• പ്രവര്‍ത്തന ചരിത്രവും രീതികളും അന്വേഷിക്കുന്നവര്‍ക്ക്

  by  • August 31, 2013 • സംഘ പരം • 0 Comments

  പ്രിയരേ..

  ഒളിമ്പസ്സിന്റെ ഗ്രാമവും കൃഷിയിടവും കാണാനും അനുഭവിക്കാനും പലരും ആഗ്രഹിക്കുന്നുവെന്നു ഫോണിലൂടെയും മറ്റു അറിയ്ക്കാറുണ്ട്. ഒളിമ്പസ്സിന്റെ പ്രവര്‍ത്തന രീതിയും ചരിത്രവും, ആള്‍ബലവും ഒന്നും വിനിമയം ചെയ്യപ്പെടാന്‍ പാകത്തില്‍ ഇന്നോളം ഒരു പോസ്റ്റും ചെയ്തിട്ടുമില്ല. ഒളിമ്പസ്സിന്റെ പശ്ചാത്തലത്തില്‍ ഈ ലേഖകന്‍  തയ്യാറാക്കിയ മുന്‍ കുറിപ്പുകള്‍ തെറ്റിദ്ധാരണ നല്‍കുന്നുവെന്ന് മനസ്സിലാകുന്നതിനാല്‍ ഒരു ചെറു വിശദീകരണം നല്‍കട്ടെ..

  ഒളിമ്പസ് എന്ന ഇക്കൊസഫിക്കല്‍ ദര്‍ശനത്തിന്റെ അവതാരകനായ ഈ ലേഖകനും സുഹൃത്തുക്കളും ചേര്‍ന്ന് 1981 -ല്‍ കുട്ടികളുടെ ശാസ്ത്ര സംഘടനയായി ആരഭിച്ച ഒരു മനുഷ്യ സ്നേഹ സംഘം ആണ് ഇന്ന് ഗ്രീന്‍ ക്രോസ്  ഫൌണ്ടേഷന്‍  (സമഗ്ര പരിസ്ഥിതി ഗവേഷണ കേന്ദ്രം) എന്ന പേരില്‍ ഏതാണ്ട് പത്തില്‍ താഴെ മാത്രം പഠിതാക്കളുമായി  ഇന്ത്യയിലും നേപ്പാളിലും പ്രവര്‍ത്തിച്ചു പോരുന്നത്. 1986 – ല്‍ എന്റെ ബാച്ച് പത്താം തരം കഴിഞ്ഞു.  ഞങ്ങളില്‍, വീട്ടില്‍ ആസ്തിയുള്ളവരുടെ മക്കളെ ഉപരിപഠനാര്‍ത്ഥം കലാലയങ്ങളില്‍ ചേര്‍ത്തപ്പോള്‍, ആസ്തിയില്ലാത്ത വീടുകളിലെ കൂട്ടുകാര്‍, പണികള്‍ക്കും മറ്റുമായി സംഘത്തെ പിരിയേണ്ടി വന്നു. ആ നഷ്ടത്തിന്റെ കാരണം അന്വേഷിച്ചു കൊണ്ടാണ് പരിഹാരമെന്നോണം അന്ന് ഒരു കൂടു ജീവിത സംവിധാനത്തെ വിഭാവനം ചെയ്തത്.

