• ഭൂമിക്കു ജീവനുണ്ടോ?

   ദിനം പ്രതി പാരിസ്ഥിതിക തുലനത താളം തെറ്റിക്കൊണ്ടിരിക്കുന്ന നമ്മുടെ ഗോളത്തിന്, മനുഷ്യന്‍ നല്‍കിക്കൊണ്ടേയിരിക്കുന്ന പ്രക്ഷുബ്ദ്ധതകള്‍ താങ്ങാവുന്നതല്ല. ഒട്ടേറെ പരിസ്ഥിതി സംഘടനകളും സര്‍ക്കാര്‍ മിഷനറികളും, ലോകമെങ്ങും നിരന്തരം ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയിട്ടും നാള്‍ക്കുനാള്‍ ഭൌമ പ്രകൃതിക്ക് താങ്ങാവുന്ന ആഘാതങ്ങള്‍ക്കും അപ്പുറത്തെയ്ക്ക് നം പോയ്‌ക്കൊണ്ടേ ഇരിക്കുന്നു. വ്യവസായീകരണവും മുതലാളിത്തവും ഈ അപചയങ്ങള്‍ക്കായുള്ള മുഖ്യ വ്യാകരണങ്ങള്‍ ചമയ്ക്കുന്നുണ്ടെങ്കിലും, മനുഷ്യസമൂഹത്തിനു ഭൌമസംവിധാനത്തെ പറ്റിയുള്ള ശരിയായ ബോദ്ധ്യമില്ലായ്കയാണ് ഇങ്ങിനെ ഒരു ഭസ്മാസുര ശാപത്തിന് കാരണം എന്ന് ഇന്ന് പൊതുവേ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ലോകമെങ്ങും ഉള്ള ജനതയെ അത്തരമൊരു ബോദ്ധ്യത്തിലേയ്ക്ക് നയിക്കുക എന്ന കര്‍മം അതി കഠിനമാണെങ്കിലും, നിയമ നിര്‍മാതാക്കള്‍ മുതല്‍ സാധാരണക്കാര്‍ വരെ (legislators to laymen) ഈ ബോദ്ധ്യം കൈക്കൊണ്ടേ പറ്റൂ എന്ന നിലയിലേക്ക് സമഗ്ര പരിസ്ഥിതി വീക്ഷകര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അതിന്റെ ഫലമായി ആഴത്തിലുള്ള പരിസ്ഥിതി സമീപനം ഉള്ള സമഗ്ര സുസ്ഥിര സമൂഹങ്ങള്‍ ലോകമെങ്ങും മുന്‍പോട്ടു വയ്ക്കുന്ന ബൃഹദ് ശ്രമമാണ് പാരിസ്ഥിതിക സാക്ഷരത എന്ന സമഗ്ര പരിസ്ഥിതി പ്രബോധനം. കാലിഫോര്‍ണിയയില്‍ സുപ്രസിദ്ധ ശാസ്ത്രകാരനും ചിന്തകനുമായ ശ്രീ ഫ്രിജ്രോഫ് കാപ്രയുടെ നേതൃത്വത്തില്‍ ഇക്കോലിറ്ററസി എന്ന സ്ഥാപനം  ഈ പരിപാടി നടത്തി വരുന്നു. സുസ്ഥിര ജീവന കമ്യൂണിറ്റികളായ നവഗോത്ര സമൂഹങ്ങളും, ഗ്ലോബല്‍ ഇക്കോ വില്ലേജ് നെറ്റ് വര്‍ക്കും  ലോകത്തിന്റെ പലയിടങ്ങളില്‍ സമാന്തര ശ്രമങ്ങള്‍ നടത്തി വരുന്നുണ്ട്. ഭാരതത്തിലും നേപ്പാളിലും ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ സെന്‍റര്‍ ഫോര്‍ ഡീപ് ഇക്കോളജി ആണ് ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.  

  കേവലമായ പ്രചുര ശാസ്ത്ര സമീപനം കൊണ്ട് മാത്രം കാലികമായ പാരിസ്ഥിതിക സമസ്യയ്ക്ക് ഒരു സമഗ്ര പരിഹാരം ഉണ്ടാകില്ല എന്നതിനാല്‍ പ്രകൃതി തത്വശാസ്ത്രം (Ecosophy), ആഴപരിസ്ഥിതി (Deep Ecology) എന്നീ നവ വീക്ഷണ സമീപനങ്ങളെ പരിചയപ്പെടുത്തി ക്കൊണ്ടാണ് പരിസ്ഥിതി സാക്ഷരത അതിന്റെ പഠിതാക്കളുടെ ബോദ്ധ്യത്തെ സമീപിക്കുന്നത്. പ്രാപഞ്ചിക ജീവിത സംവിധാനത്തില്‍ കേവല കോശമായ മനുഷ്യന്റെ സ്ഥാനം എവിടെ എത്ര മാത്രമാണെന്നും അവനു ഉണ്ടെന്നു കരുതുന്ന അപരിമിതമെന്നു കരുതപ്പെടുന്ന സ്വാതന്ത്ര്യം യഥാര്‍ത്ഥത്തില്‍ എവിടെ വരെയാണെന്നും അവന്റെ നൈസര്‍ഗികമായ ധര്‍മങ്ങള്‍ എന്തെല്ലാമാണെന്നും പാലിക്കേണ്ടുന്ന മൂല്യങ്ങള്‍ എന്തെല്ലാമാണെന്നും ഒക്കെ, വ്യവസ്ഥാ ചിന്തനം എന്ന പുതിയൊരു (ഒരു പക്ഷെ ഇടക്കാലത്ത് വ്യവസായിക വിപ്ലവത്തിനിടെ നമുക്ക് കൈമോശം വന്നത്) സമീപനത്തിലൂടെ മനസ്സിലാക്കുവാന്‍ ഓരോരോരുത്തരെയും പ്രാപ്തരാക്കുവാന്‍ പരിസ്ഥിതി സാക്ഷരതാ പരിപാടി ശ്രമിക്കുന്നു. സാദ്ധ്യമാകുമെങ്കില്‍ ഒരു നിയമ നിര്‍മാണത്തിലൂടെ, സര്‍വ പൌരരും ഈയൊരു പരിശീലന പരിപാടിയിലൂടെ നിര്‍ബന്ധമായും കടന്നും പോകും വിധമുള്ള ഒരു നിയമ നിര്‍മാണം നടത്തുവാന്‍ നിയമ നിര്‍മാതാക്കളെ പ്രേരിപ്പിക്കുക എന്ന അത്ര എളുപ്പമല്ലാത്ത ഒരു സ്വപ്നവും ഈ പരിപാടിയുടെ ഭാരതത്തിലെ നിര്‍വാഹകര്‍ പേറുന്നുണ്ട്. ഈ പ്രബോധന പരിപാടിയുടെ കാതലായ ചില വിഷയങ്ങളാണ് ഈ ലേഖനത്തിലെ മുഖ്യ പ്രമേയം. 

  ഭൂമിയില്‍ നാം എവിടെ ജീവിക്കുന്നു. 

  എവിടെയാണ് നാം വസിക്കുന്നത് എന്ന ചോദ്യത്തിനു ഭൂമിക്കു മുകളില്‍ എന്ന ഒരു സാധാരണ ഉത്തരമാണ് നാം നല്‍കാറ്. യഥാര്‍ത്ഥത്തില്‍ ഭൂമിക്കു മുകളില്‍ ആണോ നാം വസിക്കുന്നത് എന്ന് നാം പൊതുവില്‍ ആലോചിക്കാറില്ല. ഭൂമിക്കകത്ത് ക്രസ്റ്റ്, മാന്റില്‍, പുറംകോര്‍, അകംകോര്‍  എന്നീ തട്ടുകള്‍ ഉണ്ടെന്നു ഭൂമിശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങളില്‍ നിന്നും നാം മനസ്സിലാക്കിയിട്ടുള്ളതാണല്ലോ. അത് പോലെ ഭൂമിക്ക് പുറത്ത് ട്രോപോസ്ഫിയര്‍, സ്ട്രാറ്റോസ്ഫിയര്‍, മെസോസ്ഫിയര്‍, തെര്‍മോസ്ഫിയര്‍, എക്സോസ്ഫിയര്‍ എന്നീ തട്ടുകള്‍ ഉണ്ടെന്നും നാം പഠിച്ചിട്ടുണ്ട്. ക്വാണ്ടം മണ്ഡല സിദ്ധാന്തം, ഏതൊരു വ്യവസ്ഥയ്ക്കും അതിന്റെ കാണാവുന്നതോ അളക്കാവുന്നതോ ആയ പരിധിക്കും ലക്ഷക്കണക്കിന് മടങ്ങ്‌ വലിപ്പത്തില്‍ മണ്ഡലം ഉണ്ടെന്നു സ്ഥാപിക്കുന്നു. ഭൂമിയുടെ ദൃശ്യമായ പരിധിയുടെ മുകളില്‍ (അതായത് ക്രസ്റ്റിനു മുകളില്‍) വസിക്കുന്ന മനുഷ്യന്‍  അദൃശ്യമായ ഭൂമണ്ഡലത്തിനു (ട്രോപോസ്ഫിയറിന്) അകത്ത് ആണ് നില കൊള്ളുന്നത്‌. മനുഷ്യന് മുകളില്‍ ഉള്ള മണ്ഡലത്തില്‍ അവന്‍ ശ്വസിക്കുന്നു, നടക്കുന്നു, കൃഷി ചെയ്യുന്നു, കെട്ടിടങ്ങള്‍ കെട്ടി ജീവിക്കുന്നു, പറക്കുന്നു, എന്തിന് മുകളില്‍ നിന്നുമുള്ള മഴയും മൂലകങ്ങളും ഊര്‍ജവും പോലും സ്വീകരിക്കുന്നു (ഇവയൊന്നും ഭൂമിക്കു വെളിയില്‍ അല്ലല്ലോ). അങ്ങിനെ ഭൂമി എന്ന വലുതായ ഒരു കൂടി(Nest)നകത്ത്‌ ജീവിച്ചു കൊണ്ടാണ്, ഭൂമിക്കു മുകളില്‍ കയറി നില്‍ക്കുന്നു എന്ന് മനുഷ്യന്‍ അഹങ്കരിക്കുന്നത്. ഇത്ര ലളിതമായൊരു നിലയില്‍ നിന്നും ഒരു വീക്ഷണ മാറ്റം കൊണ്ട് തന്നെ മനുഷ്യന് അവന്റെ പരിമിതിയെ ബോദ്ധ്യപ്പെട്ടു തുടങ്ങാവുന്നതാണ്.

