• എന്ത് കൊണ്ട് ഒളിമ്പസ്?

  ഒളിമ്പസ്സിന്റെ സാക്ഷാത്കാരകര്‍, ഈ ദര്‍ശനത്തിന്റെ സൈദ്ധാന്തിക പ്രായോഗിക വിശകലനങ്ങള്‍, വേണ്ടും വണ്ണം നടത്തിക്കൊണ്ടാണ്, ഒളിമ്പസ് ഒരു അവശ്യ ജീവന ശൈലി ആണെന്ന് പറയുന്നത്. സാമൂഹ്യ ജീവനം നടത്തുന്ന നാമോരോരുത്തര്‍ക്കും, സമൂഹത്തിലെ ഇന്ന് നിലവിലുള്ള ഒട്ടേറെ പ്രശ്നങ്ങളെ പറ്റി അറിയാം. പരിസ്ഥിതി, ആരോഗ്യം, ആത്മീയത, സാംസ്കാരികത, ലൈംഗികത, മതം, ജീവനശൈലി, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, കൃഷി, ഉപഭോഗം, ഉത്പാദനം, ഊര്‍ജം, ഭരണം, ദേശീയത, ജനസംഖ്യ, വ്യക്തിപരത, മാനെജ്മെന്റ് എന്നു തുടങ്ങി സമസ്ത മേഖലകളിലും ഉളവാകുന്ന പ്രശ്നങ്ങളെ നമുക്ക് നേരിടേണ്ടി വരുന്നുണ്ട്. അതതു മേഖലകളില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നത് കൂടാതെ അവയുടെ കൈകാര്യ സംവിധാനത്തിലും പരിഹാര പ്രക്രിയകളിലും അവയുടെ സമീപനങ്ങളിലും അവയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളിലും ഒക്കെ, പ്രശ്നങ്ങളോ  വൈരുദ്ധ്യങ്ങളോ ചേര്‍ച്ചക്കുുറവുകളോ നമുക്ക് കാണാന്‍ കഴിയുന്നു.

  സമൂഹത്തിലെ ഒട്ടേറെ സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍, ഈ പ്രശ്നപൂരിതമായ ഏതെങ്കിലും ഒരു മേഖലയെ ഉദ്ധരിയ്ക്കാന്‍ വേണ്ടി ചെയ്യുന്ന മഹത് പ്രവര്‍ത്തനങ്ങളെ ആണ് സാമൂഹ്യ പ്രവര്‍ത്തനം എന്ന് പൊതുവേ നമ്മള്‍ പറയുന്നത്. മനുഷ്യ സംസ്കാരം ഉണ്ടായ കാലം മുതല്‍ ഇന്നോളം സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഓരോ കാലഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ട്. അവയില്‍ ഭൂരിഭാഗവും മുന്‍പറഞ്ഞ ഏതെങ്കിലും ഒന്നോ രണ്ടോ മേഖലകളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഉണ്ടായിട്ടുള്ളത്. അവയുടെ പ്രവര്‍ത്തനത്തിനു അനുസൃതമായ ഓരോ ഫലവും അത് സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുമുണ്ട്. എന്നാൽ അവയ്ക്ക്, ഇതര മേഖലകളുടെ നവോത്ഥാനവും ആയി പലപ്പോഴും വിദൂര ബന്ധം പോലും ഉണ്ടാകാറില്ല .

   പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളും വസ്തുതകളും സങ്കേതങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നത് സമഗ്ര വീക്ഷണമുള്ള ഏതൊരാള്‍ക്കും അറിയാവുന്നതാണ്. സമൂഹത്തിലെ പ്രശ്ന ബാധിതമായ ഒരു മേഖലയെ എടുക്കുമ്പോള്‍, അത് മറ്റു വിവധ  മേഖലകളുമായി നേരിട്ടും പരോക്ഷമായും ബന്ധപ്പെട്ടിരിക്കും. ഉദാഹരണത്തിന് ആരോഗ്യ മേഖലയെ എടുത്താല്‍, അത്  ഭക്ഷണം, കൃഷി, പരിസ്ഥിതി, വിദ്യാഭ്യാസം, സമ്പദ് വ്യവസ്ഥ, ഭരണം എന്നു തുടങ്ങി ആ മേഖലയിലെ വ്യത്യസ്ത കാഴ്ചപ്പാടുകള്‍, നിലപാടുകള്‍, നയങ്ങള്‍ എന്നിവയുമായി വരെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണാവുന്നതാണ്. അതിനാൽ ഒരു പ്രശ്ന പരിഹാരത്തിനു ഒരു മേഖലയിലെ പ്രശ്നത്തെ മാത്രം കൈകാര്യം ചെയ്‌താല്‍ മതിയാകില്ല എന്നു വ്യക്തം…

