ഏപ്രില്‍ കൂള്‍
by Santhosh Olympuss • April 1, 2018 • ജീവിത വിജയം, തത്വചിന്ത, പരിസ്ഥിതി • 0 Comments
ഇന്ന് ഏപ്രില്‍ഫൂള്‍ ആകുന്നതിനു പകരം
*ഏപ്രില്‍കൂള്‍* ആക്കുവാന് തുടക്കമിടുക.
ഉപഭോഗ സംസ്കാരത്തിന്റെ പിന്നാലെ നടന്നു മറ്റുള്ളവരെയും അവനവനെയും കബളിപ്പിച്ചു വിഡ്ഢി ആകുന്നതിനു പകരം ഇനിയുള്ള ഏപ്രിലുകളും കുളിരുള്ളതാകുവാനായി ഒരു മരം നടുക.
ഈ അറ്റവേനലില്‍ നിങ്ങള്‍ മരം നടുന്നുവെങ്കില്‍ അതിനെ പരിചരിക്കുവാന്‍ കഴിയുമെങ്കില്‍ മാത്രം ചെയ്യുക. അടുത്ത മഴ വരെ അതിനു വേണ്ടത്ര വെള്ളം നല്‍കുക, ചുറ്റും പുതയിടുക, മറ്റൊരു ജീവിയും അതിനെ നശിപ്പിക്കാതെ നോക്കുക.
*എന്നാല്‍ അത് മാത്രം മതിയെന്ന് തോന്നുന്നുണ്ടോ?*
ശ്രദ്ധിച്ചിട്ടുണ്ടോ? മഴക്കാലത്തെത്തുന്ന പരിസ്ഥിതി ദിനത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലായി ഒരേ ഇടത്ത് തന്നെ നാം നട്ട ചെടികള്‍ എല്ലാം വളര്‍ന്നു വന്നിരുന്നു എങ്കില്‍ നമ്മുടെ നാട് ഇന്നൊരു കൊടുങ്കാടായി മാറിയേനെ. അങ്ങനെ ആയിട്ടില്ലെങ്കില്‍ നാം മറ്റു ചിലത് കൂടി അറിയേണ്ടിയിരിക്കുന്നു, ചെയ്യേണ്ടിയിരിക്കുന്നു.
*ഇക്കോസൈക്കോളജി* അനുസരിച്ച്
- നാം എന്ത് പറയുന്നുവോ, എങ്ങനെ മനസ്സിലാക്കുന്നുവോ, എങ്ങനെ ഭാവന ചെയ്യുന്നുവോ, എങ്ങനെ പ്രചരിപ്പിക്കുന്നുവോ അത് നമുക്ക് മുന്നില്‍ രൂപപ്പെടുകയും ആവര്‍ത്തിക്കപ്പെടുകയും ചെയ്യും.
- *പരിസ്ഥിതിയടക്കം ഉള്ള സാമൂഹ്യമായ പ്രശ്നങ്ങളില്‍ ഉള്ള ബോധം ആവശ്യത്തിലേറെ നാട്ടിലുണ്ട്; ആ ബോധം ഇനി നാം ഉണ്ടാക്കേണ്ടുന്ന കാര്യമില്ല; ഇനി അതില്‍ നിന്നും വിമോചനം നേടുവാനുള്ള ബോധമാണ് നേടേണ്ടത് എന്ന് സ്വയം ഉണരുക*.
-
വേനലും വരള്‍ച്ചയും എല്ലാ ആണ്ടിലും ഉണ്ടാകുന്ന ഒരു സ്വാഭാവിക പ്രതിഭാസമാണ്. അവ ആവര്‍ത്തിച്ചു വരികയും പോകുകയും ചെയ്യും. എന്നാല്‍ അതിനെ *അതിജീവിക്കുവാനുള്ള സ്വയം സംഘാടന ശേഷി ഭൂമിക്കു പൂര്‍ണമായും ഉണ്ട്* എന്ന് നാം ബോദ്ധ്യപ്പെടുകയും അംഗീകരിക്കുകയും വേണം.
*അതിനാല്‍*
-
പച്ചിപ്പും തണലും നനവും ഇളംകാറ്റും ഇല്ലായ്കയെ പഴിക്കാതെ ഇരിക്കുക.
-
ഇവ ഇല്ലാത്ത വരണ്ട ചിത്രങ്ങള്‍ പ്രചരിപ്പിക്കാതെ ഇരിക്കുക.
