എങ്ങനെയാണ് ഒളിമ്പസ്?
വിവിധങ്ങളായ പ്രായോഗിക പരിപാടികളിലൂടെ ആണ് ഒളിമ്പസ് വിഭാവനം ചെയ്യുന്ന ഒരു ഹരിത ലോകം ചിട്ടപ്പെടുത്തേണ്ടത്.
ഒളിമ്പസ് പഠനം : ആദ്യ ഘട്ടം പഠനം തന്നെയാണ്. ഒളിമ്പസ്സിനു ക്ലിപ്തമായ ഒരു പാഠ്യ പദ്ധതിയുണ്ട്. അതിന്റെ സൈദ്ധാന്തികവും, പ്രായോഗികവും, അനുഷ്ഠാനപരവും ആയ പഠനങ്ങൾക്കായി ഉള്ള സ്ഥിരം സംവിധാനം ആണ് നവ ഗോത്ര ഗുരുകുലം. ഒളിമ്പസ്സിന്റെ സാക്ഷാത്കാരകര് താമസിക്കുന്ന ഇടം ആണ് നവഗോത്ര ഗുരുകുലം എന്ന് അറിയപ്പെടുന്നത്. പ്രവേശകം, വ്യാഖ്യാകാരം, നിമജ്ജനം, സമർപ്പണം, സമ്പൂർണം എന്നിങ്ങനെയാണ് ഒളിമ്പസ്സിനെ അറിയുവാനുള്ള പഠന തലങ്ങൾ. ഒരു വ്യക്തിയുടെ മനസ്സിന്റെയും, ശരീരത്തിന്റെയും, സഹജ വാസനയുടെയും, നിയോഗത്തിന്റെയും യോഗ്യതയ്ക്കും ശേഷിക്കും അനുസരിച്ച്, സാദ്ധ്യമായ ബോദ്ധ്യപ്പെടലിൽ ഒരാൾക്ക് എത്തിച്ചേരാന്‍ കഴിയും. നിർദിഷ്ട പ്ലീനങ്ങളില്‍ ആവർത്തിച്ചുള്ള പങ്കാളിത്തം വഴിയാണ് ഓരോ പഠന തലങ്ങളേയും പഠിതാവിനു പരിചയപ്പെടാൻ സാദ്ധ്യമാകുക. പ്ലീനങ്ങള്ക്ക് ശേഷം, ഒളിമ്പസ്സിന്റെ ഗുരുകുലത്തിലും, പദ്ധതികളിലും ഉള്ള സ്വാർപ്പിത പ്രവർത്തനങ്ങളും പ്രായോഗിക പഠനങ്ങളും കൊണ്ട് അടുത്ത തലം വരെ മുൻപോട്ടു പോകുവാനാകും. അഞ്ചു പഠന തലങ്ങൾക്കും ശേഷം എത്തിച്ചേരുന്ന ഒരു ബോദ്ധ്യപ്പെടലാണ് ഒളിമ്പസ് ഇക്കോ സെയ്ന്റ് എന്ന വിശിഷ്ട ബോദ്ധ്യ / ജീവിതാവസ്ഥ. പഠനത്തിനായി വരുന്ന ഏവരും ഈ തലത്തിൽ എത്തുമെന്നോ, എത്തണം എന്നോ ഒളിമ്പസ് കരുതുന്നില്ല.
ഒളിമ്പസ്സിന്റെ പ്രാഥമികമായ പ്രായോഗിക പരിപാടികൾ : ഇതിനുള്ള ഒരു പ്രായോഗിക പദ്ധതി ആണ് ഒളിമ്പസ് മുന്‍പോട്ടു വയ്ക്കുന്ന പരിസ്ഥിതി രാഷ്ട്രം. ഈ രാഷ്ട്രത്തിന് രാഷ്ട്രീയ അതിരുകളില്ല. ഇത് പലരൂപത്തില്‍, പലപദ്ധതികളായി നടപ്പിലാക്കിയാലേ, സമൂഹത്തിന്റെ എല്ലാ ഇടങ്ങളിലും ഉള്ളവരെ ഉള്‍ക്കൊള്ളിക്കാന്‍ ആകൂ.
