• ആരോഗ്യ സംരക്ഷണത്തിലെ അടിസ്ഥാന വശങ്ങള്‍

  by  • August 23, 2019 • ആത്മീയത, ആരോഗ്യം, സാമൂഹികം • 0 Comments

  ആരോഗ്യ സംരക്ഷണ കാര്യത്തില്‍  ഒരു ജീവിയുടെ അടിസ്ഥാന വശങ്ങള്‍ എന്തൊക്കെ ആണ്?

    1. ആരോഗ്യം ഉണ്ടാകുക.
     ആദ്യമായി ആരോഗ്യം ഉണ്ടാകണം. ഇതാണ് അടിസ്ഥാന വശം.
    2. ആരോഗ്യം നില നിര്‍ത്തുക.
     ആ ആരോഗ്യം നിലനിര്‍ത്താന്‍ അറിയണം. ഇതാണ് രണ്ടാമത്തെ വശം.
    3. അസുഖം വരാതെ നോക്കുക.
     ഇതൊക്കെ കഴിഞ്ഞാണ് അസുഖം വരാതെ നോക്കുക എന്നത്. അസുഖം എന്ന വാക്ക്, അല്ലെങ്കില്‍ അവസ്ഥ പോലും ചിന്തിച്ചു തുടങ്ങുന്നത് ഇവിടെയാണ്‌. അസുഖം എന്നത് ഈ ഉദാഹരണത്തില്‍  മൂന്നാം വശം ആണ്.
    4. ചികിത്സ
     അതും കഴിഞ്ഞാണ് അസുഖം വന്നാല്‍ അത് ഭേദമാക്കുക അഥവാ ചികിത്സ എന്നത്.അവിടെയും പല പിരിവുകള്‍ ഉണ്ട്.

     • ലക്ഷണങ്ങളെ  ചികിത്സിക്കുക.
      ഒന്ന് അസുഖത്തെ അല്ലെങ്കില്‍ അസുഖത്തിന്റെ ലക്ഷണമായി നമുക്ക് അനുഭവം തോന്നുന്ന അസ്വസ്ഥതയെ മാറ്റി അസുഖം പോയി എന്ന് സമാധാനിക്കുക. ഉദാഹരണത്തിന് കാലിന്റെ ഉപ്പൂറ്റിയില്‍ ഒരു വേദന ഉണ്ടെങ്കില്‍ അത് മാറ്റുവാന്‍ മരുന്നോ  ലേപനങ്ങളോ ഉപയോഗിക്കുന്ന രീതി.
     • രോഗ കാരണത്തെ ചികില്‍സിക്കുക.
      മറ്റൊരു രീതി, അസുഖത്തിന്റെ കാരണത്തെ കണ്ടെത്തി തിരുത്തി പിന്നീട് ആ അസുഖം വരാതെ നോക്കുന്ന രീതിയാണ്. കാലിലെ വേദനയ്ക്ക് കാരണം ഒരു ഒടിവോ ശരീരത്തിലെ മറ്റെന്തെങ്കിലും പ്രശ്നമോ ആണെങ്കില്‍ അത് കണ്ടെത്തി ഭേദമാക്കുകയാണ് ഈ വഴി..
    5. വീണ്ടും വരാതെ നോക്കുക.
     ഒരിക്കല്‍ വന്നാല്‍ വീണ്ടും അത്തരം അനുഭവം ഉണ്ടാകുവാന്‍ ഉള്ള സാദ്ധ്യത ഉള്ളത് കൊണ്ട് പിന്നീട് അത് വരാതെ നോക്കുക.അതിനു ചിലതൊക്കെ ഒഴിവാക്കണം.

