• തലവര

  by  • July 19, 2013 • ജീവിത വിജയം • 0 Comments

  മുന്നില്‍ വന്നു ചേരുന്നതൊക്കെ നമ്മുടെ *തലവര* കൊണ്ടാണെന്ന് പഴമക്കാര്‍ പറയും. തലവര വരച്ചത് ഈശ്വരനാനെന്നും, അത് നമുക്ക് മാറ്റിയെഴുതാന്‍ ആകില്ലെന്നും ഒക്കെ ഏറെക്കുറെ എല്ലാ സംസ്കാരങ്ങളും നമ്മെ ബോദ്ധ്യമാക്കുന്നുണ്ട്.  പുതുമക്കാര്‍ക്ക്, ആ വിശ്വാസത്തോട് പുച്ഛമാണ്. എന്നാലും ദുരന്തങ്ങളും, ആകസ്മികങ്ങളും ഉണ്ടാകുമ്പോള്‍ ഒക്കെ, നാം നമ്മെ, ഒടുവില്‍ എത്തിക്കുന്ന ഒരു ആശ്വാസ വാക്യമാണ് തലവര എന്നത് . എങ്കില്‍ എന്താണ് തലവര എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, അതൊരു യാഥാര്‍ത്ഥ്യമാണോ?

  .

  ഒരു വ്യക്തിയുടെ വ്യക്തിത്വം മുഖ്യമായും രൂപപ്പെടുന്നത് ഗര്‍ഭകാലത്തിന്റെ ഏതാണ്ട് മൂന്നാം മാസം മുതല്‍ ജനനം കഴിഞ്ഞു ഏതാണ്ട് എട്ടാം വര്‍ഷം വരെയാണ്. (അതില്‍ *കുഞ്ഞു ജനിച്ചു കഴിഞ്ഞ ആദ്യത്തെ ആറു മണിക്കൂറുകള്‍ ഏറ്റവും മുഖ്യമാണ്* എന്നു ഏതു മാതാപിതാക്കളും മാതാവോ പിതാവോ ആകുവാന്‍ പോകുന്നവരും മറന്നു കൂടാ.) ഈ ആദ്യ ഒമ്പത് വര്‍ഷക്കാലത്തെ  ശാരീരികവും മാനസ്സികവും പാരിസ്ഥിതികവും സാമൂഹികവും സാംസ്കാരികവും ആത്മീയവും ആയ അനുഭവങ്ങള്‍ ഉപബോധമനസ്സില്‍ ഉണ്ടാക്കുന്ന *മനോചിത്രം* (Mental Paradigm) ആണ് വ്യക്തിത്വത്തിനു നിദാനം.  ഒരാളിലെ മനോചിത്രം എങ്ങനെയോ അങ്ങനെ തന്നെയാകും, വ്യക്തിയുടെ ഓരോ നിമിഷത്തെയും  ഭാവിയേയും നിര്‍ണയിക്കുക. ഒരാള്‍ക്ക്‌ ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു അപകടങ്ങള്‍ ഉണ്ടാകുന്നതും, അബദ്ധങ്ങള്‍ പറ്റുന്നതും, പരാജയങ്ങള്‍ നേരിടുന്നതും, സമ്പാദ്യം ഉണ്ടാകുന്നതും, ദാരിദ്ര്യമുണ്ടാകുന്നതും, അറിവിന്റെ വിഷയങ്ങള്‍ വന്നു ചേരുന്നതും ഒക്കെ മനോചിത്രത്തെ ആധാരമാക്കിയാണ്. ഈ മനോചിത്രമാണ് നാം തലമുറകളായി തലവര എന്ന നാടന്‍ പദം കൊണ്ട് ഉദ്ദേശിക്കുന്നത്.

  .

  നമ്മുടെ ബോധമനസ്സിലെ ചിന്തകളുടെ ആവൃത്തി, ഉപബോധ മനസ്സിനെ ചെറുതായി സ്വാധീനിക്കുമെങ്കിലും, ജീവിതത്തെ വലുതായി സ്വാധീനിക്കയില്ല.  കാരണം മനോചിത്രം എന്ന തലവര തന്നെ.  ജീവിത വിജയ മാനേജുമെന്റു ക്ലാസ്സുകളില്‍ പറയുന്ന മിക്ക പരിശീലനങ്ങളും കഠിനമായി ചെയ്ത ശേഷവും, അതൊന്നും പ്രായോഗികമായി വിജയിക്കുന്നതല്ല എന്ന തിരിച്ചറിവില്‍ നമ്മില്‍ പലരും എത്തിയിട്ടുണ്ടാകും.  ചില പ്രവര്‍ത്തന-സമീപന രീതികളില്‍ പ്രാവീണ്യം നേടിയാല്‍, ജീവിതം കുറച്ചു കൂടി സുഗമമാകും എന്നതിലുപരി, മറ്റൊന്നും സംഭവിക്കാത്തത് ഈ മാനേജുമെന്റു പരിശീലനങ്ങള്‍ അത് പരിശീലിക്കുന്നവരുടെ ഉപബോധമനസ്സിനെ അല്പം പോലും മാറ്റാന്‍ സഹായിക്കുന്നില്ല എന്നതുകൊണ്ടാണ്.  എന്നാല്‍ കൈകാര്യ രീതിയിലെ കുഴപ്പം കൊണ്ട് മാത്രം, വിജയം വിളിപ്പാടകലെ മാറി നില്‍ക്കുന്നവരില്‍, മാനേജുമെന്റു പരിശീലനങ്ങള്‍ ഏറെക്കുറെ ഗുണം ചെയ്യും.

