പ്രകൃതിയെ സംരക്ഷിക്കണം എന്ന് തോന്നുന്നുണ്ടോ?
by Santhosh Olympuss • September 1, 2013 • പരിസ്ഥിതി • 0 Comments
പ്രകൃതിയെ സംരക്ഷിക്കണം എന്ന് തോന്നുന്നുണ്ടോ?
നാം, നമ്മെ ആണ് സംരക്ഷിക്കേണ്ടത്. പ്രകൃതിയുടെ പ്രാഥമിക (ലഘു) നിയമങ്ങള്‍ പാലിക്കാന്‍ നാം സര്‍വാത്മനാ ബാദ്ധ്യസ്ഥരാണ്. അവ പാലിക്കാതെ ആകുമ്പോള്‍ ദ്വിതീയ നിയമങ്ങള്‍ (ഗുരു) നിയമങ്ങള്‍ പ്രകൃതിയാല്‍ നടപ്പിലാക്കപ്പെടും. മൃഗങ്ങള്‍ക്ക് പ്രകൃതി നിയമങ്ങളെ പ്രാഥമിക നിയമങ്ങള്‍ ആയി നേരിട്ട് അനുസരിക്കയെ വഴി ഉള്ളൂ.. കാരണം മൃഗങ്ങള്‍ക്ക് പൊതു ധിഷണ (പരേഛ) യ്ക്ക് അതീതമായി ഒരു സ്വതത്ര ധിഷണ (സ്വേഛ/ ഫ്രീ വില്‍) ഇല്ല തന്നെ. അവയുടെ ധിഷണ, മൂര്ത്താധിഷ്ഠിത ഭാവനാ വിമുക്തവും, നൈസര്‍ഗിക ചോദനകളില്‍ (instinct) അധിഷ്ഠിതവുമാണ്. എന്നാല്‍ മനുഷ്യന് അത്തരത്തിലല്ല നില കൊള്ളുന്നത്..മറ്റെല്ലാ ജീവ ജാലങ്ങളുടെയും പൊതു ഇഛയാല്‍ ഉരുവാകുന്ന പരേഛയെ അല്ല മനുഷ്യന് ആശ്രയിക്കുക. അവനു സ്വേഛ ഉണ്ട്. അവന്റെ ധിഷണ ഭാവനാ നിയന്ത്രിതമാണ്… അതിനാല്‍, ലഘു നിയമങ്ങളുടെ പരിധിയ്ക്കും അപ്പുറം, (എന്നാല്‍ ഗുരു നിയമങ്ങളുടെ പരിധിയില്‍ നിന്ന് കൊണ്ട്) പ്രപഞ്ച വികാസ ധാരയെ (കാലത്തെ) സാധ്യമായ അളവില്‍ ഗതി നിയന്ത്രണം നടത്താന്‍ അവനാകും. ഇത് പ്രകൃതി നിയമ നിഷേധം അല്ല. പ്രകൃതിയ്ക്കും പ്രപഞ്ചത്തിനും അതീതമായൊരു നിയമവും വ്യവസ്ഥയും മനുഷ്യന് ഉണ്ടാക്കാന്‍ കഴിയില്ല എന്നിരിക്കെ, മനുഷ്യന്റെ സ്വേഛ മാത്രമാണ് അവനു വല്ലതും ചെയ്യാനുള്ള ഇടം. അതിലൂടെ തന്നെ ആണ് ഈ സമൂഹത്തിന്റെ വഴി തിരിഞ്ഞതെങ്കില്‍, അതേ സ്വതന്ത്രേഛ കൊണ്ട് വേണം ധര്‍മ വഴിയില്‍ തിരികെ എത്താന്‍.. അങ്ങിനെ ഒരു സാദ്ധ്യത ഉള്ളപ്പോള്‍ നാം അതുപയോഗിക്കുക തന്നെ വേണം.