ഒളിമ്പസ്സിന്റെ ഇക്കോ സ്റ്റേറ്റ് പദ്ധതിയെ അതിന്റെ സാമൂഹിക സ്വഭാവം അനുസരിച്ച് മൂന്നായി തിരിക്കുന്നു,
1. തവിട്ടു ചക്രം
പൂര്‍ണമായും സാമൂഹിക സ്വഭാവമുള്ള, സമൂഹ മദ്ധ്യേ സമൂഹത്തിന്റെ പ്രതിനിധികളാല്‍ നടപ്പിലാക്കപ്പെടുന്ന ഈ പദ്ധതികള്‍ക്ക്, ഒളിമ്പസ്സിന്റെ നേര് കാമ്പസുകളുമായി ആശയ ബന്ധം മാത്രമാണ് ഉണ്ടാകുക. ഇതിനെ തവിട്ടു ചക്രം (നഗ്നയായ ഭൂമിയുടെ നിറം) എന്ന് പറയുന്നു.
2. നീലച്ചക്രം
സാമൂഹിക പങ്കാളിത്തത്തോടെ, നിര്‍ദ്ദിഷ്ട സുസ്ഥിര ജീവിത നിയമങ്ങളെ പാലിച്ചു കൊണ്ട്, ഒളിമ്പസ്സിന്റെ പിന്തുണക്കാരാല്, ഒളിമ്പസ്സിന്റെ / സഹകാരികളുടെ കാമ്പസ്സിന്റെ വേലിക്കെട്ടില്‍ സ്ഥാപിതമാകുന്നത്. ഇതിനെ നീലച്ചക്രം (ആര്‍ദ്ര ആകാശത്തിന്റെ നിറം) എന്ന് പറയുന്നു.
3. ഹരിത ചക്രം
പൂര്‍ണമായും ഒളിമ്പസ്സിന്റെ നിര്‍ദ്ദിഷ്ട നിയമങ്ങളില്‍ ഊന്നി നില്ക്കുന്ന ഒളിമ്പസ്സിന്റെ സ്വാര്‍പ്പിത അംഗങ്ങളാല്‍ നടപ്പിലാക്കപ്പെടുന്ന ഈ പദ്ധതിയെ ഹരിത ചക്രം (പച്ചയുടുത്ത ഭൂമിയുടെ നിറം) എന്ന് പറയുന്നു.
തവിട്ടു ചക്രം
- ഗ്രീന്‍ക്രോസ് ഫൌണ്ടേഷന് സെന്റര്‍ ഫോര്‍ ഇക്കോസഫി ആന്‍ഡ് ഡീപ് ഇക്കോളജി. (പൊതു സമൂഹത്തിന്)
ഒളിമ്പസിന്റെ ഔപചാരിക ഗവേഷണ പ്രചാരണ സ്ഥാപനമായ ഇത്, ഒളിമ്പസ്സിന്റെ മുഴുവൻ പദ്ധതികളുടെയും കേന്ദ്രവും ഒളിമ്പസിന്റെ സാക്ഷാത്കാരകർ കേന്ദ്രമായിരിക്കുന്ന പാരിസ്ഥിതിക ഗവേഷണ / ജീവ കാരുണ്യ സ്ഥാപനവും ആകുന്നു. - ഒളിമ്പസ് സുസ്ഥിര ജീവന ശൈലി. (വ്യക്തികള്‍ക്ക്)
ശരീരം, മനസ്സ്, വ്യക്തിത്വം, ജ്ഞാനം, ബന്ധങ്ങൾ, പ്രകൃതി / സാമൂഹ്യ ബന്ധം, എന്നിവയുടെ ആരോഗ്യവും ശാന്തിയും സൌഖ്യവും, ലോകത്തെവിടെ ജീവിക്കുമ്പോഴും നിലനിർത്തിക്കൊണ്ട് പോകുവാൻ ഒരു വ്യക്തിയെ സഹായിക്കുന്ന ഒരു ജീവന ശൈലി ആണ് ഇത്. ഒളിമ്പസ്സിനെ പിൻപറ്റുന്ന ഏതൊരാൾക്കും ഇത് പൂർണമായോ, ഭാഗികമായോ ഉപയോഗിക്കാം. വിരലിൽ എണ്ണാവുന്നവർ പൂർണമായും, നൂറിൽ താഴെ പേർ ഭാഗികമായും, ഇപ്പോൾ ഒളിമ്പസ് ജീവന ശൈലി ജീവിതത്തിൽ പ്രയോഗിക്കുന്നുണ്ട്. - ഒളിമ്പസ് ഗ്രാമോദയ . (പ്രാദേശിക സമൂഹങ്ങള്‍ക്ക്)