     • വഴി മാറ്റം ഒഴിവാക്കുക.
      രോഗ ലക്ഷണങ്ങളെ ചികിത്സിച്ചവര്‍ക്കും  ചികിത്സിച്ചു ഭേദമായവര്‍ക്കും ഈ ഒരു വഴി മനസ്സിലാകുക തന്നെയില്ല.രോഗ കാരണത്തെ ചികില്സിച്ചു ഭേദം ആയവര്‍  വീണ്ടും ആ കാരണങ്ങള്‍ വരാതെ നോക്കുക എന്നതാണ് ചെയ്യാനുള്ളത്. രോഗ കാരണങ്ങളിലേക്ക് നമ്മെ വഴിമാറ്റിയത് എന്തൊക്കെയാണോ അതില്‍ നിന്നുമൊക്കെ  പിറകോട്ടു പോകുക. ഉദാഹരണത്തിന് സ്ഥിരമായി കടല്‍ മീന്‍ കഴിച്ചു തുടങ്ങിയപ്പോള്‍ ആണ് ഒരു അസുഖം വന്നതെങ്കില്‍ ആ വഴിമാറ്റം ഒഴിവാക്കുക എന്നതാണ് ചെയ്യുവാനുള്ളത്.
     • ഇനിയാണ്  മിക്കവര്‍ക്കും പെട്ടെന്ന് മനസ്സിലാകാത്ത ചിലത് ഒഴിവാക്കേണ്ടി വരുന്നത്.
     • വ്യാകുലത ഒഴിവാക്കുക.
      ഈ വശം മന:ശാസ്ത്ര പരമാണ്.

      ചിലര്‍ ഇനിയും ആ അസുഖം വരുമോ എന്ന് വ്യാകുലപ്പെട്ടു കൊണ്ട് ഇടയ്ക്കിടെ പരിശോധന നടത്തിക്കൊണ്ടിരിക്കും.  പൊതുവില്‍ അസുഖം എന്നത് മനസ്സിന്റെ നിര്‍മിതി ആയതു കൊണ്ട് തന്നെ ഇപ്പറഞ്ഞ ആവര്‍ത്തിക്കുന്ന  വ്യാകുലത വീണ്ടും അസുഖത്തിലേക്ക് നയിക്കും. ഈ വ്യാകുലത ഒഴിവാക്കി ആരോഗ്യ സംരക്ഷണത്തില്‍ മാത്രം ശ്രദ്ധിക്കുകയാണ് വേണ്ടത്.

     • ചികിത്സാ സംവിധാനം ഒഴിവാക്കുക.
      ഈ വശം പ്രകൃതി മന:ശാസ്ത്ര പരമാണ്.

      അസുഖങ്ങള്‍ വന്നാല്‍ ചികിത്സിക്കുവാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കി തുറന്നു വച്ചാല്‍ പിന്നെ അത് നടത്തി കൊണ്ട് പോകുവാനുള്ള അസംസ്കൃത വസ്തുക്കള്‍ പ്രകൃതി ഒരുക്കും എന്നതാണ് മറ്റൊരു വെല്ലുവിളി. ആശുപത്രികള്‍ തുറന്നു വച്ചാല്‍ അത്  നടത്തുവാനുള്ള രോഗങ്ങളും രോഗികളും ഉണ്ടായിക്കൊണ്ടിരിക്കും. ഇത് പ്രകൃതിയുടെ ഒരു പ്രതിഭാസം ആണ്.ഈ പ്രതിഭാസത്തെ ഇഴപിരിച്ചു നോക്കിയാല്‍ പിന്നെയും പല കാരണങ്ങള്‍ കണ്ടെത്താം. സുരക്ഷയുണ്ടെന്ന തോന്നല്‍  ശക്തമാകുമ്പോള്‍ ജീവിതം അശ്രദ്ധമാകും എന്നത് ഇതിലെ ഒരു ലഘുവായ കാരണം ആണ്. അതു മുതല്‍ സിസ്ട്ടമിക് പാറ്റേണുകളും ഇക്കോസൈക്കോളജിയും അനുസരിച്ചുള്ള അതിസങ്കീര്‍ണ പ്രതിഭാസങ്ങള്‍ വരെ കാരണമായുണ്ട്. അതിനാല്‍ ചികിത്സാ സംവിധാനങ്ങളെ  സ്ഥിരമാക്കുന്നതും  സ്ഥാപനവല്‍കരിക്കുന്നതും ആരോഗ്യ പ്രതിസന്ധികളെ വീണ്ടും വീണ്ടും ഉത്പാദിപ്പിക്കുവാന്‍ ഉള്ള കാരണങ്ങള്‍ ആയി മാറും.