പ്രകൃതിയെ നാം സംരക്ഷിക്കേണ്ടതില്ല. എന്നാല്‍ ഈ പോക്ക് പോയാല്‍ നാം അമ്പാടെ നിലയറ്റു പോകും. മനുഷ്യന് പ്രകൃതിയിലെ അവന് ജീവിക്കുന്ന ഈ പരിസ്ഥിതിയില്‍ വരുത്തിയ മാറ്റം, അവനു തന്നെ വിനയാകും. ഏതു ബുദ്ധിയാല്‍ ഉണ്ടായ ചെയ്തികളാല്‍ അവന് ജീവിക്കുന്നപരിസ്ഥിതിയുടെ താളം തെറ്റിച്ചുവോ അതേ ബുദ്ധി ഉപയോഗിച്ചു നഷ്ട്ടമായത് പുനസ്ഥാപിക്കാന്‍ പ്രകൃതി നിയമങ്ങളെ ഉപയോഗപ്പെടുത്താന്‍ ഉള്ള സ്വാതത്ര്യവും അവനു സ്വന്തമായുണ്ട്. ആ സ്വതന്ത്ര ബുദ്ധി ഉപയോഗിക്കണമെന്ന് ആണ് ഞാന്‍ പറഞ്ഞതിന് അര്‍ഥം.
പരമ ധിഷണ ക്രമപ്പെടുത്തിയ ഒരു ബൃഹദ് സംവിധാനത്തില്‍, അതിന്റെ വെറും ഘടകമായ ഒരു കണത്തിനു എന്ത് ചെയ്യാനാകും, എന്ത് ചെയ്യേണ്ടതുണ്ട് എന്നാണു ഒരു ചോദ്യം.
എന്റെ മറുപടി ഇതാണ്.
പ്രകൃതിയുടെ ബ്ലൂ പ്രിന്റിനോട് പ്രതികരിക്കാന്‍ പല വഴികള്‍ (കാര്ട്ടീഷനുകള്) ഉണ്ട്. ഒന്നുകില്‍ വര്‍ത്തമാനത്തിന്റെ ഒഴുക്കില്‍ ആ വഴി നിന്ന് കൊടുക്കാം. അല്ലെങ്കില്‍ പരിഷ്കരണത്തിനു ശ്രമിക്കാം, അതുമല്ലെങ്കില്‍ പൂര്‍വ സംവിധാനത്തിലേക്ക് തിരികെ ചെല്ലണമെന്ന് ശഠിക്കാം. ഇത് മൂന്നും ഇവിടെ സംഭവിക്കുന്നു. എന്ത് ചെയ്താലും പ്രകൃതി ഒരുക്കിയ പരിധിക്കപ്പുറത്തേയ്ക്ക് പോകുവാന്‍ ആകില്ല.
എങ്കില്‍ എന്ത് ചെയ്തിട്ടെന്തു കാര്യം എന്ന് അങ്ങയുടെ ചോദ്യം.
എങ്കില്‍ ഉള്ളത് പോലെ ഭംഗിയായി, ശാന്തമായി ജീവിക്കാമല്ലോ എന്ന് എന്റെ പക്ഷം.
തര്‍ക്കങ്ങള്‍ക്കില്ല. ഇതെന്റെ ധര്‍മം. അത് ചെയ്യുകയാണ് ഞാനിവിടെ. ലക്ഷ്യ ബോദ്ധ്യം ഉണ്ട്. അത് ഞാന്‍ ആണ് നിര്‍വഹിക്കുക എന്ന തീരുമാനം ഇല്ല. ജ്ഞാനികള്‍ക്കു നിഷ്കര്മരോ നിഷ്കാമരൊ ആകാന്‍ ആകും. ഞാന്‍ അങ്ങിനെയല്ല എന്ന് അറിവുള്ളതാണല്ലോ.. ചെയ്യാനുള്ളത് ചെയ്തു കൊണ്ടിരിക്കട്ടെ. നന്മ
https://www.facebook.com/photo.php?fbid=456884287692850
907total visits,1visits today