ഒളിമ്പസ്സിന്റെ സമഗ്ര സാമൂഹിക ജീവിത ദർശനത്തെ ബോദ്ധ്യമായ സാമൂഹ്യ പ്രവർത്തകർക്കും, പഠിതാക്കൾക്കും, അവരവരുടെതോ, അല്ലാത്തതോ ആയ നിലവിലുള്ള കുടുംബങ്ങളിലെ / ഗ്രാമ സംവിധാനങ്ങളിലെ ജനതയെ, മനോ ജീവന ശൈലീ പരിവർത്തനങ്ങളിലൂടെ സ്വാശ്രയ സുസ്ഥിര പരസ്പരാനന്ദ സമൂഹങ്ങളായി മാറ്റാവുന്നതാണ്. അങ്ങനെ, ആഗതമാകുന്ന പാരിസ്ഥിതിക, സാമ്പത്തിക, ആഭ്യന്തര കാലുഷ്യങ്ങളിൽ നിന്നും മോചനമുള്ള ഒരു പരസ്പരാനന്ദ സമൂഹത്തിനു കളമൊരുക്കുക എന്നതുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്. ഒളിമ്പസ്സിനെ പഠിച്ചതിനു ശേഷം ഒളിമ്പസ്സുമായി ചേർന്ന് കൊണ്ടോ അല്ലാതെയോ, ആർക്കും, ലോകത്തെവിടെയും ഈ പദ്ധതി പ്രയോഗിക്കാവുന്നതാണ്. ഗാന്ധിയൻ ഗ്രാമ സ്വരാജും, ശ്രീ പങ്കജാക്ഷക്കുറുപ്പ് മുൻപോട്ടു വച്ച തറക്കൂട്ട സംവിധാനവും, ഈ പദ്ധതിയുടെ അടിസ്ഥാന മാതൃകകളാണ്. വിഭവ ദാരിദ്ര്യം കൊണ്ട് തുടരാൻ കഴിഞ്ഞില്ലെങ്കിലും, ഈ പദ്ധതി നടപ്പിലായിരുന്ന കാലങ്ങളിൽ, അതിന്റെ വിജയ സാദ്ധ്യത ഒളിമ്പസ്സിനു ബോദ്ധ്യമായിട്ടുള്ളതാണ്. - കാമ്പസ് ഗ്രീന്‍ (വിദ്യാർഥികൾക്കും , ജോലിക്കാർക്കും , പ്രവർത്തകർക്കും )
വിദ്യാലയങ്ങളിലും, സന്നദ്ധ സംഘടനകളിലും ഒളിമ്പസ്സിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന സന്നദ്ധ സേന ആണിത്. ഓരോ കാംപസ്സുകളിലും, പ്രാദേശികമായ ഒരു വിഭവ വിഭാഗം ഉണ്ടാകുക എന്നും അതിന്റെ പ്രയോജനം, ചുറ്റുമുള്ള പ്രാദേശിക ഗ്രാമങ്ങള്‍ക്ക് ലഭ്യമാകണം എന്നും അത് ഒരു നിരന്തര സംവിധാനമായി ഗ്രാമീണരെ ഹരിത സുസ്ഥിതിക്കായി പിന്താങ്ങണം എന്നും നമ്മള് വിഭാവനം ചെയ്യുന്നു. - പരിസ്ഥിതി സാക്ഷരത. (ഭരണാധികാരികൾ മുതൽ തൊഴിലാളികൾ വരെ)
വ്യാവസായിക ഭാഷയിൽ ചിട്ടപ്പെട്ടിട്ടുള്ള വ്യവസ്ഥാപിത പരിസ്ഥിതി വീക്ഷണം ഒരു സുസ്ഥിര ഭാവിയെ പ്രദാനം ചെയ്യില്ല എന്ന തിരിച്ചറിവിൽ, ഭരണാധികാരികളെ മുതൽ തൊഴിലാളികളെ വരെ ഉൾക്കൊള്ളിക്കുന്ന ഒരു പരിസ്ഥിതി ബോധവൽകരണ പരമ്പരയാകുന്നു ഇത്. രണ്ടു ദശകത്തിനു ശേഷം ഉള്ള നാടിന്റെ / ഗോളത്തിന്റെ നിലനിൽപ്പിന് നാട്ടിലെ മുഴുവൻ ജനങ്ങളും ഈ പരിശീലനത്തിലൂടെ കടന്നു പോയിരിക്കണം എന്നു നമ്മള് ഭാവന ചെയ്യുന്നു. ഒളിമ്പസ്സിന്റെ നേർ പരിശീലനം നേടിയ പരിശീലകർ വഴിയാകണം ഇവ പ്രാദേശിക സമൂഹങ്ങളിൽ എത്തിക്കേണ്ടത്. (തത്തുല്യമായ ഒരു പരിപാടി സമാനമായ ഒരു സംഘം കാലിഫോർണിയയിൽ നടപ്പിലാക്കി വരുന്നുണ്ട്.) ഇപ്പോൾ കലാലയങ്ങളിലും സാമൂഹിക സാംസ്കാരിക സേവന സംഘടനകളിലും നമ്മള് ഈ പരിപാടി നടത്തി വരുന്നുണ്ട്. - ക്യൂ ലൈഫ്. (വിജയകരമായ ജീവിതം കാംക്ഷിക്കുന്നവര്‍ക്ക് )
