• വൈകാരിക ബുദ്ധി.

  by  • July 19, 2013 • ശാസ്ത്രം • 0 Comments

  മനുഷ്യനടക്കമുള്ള എല്ലാ ജീവികള്‍ക്കും ഉള്ള ഒരു സ്വാഭാവിക ജൈവ പ്രതിഭാസം ആണ് വികാരങ്ങള്‍. ജീവിയുടെ ഏറ്റവും അകത്തു നിന്നും പുറത്തേക്കു പ്രകടമാകുന്ന ചോദനകളുടെ പ്രകടനം എന്നോ ജീവിയുടെ അകം വ്യവസ്ഥകള്‍ പുറം വ്യവസ്ഥകളോട് നടത്തുന്ന ആശയ വിനിമയം എന്നോ നമുക്കതിനെ മനസ്സിലാക്കാം. ചോദനകള്‍ സഹജമായും ശീലങ്ങള്‍ മൂലവും സംഭവിക്കാം. ചോദനകളെ ചിന്തയുമായി ചേര്‍ത്തുകൊണ്ടാണ് ഓരോ ജൈവ സത്തയും, പുറം വ്യവസ്ഥയോട് ഇടപെടുക. പുറം വ്യവസ്ഥകള്‍, അതിനോട് നിരന്തരം പ്രതികരിക്കുകയും ചെയ്യും.

  ചയാപചയ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടി വരുമ്പോള്‍ കോശങ്ങള്‍ കലകളോടും കലകള്‍ അവയവത്തോടും, അവയവം ജീവിയോടും വിശപ്പെന്ന രൂപേണ ആവശ്യപ്പെടുന്ന ഒന്നെന്ന ദൃഷ്ടാന്തത്തിലൂടെ വികാരത്തെ നമുക്ക് മനസ്സിലാക്കാം. ജീവി പ്രകൃതിയോടും ഇതേ പോലെ ഒരു വിനിമയം നടത്തുന്നു എന്നത് മനുഷ്യന്‍ ഓര്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യാത്ത ഒന്നാണ്. വിശപ്പുള്ള സമയത്ത് ഒരു ജൈവസത്ത, അത് ഭാഗമായിരിക്കുന്ന പുറം വ്യവസ്ഥയിലേക്ക് ഒരു അര്‍ത്ഥനാ ബല കണത്തെ (വെക്ടര്‍ ബോസോണ്‍) പ്രവഹിപ്പിക്കുമ്പോഴാണ് വിശപ്പ്‌ എന്ന വികാരം നമുക്ക് അനുഭവമാകുന്നത്. അത്തരം ഒരു വികാരത്തോട് പുറം വ്യവസ്ഥ പ്രതികരിക്കും എന്നത് പ്രകൃതി നിയമം. വാ കീറിയാല്‍ ഇരയുണ്ടാകും എന്ന പഴമൊഴി ഓര്‍ക്കുക..

  ശിശുക്കള്‍ക്ക് പൊതുവേ വികാരങ്ങളെ കൈകാര്യം ചെയ്യാന്‍ അറിയില്ല. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍, ശിശു പതിയെ വികാരങ്ങളെ കൈകാര്യം ചെയ്യാനും യുക്തിയാല്‍ വികാരപ്രകടനങ്ങള്‍ നടത്താനും പഠിക്കും. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഒക്കെ ഇതേ സ്വഭാവമാണുള്ളത്. ശീലങ്ങളാല്‍ വികാരങ്ങളെ വേണ്ടും വിധം കൈകാര്യം ചെയ്യാനുള്ള ശേഷി ആര്‍ജിക്കുമ്പോള്‍ അതിനെ പക്വത എന്ന് പറയും. പ്രകൃതത്തെ (Nature) പാകം (Nurture) ചെയ്തെടുക്കുന്നതാണിത്. വികാരത്തെ ശീലം കൊണ്ടല്ലാതെ യുക്തി കൊണ്ട് കൈകാര്യം ചെയ്യാന്‍ മനുഷ്യന് മാത്രമാണ് കഴിയുക. മൃഗത്വം വിട്ടു മനുഷ്യത്വം വരുന്നത് അപ്പോഴാണ്‌. ഓരോ വ്യക്തിയുടെയും അനുഭവങ്ങളുടെയും യൌക്തിക ശേഷിയുടെയും, ശാരീരിക ഘടനയുടെയും, പരിശീലനത്തിന്റെയും, ആത്മ ചിത്രത്തിന്റെയും ഒക്കെ പരിണത ഫലമാകും ഒരാളിലെ വൈകാരിക പക്വത.