    6. ജീവിതത്തെ ശുദ്ധാവസ്ഥ യിലേക്ക് കൊണ്ട് പോകുക.
     ഭൌതികമായും സാങ്കേതികമായും എന്തൊക്കെ ചെയ്താലും ചില പ്രശ്നങ്ങള്‍  ആര്‍ക്കും കണ്ടെത്തുവാന്‍ കഴിയാതെ അടിത്തട്ടില്‍ നില കൊള്ളും. ഒരു വ്യക്തിക്ക് ബാല്യം പിന്നിടും വരെ ഉണ്ടാകുന്ന അവസ്ഥയ്ക്ക് മിക്കപ്പോഴും പരിഹാരം ഉണ്ടാക്കുവാന്‍ കഴിയില്ല. അത് പാരമ്പര്യത്തിലും രക്ഷിതാക്കളുടെ മാനസികാവസ്ഥയിലും ജീവിത സാഹചര്യത്തിലും ഒക്കെ ഊന്നിയ കാരണങ്ങള്‍ ആണ്. ചിലപ്പോള്‍ ഈ കാരണങ്ങള്‍ ബാല്യം പിന്നിട്ടിട്ടും തുടരാം. അങ്ങനെ എങ്കില്‍ ഉപബോധത്തിന്റെയും അവബോധത്തിന്റെയും തലത്തില്‍ നിന്ന് കൊണ്ട് പ്രകൃതിയുമായി ചേര്‍ന്ന് നില്‍ക്കുകയാണ് വേണ്ടത്. ജീവിതത്തിന്‍റെ ശുദ്ധമായ അവസ്ഥയിലേക്ക് പോകുകയാണ് വേണ്ടത്. ആദ്ധ്യാത്മിക സാധനകള്‍ അതിനു ഉപകരിക്കും.

   


  വാല്‍ക്കഷണം

  ഇത് വരെ പറഞ്ഞത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ കുറിച്ചു മാത്രമാണെന്ന് ധരിച്ചുവോ? അല്ലേയല്ല. ഇക്കോ സൈക്കോളജി അനുസരിച്ച്  ശരീരത്തിന്റെയാണെങ്കിലും മനസ്സിന്റെ ആണെങ്കിലും വ്യക്തിത്വത്തിന്റെ ആണെങ്കിലും കുടുംബത്തിന്റെ ആണെങ്കിലും ധനത്തിന്റെ ആണെങ്കിലും  സമൂഹത്തിന്‍റെ ആണെങ്കിലും പ്രകൃതിയുടെ ആണെങ്കിലും ഭൂമിയുടെ ആണെങ്കിലും  ആരോഗ്യം നിലനിര്‍ത്തുവാന്‍ ഇതാണ് വഴി; ഇത് മാത്രമാണ് വഴി.

  പ്രളയത്തെയും ഈ സമഗ്രമായ കാഴ്ചയിലൂടെ കണ്ടാല്‍ നമുക്ക് പലതും ചെയ്യുവാനാകും.  ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുതല്‍ സസ്റ്റൈനബിള്‍ കമ്യൂണിറ്റികളുടെയും ഇക്കോ വില്ലേജുകളുടെയും ഗ്രീന്‍ പൊളിറ്റിക്സിന്റെയും ഹോളിസ്റ്റിക് സയന്‍സിന്റെയും ഇക്കോ സ്പിരിച്വാലിറ്റിയുടെയും ഇക്കോ  സൈക്കോളജിയുടെയും ഇക്കോ ലിറ്ററസിയുടെയും ഒക്കെ പ്രസക്തി ഇവിടെയാണ്‌.

  Print Friendly

  1605total visits,12visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in