ജീവിത വിജയം തേടുകയും അതേ സമയം പ്രകൃതി കേന്ദ്രിതജീവനം ഇഷ്ടപ്പെടുകയും ചെയ്യുന്ന, വിജയ കാംക്ഷികളായ വ്യക്തികൾക്ക് വേണ്ടിയുള്ള ഒരു മാനേജുമെന്റ് പരിശീലന പരിപാടി ആണ് ക്യൂ ലൈഫ്. ജീവിത വിജയ പരാജയങ്ങൾ പ്രകൃതി പ്രപഞ്ച നിയമങ്ങളുമായി നേരില്‍ ബന്ധപെട്ടിരിക്കുന്നു. ഇതിനാൽ, ഒളിമ്പസ്സിന്റെ സൈദ്ധാന്തിക / പ്രായോഗിക പഠന പരിശീലങ്ങളിലൂടെ പ്രസ്തുത വിജയ ജാലകങ്ങൾ ഒരാൾക്ക് മുൻപിൽ തുറക്കുന്നു. ക്യൂ ലൈഫ് പരിശീലന പരിപാടിയിലെ പഠിതാക്കള്‍ നല്കുന്ന ദക്ഷിണയാണ് ഒളിമ്പസ്സിന്റെ വരുമാന മാര്‍ഗങ്ങളില്‍ ഒന്ന്. - നിമുകി വെബ് സൈറ്റുകള്‍ . (ഹരിത ബോദ്ധ്യമുള്ള ഇന്റര്‍ നെറ്റ് ഉപഭോക്താക്കള്‍ക്ക്)
ഒളിമ്പസ്സിന്റെ തൊഴില്‍ പദ്ധതിയായ ഐറ്റീ കമ്യൂണ്‍ വികസിപ്പിച്ച, ഏറ്റവും വേഗം കൂടിയ വെബ്സൈറ്റ് ഫ്രെയിം വര്‍ക്കാണ് നിമുകി. ഏറ്റവും കുറഞ്ഞ നെറ്റ് വര്‍ക്ക് ഉപഭോഗം നടത്തുന്ന നിമുകി വെബ് സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യപ്പെടുന്നത്, പൂര്‍ണമായും മലിനീകരണ വിമുക്തമായി പ്രവര്‍ത്തിപ്പിക്കപ്പെടുന്ന വിന്റ് പവര്‍ സെര്‍വറുകളില്‍ ആണ്. നിമുകി മലിനീകരണ രഹിത ഗ്രീന്‍ വെബ് സൈറ്റുകളുടെ വില്പനയാണ്, ഒളിമ്പസ്സിനുള്ള മറ്റൊരു വരുമാനം. - ഒളിമ്പസ് ഇക്കോ ഹാംലറ്റ് / സെന്റര്‍. (മാതൃകാ പരമായ പദ്ധതികള്‍ നിര്‍വഹിക്കുന്നവര്‍ക്ക്)
ഒളിമ്പസ്സിന്റെ പാരിസ്ഥിതിക ദര്‍ശനത്തെ ആധാരമാക്കിയുള്ള ഒരു ഹരിത ജീവനം നിർവഹിക്കുന്ന, ഒന്നോ ഒന്നിലധികമോ വീടുകളും, സാമൂഹ്യ പാരസ്പര്യ കേന്ദ്രങ്ങളും തൊഴിൽ / ഉത്പാദന / വിപണന സംരംഭങ്ങളും ചേർന്ന ഒരു വളരെ ചെറിയ സമുച്ചയത്തെ ഇക്കോ ഹാംലറ്റ് എന്ന് വിളിക്കാം. ഇത് ഒളിമ്പസ്സിന്റെ കേന്ദ്ര പദ്ധതികളുടെ കൂടെ ആകരുത്. ഒളിമ്പസ്സിനെ പിൻപറ്റുന്ന ഏതൊരു വ്യക്തിക്കും, ഈ പദ്ധതി, നിലവിൽ സ്വന്തമായുള്ള ഓഫീസുകളിലോ, തൊഴിലിടങ്ങളിലോ, വില്പന കേന്ദ്രങ്ങളിലോ ആരംഭിക്കാം. ആഗതമാകുന്ന അപചയങ്ങൾക്കു മുൻപേ വഴി തിരിയേണ്ടത് എങ്ങനെ എന്നും എങ്ങോട്ടെന്നും നമ്മുടെ ജനതയ്ക്ക് മാതൃക കാണിക്കുവാനായി, ഇക്കോ ഹാംലറ്റുകൾ ഓരോ ഗ്രാമത്തിലും, ഓരോന്ന് വീതമെങ്കിലും അടുത്ത അഞ്ചു കൊല്ലങ്ങൾക്കുള്ളിൽ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് ഒളിമ്പസ് കരുതുന്നു. - ഇതര അനിര്ദിഷ്ട പദ്ധതികൾ. (പൊതു സമൂഹത്തിന്)