  ഭൂമിയും ജീവനും  

  നാം ഭൂമിക്കു അകത്തു ജീവിക്കുന്നുവെന്ന് നമുക്ക് ബോദ്ധ്യമായി. ഇതര ഗോളങ്ങളില്‍ നിന്നും ഭൂമിയെ വ്യത്യസ്തമാക്കുന്നത് എന്താണ്? ഭൂമിയില്‍ ജീവനുണ്ട് എന്നാണു പൊതു ഉത്തരം. എന്നാല്‍ ഭൂമിക്കു ജീവനുണ്ടോ എന്ന ഒരു അന്വേഷണം നാം നടത്തിയിട്ടുണ്ടോ? ഈ വിധം അന്വേഷിക്കുമ്പോള്‍ ജീവന്‍ എന്തെന്നും നം അറിയേണ്ടി ഇരിക്കുന്നു. കാര്‍ബണ്‍ കണങ്ങള്‍, ഹൈഡ്രജന്‍, ഓക്സിജന്‍, നൈട്രജന്‍ എന്നിങ്ങനെയുള്ള ചില ജൈവ സഹായക മൂലകങ്ങളുമായി ചേരുന്ന ഒരു അവസ്ഥ ആണ് ജീവന്‍ എന്ന് അക്കാദമിക് ജീവശാസ്ത്രം ഏതാണ്ട് ചൂണ്ടിക്കാണിക്കുന്നു.  ജീവനുള്ള വസ്തുക്കളിലും, മരിച്ച ജൈവ വസ്തുക്കളിലും ഒരു പോലെ കാണപ്പെടുന്ന ദ്രവ്യ (പ്രോട്ടോപ്ലാസവും ഡീ എന്‍ എയും ആര്‍ എന്‍ എയും ഒക്കെ) സാന്നിദ്ധ്യത്തെ വച്ച് മാത്രം ജീവനെ അറിയാന്‍ കഴിയില്ല എന്നയിടത്തു, ജീവികളുടെ “ജീവനോടെ ഉള്ള അവസ്ഥ”യെ വിശദീകരിക്കുന്നതില്‍ അക്കാദമിക് ജീവശാസ്ത്രം ഇടിച്ചു നില്‍ക്കുന്നു. അതെ സമയം ജീവന്റെ ചാലന സംവിധാനത്തെ മനസ്സിലാക്കുവാന്‍ ആധുനിക ഊര്‍ജതന്ത്രത്തിന്റെ വികാസം നമ്മെ സഹായിക്കുന്നുണ്ട്. (അത് കൊണ്ടാകണം, ഊര്‍ജതന്ത്ര കേന്ദ്രീകൃതമായ ഒരു ശാസ്ത്രമേ കുറച്ചു നാള്‍ കഴിഞ്ഞാല്‍ ഇവിടെ ഉണ്ടാകൂ എന്ന് സ്റ്റീഫന്‍ ഹോക്കിന്‍സ് ഒരിക്കല്‍ പറഞ്ഞത്)

  യുക്തി കൊണ്ട് ജീവനെ അറിയാന്‍ ശ്രമിക്കുമ്പോള്‍ പ്രാഥമികമായി നാം മനസ്സിലാക്കേണ്ട ചില പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ ഉണ്ട്. അവയെ നമുക്കൊന്ന് പരിശോധിക്കാം.

  സംഘാടനങ്ങള്‍ 

  ജീവനെ അറിയാന്‍ ആദ്യമായി നാം പരിചയപ്പെടേണ്ടത് അവയുടെ സംഘാടനത്തെ പറ്റിയാണ്. സംഘാടനം (Organization) എന്നത് ഒരു വസ്തു രൂപമെടുക്കുവാനായി അതിന്റെ ഘടക ഭാഗങ്ങള്‍ കൂടിച്ചേരുന്ന പ്രക്രിയ ആണ്. പൊതുവില്‍ മൂന്നു വിധം സംഘാടനങ്ങള്‍ ആണുള്ളത്. പ്രേരിത സംഘാടനം, യാന്ത്രിക സംഘാടനം, സ്വയം സംഘാടനം. അവ മൂന്നും എന്തെന്ന് നോക്കാം.

  പ്രേരിത സംഘാടനം : പ്രേരിത സംഘാടനത്തെ മനസിലാക്കുവാനായി ഒരു അരുവിയിലെ മണല്‍ത്തരികളെ ഉദാഹരണമായി എടുക്കാം. വെള്ളമോ കല്ലുകളോ ഇവിടെ ബോധപൂര്‍വം ഒന്നും ചെയ്യുന്നില്ല. ഗുരുത്വാകര്‍ഷണത്തിനൊത്ത് അവ ഒഴുകുന്നു. അരുവിയിലെ നീരൊഴിക്കിനാല്‍ പ്രേരിപ്പിക്കപ്പെട്ടു കല്ലുകള്‍ ഉരുളുകയും പൊടിയുകയും മണല്‍ ഉണ്ടാകുകയും ചെയ്യുന്നു. അരുവിയുടെ ഒഴുക്ക് ആണ് ഇവിടെ സംഘാടകന്‍. എന്നാല്‍ അത് ബോധപൂര്‍വ്വം ഉണ്ടാകുന്നതല്ല. ഒഴുക്കിന്റെ പ്രേരണയാല്‍ കല്ല്‌ പൊടിയല്‍  സംഭവിക്കുന്നു. അതിനാല്‍ ഈ വിധമുള്ള സംഘാടനത്തെ പ്രേരിത സംഘാടനം എന്ന് വിളിക്കാം. 

  യാന്ത്രിക സംഘാടനം : പ്രേരിത സംഘാടനത്തിന്റെ ഒരു ഉപഭേദമാണ് യാന്ത്രിക സംഘാടനം. യാന്ത്രിക സംഘാടനത്തെ മനസിലാക്കുവാനായി ഒരു സൈക്കിളിനെ ഉദാഹരണത്തിന് എടുക്കാം. ചക്രങ്ങള്‍ മുതല്‍ പെഡല്‍ വരെ ഒട്ടേറെ ഘടകങ്ങള്‍ ചേര്‍ന്നിട്ടാണ് ഒരു സൈക്കിള്‍ (അത് പോലെ ഏതു യന്ത്രവും) ഉണ്ടാകുന്നത്. എന്ന് വച്ച് ആ സൈക്കിളിന്റെ ഘടകങ്ങളെ എല്ലാം വാങ്ങി ഒരിടത്ത് കൂട്ടി ഇട്ടാല്‍ അതൊരു സൈക്കിള്‍ ആകില്ല. സൈക്കിള്‍ ആകണമെങ്കില്‍ ആ ഘടകങ്ങളെല്ലാം സവിശേഷമായ രീതിയില്‍ ഒത്തു ചേരേണ്ടി ഇരിക്കുന്നു. ഒരു കൃത്രിമ സംവിധാനത്തിനോ ഒരു യന്ത്രത്തിനോ ആ ജോലി നിര്‍വഹിക്കുവാന്‍ (സം-ഘടിപ്പിക്കുവാന്‍) കഴിയും. അതിനാല്‍ ഈ സംഘാടനത്തെ  യാന്ത്രിക സംഘാടനം എന്ന് വിളിക്കാം. സംഘാടന പ്രക്രിയ യാന്ത്രികമാണെങ്കിലും, ഒരു പുറം ബുദ്ധിയുടെ കൃത്യവും നിര്‍ദിഷ്ടവും ആയ ഇടപെടല്‍ മൂലമാണ് സംഘാടനം നടക്കുന്നത്. 