  വൈകാരിക പക്വത ഒരു ജീവിയെ സാമൂഹിക (ബാഹ്യ വ്യവസ്ഥയുടെ ഭാഗമായുള്ള) ജീവിതത്തിനു പ്രാപ്തനാക്കും. വൈകാരിക പക്വത കുറവുള്ള ഒരാള്‍, സമൂഹത്തിനു അനഭിമതന്‍ ആയിരിക്കും. വൈകാരിക പക്വത നന്നേ കുറവുള്ള ഒരു സത്തയെ സമൂഹം, (വ്യവസ്ഥ) നന്നേ കഷ്ടപ്പെടുത്തുകയോ പാടെ ഒഴിവാക്കുകയോ ചെയ്യും.. ചുരുക്കിപ്പറഞ്ഞാല്‍ വൈകാരിക പക്വത ആണ് സുകരമായ സാമൂഹ്യ ജീവിതത്തിനുള്ള താക്കോല്‍.

  വികാരങ്ങളോട് പരിസ്ഥിതിയുടെ പ്രതികരണം ഉണ്ടാകും എന്ന പ്രകൃതി നിയമത്തെ ആധാരമാക്കി, മനുഷ്യന് അവനാവശ്യമുള്ള വണ്ണം ലോകത്തെ വിനിയോഗിക്കാം എന്ന കണ്ടെത്തലാണ്, വൈകാരിക ബുദ്ധി എന്ന ഒരു മാനെജുമെന്റ്റ് തന്ത്രതിലേക്ക് നമ്മെ എത്തിച്ചത്. വൈകാരിക ബുദ്ധി എന്നാല്‍, വികാരങ്ങളെ, കൈകാര്യം ചെയ്യാന്‍ ഉള്ള ബുദ്ധി പൂര്‍വമായ ഒരു പരിശീലിത ശേഷി ആണ്.

  വികാരങ്ങള്‍ എന്തെന്നും അത് നമ്മെ എങ്ങിനെ കര്‍മങ്ങള്‍ ചെയ്യിക്കുമെന്നും, പ്രതീക്ഷിത ജീവിത വിജയത്തിലേക്ക് കടന്നു ചെല്ലാന്‍ എന്ത് വൈകാരിക അവസ്ഥയിലൂടെ നാം കടന്നു പോകണം എന്നും വിജയികളുടെ ഗുണഗണങ്ങള്‍ എന്തെല്ലാം എന്നും ഉള്ള അറിവ് നേടലാണ് വൈകാരിക ബുദ്ധി ആര്‍ജിക്കുവാനുള്ള ആദ്യ ഘട്ടം. ഈ വിഷയങ്ങള്‍ക്ക്‌ മേലെയുള്ള പരന്ന വായനയും, ക്ലാസ്സുകളും ഒക്കെ ഈ മേഖലയില്‍ ഉണ്ട്.

  ഉപബോധ മനസ്സിലുള്ള വ്യക്തി ചിത്രത്തെ ജീവിത ലക്ഷ്യപ്രാപ്തിക്ക് ഉതകും വിധം മാറ്റി എഴുതുവാനുള്ള പരിശീലനങ്ങള്‍ ആണ് രണ്ടാം ഘട്ടം. സെല്‍ഫ് ഹിപ്നോസിസ്, സബ് ലിമിനല്‍ തുടങ്ങിയ നാഡീ ഭാഷാ പ്രോഗ്രാമിങ്ങുകള്‍ (Neuro-Linguistic Programming) ഇതിനായി ഉപയോഗിച്ച് വരുന്നു. അന്തര്‍ ലേഖന (Intro Scripting) സമ്പ്രദായങ്ങളും ചില ശീലങ്ങള്‍ പരിശീലിക്കലും ഒക്കെ വ്യക്തി ചിത്രത്തെ മാറ്റി എഴുതാന്‍ സഹായകമാകാറുണ്ട്. വൈകാരിക ബുദ്ധിയുടെ പരിശീലനത്തില്‍ ഏറ്റവും കഠിനവും സമയമെടുക്കുന്നതും ആയ ഒരു ഘട്ടമാണിത്.

  സാധാരണ വ്യക്തികള്‍ തന്റെ ആവശ്യങ്ങളോടാണ് പൊതുവേ പ്രതികരിക്കുക. ഇതിനെ പ്രതികരണാത്മക കര്‍മ സ്വഭാവം (Reactive) എന്ന് പൊതുവേ പറയും. വൈകാരിക ബുദ്ധി ആര്‍ജിച്ചവരാകട്ടെ തന്റെ ലക്ഷ്യങ്ങളോടാണ് പ്രതികരിക്കുക. മുന്‍ കര്‍മ (Pro Active) സ്വഭാവം എന്നതിനെ വിളിക്കാം. പ്രതികരണാത്മക കര്‍മ സ്വഭാവത്തില്‍ നിന്നും മുന്‍ കര്‍മ സ്വഭാവത്തിലേക്കു പരിഷ്കരിച്ചെടുക്കലാണ് വൈകാരിക ബുദ്ധിയുടെ പരിശീലനത്തിന്റെ അടുത്ത ഘട്ടം.