മേൽപ്പറഞ്ഞവ കൂടാതെ, മാതൃകകളായും ആശാ കേന്ദ്രങ്ങളായും, ഓരോ പ്രദേശങ്ങളിലും, ഇക്കോ കൂട്ടായ്മകളോ, ഇക്കോ മുറികളോ, ഇക്കോ ഒഫീസ്സുകളോ, ഇക്കോ തൊഴിലിടങ്ങളോ, ഇക്കോ കേന്ദ്രങ്ങളോ, ഇക്കോ ഗൃഹങ്ങളോ, ഇക്കോ ഗ്രാമങ്ങളോ, ഇക്കോ സംസ്കാരങ്ങളോ ഒക്കെയൊക്കെ ഉണ്ടാകണം. - ഗ്രാമോദയ സ്വകാര്യ വനം. (ഒളിമ്പസ് വിഭാവനം ചെയ്യുന്ന ഹരിത ലോകത്തിന്)
ഹരിത ജീവന കുതുകികളായ ഒളിമ്പസ് അനുഭാവികള്‍ക്ക് സ്വകാര്യ ഭൂമിയില്‍ ഉണ്ടാക്കാവുന്ന കൃത്രിമ വനഭൂമി ആണ് ഗ്രാമോദയ സ്വകാര്യ വനം. അതിന്റെ സംരക്ഷണവും മറ്റും സമീപസ്ഥരായ ഒളിമ്പസ് അനുഭാവികളുമായി സഹകരിച്ചു നിര്‍വഹിക്കാം. സ്വകാര്യ നിക്ഷേപം സാമൂഹ്യ ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കാനുള്ള ഈ വേദി, പഠനാർത്ഥമോ പരിചരണാർത്ഥമോ മാത്രമേ തുറക്കപ്പെടാവൂ എന്ന് ഒളിമ്പസ്സിന്റെ നിഷ്കര്‍ഷ.
നീലച്ചക്രം
- നവഗോത്ര ഗുരുകുലം ഇക്കോ കമ്യൂണ്‍. (പഠിക്കാൻ എത്തുന്നവർക്കും പരിശീലകർക്കും, നിർവാഹകർക്കും )
ഒളിമ്പസ്സിനെ പഠിക്കാൻ എത്തുന്നവരുടെയും പരിശീലകരുടെയും നിർവാഹകരുടേയും പൊതുവായ കൂട്ടു ജീവിത സംവിധാനം ആണിത് . 1994 ൽ മദിരാശിയിൽ സ്ഥാപിച്ചു 1997 മുതൽ 2002 വരെ കേരളത്തിൽ പ്രവർത്തിക്കുകയും, ഇടക്കാലത്തെ നാലു വർഷത്തെ യാത്രകള്‍ക്കു ശേഷം 2006 മുതൽ നവഗോത്ര ഗുരുകുലം എന്നപേരിൽ പ്രവർത്തനം തുടരുകയും ചെയ്യുന്നു. ഒളിമ്പസ്സിന്റെ വർത്തമാന നിർവഹണം ഇവിടെ വച്ച് നടത്തി വരുന്നു. ഒളിമ്പസ് സ്വന്തമാക്കണം എന്ന് വിഭാവനം ചെയ്യുന്ന ഒരു വലിയ കാമ്പസ്സിൽ ചെല്ലുമ്പോഴും, പുറം അകം അംഗങ്ങളുടെയും പദ്ധതികളുടെയും പൊതു സംവേദന നിർവഹണ വേദി ആയിരിക്കും നവഗോത്ര ഗുരുകുലം. - നവഗോത്ര തൊഴില്‍ ഗ്രാമം. (തൊഴിലിനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക്)