-
ആരൊക്കെയോ മരം മുറിച്ചു കൊണ്ടേ ഇരിക്കുന്നുവെന്നും മണ്ണ് നഗ്നമാക്കുന്നു എന്നും മുറ്റം കോണ്‍ക്രീറ്റ് ആക്കുന്നു എന്നും നമ്മുടെ ഹരിതമായ നാളുകള്‍ നഷ്ടമായി എന്നുമൊക്കെയുള്ള പറച്ചിലുകളും പരിദേവനങ്ങളും വിലാപങ്ങളും ചിത്രീകരണങ്ങളും കവിതകളും കഥനങ്ങളും ഒഴിവാക്കുക.
-
പരിഭവം പറയുന്നത് നിറുത്തി, എന്ത് വേണമെന്ന് നാം ആഗ്രഹിക്കുന്നുവോ അത് സൃഷ്ടിക്കുവാന്‍ പ്രവര്‍ത്തിക്കുക.
*അത് മാത്രം പോരാ*
-
*ഭൂമിയാകുന്ന ജീവി*യുടെ കോശങ്ങളാകുന്ന നമ്മുടെ മനസ്സില്‍ ഭാവനയായും ആഗ്രഹമായും വിടരുന്നതാണ് ഭൂമിയുടെ പ്രവര്‍ത്തനമായി മാറുക എന്ന് ഉറച്ചു ബോദ്ധ്യമാകുക.
-
നമുക്ക് ചുറ്റും നിറയെ മരങ്ങള്‍ നിറഞ്ഞു നില്ക്കുന്നതായി ഭാവന ചെയ്യുക, എവിടെയും പച്ചിപ്പും തണലും നനവും ഇളംകാറ്റും ഉള്ളതായി ഭാവന ചെയ്യുക. നമ്മുടെ ശുഭവിഭാവനങ്ങള് നമുക്ക് അത് നല്‍കുക തന്നെ ചെയ്യും.
-
എത്ര പേര് ഭാവന ചെയ്യുന്നുവോ അത്ര മേല്‍ അത് പ്രകൃതിയുടെ മനസ്സിന്റെ ബ്ലൂപ്രിന്റ് ആയി മാറും എന്ന് നാം അറിയുക തന്നെ വേണം.
-
കൂടുതല്‍ പേരില്‍ ശുഭ ഭാവനയുണ്ടാക്കുന്ന, ഒരു പൊതു മാനസം ഉണ്ടാക്കുവാന്‍ ഉതകുന്ന കഥനങ്ങളും ചിത്രീകരണങ്ങളും കവിതകളും വചനങ്ങളും മാത്രം ഉണ്ടാക്കുക.
-
ഇതെല്ലാം ചെയ്തു കൊണ്ടേ ഇരിക്കുക, നൂറ്റാണ്ടുകള്‍ കൊണ്ട് മാറി മറിഞ്ഞ ഉപഭോഗ മനസ്സ് വീണ്ടും മാറി വരുവാനുള്ള സമയം നല്കി ക്ഷമയോടെ കാത്തിരിക്കുക. വീണ്ടും വീണ്ടും ഭാവന ചെയ്യുക.
-
ശുഭകരങ്ങളായതെല്ലാം ഭാവിയില്‍ വരും എന്നതിനേക്കാള്‍ ഇപ്പോള്‍ ഉണ്ട് എന്ന് മാത്രം ഭാവന ചെയ്യുവാന്‍ ശ്രദ്ധിക്കുക.
-
ഹരിതമായ, സമാധാന പൂര്‍ണമായ, സുരക്ഷിതമായ ആരോഗ്യ പൂര്‍ണമായ ഒരു വര്‍ത്തമാന ലോകം ആണ് ഇത് എന്ന് പ്രകൃതിയുടെ മനസ്സിനെ കൂട്ടായ ഭാവനകളിലൂടെ ബോദ്ധ്യപ്പെടുത്തുക. അത് ചെയ്തു കൊണ്ടേ ഇരിക്കുക.
ഇക്കോസൈക്കോളജി വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും എങ്ങനെ എല്ലാം പ്രവര്‍ത്തിക്കുന്നു എന്നും എങ്ങനെ ഒക്കെ നടപ്പിലാക്കാം എന്നും അറിയുവാന്‍ സ്വയം നിരീക്ഷിക്കുക, പഠിക്കുക. കൂടുതല്‍ അറിയുവാന്‍ ഞങ്ങളെ വിളിക്കാം.
സന്തോഷ് ഒളിമ്പസ്.
9497628007
ഗ്രീന്‍ക്രോസ് ഫൌണ്ടേഷന് സെന്റര്‍ ഫോര്‍ ഡീപ് ഇക്കോളജി.
പാലക്കാട്.
1385total visits,1visits today