  വീട്ടുകാരുടെ മാര്‍ഗത്തിലുള്ള വ്യവസ്ഥാപിത പഠനം കഴിഞ്ഞു സ്വന്തം കാലില്‍ നില്‍ക്കാനായപ്പോള്‍ 1994 -ല്‍ മദിരാശിയില്‍ (35KM അകലെ സെവ്വാപ്പേട്ടൈ  എന്ന ഏറെക്കുറെ വിജനമായ സ്ഥലത്ത് ) ഒളിമ്പസ്സിന്റെ ആദ്യ കൂട്ട് ജീവിത കേന്ദ്രം ആരംഭിച്ചു. (അപ്പോഴേക്കും കൂട്ട് ജീവിത സങ്കല്‍പം പരിണമിച്ചു അതൊരു സമഗ്ര ജീവിത ഗ്രാമ സങ്കല്‍പം ആയി മാറിയിരുന്നു.) മദിരാശിയിലെ കേന്ദ്രത്തില്‍  വല്ലപ്പോഴുമേ ആളുകള്‍ ഉണ്ടായിരുന്നുള്ളൂ..  94 -ല്‍ ആരംഭിച്ചെങ്കിലും ഒരു കൂട്ട് ജിവിത കേന്ദ്രത്തിന്റെ തുടര്‍ച്ചയായ സംവിധാനം ഉണ്ടായത് 1997 -ല്‍ കേന്ദ്രം കേരളത്തില്‍ ഇന്നു തത്തമംഗലത്തുള്ള സ്ഥലത്തേക്ക് മാറ്റിയപ്പോള്‍ ആയിരുന്നു. മദിരാശിയിലെ ആശ്രമ വിജനതയിലെ ജീവിതം ഈ ലേഖകനില്‍ ഉണ്ടാക്കിയ മനോ പരിവര്‍ത്തനങ്ങളും പ്രപഞ്ച – ആത്മാന്വേഷണ തിരിച്ചറിവുകളും അവബോധങ്ങളും പഠനങ്ങളും ആണ് ഒളിമ്പസ് ദര്‍ശനത്തിന്റെ ഇന്നുള്ള സാകല്യത്തിന്റെ അടിസ്ഥാനം.   അന്ന് മുതല്‍ ഇന്നോളം ധനരഹിത ജീവിതം നയിക്കുന്ന ലേഖകന്‍, അത് കൊണ്ട് തന്നെ, സംഘ പ്രവര്‍ത്തനങ്ങള്‍ക്ക് കാലിക ഭക്ഷ്യ വസ്തുക്കളല്ലാതെ മറ്റൊന്നും സമ്പാതിക്കയോ സ്വീകരിക്കയോ ചെയ്തിട്ടില്ല.

  1997 മുതല്‍ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ അന്വേഷണങ്ങളും  പ്രവര്‍ത്തനങ്ങളും, ഏതാണ്ട് പന്ത്രണ്ടോളം അന്തേവാസികളെ നേടി തന്നു.. 2004 -ല്‍ കൊക്കൊക്കൊളാ  സമരത്തിന്റെ തുടക്കക്കാരായത്‌ കൊണ്ട് കിട്ടിയ ചില ഇരുട്ടടികളില്‍, സംഘവും, സംഘമൊരുക്കിയ മൂന്നോളം, ഗ്രാമക്കൂട്ട സംവിധാനങ്ങളും, തവിട് പൊടിയായി. പിന്നീട് ഈ ലേഖകനും, ശിഷ്യരായ പൊന്നി കബീറും ജിന്‍സ് ജോസഫും ചേര്‍ന്ന് കുറെനാള്‍, യാത്രകളും, അട്ടപ്പാടിയിലെ ചില കേന്ദ്രങ്ങളില്‍ താമസിച്ചു കൊണ്ടുള്ള  പ്രവര്‍ത്തനങ്ങളും മറ്റുമായിരുന്നു. 2006 -ല്‍ പാലക്കാട് ജില്ലയിലെ കല്ലടിക്കോട് നവഗോത്ര ഇക്കൊസഫിക്കല്‍ ഗുരുകുലം എന്ന പേരില്‍ വീണ്ടും സംഘം കേന്ദ്രം ആരംഭിച്ചു. അവിടുത്തെ തണുത്ത  കാലാവസ്ഥ മൂലമുള്ള  കുഞ്ഞുങ്ങളുടെ ആരോഗ്യപ്രശ്നത്തെ മുന്‍ നിര്‍ത്തി, 2010 -ല്‍ വീണ്ടും കിഴക്കന്‍ പാലക്കാടുള്ള തത്തമംഗലത്തെ പഴയ വീട്ടിലേക്കു ഗുരുകുലത്തെ മാറ്റി.. അപ്പോഴേക്കും പഴയ അന്തേവാസികള്‍ ജീവിതത്തിന്റെ പലവിധ ഘട്ടങ്ങളിലൂടെ കടന്നു പൊയ്ക്കഴിഞ്ഞിരുന്നു. അതിനാല്‍ അവരില്‍ പലരും ഇന്ന് ഇവിടെ കൂട്ട് ജീവിതത്തിനില്ല, എങ്കിലും, പഴയ അന്തേവാസികളും, പ്രവര്‍ത്തകരും (മണികണ്ടന്‍ ഗ്രാമോദയ, ശ്രീനിവാസന്‍, നന്ദനന്‍, ഡോ. പ്രലോബ്, ലളിത, ഹസീന, സുരേന്ദ്രന്‍,  ) പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കയും, നിത്യേന സന്ദര്‍ശിക്കയും ചെയ്തു പോരുന്നു. ഇപ്പോള്‍ ഇവിടെ ലേഖകനും പൊന്നിയും കുഞ്ഞുങ്ങളും, ബാബുവും ആണുള്ളത്.    കൂടാതെ ആഴ്ചയില്‍ അഞ്ചോ ആറോ സന്ദര്‍ശകര്‍ ഒന്നോ രണ്ടോ നാള്‍ വീതം താമസിച്ചു ഒളിമ്പസ്സിനെ പരിചയപ്പെട്ടു പോകുന്നു.

