• പട്ടിപ്പേടിയുടെ പിന്നാമ്പുറങ്ങള്‍…

  by  • August 26, 2016 • ആത്മീയത, തത്വചിന്ത, പരിസ്ഥിതി • 0 Comments

  ഒരു ഗ്രഹത്തില്‍ ജീവ സാന്നിദ്ധ്യത്തിന്‍റെ പ്രതീകങ്ങള്‍ ആയ ചരങ്ങള്‍ ഉണ്ടാകുക, അവയുടെ വികാസത്തിന്‍റെ ഒരു കാലത്ത് ഒരു ശിഖരമായി പരിണമിച്ച ഭാവനാ വിലാസിതനായ ഒരു ജീവിയുണ്ടാകുക, ഇതെല്ലാം സുന്ദരവും കൌതുകകരവുമായ കാര്യങ്ങള്‍ തന്നെ ആണ്. എന്നാല്‍ അവന്‍ (അവള്‍ എന്ന് വിളിക്കേണ്ടവര്‍ക്ക് അങ്ങിനെയും വിളിക്കാം) ഈ ഗോളത്തെയും അതിലെ ജീവ ജാലങ്ങളുടെയും നെറുകയില്‍ കയറിയിരുന്നു ധാര്‍ഷ്ട്യത്തോടെ എല്ലാം കാല്‍കീഴിലാക്കിയപ്പോള്‍ അവനില്‍ നിന്നും സുസ്ഥിതിയും ശാന്തിയും അന്യമാകുവാന്‍ തുടങ്ങി.
   
  മറ്റുള്ളവയുടെ ജീവാവകാശത്തെ തീരുമാനിക്കുവാന്‍ മനുഷ്യനെന്നല്ല ഒരു ജീവിക്കും അവകാശമില്ലെന്നതാണ് പ്രകൃതിയുടെ പൊതു നീതി എന്ന് ഡീപ് ഇക്കോളജി പറയുന്നു. മനുഷ്യന്‍ തീരുമാനിക്കുന്ന ഒരു മൂല്യത്തിനനുസരിച്ച് ഒരു ജീവി ഇവിടെ നിലനില്‍ക്കണോ വേണ്ടയോ എന്ന് അവന്‍ നിശ്ചയിക്കുന്നത് ഭാവനാ ശേഷിതനായി സഹജ ബോധം നഷ്ടമായതിനാല്‍ ഉണ്ടായ അന്ധത കൊണ്ടും അജ്ഞത കൊണ്ടും യുക്തി ബോധത്താല്‍ ആര്‍ജിച്ച അഹന്ത കൊണ്ടും ആണ്. അതിനാല്‍ അവന്‍ മനസ്സിലാക്കാതെ പോകുന്ന ഒട്ടേറെ പ്രാപഞ്ചികമായ പിന്നാമ്പുറ സത്യങ്ങള്‍ ഉണ്ട്..
   
  പ്രകൃതിയിലെ സര്‍വ സത്തകള്‍ക്കും (വ്യവസ്ഥകള്‍ക്കും) അതിന്‍റെ ഭൌതിക ഘടനയ്ക്കും (രൂപം, സ്ഥാനം, കാലം, ഭാവം ഭവം) അതീതമായ ഭൌതികേതര സ്ഥിതികളും (പ്രതിഭാസം, ധര്‍മം, അനുരൂപകത്വം, അന്യോന്യബലം) ഇതര സത്തകളുമായുള്ള ബന്ധങ്ങളും ഉണ്ട്. അവ വെറും ബന്ധങ്ങള്‍ അല്ല, ബന്ധനങ്ങള്‍ (entanglements) തന്നെ ആണ്. അത്തരം ബന്ധനങ്ങളില്‍ പ്രമുഖമാണ് ഇച്ഛകളുടേയും വികാരങ്ങളുടെയും രൂപത്തില്‍ ഉണ്ടാകുന്ന അന്യോന്യക്രിയകള്‍.
   