  സ്വയം സംഘാടനം : മൂന്നാമതായി സ്വയം സംഘാടനത്തിനു  ഉദാഹരണമായി ഒരു ആള്‍ക്കൂട്ടത്തെ എടുക്കാം. അതിനുള്ളിലേക്ക്‌ ഒരു വാഹനം പതിയെ ഓടി വരുന്നു എന്നിരിക്കട്ടെ, സാധാരണ രീതിയില്‍, ആള്‍ക്കൂട്ടം സ്വയം വകഞ്ഞു മാറുകയും യാതൊരു കൂട്ടിയിടികളും ഇല്ലാതെ വാഹനം ആള്‍ക്കൂട്ടത്തെ കടന്നു പോകുകയും ചെയ്യും. ആള്‍ക്കൂട്ടത്തിലെ വ്യക്തികളും, ഡ്രൈവറും ഒരുപോലെ പരസ്പര പൂരകമായി, ഏകതാനമായി  പ്രവര്‍ത്തിക്കുന്നത് കൊണ്ടാണത് സംഭവിക്കുന്നത്‌. മറ്റൊരു ബാഹ്യ പ്രേരണയോ ഇടപെടലോ അവിടെ ആവശ്യമായി വരുന്നില്ല. അങ്ങിനെ സ്വയം നിര്‍വഹണം ചെയ്തു സംഘാടനം സംഭവിക്കുന്നതിനെ സ്വയം സംഘാടനം എന്ന് വിളിക്കാം. 

  ഇങ്ങിനെ സ്വയം സംഘാടനം ചെയ്യുന്ന സവിശേഷ സംവിധാനമാണ് ജീവന്‍. അനുകൂല പശ്ചാത്തലങ്ങളില്‍ സ്വയം സംഘാടനം ചെയ്യപ്പെടുന്ന ജീവ വ്യവസ്ഥകള്‍ സ്വയം പരിചരണം, സ്വയം സംരക്ഷണം, സ്വയം വംശീകരണം എന്നീ സ്വധര്‍മങ്ങള്‍ നിര്‍വഹിക്കുന്നു. ഭൌതികമായി പറഞ്ഞാല്‍ സവിശേഷമായ രീതിയില്‍ ഘടകങ്ങളെ ഒത്തു ചേര്‍ക്കപ്പെട്ട (ഘടനാ സമഗ്രതയുള്ള) വ്യവസ്ഥകളെ ആണ്  ജൈവ വ്യവസ്ഥ എന്ന് പറയുന്നത്. ഒരു വസ്തുവിന്റെ ഭൌതിക രൂപത്തെ മാത്രം അളന്നു കൊണ്ട് അതിന്റെ സവിശേഷ സ്വഭാവത്തെ അറിയാന്‍ കഴിയില്ല. അതിനാല്‍  ദ്രവ്യം എന്ന ഭൌതികമായ ഒന്നിന്റെ  ഭൌതികേതര അവസ്ഥകളെന്തെല്ലാം ആണെന്ന് പ്രകൃതി തത്വശാസ്ത്ര വീക്ഷണത്തില്‍ നമുക്കൊന്ന് പരിശോധിക്കാം. 

  ദ്രവ്യത്തിന്റെ ഭൌതികേതര മാനമാകുന്ന ജീവന്‍.

  സ്കൂള്‍ ക്ലാസ്സുകള്‍ മുതല്‍ തന്നെ ദ്രവ്യത്തിന്റെ ഭൌതിക അവസ്ഥകളെപ്പറ്റി നമുക്ക് പ്രാഥമികമായി പരിചയമുണ്ടല്ലോ. ഖരം, ദ്രാവകം, വാതകം, പ്ലാസ്മ, സാന്ദ്രീകൃത ഊര്‍ജം (പല ഉപ വിഭാഗങ്ങളുള്ള കണ്ടന്‍സേറ്റുകള്‍) എന്നിങ്ങനെ പ്രകൃതി തത്വശാസ്ത്രം ഇവയെ താത്വികമായി വര്‍ഗീകരിച്ചിരിക്കുന്നു. ദ്രവ്യത്തിന്റെ ഭൌതിക അവസ്ഥയ്ക്ക് തത്തുല്യമായ ഒരു സ്വഭാവവിശേഷം (പ്രതിഭാസം) അതിനുണ്ടാകുമെന്നും, അതിനൊത്ത ഒരു പ്രവര്‍ത്തനം (ധര്‍മം) അത് കാഴ്ച്ചവയ്ക്കുമെന്നും, അതിനനുസരിച്ചുള്ള അനുരൂപപ്പെടല്‍ (ജ്ഞാനം) ആ സത്തയ്ക്ക് ഉണ്ടാകുമെന്നും, അതിനൊത്ത അന്യോന്യ ബലങ്ങള്‍ (ചൈതന്യം) അതിലുളവാകുമെന്നും പ്രകൃതി തത്വശാസ്ത്രം വീക്ഷിക്കുന്നു. ഭൌതികാവസ്ഥകള്‍ക്ക് അനുസരിച്ച് യഥാക്രമമായി അവയുടെ പ്രതിഭാസ സ്വഭാവങ്ങളെ നിരീക്ഷിച്ചാല്‍ ചലന സ്വാതന്ത്ര്യമില്ലാതെ സ്ഥിരമായിരിക്കുന്ന സ്വഭാവം (സ്ഥിതം), ചലന സ്വാതന്ത്ര്യത്തോടെ സ്ഥിരമായിരിക്കുന്ന സ്വഭാവം (ചലസ്ഥിതം), ചലിക്കുന്ന സ്വഭാവം (ചലം), സ്വയം നിയന്ത്രിച്ചു കൊണ്ട് ചലിക്കുന്ന സ്വഭാവം (ജൈവം), സ്വയം ചലിക്കുകയും മറ്റുള്ളവയുടെ ചലനങ്ങളെ സ്വാധീനിക്കയും ചെയ്യുന്ന സ്വഭാവം (അതിജൈവം അഥവാ പ്രാപഞ്ചികം) എന്നിങ്ങനെ അഞ്ചായി മനസ്സിലാക്കുവാന്‍ കഴിയും. ഇവയില്‍ നാലാമത്തേതാണ് സ്വയം നിയന്ത്രണ സംവിധാനമായ ജീവന്‍.

  ജീവികള്‍ പ്ലാസ്മിക് രൂപികള്‍ കൂടി ആകുന്നു.

  ജീവനുള്ള സത്തകള്‍ കേവലം ഖര രൂപികള്‍ അല്ല എന്ന് നമുക്കറിയാം. ഖരത്തോടൊപ്പം ദ്രാവക വാതകങ്ങള്‍ കൂടി ചേര്‍ന്ന് കൊണ്ടാണ് നാം പൊതുവേ ജീവികളെ മനസ്സിലാക്കാറുള്ളത്. (ഉദാഹരണത്തിന് മനുഷ്യന്റെ ശരീരത്തില്‍ ഖര ദ്രാവക വാതക രൂപങ്ങള്‍ ഉണ്ട്) എന്നാല്‍ ജീവനോടെ നിലകൊള്ളുന്നു എന്ന് പറയപ്പെടുന്ന ഒരു ജീവ സത്തയ്ക്ക് (ജീവിക്ക്) ഒരു പ്ലാസ്മിക് മണ്ഡലം കൂടി ഉണ്ടാകുമെന്ന് പ്രകൃതി തത്വശാസ്ത്രം വീക്ഷിക്കുന്നു.  അതായത് ജീവികള്‍ ഖര – ദ്രാവക – വാതക മിശ്രിത രൂപികള്‍ മാത്രമല്ല, പ്ലാസ്മിക് രൂപികളും കൂടി ആണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പ്ലാസ്മിക് രൂപമുള്ള ഭൌതിക സത്തകള്‍ക്കാണ് ജീവന്‍ ഉണ്ടാകുക. അവയ്ക്ക് ഇതര രൂപങ്ങള്‍ എല്ലാം തന്നെ ഉണ്ടാകണം എന്നോ എല്ലാ ജീവ സത്തകളുടെയും സാന്നിദ്ധ്യം ഒരു പ്രത്യേകയിടത്ത് നാം അറിയണം എന്നോ ഇല്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ ചില പ്രത്യേക ജീവികള്‍ (സൂക്ഷ്മ ജീവികളും മറ്റും) പ്രത്യക്ഷമാകുന്നതിനെ പലപ്പോഴും നാം കാരണമറിയാത്തതെന്നു വിലയിരുത്തുന്നത്, ഈ വഴിയിലുള്ള വ്യക്തത ഇല്ലാത്തത് കൊണ്ടാണ്.