  ജീവിത വിജയം സ്വന്തം ഇഷ്ട്ടത്തിനു അനുസൃതം ഉണ്ടാക്കി എടുക്കുന്ന വ്യക്തികള്‍ക്കുണ്ടായിരിക്കേണ്ട ചില ഗുണങ്ങള്‍ ഉണ്ട്. ഭയം, കുറ്റബോധം, അവജ്ഞ, വെറുപ്പ്‌ എന്നീ വികാരങ്ങള്‍ നിര്‍ബന്ധമായും ഒഴിവാകണം. അവിധി, സര്‍വതിനോടും ഉള്ള കൃതജ്ഞത, നിര്‍മലത, ദാനം, നിഷ്പക്ഷത, സ്വീകാര്യത എന്നീ സ്വഭാവങ്ങള്‍ ഉണ്ടാകുകയും വേണം. ഇവ പരിശീലിക്കാന്‍, ഒട്ടേറെ പ്രായോഗിക പരിശീലനങ്ങളും, കായിക പ്രയോഗങ്ങളും, പെരുമാറ്റ രീതികളും, അനുഷ്ടാനങ്ങളും ഇന്ന് ലഭ്യമാണ്. അവയുടെ പരിശീലനമാണ് അടുത്ത ഘട്ടം.

  ഈ പരിശീലങ്ങളിലൂടെ, പൂര്‍ണ അര്‍പ്പണതയോടെ കടന്നു പോകുന്ന ഒരാള്‍ക്ക്‌, സ്വന്തം ഇഷ്ട്ടങ്ങള്‍ക്കനുസരിച്ചു ഭാവിയെ രൂപപ്പെടുത്താന്‍, നന്നേ കഴിയും. എങ്കിലും, പരിശീലനങ്ങള്‍ പൂര്‍ണമായും വിജയകരമാക്കുന്നതില്‍, അയാളുടെ സംസ്കാരം, സാഹചര്യം, ശാരീരിക ശേഷി, ശുദ്ധി, അറിവ് എന്നിവയുടെ ഏറ്റക്കുറച്ചിലുകള്‍ സ്വാധീനിക്കും..

  വാല്‍ക്കഷണം : മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള മുഖ്യ വ്യത്യാസം, മൂര്‍ത്ത രൂപങ്ങള്‍ ഇല്ലാതെ സങ്കല്പിക്കാനും, സങ്കല്പിച്ചവയെ മൂര്‍ത്ത വല്കരിക്കാനും ഉള്ള അവന്റെ ശേഷി ആണ്. സങ്കല്‍പം എന്നത് ഒരു ജീവിയുടെ (മനുഷ്യന്റെ) ജ്ഞാന രൂപത്തിലെ ഒരു തലമാണ് (ഒളിമ്പസ് ദര്‍ശനം അനുസരിച്ച് ഭൌതിക രൂപം, പ്രാതിഭാസിക രൂപം, ധര്‍മ രൂപം, ബല രൂപം എന്നിവയാണ് മനുഷ്യന്റെ മറ്റുരൂപങ്ങള്‍) . ജ്ഞാനം എന്നത് പ്രേരണാ, സങ്കല്‍പം, ധാരണാ, അനുഭവം, അവബോധം എന്നിങ്ങനെ അഞ്ചാണ്. അറിയല്‍ എന്ന പ്രക്രിയയില്‍, നാം വിവരങ്ങളെ പ്രേരണാ തലത്തില്‍ നിന്നും അവബോധ തലത്തിലേക്ക് കടത്തി വിടുകയാണ് ചെയ്യുക. എന്നാല്‍ അറിവ് പകരല്‍ എന്ന പ്രക്രിയയില്‍ അവബോധ തലത്തില്‍ നിന്നും പ്രേരണ തലത്തിലേക്ക് ആണ് അറിവ് ഒഴുകുക. ഇങ്ങിനെ പുറത്തേക്കു ഒഴുകുന്ന അറിവാണ് ചോദനകള്‍. ചോദനകള്‍, ചിന്തയുമായി ചേര്‍ന്ന് അലിയുന്നതാണ് വികാരങ്ങള്‍.. വികാരങ്ങള്‍, എന്തും ആ ജീവിയുടെ ചുറ്റുമുള്ള ജൈവ മണ്ഡലത്തെ ബാധിക്കുകയും പരിസ്ഥിതിയിലേക്ക്, ചോദന അവസ്ഥകളെ പ്രേരിപ്പിക്കുകയും ചെയ്യും. വികാരങ്ങളും പരിസ്ഥിതിയും ആയി നിരന്തരം ബന്ധപ്പെട്ടിരിക്കുന്നു.

  See It on the Facebook

  Print Friendly

  1911total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in