എന്താണ് ഒളിമ്പസ്?
പ്രാഥമികമായി പറഞ്ഞാൽ ഒളിമ്പസ് എന്നത് പ്രാപഞ്ചിക ജീവിതത്തെപ്പറ്റി വിശദമാക്കി തരുന്ന ഒരു പ്രകൃതി തത്വശാസ്ത്ര ദർശനം ആകുന്നു. അതേ സമയം അത് ഒരു ജീവന ശൈലിയും, ഞാൻ എന്ന പരിമിതമായ അറിവിൽ നിന്നും നമ്മള് എന്ന വിസ്തൃതമായ അറിവിലേക്കുള്ള ഒരു പരിവർത്തനവും, തുടര്‍ന്ന് നമ്മള് എന്ന പ്രപഞ്ച വിതാനത്തെ പറ്റി അങ്ങിനെയങ്ങനെ ചെന്നെത്തുന്ന ഒരു ബോദ്ധ്യപ്പെടലും കൂടി ആകുന്നു. ഒളിമ്പസ് ഒരു ദർശനവും, സംഘവും, പാഠവും, പ്രതിവിദ്യയും, പരിശീലനവും, പ്രതീക്ഷയും, ബോദ്ധ്യപ്പെടലും, വികാരവും, തഥാത്മാവസ്ഥയും ആണ്. എന്നാൽ ഒളിമ്പസ് ഒരു വസ്തുവോ, വ്യക്തിയോ, ദേശമോ, മതമോ, രാഷ്ട്രീയമോ, വാദമോ, വർഗമോ അല്ല.
പ്രകൃതി എന്ത്, പ്രപഞ്ചം എന്ത്, പരമാണു മുതൽ പ്രപഞ്ചം വരെ എങ്ങിനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു, അതിൽ എവിടെയാണ് നമ്മള് നില കൊള്ളുന്നത്, നമ്മുടെ ദൈനംദിന ജീവിതത്തിന്റെ മുൻപോട്ടു പോക്ക് എങ്ങിനെയാണ് സംഭവിക്കുന്നത്, അതിനെ സുസ്ഥിരമായും വിജയകരമായും എങ്ങിനെ കൊണ്ട് പോകാം, എത്രത്തോളം കൊണ്ട് പോകാം എന്നിങ്ങനെ ജീവിതത്തിന്റെ അടിസ്ഥാന പ്രകൃതി നിയമങ്ങളെ ഒളിമ്പസ് ദര്‍ശനം പരിചയപ്പെടുത്തുന്നു. അടിസ്ഥാന പരിശീലനങ്ങളിൽ കൂടി ഈ പരിചയത്തെ, നമ്മുടെ ശരീരത്തിന്റെ ഭാഷ (അവബോധം) ആക്കി മാറ്റേണ്ടതുണ്ടെന്നു ഒളിമ്പസ് കരുതുന്നു. അതിലൂടെ ഒളിമ്പസ് ഒരു വ്യക്തിയില്‍ ഉറങ്ങിയോ ഉണർന്നോ കിടക്കുന്ന അടിസ്ഥാന സ്വത്വത്തെ അയാൾക്ക് തന്നെ പരിചയപ്പെടുത്തി കൊടുക്കുന്നു.. ഓരോ വ്യക്തിയിലും പ്രകൃതിയെ ബോദ്ധ്യപ്പെടാനുള്ള ശേഷിയും, പ്രകൃതിയെ ബോദ്ധ്യപ്പെടാനാകാത്ത പരിമിതിയും എന്തെന്ന് ബോദ്ധ്യപ്പെടാനും ഒളിമ്പസ് സഹായിക്കുന്നു.
ഒളിമ്പസ് എന്നത് ബോദ്ധ്യപ്പെടലിനും ഏകതാനതയ്ക്കും ഉള്ള കാലികമായ ഒരു ഉപകരണമാണെന്നും, പ്രപഞ്ച വ്യാഖ്യാനത്തിൽ ഒളിമ്പസ് അവസാന വാക്കല്ല എന്നും, ഒളിമ്പസ്സിന്റെ സങ്കേതങ്ങളുടെ പ്രസക്തി, പ്രാപഞ്ചിക ഐഛികതയെ ബോദ്ധ്യമാകും വരെ മാത്രമാണ് എന്നും, അത്തരമൊരു ബോദ്ധ്യപ്പെടൽ ഒരു വ്യക്തിയിൽ ഉരുവായാൽ, പിന്നീടു ഒളിമ്പസ്സിന്റെ സങ്കേതങ്ങളെ ഉപജീവിക്കേണ്ടതില്ലെന്നും ഒളിമ്പസ് കരുതുന്നു. സ്വയം തിരുത്തലിനും കാലികഭേദങ്ങൾക്കും ഒളിമ്പസ് എപ്പോഴും സന്നദ്ധമായിരിക്കണം എന്നും, ഒളിമ്പസ്സിനു പ്രസക്തിയില്ലാതെയാകുന്ന ഒരു ലോകക്രമത്തിൽ ഒളിമ്പസ് നില നില്‍ക്കേണ്ടതില്ല എന്നും കൂടി ഒളിമ്പസ് നിഷ്കർഷിക്കുന്നുണ്ട് .
1170total visits,1visits today