  പ്ലാസ്മിക് രൂപികള്‍ക്കാണ് ജീവനുണ്ടാകുക എന്ന് നാം ചര്‍ച്ച ചെയ്തു.  പ്ലാസ്മിക് രൂപികള്‍ക്ക് കൈവരുന്ന ഈ പ്രതിഭാസ വിശേഷത്താല്‍ അവ  പരസ്പര ധര്‍മങ്ങള്‍ നിര്‍വഹിക്കുകയും, ഭാവനാത്മകമായി അനുരൂപപ്പെടുകയും, അര്‍ത്ഥനാപരമായ അന്യോന്യ ബലം ചെലുത്തുകയും ചെയ്യുന്നു. ഖര – ദ്രാവക – വാതക രൂപങ്ങളുടെ ഏകതാനതയ്ക്ക് മേല്‍ പ്ലാസ്മിക് രൂപ സ്വഭാവങ്ങള്‍ കൈക്കൊള്ളുന്ന ഒരു ഘടനാ സമഗ്രമായ ശരീരത്തെ  നാം ജീവ സത്ത എന്നോ ജീവി എന്നോ വിളിക്കുന്നു. അതിനാല്‍ തന്നെ, പ്ലാസ്മിക് രൂപ സ്വഭാവം കൈ വെടിഞ്ഞു കേവലം ഖര – ദ്രാവക – വാതക രൂപങ്ങളുടെ കൂട്ടം മാത്രമാകുന്ന ഒരു സത്തയെ നാം മൃത സത്ത എന്നാണു വിളിക്കാറ്. ജീവശരീരവും മൃതശരീരവും തമ്മിലുള്ള കാതലായ വ്യത്യാസത്തെ പ്രകൃതി തത്വശാസ്ത്രം നമ്മെ ഇങ്ങിനെയാണ്‌ പരിചയപ്പെടുത്തുന്നത്.   

  ഭൌതികേതര മാനങ്ങള്‍ക്കും അപ്പുറത്ത് നാം അന്വേഷിക്കുമ്പോള്‍ ആണ് ജീവന്‍ എന്ന സ്വയം നിയന്ത്രണ സംവിധാനത്തെ ശരിയാം വിധം മനസ്സിലാകുന്നത്‌. ന്യൂട്ടോണിയന്‍ ശാസ്ത്ര വിശ്വാസികള്‍ ഭൌതികമായും താത്വിക വിശ്വാസികള്‍ ഭൌതികേതരമായും അന്വേഷിക്കുന്ന പ്രാപഞ്ചിക വിന്യാസത്തെ, കുറച്ചു കൂടി വ്യക്തമായി ബോദ്ധ്യപ്പെടാന്‍, ഇവയെ സമഗ്രമായി കാണുവാന്‍ നമുക്ക് കഴിയണം. പ്രകൃതി തത്വശാസ്ത്രം ഈ സമഗ്രമായ നോക്കിക്കാണലിനെ വ്യവസ്ഥാ വീക്ഷണം എന്നാണു വിളിച്ചു തുടങ്ങിയിട്ടുള്ളത്. അതിനാല്‍ ജീവനെന്ന സ്വയം നിയന്ത്രണ സംവിധാനങ്ങളെ ശരിയായി മനസ്സിലാക്കുവാന്‍ വ്യവസ്ഥാ നിയമം എന്തെന്ന് അറിയാന്‍ ശ്രമിക്കാം.  

  വ്യവസ്ഥാ ക്രമീകരണം. 

  കുറെ ഘടകങ്ങള്‍ സവിശേഷമായ രീതിയില്‍ ഒത്തു ചേര്‍ന്ന് ഒരു പ്രത്യേക ധര്‍മം നിര്‍വഹിക്കുന്ന  ഒരു സംവിധാനത്തെ വ്യവസ്ഥ എന്ന് പറയാം. ഒരു സൈക്കിളും അരുവിയും ശരീരവും വ്യക്തിയും രാഷ്ട്രവും ഒക്കെ വ്യവസ്ഥകളാണ്. ഈ വ്യവസ്ഥകള്‍ (പ്രാഥമിക വ്യവസ്ഥ ഒഴികെ) എല്ലാം തന്നെ ഒട്ടേറെ ഉപ വ്യവസ്ഥകള്‍ ഒരുമിച്ചു ചേരുന്നവയായിരിക്കും.  അത് കൊണ്ട് തന്നെ ഓരോ വ്യവസ്ഥയും (അവസാന വ്യവസ്ഥ ഒഴികെ)  ഒരു വലിയ വ്യവസ്ഥയുടെ ഭാഗങ്ങള്‍ ആയിരിക്കും. നമുക്കറിയാവുന്ന ഏതു സത്തയും സംവിധാനവും നിയമവും ധര്‍മവും അറിവുകളും  ഒക്കെ വ്യവസ്ഥകള്‍ ആണ്. നാമും നമ്മുടെ ശരീരവും മനുഷ്യരാശിയും ഭൂമിയും ഒക്കെ ഓരോ വ്യവസ്ഥകള്‍ തന്നെ. ഈ വ്യവസ്ഥാ വിന്യാസത്തില്‍ നിന്നും മാറി ഒന്നും തന്നെ ഈ പ്രപഞ്ചത്തില്‍ നിലകൊള്ളുന്നില്ല. വ്യവസ്ഥകളെല്ലാം തന്നെ ചില നിശ്ചിത പ്രാപഞ്ചിക വിന്യാസങ്ങള്‍ക്ക് വിധേയമായാണ് നില കൊള്ളുന്നത്‌. കൂടുകള്‍ (Nested) ആയും ചാക്രിക (cyclic) മായും ജാലിക (Network) മായും ഒഴുക്ക്  (Flow) ആയും വളര്‍ച്ച (Development) യായും ഇലാസ്തിക (Resilience) മായും വ്യവസ്ഥകള്‍ വിന്യസിക്കപ്പെട്ടിട്ടുള്ളത് എങ്ങിനെ എന്ന് നമുക്ക് നോക്കാം.

  വ്യവസ്ഥകളുടെ കൂടായ (Nested) വിന്യാസം.

  വ്യവസ്ഥാ വീക്ഷണം അനുസരിച്ച് ഓരോ വ്യവസ്ഥയും കൂടുകളായി നില കൊള്ളുന്നു. ശരീരമെന്ന കൂടിനുള്ളില്‍ അവയവങ്ങള്‍ എന്ന കൂടുകളും അവയവമെന്ന കൂടിനുള്ളില്‍ കലകള്‍ എന്ന കൂടുകളും നില കൊള്ളുന്നു. അതെ സമയം, ശരീരം എന്ന കൂട് മനുഷ്യരാശി എന്ന കൂടിനകത്തും, മനുഷ്യരാശി എന്ന കൂട്  ജീവരാശി എന്ന കൂടിനകത്തും ആണ് നില കൊള്ളുന്നത്‌. അങ്ങിനെ പരമാണു മുതല്‍ പ്രപഞ്ചം വരെയും കൂടായി വിന്യസിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നെ ഈ പ്രപഞ്ചത്തിലെ ഒന്നിനും സ്വതന്ത്ര അസ്തിത്വമില്ല.

  മനുഷ്യന്‍ എന്ന കൂടിനകത്തെ കൂടുകളുടെ വിന്യാസത്തെ (ഉപവ്യവസ്ഥകളുടെ ക്രമത്തെ) നോക്കിയാല്‍ അവ യഥാക്രമം അവയവങ്ങൾ, കലകൾ, കോശങ്ങൾ, ഡീ എൻ എ / ആർ എൻ എ, പ്രോടോപ്ലാസം, സംയുക്തങ്ങൾ, മൂലകങ്ങൾ, ആറ്റങ്ങൾ, ക്വാക്കുകൾ (പരമാണു) എന്നിങ്ങനെയും  മനുഷ്യന്‍ എന്ന കൂടിനു പുറത്തെ കൂടുകളുടെ വിന്യാസത്തെ (ഉപരിവ്യവസ്ഥകളുടെ ക്രമത്തെ) നോക്കിയാല്‍ അവ യഥാക്രമം ജീവിവർഗം, ജീവരാശി, ഗയ്യാ (ഭൂമി), സൌരയൂഥം, ആകാശ ഗംഗാ, പ്രപഞ്ചം  എന്നിങ്ങനെയും  ക്രമീകരിച്ചിട്ടുള്ളതായി കാണാം. പരമാണു മുതല്‍ പ്രപഞ്ചം വരെയും കൂടുകളായി, മാലപോലെ വിന്യസിച്ചിട്ടുള്ള ഈ ബൃഹദ് സംവിധാനത്തില്‍ ഒരു കണ്ണിക്കും ഒരു നിമിഷം പോലും മാറി നില്‍ക്കുവാന്‍ ആകില്ല.  