  .

  മനോഘടനയുടെ വ്യക്തമായ പഠനം, മനോതലങ്ങളുടെ പരസ്പര വിനിമയത്തെ കുറിച്ചുള്ള അറിവ്, മനോതലങ്ങളെ തമ്മിലിണക്കിച്ചേര്‍ക്കല്‍, വേണ്ടത് ഉപബോധമനസ്സില്‍ മാറ്റിയെഴുതല്‍ എന്നിവ പരിശീലിച്ചാല്‍ തലവര നമുക്ക് മാറ്റി എഴുതാനാകും. ആരോഗ്യം, ധനം, ബന്ധങ്ങള്‍, വസ്തുക്കള്‍, സാഹചര്യങ്ങള്‍, അനുഭവങ്ങള്‍, അറിവ് തുടങ്ങി എന്തിലും തലവര മാറ്റി എഴുതുവാനാകും. പക്ഷെ അത് പ്രകൃതിയുടെ ചില നിബന്ധനകള്‍ക്ക് വിധേയം ആണ് എന്ന് മാത്രം. ഒരു സാധാരണക്കാരന് സമ്പന്നനാകണമെങ്കില്‍ സമ്പന്നനാകാന്‍ കഴിയും. എന്നാല്‍ അയാള്‍ *സമ്പന്നതയ്ക്കായി അദ്ധ്വാനിക്കേണ്ടുന്നതിന്റെ പതിന്മടങ്ങ്‌ അദ്ധ്വാനമേറിയതായിരിക്കും, മനോചിത്രത്തെ മാറ്റി എഴുതാനുള്ള സാധന*…  (സംഗീതബോധം എന്ന വാസനാ ഗുണം ഇല്ലാത്ത ഒരു വ്യക്തിക്ക്, തു ആത്മചിത്രം മാറ്റി എഴുതിയാലും ഗായകനാകാന്‍ കഴിയില്ല എന്നതും ചേര്‍ത്ത് വായിക്കുക. ) .

  .

  അത് കൊണ്ട് തലവര അഥവാ മനോചിത്രം മാറ്റി എഴുതാം എന്നതറിയുക.  ജീവിതത്തെ സ്വയം ശപിക്കാതിരിക്കുക.  *എന്താ, നിങ്ങള്ക്ക് നിങ്ങളുടെ തലവര മാറ്റി എഴുതണം എന്നുണ്ടോ?* എങ്കില്‍ താഴെ കൊടുത്ത ക്രമത്തിലാണ് അതിലേക്കു നാം ചെന്ന് എത്തേണ്ടത്.

  .

  ●  മനോചിത്ര മാറ്റം (Paradigm Shift)  സാദ്ധ്യമാണെന്ന് ബോദ്ധ്യപ്പെടുക..
  ●  അവനവന്റെ *അര്‍ഹത* യേയും സാദ്ധ്യതകളെയും പരിമിതികളെയും ബോദ്ധ്യപ്പെടുക.
  ●  പ്രകൃതി നിയമങ്ങളെ സമഗ്രമായി ബോദ്ധ്യപ്പെടുക.
  ●  അതിനുള്ള പ്രായോഗിക പരിഷ്കരണങ്ങളെ ബോദ്ധ്യപ്പെടുക.
  ●  അവ പ്രായോഗികമാക്കുമെന്നു ഉറച്ച തീരുമാനം എടുക്കുക.
  ●  പ്രയോഗങ്ങള്‍ നിരന്തര സാധനയായി ചെയ്യുക.

  ഇത്രയും കൊണ്ട് നമ്മുടെ അര്‍ഹതയ്ക്കും സാധനയ്ക്കും  അനുസൃതമായ തലവരമാറ്റം നേടിയെടുവാന്‍  നമുക്ക് സാധിക്കും.

  Print Friendly

  1030total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in