  ഇവിടെ, തത്തമംഗലത്തു,  ലേഖകന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഒരു പത്ത് സെന്റു സ്ഥലവും, എഴുപതോളം വര്‍ഷം പഴക്കമുള്ള ഒരു ചെറിയ വീടും ആണ് ഉള്ളത്. ഗ്രാമ പദ്ധതിയ്ക്കുള്ള ആളെ നേടിക്കഴിഞ്ഞു മതി, ഗ്രാമത്തിനുള്ള സ്ഥലം വാങ്ങല്‍ എന്നത് കൊണ്ടും, സ്ഥലം വാങ്ങല്‍ ലേഖകന്റെ മാത്രം ഉത്തരവാദിത്തമല്ല എന്നതിനാലും ഇക്കഴിഞ്ഞ വര്‍ഷം വരെ അതിനു ശ്രമിച്ചിട്ടില്ല. (പകരം ശ്രമം മുഴുവന്‍ ഇക്കൊസഫി ഒരു സമ്പൂര്‍ണ പ്രായോഗിക പരിപാടിയായി രൂപ കല്പന ചെയ്യുന്നതിലായിരുന്നു. ഒപ്പം ഒട്ടേറെ വ്യക്തികള്‍ക്ക്, മാര്‍ഗദര്‍ശികള്‍ ആകാന്‍ സംഘത്തിനു കഴിഞ്ഞിട്ടുണ്ട്.) എന്നാല്‍, ഇനി കാത്തു നിലക്കാന്‍ സമയമില്ല എന്നതിനാല്‍ ആണ് ഇപ്പോള്‍ ഫേസ്ബുക്ക് വഴി ചിന്തയും, ആള്‍ബലവും, സ്ഥലവും, അതിനെ മാതൃകയാകുന്ന ഗ്രാമക്കൂട്ടങ്ങളും, ഈ ജീവന ശൈലി നയിക്കാന്‍ തയ്യാറുള്ള ആളുകളെയും തേടുന്നത്..