  വ്യവസ്ഥകളുടെ ഒഴുക്കുകളായുള്ള (Flows) വിന്യാസം

  ജൈവ സ്വഭാവമുള്ള വ്യവസ്ഥകളെല്ലാം തന്നെ തന്റെ അകത്തോ പുറത്തോ കൂടെയോ ഉള്ള ഇതര വ്യവസ്ഥകളുമായി നിരന്തരമായ കൊടുക്കൽ വാങ്ങലുകളില്‍ ഏര്‍പ്പെട്ടിരിക്കും. ഊര്‍ജത്തിന്റെ ഏതെങ്കിലും രൂപത്തെ കൈമാറ്റം ചെയ്തു കൊണ്ടാണ് ജൈവ വ്യവസ്ഥകള്‍ അതിന്റെ സുസ്ഥിതിയും മുന്‍പോട്ടു പോക്കും ആര്‍ജിക്കുന്നത്. ജീവികള്‍ ശ്വസിക്കുകയും പാനം ചെയ്യുകയും ഭക്ഷിക്കുകയും വിസര്‍ജിക്കുകയും ഊര്‍ജ മണ്ഡല (flux) വിനിമയം നടത്തുകയും ചെയ്യുന്നത് ഈ ഒഴുക്കിന് തടസ്സമുണ്ടാക്കാതെ, ഈ ഒഴുക്കിലൂടെ ആണ്. അങ്ങിനെ എപ്പോഴെങ്കിലും ഒരു വ്യവസ്ഥയിലൂടെയുള്ള ഒഴുക്കുകൾ തടസ്സപ്പെടുകയാണെങ്കില്‍ ആ വ്യവസ്ഥ പ്രക്ഷുബ്ധമാകുന്നു. ആ വ്യവസ്ഥ പ്രക്ഷുബ്ധമാകുമ്പോള്‍ അതിന്റെ അകം പുറം കൂടുകളും അസ്വസ്ഥമാകും. ഒഴുക്കുകള്‍ നിരന്തരമായി തടസ്സപ്പെട്ടാല്‍, ആ വ്യവസ്ഥയെ ശിഥിലീകരിച്ചു പുനര്‍ വിന്യസിച്ചു കൊണ്ട് ഉപരി വ്യവസ്ഥ അതിന്റെ ഒഴുക്കും, ജീവനും നില നിര്‍ത്തും.

  വ്യവസ്ഥകളുടെ ജാലിക (Networks) വിന്യാസം

  എല്ലാ ജൈവ വ്യവസ്ഥകളും വലക്കണ്ണികള്‍ എന്ന പോലെ വിവിധ തരം ബന്ധങ്ങളിലൂടെ ഇഴുകിച്ചേർന്ന്, പരസ്പരം ആശ്രയിച്ചു കൊണ്ട് നിലനില്ക്കുന്നു. ഉദാഹരണത്തിന് ഒരു ഉദ്യാനത്തില്‍ പരാഗണം നടത്തുന്ന ശലഭങ്ങള്‍ക്ക് തേന്‍ പകരം ലഭിക്കുന്നു. ശലഭങ്ങളെ ആകര്‍ഷിക്കുന്ന നിറമാണ് പുഷ്പങ്ങള്‍ക്കുണ്ടാകുക. പൂച്ചെടി ആകട്ടെ, ആ പ്രദേശത്തിന്റെ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് അനുസൃതമായാണ് ഉണ്ടാകുക. പൂചെടിയില്ലാതെ ആ പ്രദേശമോ, പൂവില്ലാതെ ചെടിയോ, ശലഭമില്ലാതെ പൂവോ, പൂവില്ലാതെ ശലഭമോ പൂര്‍ണമാകുന്നില്ല. അതായത് ഓരോ വ്യവസ്ഥയും മറ്റു വ്യവസ്ഥകളുടെ ഭാഗമായാണ് നിലനില്ക്കുക. അതിനാല്‍ തന്നെ ഒരു വ്യവസ്ഥയെ പ്രത്യക്ഷമായി ബാധിക്കുന്ന എന്തും മറ്റു സമീപസ്ഥ വ്യവസ്ഥകളെ അധികമായും വിദൂര വ്യവസ്ഥകളെ അല്പമായും ബാധിക്കും. ഈ ജാലിക ക്രമത്തില്‍ നിന്നും മാറി യാതൊന്നും ഇവിടെ നില കൊള്ളുന്നില്ല.

  വ്യവസ്ഥകളുടെ ചാക്രിക (Cycles) വിന്യാസം

  ഏതൊരു ജൈവവ്യവസ്ഥയിലും അതിന്റെ പ്രവർത്തനങ്ങൾ ചാക്രികമായാണ് സംഭവിക്കുക. പ്രവര്‍ത്തനങ്ങള്‍ ഏതു തരം വളര്‍ച്ചയെ ലക്ഷ്യമാക്കിയുള്ളതാണെങ്കിലും അവ ഒരു കൃത്യമായ കാല വ്യതിയാനത്തില്‍ കൂടുകയും കുറയുകയും വീണ്ടും കൂടുകയും ചെയ്തു കൊണ്ടുള്ള ഒരു  ക്രമത്തില്‍ തുടര്‍ന്ന് പൊയ്ക്കൊണ്ടിരിക്കും. ഉദാഹരണത്തിന് ജീവികളിലെ ഭക്ഷണ സ്വീകരണവും ദഹനവും വിസർജനവും, വികാസ സങ്കോചങ്ങളും തുടർന്ന് കൊണ്ടേയിരിക്കുന്നു. നമ്മുടെ ശരീരത്തിനും, നാം ഉൾപ്പെടുന്ന മനുഷ്യകുലത്തിനും ഇതെല്ലാം ചേർന്ന ജീവകുലത്തിനും ചാക്രിക ക്രമമുണ്ട്‌.

  എല്ലാ വ്യവസ്ഥകളും സ്വയം ചാക്രികമായി പ്രവര്‍ത്തിക്കുമ്പോഴും ഉപരി വ്യവസ്ഥകളുടെ ചാക്രികതയുമായി ചേര്‍ന്ന് പോകുവാന്‍ ശ്രമിക്കും. നമ്മുടെ ഉണര്‍വും ഉറക്കവും ഭൂമിയുടെ കറക്കവുമായും ദിനരാത്രങ്ങളുമായും ചേര്‍ന്ന് പോകുന്നതും, നമ്മുടെ വിളകള്‍ ഭൂമിയുടെ വാര്‍ഷിക ചലനത്തിന്റെ സ്ഥാനത്തിനു (ഋതുക്കള്‍ക്ക്‌) അനുസരിച്ച് ആകുന്നതും ഒക്കെ ഇത് കൊണ്ടാണ്. ഉപരി വ്യവസ്ഥകളുടെ ചാക്രികതയുമായി ഏകതാനമല്ലാതെ വരുന്ന വ്യവസ്ഥകളുടെ നിലനില്‍പ്പ് അത്യന്തം ശ്രമകരമായിരിക്കും. ഒരു പക്ഷെ മനുഷ്യ മസ്തിഷ്കത്തിന്റെ ക്രമ ലംഘനത്തിന്റെ ഉത്പന്നമായിരിക്കണം ഇന്നത്തെ പ്രക്ഷുബ്ധവും ശ്രമകരവുമായ സാമൂഹ്യ ജീവിതം.   

  വ്യവസ്ഥകളുടെ പുരോഗമന (Development) വിന്യാസം 

  എല്ലാ ജീവല്‍ വ്യവസ്ഥകളും കാലാനുശ്രുതമായി മാറിക്കൊണ്ടിരിക്കുന്നു. ചെറു ജീവല്‍ വ്യവസ്ഥകള്‍ വളരുകയും പഠിക്കുകയും, വലിയ ജീവല്‍ വ്യവസ്ഥകള്‍ പരിണമിക്കുകയും  ചെയ്യുന്നു. വ്യവസ്ഥയുടെ വളർച്ചയ്ക്കനുസരിച്ചുള്ള  എല്ലാ മാറ്റങ്ങളും ഉപരി വ്യവസ്ഥയിലും കൂടിയാണ് സംഭവിക്കുന്നത്. ഒരു വ്യവസ്ഥയുടെ ഭൌതിക പരിധിയില്‍ ഒതുങ്ങി നില്ക്കുമ്പോഴാണ് അത് അതായി തന്നെ നില്ക്കുന്നത്. അതിനും അപ്പുറത്തുള്ള വളര്‍ച്ച ഉപരിവ്യവസ്ഥയുടെ നിലനില്പിനെ ബാധിക്കും. അതിനാല്‍ തന്നെ ഉപവ്യവസ്ഥയുടെ വളര്‍ച്ചയുടെ പരിധി (size rightness) ഉപരി വ്യവസ്ഥ നിയന്ത്രിക്കുക തന്നെ ചെയ്യും. വളര്‍ച്ചയുടെ വേഗവും തോതും പരിധിയും നിര്‍ണയിക്കുന്നത് ഉപരി വ്യവസ്ഥകള്‍ ആണ്.