  ജനിതകമായുണ്ടാകുന്ന സ്മൃതികളുടെയും ഗത സ്മൃതികളുടെയും സ്വാധീനത്താല്‍ രൂപപ്പെടുന്ന ഉപബോധ ചിത്രങ്ങള്‍ ആഗത സ്മൃതികള്‍ ആകുകയും അത് ഈ അന്യോന്യക്രിയകളുടെ ശേഷികൂട്ടുകയും സ്മൃതികള്‍ക്കനുസരിച്ചുള്ള സംഭവങ്ങളുടെ പ്രത്യക്ഷീകരണത്തിനു കാരണമാകുകയും ചെയ്യുന്നു.
   
  പൌരാണിക മനശാസ്ത്രവും ആധുനിക മനശാസ്ത്രവും ഈ പ്രകൃതി സങ്കേതത്തെ ജീവിതത്തിന്‍റെ പല മേഖലകളിലും സോദ്ദേശ്യ പരമായും അല്ലാതെയും ഉപയോഗിക്കുന്നുണ്ട്. ചികിത്സയ്ക്കും, വിപണനത്തിനും രാജ്യതന്ത്രജ്ഞതയ്ക്കും മാനേജുമെന്റിനും യുദ്ധത്തിനും ഒക്കെ ഈ സങ്കേതങ്ങള്‍ പണ്ടും ഇന്നും ഉപയോഗിക്കുമ്പോഴും പൊതുധാരയിലുള്ളവര്‍ ഇക്കാര്യങ്ങളെ പറ്റി ഏറെക്കുറെ അജ്ഞരാണ്.
   
  വിപണനത്തിനു ഇത്തരം സങ്കേതങ്ങളുടെ ഏതു വിധ ഉപയോഗവും ബ്രിട്ടന്‍, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്.. ഭാരതത്തിലും മുന്‍കാലങ്ങളില്‍ ഈ സങ്കേതത്തിന്റെന്‍റെ നേര്‍ ഉപയോഗം നിരോധിച്ചിരുന്നു എന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. (തെളിവ് തരാന്‍ ഇല്ല എന്നര്‍ത്ഥം) എന്നാല്‍ ഇക്കാലത്ത് നമുക്ക് ചുറ്റും ലഭ്യമായ എല്ലാ വിധ പരസ്യങ്ങളും ഇത്തരം സങ്കേതങ്ങള്‍ നിറഞ്ഞവയാണ്. സിഗരട്ട് പാക്കറ്റിന്‍റെ പുറത്തെ കാന്‍സര്‍ മുന്നറിയിപ്പ് പോലും ആരോഗ്യസംരക്ഷണത്തിന്‍റെതല്ല മറിച്ചു കാന്‍സര്‍ രോഗികളുടെ സൃഷ്ടിക്കു വേണ്ടിയാണ് എന്ന് പോലും മനസ്സിലാക്കുമ്പോഴേ ഈ ഉപബോധ സങ്കേതങ്ങള്‍ നമ്മുടെ നിത്യ ജീവിതത്തില്‍ എത്ര കണ്ടു ചൂഴ്ന്നു നില്‍ക്കുന്നു എന്ന് ബോദ്ധ്യമാകുകയുള്ളൂ.
   
