• പ്രകൃതിയോടു സുതാര്യമാകുക

  by  • August 31, 2013 • ആത്മീയത • 0 Comments

  മഴയിലും പുഴയിലും വെള്ളം തന്നെ. എന്ന് വച്ച് ഇവ രണ്ടും ഒന്നല്ല. മഴയായും പുഴയായ്, പ്രകടമാകുന്നത്, രണ്ടു തരം പ്രതിഭാസങ്ങള്‍ കൊണ്ടാണ്. ഇത്തരം പ്രതിഭാസങ്ങളുടെ ഒരു ഭീമാകാര ആകെത്തുകയാണ് പ്രകൃതി പ്രതിഭാസം. അവയെ പ്രകൃതി നിയമങ്ങള്‍ എന്നും വിളിക്കാം. പ്രകൃതി നിയമങ്ങളെ നേരാം വിധം നിര്‍വഹിക്കാന്‍, നാം ബാദ്ധ്യസ്ഥരാണ്‌.  (അതാണ്‌ നമ്മുടെ ധര്‍മം) ധര്‍മങ്ങളെ  പാലിച്ചില്ലെങ്കില്‍ പ്രപഞ്ചത്തിന്റെ വലിയ നിയമങ്ങള്‍ (അതിധര്‍മം) നമുക്ക് മുകളില്‍ നടപ്പിലാകും. ഈ നിയമങ്ങള്‍ കാണാവുന്നതല്ല. അത് രേഖപ്പെടുത്തിയിട്ടുള്ളത് ഓരോ പരമാണുവിന്റെയും  സ്വഭാവ രൂപത്തിലാണ്, അവയുടെ പരസ്പര ബന്ധപ്പെടലിന്റെ രൂപത്തിലാണ്. അവയുടെ എകായ്മയുടെ രൂപത്തിലാണ്. അവയ്ക്ക് ഒരു രേഖീയ ക്രമവും അല്ല ഉള്ളത്.  (ക്രമമില്ലായ്മയിലെ ക്രമം – കയോസ്)

  ഈ പ്രകൃതിയിലെ ഓരോന്നും, അതിലും വലിയ ഒരു കൂട്ടത്തിന്റെ (വ്യവസ്ഥയുടെ / വ്യൂഹത്തിന്റെ) ഭാഗമായിരിക്കും. കോശങ്ങള്‍ കലയുടെ ഭാഗമെന്ന പോലെ, മനുഷ്യന്‍ സമൂഹത്തിന്റെ ഭാഗമെന്ന പോലെ, അണുക്കള്‍ തന്മാത്രയുടെ ഭാഗമെന്ന പോലെ…. ഒരു  ഘടകത്തിന്റെ ധര്‍മങ്ങള്‍ തെറ്റുമ്പോള്‍, അത് അണി ചേര്‍ന്നിട്ടുള്ള കൂട്ടത്തിന്റെ ധര്‍മങ്ങള്‍ ഒന്ന് ചേര്‍ന്ന് ഘടകത്തിന്റെ കര്‍മത്തെ തിരുത്തും. തെറ്റ് ചെയ്യുന്നവനെ സമൂഹം ശിക്ഷിക്കുന്നത് പോലെ, വയറിനു ചേരാത്തത് അകത്തു ചെന്നാല്‍ ശര്‍ദ്ദിക്കുന്നത്  പോലെ.. മനുഷ്യ സമൂഹം പരിസ്ഥിതി  നാശം ചെയ്‌താല്‍ ഭൂമി പ്രകൃതി ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നത് പോലെ.. അത്രകണ്ട് അഭേദ്യമാണ് ഓരോഘടകവും അത് അണി ചേര്‍ന്നിട്ടുള്ള കൂട്ടവും. ഒരു വസ്തുവിനും, ഒരു കൂട്ടത്തിന്റെയും ഭാഗമായി നില്‍ക്കാതിരിക്കാനും കഴിയില്ല. അങ്ങിനെയാണ് പ്രപഞ്ചത്തിന്റെ സംവിധാനം. പരമാണു മുതല്‍ പ്രപഞ്ചം വരെയും ഒരു മാലപോലെ വ്യവസ്ഥകളായി ആണ് നില്‍ക്കുന്നത്. അതില്‍ ഒരു ചെറിയ കണ്ണി മാത്രമാണ് മനുഷ്യന്‍. ഈ മാലയുടെ ഏറ്റവും അറ്റത്തുള്ള പ്രപഞ്ച വ്യൂഹത്തിന്റെ നിയമങ്ങളെയാണ് നാം ഈശ്വരീയമെന്നു പറയുന്നത്. (അത് തൊട്ടറിയാന്‍ കഴിയാത്തത് കൊണ്ട്, സാധാരണ ജനത്തിന് മനസ്സിലാകാന്‍ പല പ്രവാചകരും, സംസ്കാരങ്ങളും, അതിനെ ബിംബവത്കരിച്ചു ദൈവത്തെ ഉണ്ടാക്കി.)

