• എന്തിനാണ് ഒളിമ്പസ്?

  നമ്മുടെ വര്‍ത്തമാന പശ്ചാത്തലം ഏറെ കലുഷിതമാണ്‌. ചുറ്റും ഒന്ന് മനസ്സ് തുറന്നു നോക്കിയാൽ ശുഭ സൂചകമല്ലാത്ത പലതും കണ്ടു തുടങ്ങും. നഷ്ടമാകുന്ന പാരിസ്ഥിതിക തുലനത, അന്യം നിന്ന് പോകുന്ന ജീവി വര്‍ഗങ്ങള്‍, കൈവിട്ടു പോകുന്ന കാര്‍ഷിക സുസ്ഥിരത, ഭീതിതമായ ആരോഗ്യ സംസ്കാരം, ഉണ്മകളില്‍ നിന്നും മാറിപ്പോകുന്ന വിദ്യാഭ്യാസ രംഗം, കലുഷമായ തൊഴില്‍ സാഹചര്യങ്ങള്‍, സുരക്ഷ തോന്നിപ്പിക്കാത്ത സാമൂഹ്യ സാഹചര്യം, തെറ്റിദ്ധരിപ്പിക്കപ്പെട്ട ആത്മീയ വ്യാഖാനങ്ങള്‍, താളം തെറ്റി തുടങ്ങിയ സമ്പദ് വ്യവസ്ഥ, നീതി കൈവിടുന്ന ഭരണ രംഗം, കുറഞ്ഞു വന്നു കൊണ്ടിരിക്കുന്ന ഊര്‍ജ ലബ്ധി, ഛിന്നഭിന്നമാകുന്ന സാമൂഹ്യ പാരസ്പര്യം, അവബോധമില്ലാത്ത മിഥ്യാ സങ്കല്‍പ്പങ്ങള്‍, നഷ്ടമായി പോകുന്ന നാട്ടറിവുകള്‍, ജല്പന ജടിലമായ കാല്പനികത എന്നിവയെല്ലാം അവയിൽ പൊതുവായ ചിലത് മാത്രം.

   ഇത്തരുണത്തില്‍, നമ്മള്‍ ഒരു ഹരിത – ധര്‍മ – ജ്ഞാന – നൈസര്‍ഗിക സംസ്കാരത്തിലേക്ക് നീങ്ങേണ്ടിയിരിക്കുന്നു. അതിനു നേടി എടുക്കേണ്ടത് സുസ്ഥിരമായ ഒരു പാരസ്പര്യ ജീവിതം  ആണ്. അത് ആരോഗ്യകരം ആകണം, ജ്ഞാന പൂര്‍ണമാകണം, പാരസ്പര്യത്തില്‍ ഊന്നിയതാകണം, കാലുഷ്യം കുറഞ്ഞതാകണം, പ്രപഞ്ചതാളവും ആയി അനുരൂപമാകണം, സ്വാശ്രിതം ആകണം, വികേന്ദ്രീകൃതം ആകണം, ഗുരുത്വപൂര്‍ണം ആകണം, പ്രത്യാശാജനകമാകണം, ഭാവനാപൂര്‍ണവുമാകണം.. ഇത് പണ്ട് ഗോത്രകാലത്ത് ഉണ്ടായിരുന്നു. അതിനെ ഇന്ന് പഠന വിധേയമാക്കുമ്പോള്‍ പല പാളിച്ചകളും കണ്ടെത്താന്‍ കഴിയുന്നു. അങ്ങിനെയെങ്കില്‍ പാളിച്ചകള്‍ പരമാവധി ഒഴിവായ ഒരു നവഗോത്ര സംസ്കൃതി രൂപപ്പെട്ടു വരേണ്ടതുണ്ട്. അതിലേക്കു ഒരു പരസ്പരാനന്ദ സ്വാശ്രയ സുസ്ഥിര ഹരിത ലോകം ഉണ്ടാക്കാന്‍ നമുക്ക് കഴിയണം. എല്ലാ സംസ്കാരങ്ങള്‍ക്കും അപ്പുറത്ത്, ഒരു നവഗോത്ര സമൂഹം നമ്മുടെ മനസ്സുകളിലെങ്കിലും, ഉണ്ടാകണം. മനസ്സ് കൊണ്ട് എങ്കിലും നാമേവരും അതിന്റെ  ഭാഗമാകണം. അതിരുകളില്ലാത്ത, ഒരു ലോക സ്നേഹ രാഷ്ട്രം നമ്മള്‍ ഉണ്ടാക്കി എടുക്കുകയും  അതിനോട് പൊതു സമൂഹത്തിനു കൈ കോര്‍ക്കാന്‍ കഴിയുകയും ചെയ്യണം. അതോടൊത്ത് പോകാന്‍ കഴിയാവുന്ന ഗ്രാമീണര്‍ക്ക് സുസ്ഥിര ജീവന ശൈലികള്‍ നല്‍കാന്‍ കഴിയുന്നതോടൊപ്പം നഗര ജീവിതം നയിക്കുന്നവര്‍ക്ക് തൊഴിലിടങ്ങള്‍ ജീവിതഗന്ധി ആക്കുവാനും കഴിയണം. അഥവാ തൊഴില്‍ മേഖലകള്‍ ജീവിതഗന്ധി ആയിത്തീരണം. ഭാഷ, സംസ്കാരം, വര്‍ണം, വര്‍ഗം, മതം, ലിംഗം എന്നിവയുടെ വേര്‍തിരിവുകളെ  പാരസ്പര്യമാക്കി മാറ്റുന്നതോടൊപ്പം സ്നേഹവും, പാരസ്പര്യവും, ഹരിത മൂല്യങ്ങളും, മുഖമുദ്ര ആയിരിക്കുകയും വേണം.

  Print Friendly

  1453total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