  ഈ ഒരു പശ്ചാത്തലത്തിലാണ് മാദ്ധ്യമങ്ങളും ഭരണ കൂടങ്ങളും നവമാദ്ധ്യമങ്ങളും മനസ്സിലെ മോഹം കൊണ്ട് മാത്രം ജീവകാരുണ്യ കാമ്പൈനുകള്‍ നടത്തുന്ന സംഘടനകളും വര്‍ത്തമാന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന രീതിശാസ്ത്രങ്ങളെ നാം വിശകലനം ചെയ്യേണ്ടുന്നത്. പലപ്പോഴും മിക്കവരും സാമൂഹ്യ ആഘാതങ്ങളെ അറിയാതെ ആണ് ബലാത്സംഗങ്ങളേയും രോഗങ്ങളെയും ചികിത്സാശാസ്ത്രങ്ങളെയും സാമൂഹ്യ അപചയങ്ങളെയും അപകടങ്ങളെയും പറ്റിയെല്ലാം ഉള്ള പരസ്യ നിരൂപണങ്ങളും പോസ്റ്ററുകളും ഒക്കെ സൃഷ്ടിച്ചു പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഈ മനശാസ്ത്ര സങ്കേതങ്ങളെ ശാസ്ത്രീയമായും നീതിപൂര്‍വകമായും ഉപയോഗിക്കേണ്ടുന്ന പത്രമാദ്ധ്യമങ്ങളും സര്‍ക്കാര്‍ വകുപ്പുകളും, സാങ്കേതിക സ്ഥാപനങ്ങളും ഗവേഷകരും വരെ നിരുത്തരവാദ പരമായി ഇന്ന് ഉപയോഗിക്കുന്നു എന്നതാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
   
  പട്ടികളുടെ ഉന്മൂലന ആഹ്വാനത്തിനു കാരണമായി ഇന്ന് ഉയര്‍ന്നു വരുന്ന പട്ടിപ്പേടിയുടേയും നാട്ടില്‍ പെരുകുന്നു എന്ന് ഇടയ്ക്കിടെ മുറവിളിയായി വരുന്ന ബാലാത്സംഗങ്ങളുടെയും അപകടങ്ങളുടെയും രോഗങ്ങളുടെയും അപചയങ്ങളുടെയും മുഖ്യ ഹേതു പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്ന കാരണങ്ങള്‍ ആകില്ലെന്നും അത്തരം മനോ നിലയ്ക്കായി അറിഞ്ഞോ അറിയാതെയോ ആരൊക്കെയോ ലക്‌ഷ്യം വയ്ക്കുന്ന മറ്റെന്തോ ആണെന്നും നാം അറിയേണ്ടതുണ്ട്. തന്‍റെ നേരെ വരുന്ന ആക്രമണങ്ങളെ ചെറുക്കുവാനല്ലാതെ പട്ടിയോ പാമ്പോ കടിക്കില്ല എന്നും ലോകം ഇത്പോലെയുള്ള അപകടങ്ങള്‍ നിറഞ്ഞ ഒരിടം ആണ് എന്നെങ്കിലും ഉള്ള മനോചിത്രമുള്ളവര്‍ക്കാണ് നാം അറിഞ്ഞ ദുരന്തങ്ങള്‍ വന്നു ചേര്‍ന്നതെന്നും കൂടി നാം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഒരു വ്യക്തിക്ക് ഉണ്ടാകുന്ന സാമൂഹികമായ സുരക്ഷയുടെ സിംഹഭാഗവും അയാളുടെ ഉപബോധത്തില്‍ ചെറുപ്പത്തിലെ തന്നെ നല്‍കപ്പെട്ട സുരക്ഷാ ബോധത്തിന്‍റെ ഫലമായാണ് സംഭവിക്കുക.
   