   ആദ്യം പറഞ്ഞത് പോലെ, സമൂഹത്തിലെ എല്ലാ മേഖലകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതു കൊണ്ട്‌ തന്നെ സാമൂഹ്യമായ പ്രശ്നങ്ങളെ ഏക മുഖമായി കാണുന്നത് ശരിയല്ല. ഒരു സംവിധാനത്തിന്റെ  ഘടകങ്ങളും അവ തമ്മിലുള്ള പരസ്പര ബന്ധങ്ങളും ഒക്കെ ചേര്‍ന്ന ഒരവസ്ഥയെ നമുക്ക് വ്യവസ്ഥ / അഥവാ വ്യൂഹം (system) എന്ന് വിളിക്കാം.  പ്രപഞ്ചത്തിലെ സർവവും വ്യവസ്ഥകളായി നിലകൊള്ളുന്നു. അവയവം എന്ന ഒരു  വ്യവസ്ഥ, ശരീര വ്യവസ്ഥയുടെ ഘടകമാണെന്നതു പോലെ ഓരോ വ്യവസ്ഥയും, അതിനെ ഉള്‍ക്കൊള്ളുന്ന വലിയ ഒരു വ്യവസ്ഥയുടെ ഘടകമാകുന്ന ഒരു ഉപവ്യവസ്ഥ ആയിരിക്കും. അതിനാൽ തന്നെ ഓരോ വ്യവസ്ഥയും, സമഗ്രവും പരസ്പര ബന്ധിതവും ആണ്. ഇവിടെ നമ്മള്‍ പറഞ്ഞു വന്ന “പ്രശ്നം” എന്നത് “വ്യവസ്ഥയ്ക്ക്” ആണ് . സമഗ്രമായ ഒരു പ്രശ്നത്തിനു സമഗ്രമായൊരു വീക്ഷണവും സമഗ്രമായൊരു പ്രായോഗിക പരിപാടിയും, സമഗ്രമായൊരു പരിഹാര നടപടിയും കാണേണ്ടതുണ്ട്.

   സമഗ്രമായൊരു പരിഹാര നടപടിയുടെ ഒരു വീക്ഷണം ഉണ്ടാകുന്നുവെങ്കില്‍, അത് കണ്ടെത്തിയ ദാര്‍ശനികന്റെ സ്വന്തം ഉള്‍ക്കാഴ്ച്ചയില്‍ നിന്നും ഉണ്ടാകുന്നതായിരിക്കണം. അതൊരു സമൂഹത്തിന്റെ പൊതു കാഴ്ചയായി മാറണമെങ്കില്‍, അത്തരമൊരു വീക്ഷണത്തെ പറ്റി ബോദ്ധ്യമുണ്ടാകും വിധമുള്ള ഒരു സാംസ്കാരിക വളര്‍ച്ച ആ സമൂഹത്തിനു ഉണ്ടാകണം. അത്തരമൊരു വളര്‍ച്ച സമീപ ഭാവിയില്‍, നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുമെന്ന് കരുതുക സാദ്ധ്യമല്ല. വിജയിച്ചു കാണുന്ന സംവിധാനങ്ങളെ അനുകരിക്കുകയോ മാതൃകയാക്കുകയോ ചെയ്യുവാനുള്ള പൊതു സമൂഹങ്ങളുടെയും, സര്‍ക്കാര്‍ മിഷനറികളുടെയും സ്വഭാവത്തെ മുൻ നിർത്തി, പുതിയ മൂര്‍ത്ത മാതൃകകള്‍ സൃഷ്ടിക്കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം. ഇത് ഒരു സമഗ്ര നവോത്ഥാനത്തെ ഉദ്ദേശിച്ചു കൊണ്ടുള്ളതായതിനാല്‍ ഒരു നിശ്ചിത സമയ പരിധി നിര്‍ണയിക്കുവാന്‍ സാദ്ധ്യമല്ല. ഈ പ്രക്രിയ തലമുറകളോളം നീളുന്നതാണ്.

   വര്‍ത്തമാനത്തില്‍ നടപ്പിലാകുന്നതും ഭാഗികവും ആയ ഒരു നവോത്ഥാനത്തെ ഒരു ഭൂമിശാസ്ത്രപരമായ അതിര്‍ത്തിക്കുള്ളില്‍ നിര്‍വഹിക്കുമ്പോൾ നവോത്ഥാന ലക്ഷ്യത്തെ ജനാധിപത്യ രീതിയില്‍ നിര്‍ണയിക്കുന്നത് അവിടുത്തെ ജനങ്ങളാണ്. ജനം പല വിധം കാഴ്ചപ്പാടുകളും, തിരിച്ചറിവുകളും, ബോധ പ്രായോഗിക തലങ്ങളും ഉള്ളവരായിരിക്കും. അതുകൊണ്ട് തന്നെ, ഒരു പൊതു അടിസ്ഥാന ആവശ്യത്തെ പൊതുവായി ചര്‍ച്ച ചെയ്തു കണ്ടെത്തുകയും അത്തരമൊരു ലക്ഷ്യപ്രാപ്തിക്കായുള്ള പൊതു കര്‍മ പരിപാടി കണ്ടെത്തുകയും ചെയ്യുന്നതാണ് അഭികാമ്യം. ഇതിനു ജനകീയ പങ്കാളിത്ത തന്ത്ര ആസൂത്രണം (Participatory Strategy Planning) സഹായിക്കും.

   എത്ര വലിയ കര്‍മ ലക്ഷ്യ നിര്‍ണയവും എത്ര തന്നെ നല്ല പദ്ധതി ആസൂത്രണവും ഉണ്ടെങ്കിലും ആവശ്യമായ വിഭവങ്ങളുടെ  ലഭ്യത, ലക്ഷ്യത്തിന്റെ ഫലപ്രാപ്തിയെ നന്നേ സ്വാധീനിക്കും. അതിനാല്‍ വിഭവ ലഭ്യതയെ കൂടി ആസ്പദമാക്കി ആയിരിക്കണം ആസൂത്രണം നടത്തേണ്ടത്. മേല്പറഞ്ഞ ദര്‍ശനവും, തന്ത്രവും, വിഭവ ലഭ്യതയും, എത്രകണ്ട് ഏകതാനതയില്‍ വരുന്നുവോ, അത്രകണ്ടായിരിക്കും, ആ കര്‍മ പരിപാടിയുടെ ഫലപ്രാപ്തി. അതിനാല്‍ പദ്ധതിയുടെ ആസൂത്രണ നിര്‍വഹണം അവശ്യം നടത്തേണ്ടുന്ന ഒന്നാകുന്നു.

  Print Friendly

  1454total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