  വ്യവസ്ഥകളുടെ ചലനാത്മക തുലന (Dynamic Balance) വിന്യാസം 

  ജൈവ വ്യവസ്ഥാ സമൂഹങ്ങള്‍ എല്ലാം തന്നെ ഒരു ചലനാത്മക തുലനത പാലിക്കുന്നു. വളരെയേറെ ഉയര്‍ന്ന രീതിയില്‍ നിരന്തരം പുരോഗമിക്കുമ്പോഴും വിശ്രമത്തിനുള്ള ഒരു അനുകൂല പശ്ചാത്തലം കൈ വന്നാല്‍ അതിന്റെ പൂര്‍വ സ്ഥിതിയിലേക്ക് ഒരു തിരിച്ചു പോക്ക് നടത്തുകയും ഒരു ഇലാസ്തികത പ്രകടമാക്കുകയും ചെയ്യുന്നു. പ്രക്ഷുബ്ധമായ ജീവിതം സമ്മാനിച്ച രോഗങ്ങള്‍ വിശ്രമത്തിലൂടെ ശമിക്കുന്നതും, ഒരു വനത്തിലെ മാനുകളുടെയും കടുവകളുടെയും എണ്ണം സ്വയം നിയന്ത്രിക്കപ്പെടുകയും ഒക്കെ ഉണ്ടാകുന്നത് ഈ ചലനാത്മക തുലനത കൊണ്ടാണ്.

  വ്യവസ്ഥകളുടെ ഈ വിധമുള്ള സ്വഭാവ വിശേഷങ്ങളെ മനസ്സിലാക്കിയാല്‍, നമ്മുടെ ജീവിതത്തിലെ എല്ലാ ഇടങ്ങളിലും ഈ സവിശേഷതകള്‍ കാണാന്‍ ആകും. എല്ലാം വ്യത്യസ്ഥമായ അസ്ഥിത്വങ്ങളാണെന്നുള്ള വീക്ഷണം തന്നെ നമ്മെ വിഭാഗീയതയിലേക്കും മാത്സര്യത്തിലെക്കും നയിക്കുന്നതാണ്. 

  ഭൂമി എന്ന ജീവി (ജൈവ സത്ത)

  സ്വയം പ്രേരിതവും സ്വയം നിയന്ത്രിതവും ആയ ജൈവവ്യവസ്ഥകൾ വിവിധ രീതിയിൽ പരസ്പര ബന്ധത്തോടെ ചാക്രികതയോടെ പ്രവാഹങ്ങളോടെ പുരോഗമനത്തോടെ  തുലനതയോടെ കൂടുകളായി വിന്യസിക്കപ്പെട്ടിരിക്കുന്നു എന്ന് നാം മനസ്സിലാക്കി. മനുഷ്യന്‍ അതിനൊരു കേവല ഉദാഹരണമാണ്. ഒരു മൃത വസ്തുവെന്ന വീക്ഷണത്തിനു പകരം, വ്യവസ്ഥ വിന്യാസവീക്ഷണ രീതിയില്‍ വീക്ഷിച്ചാല്‍ ഭൂമി നിരവധി ഉപരിവ്യവസ്ഥകളും ഉപവ്യവസ്ഥകളും ചേർന്ന, ബൃഹത്തായ  അതിജൈവ സംവിധാനം ആണെന്ന് മനസ്സിലാക്കാം. ഭൂമി അതിന്റെ അകം പുറം വ്യവസ്ഥകളോട് പരസ്പര പൂരകമാം വിധം ബന്ധപ്പെട്ടിരിക്കുന്നു. അതിനന്റെ ധര്‍മങ്ങളെല്ലാം തന്നെ ചാക്രികമാണ്. അകത്തു നിന്നും പുറത്തേക്കും തിരിച്ചും ഭൂമി ഊര്‍ജത്തെയും ഇതര ദ്രവ്യങ്ങളെയും വിനിമയം ചെയ്യുന്നു. കാലത്തിനും സാഹചര്യത്തിനുമൊത്ത് ഭൂമി ഇപ്പോഴും ധര്‍മപരമായി വികസിച്ചു കൊണ്ടേ ഇരിക്കുന്നു. (മനുഷ്യന്‍ മുന്‍പോട്ടു വയ്ക്കുന്ന പുരോഗമനങ്ങളും അവന്റെ കണ്ടെത്തലുകളും ഒക്കെ ഈ വികാസത്തിന്റെ ഭാഗം തന്നെ) തന്റെ തുലനത നില നിറുത്തുവാന്‍ ഭൂമി ഇപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. ഒപ്പം കൂടായ വിന്യാസ ശ്രേണിയിലെ പ്രകടമായൊരു സത്ത തന്നെയാണ് ഭൂമി. ഇതെല്ലാം കൊണ്ട് തന്നെ ഭൂമി ഒരു അതി ജൈവ സംവിധാനം ആണ് എന്ന് മനസ്സിലാക്കാം. എളുപ്പത്തില്‍ ബോദ്ധ്യപ്പെടുവാനായി പറയാവുന്ന ഒരു രീതിയില്‍ പറഞ്ഞാല്‍ ഭൂമി ഒരു വലിയ ജീവിയും (ജീവ സത്ത)യും നാം എല്ലാം അതിന്റെ കോശങ്ങളുമാണ്. ഭൂമിക്കു ജീവനുണ്ടെന്നു  1970 കളില്‍ വിശ്വ പ്രസിദ്ധമായ ഗയ്യാ പരികല്പനയിലൂടെ ആദ്യമായി സമര്‍ത്ഥിച്ചത്  ജെയിംസ് ലവ്ലോക് എന്ന രസതന്ത്രജ്ഞനാണ്.  ഗയ്യാ പരികല്പന ശാസ്ത്ര ലോകം ഉറ്റു നോക്കുകയും ഒട്ടേറെ ശാസ്ത്രകാരന്മാര്‍ ആ വഴി അന്വേഷിക്കയും ചെയ്തതിന്‍ ഫലമായാണ് വ്യവസ്ഥാ വീക്ഷണം തുടങ്ങിയ ഒട്ടേറെ ശാസ്ത്ര പരികല്പനകളിലൂടെ ലോകം ഗയ്യാ സിദ്ധാന്തത്തെ സ്വീകരിച്ചു തുടങ്ങിയത്.

  ഭൂമിക്ക് മനസ്സുണ്ടോ?

  ഒരു അതി ജൈവ വ്യവസ്ഥയാണ്‌ ഭൂമി എന്ന് നാമറിഞ്ഞു. തുടര്‍ന്നുള്ള വ്യക്തതകള്‍ക്കായി ഇനി നാമന്വേഷിക്കുന്നത് ഭൂമിക്കു ഒരു മനസ്സുണ്ടോ എന്നതാണ്. എങ്കില്‍ എന്താണ് മനസ്സ്? നമുക്കൊന്ന് പരിശോധിക്കാം.

  ഒരു ജീവ സത്തയ്ക്ക് ഉണ്ടാകുന്ന ഭൌതിക രൂപമാണ് അതിന്റെ ശരീരം. അതിന്റെ സവിശേഷ സ്വയം നിര്‍ദ്ധാരണ സ്വഭാവ വിശേഷങ്ങളുടെ (പ്രതിഭാസങ്ങളുടെ) ആകെത്തുകയാണ് ജീവന്‍. അത് പോലെ ആ ജീവ സത്തയുടെ ധര്‍മ വ്യവസ്ഥയാണ്‌ അതിന്റെ മനസ്സ്.  ഒപ്പം ജീവിയുടെ അനുരൂപപരമായ വ്യവസ്ഥയെ ജ്ഞാനം എന്നും ഇവയിലൊക്കെ ചെലുത്തപ്പെടുന്ന ബലപരമായ സ്വഭാവത്തെ ചൈതന്യം എന്നും വിളിക്കുന്നു. (ജീവനെ പറ്റി പ്രതിപാദിക്കുമ്പോള്‍, ഓരോ ഘട്ടത്തില്‍ ഇവയോരോന്നിനേയും നാം ജീവനെന്നു അനുമാനിക്കാറുണ്ട്. എന്നാല്‍ പ്രകൃതി തത്വശാസ്ത്രം അനുസരിച്ച് ജീവനെന്നത്, ഒരു സ്വയം നിര്‍ദ്ധാരണ വ്യവസ്ഥയുടെ പ്രതിഭാസമാണ്.) 