തൊഴിൽ മുഖ്യ സംസ്കാരത്തിന്റെ പരിമിതമായ പശ്ചാത്തലത്തിൽ, സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികൾക്കും കൂട്ടായ്മകൾക്കും ഒളിമ്പസ്സിന്റെ പദ്ധതികളുമായി ബുദ്ധിമുട്ടില്ലാതെ സഹകരിക്കുവാൻ വേണ്ടി ഗ്രീൻക്രോസ് ഫൌണ്ടേഷൻ മുന്നോട്ടു വയ്ക്കുന്ന ഒരു ഉപപദ്ധതിയാണ് നവഗോത്ര തൊഴിൽ ഗ്രാമം. പരിസ്ഥിതി താല്പര്യങ്ങളുള്ള ഉദ്യോഗാർഥികൾക്ക്, സ്വന്തം അഭിരുചികളെയോ സാമൂഹ്യ ഉത്തരവാദിത്തങ്ങളെയോ നിർവഹിക്കാൻ, ജോലി സമയത്തിന്റെ പകുതി നീക്കി വയ്ക്കാവുന്ന ഒരു പരിസ്ഥിതി സൗഹാർദ ധാർമിക വ്യവസായ സംരംഭമാണ് നവഗോത്ര തൊഴിൽ ഗ്രാമം എന്നത്.പരിസ്ഥിതി വീക്ഷണത്തിലും സാമൂഹിക പ്രതിബദ്ധതയിലും നന്മയിലും തല്പരരായ യുവതീയുവാക്കൾക്ക് സ്വതന്ത്രമായി വരുമാനദായകമായ തൊഴിലുകൾ ചെയ്യാനും, വരുമാനത്തിൽ കുറവു വരാതെ തന്നെ പ്രവൃത്തി ദിനത്തിന്റെ പകുതി സമയത്തോളം സാമൂഹികമായ നവോത്ഥാന പ്രക്രിയയില്‍ കർമങ്ങൾ അനുഷ്ഠിക്കാനോ പാകത്തിൽ ആണ് തൊഴിൽ ഗ്രാമത്തിന്റെ സംവിധാനം. പ്രതിമാസ വേതനം കിട്ടുമെന്നതിനാൽ, നിലവിലുള്ള തൊഴിൽ – സാമൂഹ്യ മാതൃകകളിൽ ഇളക്കം തട്ടാതെ തന്നെ ഒളിമ്പസ്സുമായി സഹകരിക്കുവാൻ ഒരാൾക്ക് കഴിയും. 2008 -ൽ പ്രവർത്തിച്ചു തുടങ്ങിയ ഈ ഉപപദ്ധതി വിരലിലെണ്ണാവുന്ന അംഗങ്ങളിലൂടെ ടെലികമ്യൂട്ട് രീതിയിൽ പ്രവർത്തിച്ചു പോരുന്നു. 2014 ഓടെ സ്വന്തം കാംപസ്സിലേക്ക് സ്ഥിതി മാറ്റം ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഈ ഉപപദ്ധതിയ്ക്ക് അൻപതിലേറെ തൊഴിലവസരങ്ങൾ ഓരോ സാമ്പത്തിക വർഷവും സൃഷ്ടിയ്ക്കാനാകുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. - നവ ഗോത്ര ഹരിത വിദ്യാലയം. (കുഞ്ഞുങ്ങൾക്ക്)
ഒളിമ്പസ്സിന്റെ വഴി തെരഞ്ഞെടുക്കുന്ന കുഞ്ഞുങ്ങൾക്കുള്ള ഹരിത ബദൽ വിദ്യാലയം. ഇപ്പോൾ ഒരു അവധിക്കാല സമാന്തര വിദ്യാലയം എന്ന രീതിയിൽ വിരലിലെണ്ണാവുന്ന കുഞ്ഞുങ്ങളുമായി പ്രവർത്തിച്ചു പോരുന്നു. സ്വന്തം കാമ്പസ് ആയിക്കഴിയുമ്പോൾ ഒരു പൂർണ സമയ ഹരിത വിദ്യാലയമായി രൂപ മാറ്റം വരുത്തും. - നവ ഗോത്ര ഇക്കോ ഫാം. (താൽകാലികമായോ, സ്ഥിരമായോ കാമ്പസ്സിലെത്തുന്നവർക്ക്)
