരീയ സ്പർശം കൊണ്ട് അകത്തുള്ള ശരീരത്തിന്റയും, ധർമ്മത്തിന്റെയും, കേടുപാടുകൾ നേരെയാക്കാൻ ജീവന് കഴിയും. നിദ്രയെ ജീവിതവ്യവസ്ഥയുടെയും ശരീര വ്യവസ്ഥയുടെയും ധർമ്മ വ്യവസ്ഥയുടെയും ഒക്കെ തലങ്ങളിൽ നിന്ന് മനസ്സിലാക്കണം. ഭൗതികമായി ഉണ്ടായ ദോഷങ്ങളും, കേടുകളും അവിടെ അവയുടെ എനർജി പാറ്റേൺ പുനഃസ്ഥാപിച്ചു അതിന്റെയെല്ലാം തനതാവസ്ഥയിലാക്കുന്നു. അങ്ങനെ കാൻസർ പോലെയുള്ള രോഗങ്ങൾ പോലും ആ കോശങ്ങളുടെ എനർജി പാറ്റേൺ മാറുന്നതോടുകൂടി പുനഃസ്ഥാപനം നടന്നു നേരെയാകുന്നു. ഇതാണ് miracle remissions എന്ന് പറയുന്നത്. ധർമ്മ വ്യവസ്ഥയിലും മലിനീകരണവും വ്യതിയാനങ്ങളും നടന്നെങ്കിൽ അവിടെയും പുനഃസ്ഥാപനം നടക്കും. ഇതിനായി പൂർണ്ണ സാധനകൾ ആവശ്യമാണ്.

   

  ദിനചര്യകളിൽ നിന്നും വിരമിച്ചു, നമ്മുടെ എല്ലാ ബന്ധങ്ങളിൽ നിന്നും വിരമിച്ചു, എല്ലാ അവയവങ്ങളയും വിശ്രാന്തിയിലാക്കി, നാം ഉറങ്ങാനായി പോകുന്നതിനു മുൻപായി അന്നത്തെ ദിനത്തെ സഫലമാക്കിയ എല്ലാത്തിനോടും നന്ദി പറഞ്ഞ് അവസാനം പ്രപഞ്ചത്തോടും കൃതജ്ഞത അർപ്പിച്ചു, പ്രപഞ്ച ബോധത്തോടു ചേർന്നു നിൽക്കുന്നു എന്ന് ഭാവന ചെയ്തു ഉറങ്ങുന്നത് ഏറ്റവും ഉത്തമമായ സാധനയാണ്. നമ്മുടെ പൂർണ്ണ വിശ്രമം സാധ്യമാകയും എല്ലാ ശമന പ്രക്രിയകളും അനായാസം നടക്കുകയും ചെയ്യും. എല്ലാത്തിനും ഉപരിയായി നമ്മുടെ ചൈതന്യം മുഴുവനായി റീചാർജ്ഉം ആകും.

   

  ചലനത്മകതയാണ് ജീവിതത്തിന്റെ ഭംഗി. ആ ചലനാത്മകതയെ നിലനിർത്താൻ വിശ്രാന്തി ആവശ്യമാണ്. പൂർണ്ണ വിശ്രാന്തിയിൽ എത്തണമെങ്കിൽ പ്രക്ഷുബതകൾ ഇല്ലാതെ പ്രകൃതിയുമായി നാം ഏകതാനതയിലായിരിക്കണം. അകത്തും പുറത്തുമുള്ള എല്ലാ വ്യവസ്ഥകളുമായി ഒത്തുചേർന്ന് പോകാനുള്ള മനഃസാന്നിധ്യം ഉണ്ടാകുന്പോഴാണ് അതെല്ലാം സാധനയാകുന്നത്. അതെല്ലാം സാധനയാകുന്പോൾ ജീവിതം തന്നെ സാധനയാകുന്നു. ഇത് സ്ഥിരരമായി പരിശീലിച്ചാൽ നാം മോക്ഷത്തിലേക്കെത്താൻ സാധിക്കും.

  Print Friendly

  159total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  National Coordinator, Greencross Foundation Centre for Deep Ecology, Faculty Member, Deep Ecological Fellowship, Editorial Member, The Ecosophical Insight, (olympuss.in)

  https://www.olympuss.in