  ഒരു വ്യവസ്ഥ ചെയ്യേണ്ടുന്നത് എന്തോ, അത് ആണ് അതിന്റെ ധർമം.  മനസ്സെന്നത്  ഒരു സ്വയം നിയന്ത്രണ വ്യവസ്ഥയുടെ ധര്‍മ സംവിധാനമാണ് എന്ന് സൂചിപ്പിച്ചല്ലോ. വിനിമയ സംവിധാനമായ ജ്ഞാനവും ധര്‍മ സംവിധാനമായ മനസ്സും ചേരുമ്പോഴാണ് ബോധം ഉണ്ടാകുന്നത്. ബോധവും ജ്ഞാനവും മനസ്സും ഇഴ ചേര്‍ന്ന് കിടക്കുന്നു. ഒരു സത്ത ചെയ്യേണ്ടതെന്തെന്നത് ചോദനയായും ചെയ്യുന്നതെന്തോ അത് അനുഭൂതിയായും ചെയ്യുവാന്‍ പോകുന്നത് ഭാവനയായും അനുഭവപ്പെടുന്നു. ഇവയെ കോര്‍ത്തിണക്കുന്ന വിശകലനമാണ് ചിന്ത. ഒരു ജീവ സത്തയുടെ വ്യവസ്ഥാപരമായ തലത്തിനും, അവസ്ഥാപരമായ വികാസത്തിനുമനുസരിച്ചു ഇവയുടെയെല്ലാം വലിപ്പത്തിലും പ്രവര്‍ത്തന രീതിയിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. പൊതു ജീവിതത്തില്‍ ബോധത്തെയും ജ്ഞാനത്തെയും ചോദനയേയും, അനുഭൂതിയേയും ഭാവനയേയും ചിന്തയേയും ഒരുമിച്ചു മനസെന്നാണ് പറയാറ്. മൃത വസ്തുക്കള്‍ക്ക് നിശ്ചലവും അതി ജൈവ വസ്തുക്കള്‍ക്ക് അധികര്‍മാവസ്ഥയിലും ഉള്ള മനസ്സാണ് ഉണ്ടാകുക. പരമാണുവിനും കോശത്തിനും അവയവത്തിനും ജീവിക്കും ജീവി വര്‍ഗത്തിനും സമൂഹത്തിനും ഭൂമിക്കും പ്രപഞ്ചത്തിനും ഒക്കെ അതിന്റേതായ മനസ്സുകള്‍ ഉണ്ട്. 

  മനസ്സിന് വിവിധ തലങ്ങള്‍ ഉണ്ട്. ഒരു സത്തയുടെ മാത്രം തലത്തില്‍ ഉള്ള മനസ്സിനെ ബോധമനസ്സെന്നും അതിന്റെ അകം വ്യവസ്ഥകളുടെ മനസ്സിനെ ഉപബോധ മനസ്സെന്നും നമ്മുടെ ബാഹ്യ വ്യവസ്ഥകളുടെ മനസ്സിനെ പ്രതിമനസ്സെന്നും വിളിക്കുന്നു. ബോധമനസ് വർത്തമാന ചിന്തകൾ, അവയ്ക്കനുസരിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ ഉപബോധ മനസ്സ് ഭൂതകാലത്തെ അനുഭവങ്ങളെ ഓർമയാക്കി സൂക്ഷിക്കുകയും അതിനെ വർത്തമാന അനുഭവങ്ങളുമായി ബന്ധപ്പെടുത്തുകയും ഭാവിയെ ഉരുവാക്കുകയും ചെയ്യുന്നു. പ്രതി മനസ്സ് ആകട്ടെ  വ്യവസ്ഥയുടെ അർത്ഥനകൾ സ്വീകരിക്കുകയും വ്യവസ്ഥയുടെ ആവശ്യങ്ങളോട് / വികാരങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്നു. ഈ മനോ തലങ്ങൾ,  വ്യവസ്ഥാ തലങ്ങള്‍ തമ്മിലുള്ള സുതാര്യത പരിപാലിക്കുകയും വ്യവസ്ഥാ തലങ്ങളുടെ ആവശ്യങ്ങളെ അറിഞ്ഞു സാക്ഷാത്കരിക്കുക വഴി ആ വ്യവസ്ഥയുടെ ജീവിതം സുഗമമാക്കുന്നു.

  മനോചിത്രമാണ്‌ ഭാവിയെ നിർണയിക്കുന്നത്‌.

  മനസ് എന്ന സങ്കീര്‍ണ ധര്‍മ വ്യവസ്ഥയുടെ ഭൂത – ഭാവി – വർത്തമാനങ്ങളെ ബന്ധപ്പെടുത്തുന്നു. ഉദാഹരണത്തിന് നടക്കുമ്പോള്‍ ഒരിടത്ത് വച്ച് ഒരു വട്ടം തലയിടിക്കുന്നുവെങ്കില്‍ അത് ഓര്‍മയില്‍ പേറുകയും വീണ്ടും അതേ സാഹചര്യത്തില്‍ എത്തുമ്പോള്‍ മാറി നടക്കുകയും ചെയ്യാറുണ്ട്. ഒരു പക്ഷെ തലയിടിച്ചേക്കാം എന്ന കേട്ടുകേൾവി പോലും പിന്നീട് ആ വ്യവസ്ഥയുടെ കര്‍മങ്ങളെ ബാധിച്ചേക്കാം. ഭൂത കാലത്ത് സ്വായത്തമാക്കിയ അനുഭവ പരമോ ഭാവനാ പരമോ ആയ സ്ഥിതികത്വത്തെ പറ്റിയുള്ള ഉപബോധ ചിത്രങ്ങള്‍(ഗത സ്മൃതി)ക്കനുസരിച്ചാണ്   ഭാവി (ആഗത സ്മൃതി) രൂപപ്പെടുന്നത്. വ്യവസ്ഥ പക്വപ്പെടും മുമ്പുള്ള അനുഭവങ്ങൾ മുതല്‍, നിരന്തര അനുഭവങ്ങളോ കേട്ടുകേള്‍വികളോ ഭാവനകളോ സത്തയിലുണ്ടാക്കുന്ന ആശയങ്ങള്‍ വരെ  ഉപബോധ ചിത്രങ്ങളാകുന്നുണ്ട്. ബോധമനസ്സ് , ഉപബോധമനസ്സിലെ സ്മൃതി ചിത്രങ്ങളില്‍ നിന്നും എടുക്കുന്ന ഓർമകളുടെ അടിസ്ഥാനത്തിൽ ചുറ്റുപാടുകളുമായി സംവദിക്കുകായും അതിനനുസരിച്ച് ചുറ്റുപാടുകൾ (പ്രതി മനസ്സ്) വ്യവസ്ഥയോട് പ്രതികരിക്കുകയും ചെയ്യുന്നു.

  മനോ ചിത്രം പ്രവര്‍ത്തിക്കുന്നതെങ്ങനെ? 

  പ്രപഞ്ചത്തിലെ വ്യവസ്ഥാ തലങ്ങള്‍ പരസ്പരം വിനിമയം ചെയ്യുന്നതിലൂടെയാണ് അവയുടെ സുസ്ഥിതമായ നിലനില്‍പ്പ് സാദ്ധ്യമാകുന്നതെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. വ്യവസ്ഥാതലങ്ങള്‍ തമ്മില്‍ വികാരങ്ങളുടെയും ചോദനകളുടെയും രൂപത്തിലാണ് വിനിമയം നടത്തുന്നത്. ഉദാഹരണത്തിന്, നമ്മുടെ ശരീരത്തിലെ ചയാപചയ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പോഷക വസ്തുക്കളുടെ ആവശ്യം നേരിടുമ്പോള്‍ കോശങ്ങള്‍ കലകളോടും കലകള്‍ അവയവങ്ങളോടും ചോദിക്കുന്നു. അവയവങ്ങള്‍ അവയുടെ ആവശ്യം നമ്മോടു ചോദിക്കുമ്പോള്‍ അതിനെ നാം വിശപ്പെന്ന വികാരം അഥവാ ചോദനയാല്‍ അനുഭവിച്ചു മനസ്സിലാക്കുന്നു. വിശപ്പ്‌ അനുഭവപ്പെട്ടാല്‍ സാധാരണ രീതിയില്‍ നാം ഭക്ഷണം നല്‍കി വിശപ്പിനോട് പ്രതികരിക്കും. അതെ സമയം നമ്മുടെ മാനസ പ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള അനുചിത സാഹചര്യങ്ങളാല്‍ വഴിമാറി നില്‍ക്കുകയാണെങ്കില്‍, വിഷപ്പനുഭവപ്പെടാതെ വരികയോ, ഭക്ഷണം കണ്ടെത്തുവാന്‍ കഴിയാതെ വരികയോ ചെയ്യുന്നു. നമ്മുടെ ഉപവ്യവസ്ഥകളും നാമും തമ്മിലുള്ള സുതാര്യമായ ഒരു വിന്യാസത്തില്‍ നമ്മുടെ ഉള്ളിലുള്ള വ്യവസ്ഥകളുടെ ആവശ്യത്തെ ചോദനയാല്‍ അറിയുമ്പോള്‍ നാം ഭക്ഷണം നല്‍കാന്‍ നിര്‍ബന്ധിതമാകുന്നത് പോലെ നമ്മുടെ ഉപരി വ്യവസ്ഥകളായ ജീവി വര്‍ഗത്തോടോ, സമൂഹത്തോടോ, സമീപസ്ഥ പ്രകൃതിയോടോ ഭൂമിയോടോ ഒരാവശ്യം വൈകാരികമായി ഉന്നയിക്കുമ്പോള്‍ അവ ലഭ്യമാക്കുവാന്‍ ആ ഉപരി വ്യവസ്ഥകള്‍ നിര്‍ബന്ധിതമാകും. ഈ വ്യവസ്ഥാ തലങ്ങളോട് സുതാര്യമായിരിക്കുവാന്‍ നമുക്ക് കഴിയണം എന്ന് മാത്രം. എന്നാല്‍ എത്ര തന്നെ സുതാര്യമായാലും,  നമ്മുടെ ജീവിത വിന്യാസത്തെ പറ്റിയുള്ള നമ്മുടെ മനോ ചിത്രമെങ്ങനെയൊ, അതിനനുസൃതമായി മാത്രമേ നമ്മുടെ ബാഹ്യ വ്യവസ്ഥകള്‍ നമുക്കെന്തും നല്‍കുകയുള്ളൂ. ഉദാഹരണത്തിനു ഒരു ദരിദ്രൻ, താൻ എന്നും കഷ്ടപ്പാടിലാണെന്ന മനോചിത്രത്തോടെയാണ് ജീവിക്കുന്നതെങ്കിൽ അയാളുടെ ജീവിതത്തിൽ വീണ്ടും  വീണ്ടും ദാരിദ്ര്യം തന്നെ സംഭവിക്കുന്നു. അതെ സമയം തന്റെ ജീവിതത്തില്‍ എല്ലാം മെച്ചപ്പെടുന്നു എന്ന ഉപബോധ ചിത്രമുണ്ടായാൽ(മനോചിത്രം) അത് എല്ലാം മെച്ചപ്പെടുത്തും.