പ്രകൃതി / സുസ്ഥിര കൃഷിയിലൂടെ ഒളിമ്പസ്സിനകത്തു ജീവിക്കുന്ന വ്യക്തികൾക്കുള്ള ഭക്ഷ്യ ഭക്ഷ്യേതര വിഭവങ്ങൾ കൃഷി ചെയ്തുണ്ടാക്കുവാനുള്ള കാർഷിക സംവിധാനം. ഇവിടെ വോളണ്ടീര്‍ ചെയ്യുവാനും, സന്ദർശിക്കുവാനും താമസിക്കുവാനും എത്തുന്നവരിൽ നിന്നുമുള്ള വരുമാനമായിരിക്കും ഇവിടെ ഉണ്ടാകുക. അതല്ലാതെ കാർഷിക ഉല്പന്നങ്ങള് വരുമാനത്തിനായി വിപണിയില്‍ വിതരണം ചെയ്യുന്നതല്ല. - നവഗോത്ര സ്വത്വവനം. (മനുഷ്യേതര ഒളിമ്പസ് വാസികൾക്ക് )
ഒരു കാവെന്ന മുറയിൽ, നീലച്ചക്രത്തില് സംരക്ഷിക്കേണ്ടുന്ന ഹരിത വന ഭൂമിയാണിത്. മൊത്തം നീലക്രത്തിന്റെ 33 ശതമാനം ഇത്തരത്തിൽ സംരക്ഷിക്കണമെന്നു ഒളിമ്പസ് നിഷ്കർഷിക്കുന്നു. അതിനകത്തെ ധ്യാന – പഠന മുറികളില്‍ മാത്രമാണ് മനുഷ്യ പ്രവേശന സ്വാതന്ത്ര്യമുണ്ടാകുക. നിര്‍ദ്ദിഷ്ട വന ഭൂമി കൂടാതെ, നീല ചക്രത്തില്‍ തുടങ്ങുന്ന ഏതു പദ്ധതിയുടെയും 33 ശതമാനം സ്വത്വ വനം ആകണം എന്ന് ഒളിമ്പസ് നിഷ്കര്‍ഷിക്കുന്നു.
ഹരിത ചക്രം
- ഒളിമ്പസ് ഇക്കോ വില്ലേജു. (മാതൃകാ / സുസ്ഥിര ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്)
നമ്മുടെ ജീവിത വേദി ആയ ഭൂമിക്കും പ്രകൃതിക്കും, നമ്മള് നല്കുന്ന ആഘാതം ഏറ്റവും കുറഞ്ഞ അളവിലാക്കുന്ന ജീവിത വ്യവസ്ഥ ബോധപൂര്‍വം സൃഷ്ടിക്കുകയും, ജീവിതത്തിനു മുഖ്യത്തം നല്‍കുകയും ചെയ്യുന്ന ഒരു കൃത്രിമ മനുഷ്യ ആവാസ വ്യവസ്ഥ ആണ് ഇക്കോ വില്ലേജ്. മാനവ രാശിയുടെ വളര്‍ച്ചയില്‍, നമ്മള് നേടിയെടുത്ത ജീവിത ജ്ഞാനത്തെ, നാട്ടറിവിനെ, തിരിച്ചു പിടിക്കുവാനുള്ള ഒരു കൂട്ടായ ശ്രമമാണ്, ഇക്കോ വില്ലേജുകള്‍. വ്യക്തിപരതയില്‍ നിന്നും കൂട്ട് ജീവിതത്തിന്റെ മഹത്തായ സുരക്ഷയിലേക്ക് മനുഷ്യര്‍ക്കും, പക്ഷി മൃഗാദികള്‍ക്കും, സസ്യങ്ങള്‍ക്കും, പ്രകൃതി പ്രതിഭാസങ്ങള്‍ക്കും ഒപ്പം, ഇഴചേര്‍ന്നു നടന്നു കേറല് ആണത്. പരിസ്ഥിതി സൌഹാര്ദ വീടുകള്‍, ഉപകരണങ്ങള്‍, ബദല്‍ ഊര്‍ജ സംവിധാനങ്ങള്‍, ബദല്‍ വിദ്യാഭ്യാസം, ബദല്‍ ചികിത്സ, ബദല്‍ നിര്‍മാണ രീതികള്‍, സുസ്ഥിര കൃഷി, എന്ന് തുടങ്ങി, പ്രകൃത്യാത്മീയ പരിശീലനങ്ങളും, ആഘോഷങ്ങളും, സംഗീതവും, നൃത്തവും, കൂട്ടായ പ്രവര്‍ത്തനങ്ങളും, ധ്യാനവും, പുറം ലോകത്തിനുള്ള പരിശീലനങ്ങളും, വരെ കൊണ്ട് സമൃദ്ധമാണ് ഇക്കോ വില്ലേജുകള്‍. ജീവിക്കാന്‍ വേണ്ടി തൊഴില്‍ കണ്ടെത്തുകയും, ഒടുവില്‍ തൊഴില്‍ ചെയ്യാന്‍ വേണ്ടി മാത്രം ജീവിക്കുകയും ചെയ്യുന്ന മദ്ധ്യവര്‍ഗ കാഴ്ചപ്പാടില്‍ നിന്നും മാറി, തൊഴില്‍ ഇല്ലാത്ത, ജീവിതം മാത്രമായ ഒരു ആഘോഷ ജീവിതമാണ് ഇക്കൊവില്ലേജുകളില് പൊതുവേ കാണാറുള്ളത്. അത് പോലെ ആത്മീയ കാഴച്ചപാടുകളും മറ്റും പൊതുവേ മത വിമുക്തമായിരിക്കും.