• പാരിസ്ഥിതിക ആത്മീയതയിലേക്ക് ഒരു സൂചകം

  by  • August 31, 2013 • ആത്മീയത • 0 Comments

  ഒരു വള്ളിച്ചെടിയുടെ സ്പ്രിങ്ങ് രൂപത്തിലുള്ള കൈകള്‍ കണ്ടിട്ടുണ്ടോ?
  വളരും വഴിയുള്ളതെല്ലാം തൊട്ടും തലോടിയും പിടുത്തം ചുറ്റിയുറപ്പിച്ചും
  വളരുന്ന ചെടിയുടെ ഈ മാന്ത്രികക്കൈകള്‍ക്ക് കണ്ണുകളുണ്ടോ?
  പോകും വഴി കാണുന്ന വസ്തുക്കളുടെ നേരെ മാത്രം വളരുകയും
  അല്ലാത്തിടത്ത് നേരെ പോകുകയും ചെയ്യുന്നത് കണ്ടാല്‍,
  അതിനെയാരോ നിയന്ത്രിക്കുന്നതായി തോന്നും.
  അതിനു വിശിഷ്ട ബോധം ഉണ്ടെന്നു തോന്നും.
  എന്നാല്‍ ജീവനെന്തെന്നു പറയാന്‍ അറിയാത്ത
  ജീവ ശാസ്ത്രത്തിന്‌, ഇതിനും മറുപടിയില്ല തന്നെ..
  (ഉണ്ടോ? ഉണ്ടെങ്കില്‍ എന്റെ ധാരണ തിരുത്തണേ)

  നമ്മുടെ പുറം ചൊറിയുമ്പോള്‍, നാം അതറിയുന്നത്‌ പോലെ,
  കാണാത്ത ആ ഒരിടം തേടി മാന്താന്‍ കൈകള്‍, ചെല്ലും പോലെ,
  ഏക ശരീരത്തിന്റെ വിശിഷ്ടമായ, കോര്‍ത്തിണക്കലുകള്‍ ..
  മനുഷ്യാവയവങ്ങളുടെ ഈ കോര്‍ത്തിണക്കല്‍ പോലെ തന്നെയാണ്,
  ചെടികളും, മനുഷ്യനും തമ്മിലുള്ള കോര്‍ത്തിണക്കല്‍
  എന്ന് നാം ഇനി അറിഞ്ഞേ പറ്റൂ….

  മനുഷ്യ യുക്തീ നിബദ്ധിതമായ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു
  കര്‍മങ്ങള്‍ നടക്കുന്നുവെന്നു ഈ ചെടികള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
  ഇവയുടെ വിനിമയം, തൊട്ടടുത്തുള്ള വസ്തുക്കളോട് മാത്രമല്ല,
  ചുറ്റുമുള്ള ജൈവ മണ്ഡലത്തിലെ സര്‍വതിനോടും ആണ് .

  അതറിയാന്‍ ശ്രമിക്കാത്ത മനുഷ്യന്‍
  അവന്റെ പരിമിതമായ അറിവില്‍ അഹങ്കരിക്കുന്നു.
  ചെടികളെ, ജൈവഗണത്തില്‍ പെടുത്താന്‍ പോലും അറയ്ക്കുന്നു ..
  കരുണയില്ലാതെ, പരിഗണനയില്ലാതെ,
  എന്തിനു, സ്വന്തം നിലനില്പിന്റെ ആണിവെരെന്നറിയാതെ..

  നമ്മുടെ വീട്ടിലുള്ളവരെയും, കൂട്ടത്തിലുള്ളവരെയും,
  ജാതിയിലുള്ളവരെയും, ദേശത്തുള്ളവരെയും
  സ്നേഹിക്കുന്നത് പോലെ,
  അരികിലുള്ള ചെടികളെയും നമുക്ക് സ്നേഹിച്ചു തുടങ്ങാം,
  അവയ്ക്ക് നമ്മുടെ സ്നേഹത്തെ തിരിച്ചറിയാനാകും..
  നമ്മുടെ ഇഷ്ടങ്ങളോട് അവ പ്രതികരിക്കും,
  അവയുടെ പരിമിതിയില്‍ നിന്ന് കൊണ്ട്..

  ഇതൊരു പരിചയപ്പെടലാണ്.
  മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധത്തെ
  കാവ്യ ഭാഷയില്‍ വരച്ചിടുന്ന മനുഷ്യന്റെ
  കാല്പനികതയ്ക്കും, അപക്വതയ്ക്കും മുകളില്‍,
  സര്‍വ ജൈവപ്രഭാവങ്ങളും,
  ഒന്നിന്റെ തന്നെ വ്യത്യസ്ത സ്ഥലകാലങ്ങളാണെന്നുള്ള
  അറിവിലേക്കുള്ള പരിചയപ്പെടല്‍..

  ഇനി തുടങ്ങണം, ജീവനെ, ജീവരാശിയെ,
  അവയോടുള്ള നമ്മുടെ കര്‍ത്തവ്യങ്ങളെ അറിയാന്‍,
  അതിനൊത്ത് ജീവിക്കാന്‍..

  എന്താ തുടങ്ങുകയല്ലേ?

   

  https://www.facebook.com/photo.php?fbid=247809935266954

  Print Friendly

  468total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in