  നമ്മുടെ കോശങ്ങള്‍ക്ക് നിര്‍മാണ  വസ്തുക്കള്‍ വേണ്ടപ്പോള്‍ കോശം കലയോടും, കല അവയവത്തോടും അവയവം നമ്മോടും ഒരു റിലെ രീതിയില്‍ ആവശ്യം ഉന്നയിക്കും. നാമതിനെ വിശപ്പെന്ന് കരുതുകയും, അമ്മയോട് ആവശ്യം ഉന്നയിക്കുകയും, അമ്മ ചന്ത യോടും, ചന്ത വയലുനോടും ചോദിക്കും. തിരിച്ചു വയല്‍ ചന്തയ്ക്കും, ചന്ത അമ്മയ്ക്കും, അമ്മ നമുക്കും, നാം വയറിനും, വയര്‍ കോശങ്ങള്‍ക്കും നല്‍കും. ചോദ്യത്തിന്റെയോ, നല്കലിന്റെയോ ഒരു  കണ്ണി മുറിഞ്ഞിരുന്നാല്‍ / മറഞ്ഞിരുന്നാല്‍  ഈ വിനിമയം സാധ്യമാകില്ല. നമ്മുടെ വ്യക്തിപരതയാല്‍, അകം ലോകത്തോടും പുറം ലോകത്തോടും  ഒരു കണ്ണാടിത്തം (സുതാര്യത) പാലിക്കാതെയാകുമ്പോള്‍, നാം പ്രകൃതിയൊരുക്കിയ ഈ മഹാ മാലയില്‍ നിന്നും പുറത്താകും.

  മനുഷ്യന്‍ അവന്‍ നില്‍ക്കുന്ന പരിസ്ഥിതിയുടെ ഭാഗമെന്നു മറക്കുന്നു. അവനും പ്രകൃതിയും തമ്മിലുള്ള അലംഘനീയ ബന്ധത്തെ മറക്കുന്നു. അത് അവനു വിനയാകുന്നു. എല്ലാം ശരിയാകാന്‍ നാം ഈശ്വരനോട് പ്രാര്‍ഥിക്കുന്നു. പ്രപഞ്ചം ഒരുക്കിയ മാലയില്‍ നിന്നും  യുക്തി കൊണ്ട് മാറി നിന്നിട്ട്  ഈശ്വരനെ വിളിചിട്ടെന്താണ് കാര്യം? ഈശ്വരന് വിളി കേള്‍ക്കണമെങ്കില്‍, നാം സംവദിക്കേണ്ടത് തൊട്ടടുത്തുള്ള പരിസ്ഥിതിയോടാണ്, സ്വ സമൂഹത്തോടാണ്. അകം പുറം സഹ പരിസ്ഥിതികളെ തൊട്ടറിയുക, അവയോടു സുതാര്യമാകുക. അവയോടു നമുക്കുള്ള ധര്‍മങ്ങളെ നേരാം വിധം നടപ്പിലാക്കുക..

   

  https://www.facebook.com/groups/olympussdarsanam/doc/259918697372608/

  Print Friendly

  485total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in