  പട്ടി ഒരു അനാവശ്യ ജീവിയാണെന്നും അക്രമകാരിയാണെന്നും ഉള്ള മലയാളിയുടെ പൊതു ബോദ്ധ്യമാണ് അവനു നേരെയുള്ള കൊട്ടിഘോഷിക്കപ്പെടുന്ന അക്രമങ്ങളുടെ ക്ഷണപത്രം ആയി മാറുന്നത്. കേരളത്തിനു വെളിയിലുള്ള ഒരു പട്ടിയേയും അക്രമോത്സുകരായി ഈ ലേഖകന്‍ കണ്ടിട്ടില്ല. അങ്ങിനെ ഒരു അക്രമോത്സുക ഭാവം പേറുന്ന ഒരു പട്ടിയും ഈയുള്ളവന്‍റെ നേരെ ശൌരത്തോടെ പോലും തിരിഞ്ഞിട്ടുമില്ല. മനുഷ്യരെ കാണാതെ വളരുന്ന ചില വളര്‍ത്തു പട്ടികള്‍ ഒഴികെ മറ്റെല്ലാ പട്ടികളും (പ്രത്യേകിച്ച് തെരുവ് നായകള്‍) നിമിഷങ്ങള്‍ക്കകം സ്നേഹിതരാകാറുമുണ്ട്. (ഇതേ അനുഭവമുള്ള പൊന്നി, അബു അകമ്പാടം, വര്‍ഗീസ്‌ മാത്യൂ, സോജന്‍ മൂന്നാര്‍, രുഗ്മിണി കേ ജീ, അരുണ്‍ തഥാഗത്, സാജന്‍ സിന്ധു എന്നിവരുടെയും സാക്ഷ്യങ്ങള്‍ കൂടെയുണ്ട്.) അതേ സമയം കലുഷിതമായ ഒരു ലോകമാണ് ചുറ്റും എന്ന് ചെറുപ്പം മുതലേ മനസ്സിലാക്കുകയും രാവിലെ പത്രവും പകല്‍ സോഷ്യല്‍ മീഡിയയും വൈകീട്ട് റ്റീവിയും വഴി ലോകമാകമാനമുള്ള ദുരന്തങ്ങളുടെ ഡാറ്റാബേസ് മനസ്സില്‍ കയറ്റുകയും ചെയ്യുന്ന നിരവധി പരിചയക്കാര്‍ വഴിയെ പോകുന്ന ദുരന്തങ്ങളെ കേറി എല്ക്കുകയോ ജീവാപായം സംഭവിക്കുകയോ ചെയ്യുന്ന കാഴ്ചയും അനുഭവവും നിരവധി ഉണ്ടായിട്ടുമുണ്ട്‌. ഒറ്റയ്ക്കും കൂട്ടമായും ഉള്ള ഈ അപകടങ്ങളെയും അബദ്ധങ്ങളെയും ബോധപൂര്‍വമായി തന്നെ സുബദ്ധങ്ങള്‍ ആക്കുകയെന്നതാണ് നമുക്ക് ചെയ്യാവുന്നത്.
   
  സാമൂഹ്യ കാര്യങ്ങളില്‍ ഇടപെടുന്ന സാമൂഹ്യ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ഇത്തരം ബോദ്ധ്യങ്ങള്‍ സ്വയം ആര്‍ജിച്ച ശേഷമേ ഇടപെടലുകള്‍ തുടന്നു നടത്തുകയുള്ളൂ എന്ന് ഉറപ്പു വരുത്തണം. ഇനി ഈ മേഖലയില്‍ പ്രതീക്ഷ അര്‍പ്പിക്കാവുന്നത് പുതിയ മുറയിലെ മനശ്ശാസ്ത്രത്തിലൂന്നിയ വിദ്യാഭ്യാസ രീതികള്‍ ചിട്ടപ്പെടുത്തുന്നവരിലാണ്. സുരക്ഷിതമല്ലാത്ത ചുറ്റുപാടുകള്‍ ഒരാള്‍ക്ക്‌ ചുറ്റും രൂപപ്പെടുന്നത് അയാളുടെ ഉപബോധ ചിത്രം കാരണമാണ് എന്ന ബോദ്ധ്യത്തിലേക്ക് വ്യക്തികളെയും സമൂഹത്തെയും നയിക്കുവാന്‍ ഉതകുന്നതാകണം വിദ്യാഭ്യാസം. അതാകണം സാമൂഹ പരിഷ്കരണം ലക്ഷ്യമാക്കുന്നവര്‍ ചെയ്യേണ്ടത്.
  Print Friendly

  611total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in