  ഈ പദ്ധതി നടപ്പിലാക്കാന്‍ ഏറ്റവും തെറ്റായ ഒരു സംസ്കാരത്തെയാണ് (കേരളത്തെ, മലയാളികളെ..) ഈ ലേഖകന്‍  തെരഞ്ഞെടുത്തതെന്നു, പല ആഗോള സാമൂഹ്യ ശാസ്ത്രജ്ഞരും, ഇക്കോ വില്ലേജു വിദഗ്ദ്ധരും സൂചിപ്പിച്ചെങ്കിലും, ഞങ്ങള്‍ ശ്രമം തുടരുകയാണ്. അവരുടെ ധാരണ തിരുത്താന്‍ മലയാളികളില്‍ നിന്നും ആരെങ്കിലുമൊക്കെ ഉണ്ടാകണമേ എന്ന അര്‍ത്ഥനയില്‍.

  ഇവിടെ വരുന്നവര്‍ക്ക്..

  ഇവിടെ പരിചയപ്പെടാന്‍ മുഖ്യമായുള്ളത് കൂട്ട് ജീവിതം തന്നെയാണ്. പിന്നെ, ഒളിമ്പസ്സിന്റെ ആഴങ്ങളെ പ്രചാരകരില്‍ നിന്നും നേരില്‍ മനസ്സിലാക്കാമെന്നതും..  ഒളിമ്പസ്സിന്റെ ചരിത്രം, ദര്‍ശനം, പ്രവര്‍ത്തനങ്ങള്‍, ഭാവി പദ്ധതികള്‍, പ്രായോഗിക പരിപാടികള്‍, വ്യക്തി ജീവിതത്തില്‍ പാലിക്കേണ്ടുന്ന കാര്യങ്ങള്‍, ജീവിത വിജയം നേടുവാനുള്ള പരിശീലനങ്ങള്‍ തുടങ്ങി യുള്ള വിഷയങ്ങള്‍ നേരില്‍ പഠിക്കാന്‍ കഴിയുമെന്നത് അധിക പാഠം.  പരിസ്ഥിതി, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ഭരണം, സമ്പദ്വ്യവസ്ഥ  , കൂട്ട് ജീവിതം,  കൃഷി, ഉത്പാദനം, രക്ഷാ കര്‍തൃത്വം, ഗൃഹ നിര്‍മാണം, തത്വചിന്ത, ആത്മീയത, ശാസ്ത്രം, സംഗീതം, അഭിനയം, സാഹിത്യം, പെരുമാറ്റം, മനശ്ശാസ്ത്രം, മാനെജുമെന്റ്റ്, പാരസ്പര്യം, സാമൂഹ്യ പ്രവര്‍ത്തനം, പ്രകൃതി പഠനം, പാചകം, കുടുംബം, സുസ്ഥിര  ജീവനം എന്ന് തുടങ്ങി ജീവിതവുമായി ബന്ധമുള്ള എല്ലാം, സമഗ്രമായ  ഒളിമ്പസ്സിന്റെ വിഷയങ്ങള്‍ ആണ്. ഇത് അനുഭവിക്കാനെ കഴിയൂ, അല്ലാതെ ഇവിടെ ഒരു ഫോട്ടോയില്‍ എന്ന പോലെ കാണിച്ചു തരാന്‍ ബിംബമായി ഇപ്പോള്‍ അധികമൊന്നുമില്ല..

  അതിനാല്‍ അനുഭവങ്ങള്‍ നേടാനായി വരിക, അനുഭവിച്ചു അറിയുക, ഇതായിതീരുക.. ഒരു സുസ്ഥിര ജീവന ശൈലി സ്വായത്തമാക്കാന്‍  (ഗ്രാമവും ഗ്രമോദയയും) ഉണ്ടാക്കാന്‍ നാമിനി വൈകിക്കൂടാ..    ഏവര്‍ക്കും സ്വാഗതം.!!!

   

   

  ചിത്രത്തിലുള്ളത് ഇപ്പോള്‍ ഒളിമ്പസ്സിന്റെ ഗുരുകുലം പ്രവര്‍ത്തിക്കുന്ന വീട്..

   

  Print Friendly

  689total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in