  സർവമനസ്സ്

  ഭൂമിയിലെ ജൈവ സമൂഹത്തിന്റെ മനോഘടന (സംസ്കാരം – നാഗരികത) യാണ് ഭൂമി എന്ന സത്തയുടെ മനോചിത്രത്തെ രൂപീകരിക്കുന്നത്. സമൂഹത്തിലെ ഏറ്റവും വികാസം പ്രാപിച്ച സമൂഹമാണ് മനുഷ്യന്റേതു. അതിനാല്‍ മനുഷ്യ സമൂഹത്തിന്റെ മനോഘടന തന്നെയാകണം ഭൂമിയുടെ മനോചിത്രത്തെ സ്വാധീനിക്കുന്ന മുഖ്യ ഘടകം. ഉദാഹരണത്തിനു ചോള ചേരന്‍മാരുടെ കാലത്തെ സംസ്കാരവും നാഗരികതയും എടുത്തു പരിശോധിക്കാം. എല്ലാരും കാര്‍ഷിക വൃത്തിയിലേര്‍പ്പെടുകയും എല്ലാരും എങ്ങും വൃത്തിയും വെടിപ്പും ഉണ്ടാക്കുകയും ചെയ്ത ആ പഴയ തമിഴ് സംസ്കാരം എന്താണ് അവശേഷിപ്പിച്ചിട്ടുള്ളത്‌? രാജപാതകള്‍ ഓരങ്ങളില്‍ മരങ്ങളുമായി നീണ്ടു കിടക്കുമ്പോഴും മറ്റെല്ലായിടങ്ങളും ഭക്ഷ്യ യുക്തമല്ലാത്തതോന്നും ആയിക്കൂടാ എന്ന രീതിയില്‍ വെളുപ്പിച്ചിരിക്കുന്നു. മുറ്റത്തു ഒരു പുല്ലു പോലും മുളച്ചു കൂടാ എന്ന മനോചിത്രമുള്ള പൂര്‍വികര്‍ ഇന്നത്തെ തമിഴന് നല്‍കിയത് ഒരു പുല്ലു പോലും മുലയ്ക്കാതെ മുള്ളും മണലുമായി കിടക്കുന്ന മരുഭൂമി. വ്യവസായവല്കരണത്തിന്റെ ഉപോല്പന്നമായ തൊഴില്‍ സംസ്കാരം അവിടെ പണ്ട് മുതലേ നില നില്‍ക്കുന്നു. (തമിഴില്‍ കാര്‍ഷിക വൃത്തിക്ക് വ്യവസായം എന്നാണു പേര്‍ പലപ്പോഴും ഈ ലേഖകനെ ചിന്തിപ്പിച്ചിട്ടുണ്ട്) ആധുനിക വീടുകളുടെ നിര്‍മാണവും തൊഴിലിലെ രീതികളും, സാമൂഹ്യമായ സംവിധാനവും ഒക്കെ, പണ്ടേ നാഗരികമായി പ്പോയ ഒരു സംസ്കാരത്തിന്റെ അപചയത്തെ സൂചിപ്പിക്കുന്നു.

  ഒട്ടേറെ പാരിസ്ഥിതിക പുനസ്ഥാപന പദ്ധതികള്‍ നടപ്പിലാക്കപ്പെടുന്ന ഭൂമിയില്‍ ഏതാണ്ട് എല്ലാരും പരിസ്ഥിതി അപചയങ്ങളെ പറ്റി  ബോധവാന്മാരാണ്. എന്നിട്ടും പാരിസ്ഥിതിക ആഘാതങ്ങൾ മുൻ കാലത്തേക്കാളും തീവ്രമാകുന്നത് സമൂഹത്തിന്റെ മനോചിത്രം അത്തരത്തിലാകുന്നത് കൊണ്ടാണ്. പാരിസ്ഥിതിക ആഘാതങ്ങളാല്‍ ഭൌമ വ്യവസ്ഥ പ്രക്ഷുബ്ധമാകുന്നതിനെതിരെ പരിസ്ഥിതി സംഘടനകളും മറ്റും പ്രക്ഷോഭങ്ങൾ ഉണ്ടാക്കുമ്പോൾ, വ്യവസ്ഥ കൂടുതൽ പ്രക്ഷുബ്ധമാകുന്നു. കുറച്ചു പേർ മരം വയ്ക്കുകയും, കൂടുതൽ പേർ മരുഭൂമിയുടെ മനോ ചിത്രം പേറുകയും ചെയ്‌താൽ ഇവിടെ നട്ട മരങ്ങളും, നട്ടവരുടെ മനസ്സുകളും വരണ്ടു പോകുകയേ ഉള്ളൂ. അതിനാല്‍ തന്നെ മാറ്റം തുടങ്ങേണ്ടത് മനുഷ്യന്റെ മനസ്സിനുള്ളിൽ നിന്നുമാണ്. എന്ന് വച്ച് പ്രവര്‍ത്തികള്‍ വേണ്ടാ എന്നല്ല, പ്രതികരണാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് പകരമായി സൃഷ്ട്യാത്മകമായ പ്രവര്‍ത്തനങ്ങള്‍ ആണ് നമുക്ക് വേണ്ടത്. അതിനു വേണ്ടിയും സമൂഹത്തിനു ഹരിതമായൊരു ബോദ്ധ്യം ഉണ്ടാകണം. ആ ബോദ്ധ്യം  ഭൂമിയുടെ മനോ ചിത്രത്തെ മാറ്റി എഴുതും. അപ്പോള്‍ ഭൂമിയുടെ ജീവന്‍ ഭൂമിയിലെ സര്‍വതിനെയും ഹരിതാഭവും സുസ്ഥിരവും ആക്കി തീര്‍ക്കും. ഹരിതാഭമായ ഒരു ഭൂമി നമ്മുടെ മനോചിത്രമാകട്ടെ. നാം മണ്ണിൽ വിത്ത് ഇടുന്നതിനു മുൻപ് നമ്മുടെ മനസ്സിൽ ഭാവനകളുടെ വിത്ത് ഇടുക. നാം ആവശ്യപ്പെടുന്നത് പ്രകൃതി നമുക്ക് നല്കും. ഇത്തരത്തിൽ നമ്മുടെ വീടിനെ, ചുറ്റുപാടിനെ, സമൂഹത്തെ  ആകെ നമുക്ക് ഹരിതമാക്കാം, സുസ്ഥിരമാക്കാം..

  പിന്‍കുറിപ്പ്: 

  ഈ ലേഖനം പൊതു ഉപയോഗത്തിലേക്കായി ആര്‍ക്കും ഏതു പ്രസിദ്ധീകരണത്തിലും ഈ പേജിന്റെ ലിങ്ക് സഹിതം പ്രസിദ്ധീകരിക്കാവുന്നതാണ്.
  ലിങ്ക് : https://olympuss.in/ml/ml-earth-has-life/

  തിരക്കിട്ട് ചെയ്തതിനാല്‍ ടൈപ്പിംഗ് മുതലുള്ള സാങ്കേതിക തകരാറുകള്‍ കടന്നു കൂടിയിട്ടുണ്ടാകാം. ശ്രദ്ധയില്‍ പെടുന്നവര്‍ olympuss(at)gmail(dot)com
  എന്ന ഈ മെയില്‍ വിലാസത്തില്‍ ദയവായി അറിയിക്കുക. 

   

   

  Print Friendly

  1470total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