ഒളിമ്പസ് വിഭാവനം ചെയ്യുന്ന പദ്ധതികളിൽ ഏറ്റവും ബൃഹത്തായ ഒന്നാണിത്. സിദ്ധാന്തങ്ങളും , രണ്ടു ദശകത്തെ കൂട്ടുജീവിത പരിചയവും കൊണ്ട് കാത്തിരിക്കുന്ന ഒളിമ്പസ് പ്രവർത്തകർക്ക് ഇനി വേണ്ടത് കൂടെ ജീവിക്കാനുള്ള കുറച്ചു ഹരിത ഹൃദയങ്ങളും, ഇവ നടപ്പിലാക്കാനുള്ള വിഭവങ്ങളുമാണ്. - ഒളിമ്പസ് ആശ്രമം. (അര്‍പ്പിത അന്വേഷികള്‍ക്ക്)
ഒളിമ്പസ്സിന്റെ ജ്ഞാന കര്‍മ അനുഷ്ഠാന അര്‍പ്പിത മാര്‍ഗങ്ങളില്‍ ജീവിതം സമര്‍പ്പിച്ച ഹരിത ഹൃദയങ്ങള്‍ക്കുള്ള മൊണാസ്റ്റെറി. പൂര്‍ണമായും, ഗ്രിഡിനെ ആശ്രയിക്കാതെ വേണം എന്നും, സ്വാശ്രിതമായിരിക്കണമെന്നും നിഷ്കര്‍ഷിക്കുന്നു. - ഒളിമ്പസ് സ്വത്വവനം. (മനുഷ്യേതര ഒളിമ്പസ് വാസികൾക്ക് )
ഒരു കാവെന്ന മുറയിൽ, ഒളിമ്പസ്സിന്റെ കാമ്പസ്സിന്റെ കേന്ദ്രത്തിൽ മനുഷ്യ സ്പർശമില്ലാതെ സംരക്ഷിക്കേണ്ടുന്ന ഹരിത വന ഭൂമിയാണിത്. മൊത്തം ഹരിത ചക്രത്തിന്റെ 66 ശതമാനം ഇത്തരത്തിൽ സംരക്ഷിക്കണമെന്ന് ഒളിമ്പസ്സിന്റെ നിഷ്കർഷ. പൌർണമികളിൽ സ്വാർപ്പിതാംഗങ്ങൾക്കും, ബുദ്ധ പൂർണിമയ്ക്ക് ഗ്രാമ വാസികൾക്കും മാത്രമാണ് പ്രവേശനം.
മേല്‍പ്പറഞ്ഞ പദ്ധതികളില്‍ മിക്കവാറും എല്ലാം തന്നെ അതിന്റെ സൂക്ഷ്മ രൂപത്തില്‍ പലപ്പോഴായി ചെറു മാതൃകകളിലൂടെ ഒളിമ്പസ് പരീക്ഷിച്ചു ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അത് എത്ര വലുതായി ചെയ്യുവാന്‍ കഴിയുമോ അത്ര കണ്ടു അതിനു ഫലപ്രാപ്തിയുണ്ടാകും. ഇവയെല്ലാം നടപ്പിലാക്കുവാനുള്ള സൈദ്ധാന്തിക ശേഷി മാത്രമാണ് ഒളിമ്പസ്സിനു ഇപ്പോള്‍ ഉള്ളത്. ഈ പദ്ധതികള്‍ വലിയ രൂപത്തില്‍ ചെയ്യാന്‍ കൂടുതല്‍ വ്യക്തികളും അവര്‍ക്കുള്ള തിരിച്ചറിവുകളും കൂടാതെ ധനാദി വിഭവങ്ങളും ഉണ്ടാകേണ്ടതുണ്ട്. അവയിലേക്കു കൈ തരിക. ഈ പദ്ധതികളുടെ ഭൌതിക വലുപ്പം, എന്നും നമുക്ക് പ്രതിബന്ധമാകരുത്. ആവതു നേടുക, ആകുവോളം ചെയ്യുക. ഇത് ഞങ്ങളുടെ ആവശ്യം ആണെന്ന് കരുതരുത്. ഇത് നമ്മുടെ ആവശ്യമാണ്..നമ്മുടെ വരും തലമുറയുടെ ആവശ്യമാണ്..
1214total visits,1visits today