• പ്രളയവും സുസ്ഥിരതയും.

  by  • August 16, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  എനിക്കായി – നമുക്കായി അല്‍പ നേരം ചെലവാക്കണേ..

  *ദയവായി മുഴുവനും വായിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുക..*

  എണ്‍പതുകളിലും തൊണ്ണൂറുകളിലും സുസ്ഥിരതയെ സൂചിപ്പിക്കാന്‍ ഒളിമ്പസ് ഉപയോഗിച്ചിരുന്ന ചിത്രങ്ങളില്‍ ഒന്ന്.

  പ്രളയവും സുസ്ഥിരതയും.

   

  നഷ്ടബന്ധുക്കളെ കുറിച്ചോര്‍ത്തു കണ്ണ് തുളുമ്പുമ്പോഴും നെഞ്ചകം വിതുമ്പുമ്പോഴും വലയില്‍ നിന്നും ഇന്ന് ഞാന്‍ രക്ഷപെട്ടു എന്ന് ആശ്വസിക്കുന്ന മീനുകളെ പോലെയാണ് നാം. എപ്പോള്‍ എവിടെ എന്ത് എന്നൊന്നും പറയാന്‍ കഴിയാത്തവര്‍. നമ്മിലേവരും സ്വാഭാവികമായി സുരക്ഷിതരായിരിക്കണേ എന്നു പ്രകൃതിയോടു അര്‍ത്ഥിക്കുകയാണ് കേവലം വ്യക്തി എന്ന നിലയില്‍ നമുക്ക് ചെയ്യുവാനാകുക.

   

  ദുരിതകാലത്ത് അതിന്റെ കാരണത്തെയും അതിനുള്ള സ്ഥിരമായ പരിഹാരത്തെയും പറ്റി മിണ്ടിപ്പോകരുതെന്ന എഴുതാതിട്ടൂരം ഉള്ളപ്പോള്‍ മിണ്ടാതിരുന്നു പോകുക സാമാന്യമര്യാദയാണ്. എന്നാല്‍ പിന്നീടാകാം എന്ന് വച്ചിട്ട് യാതൊരു പ്രയോജനവും ഇല്ല എന്നതും കഴിഞ്ഞ പ്രളയം നമ്മെ പഠിപ്പിച്ചിട്ടുള്ളതാണ്.   അത് കൊണ്ട് തന്നെയാണ് ഇത്തവണ പലരും ഔചിത്യം നോക്കാതെ മിണ്ടിത്തുടങ്ങിയത്. അതിനാല്‍ ദുരിതം ഇറങ്ങി പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ചിലത് പറഞ്ഞു തുടങ്ങുകയാണ്.

   

  ദുരിതമുയരുമ്പോള്‍  പ്രതികരണാത്മകമായി (reactive) ഓടിക്കൂടി കൈത്താങ്ങിന്റെ വലക്കെട്ടുകള്‍ ഉണ്ടാക്കുക എന്നത് ഏതൊരു കൂട്ടത്തിന്‍റെയും സ്വഭാവമാണ്. ഓടിക്കൂടലിന്റെ ഏറ്റക്കുറച്ചിലുകളില്‍ മാറ്റുരയ്ക്കുവാന്‍ മത്സരിക്കുമ്പോള്‍ തന്നെ മനുഷ്യ സഹജമായ വെട്ടലും തട്ടലും കൊണ്ട് മുഖരിതമാണ് ചുറ്റും. ദുരിതം കഴിഞ്ഞാല്‍ നാം ഇതൊക്കെ മറക്കും എന്ന് കഴിഞ്ഞ സീസന്‍ നമ്മെ പഠിപ്പിച്ചതാണ്. ദുരന്ത പരിഹാരം മറ്റാരുടെയോ ഉത്തരവാദിത്തമാണ് എന്ന് ധരിക്കുന്ന ഒരു പൊതു ബോധം നമുക്കുണ്ട്. എങ്കിലും വിധിയുടെ അടുത്ത മണ്‍കൂന തന്റെ തലയില്‍ ആകരുതല്ലോ എന്ന് കരുതി പലായനം ചെയ്യുന്നവരും ഉള്ളയിടം കെട്ടിയുറപ്പിക്കുന്നവരും ഉണ്ട് എന്നത് വ്യക്തികളില്‍ മുന്‍ കര്‍മ അവസ്ഥ (proactiveness) നാമ്പിടുന്നതിന്റെ ലക്ഷണങ്ങള്‍ ആണ്.

   

  അങ്ങനെ പോലും കതിരില്‍ വളം വച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലായത്‌ കൊണ്ടാണ് ഇന്ന് പലരും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിപ്പിടിച്ചു നടക്കുന്നത്. സാമൂഹികവും ഭരണപരവും വ്യക്തിപരവും ആയ ബഹുസ്വരതയുടെ ഒരു ജീവിത ക്രമത്തില്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പറഞ്ഞ  അത്രയും പോകുക എന്നത് പോലും തര്‍ക്കമാക്കുകയാണ് നാം. നാം ജീവിച്ചു പോകുന്നതിന്റെ സൌഖ്യ മണ്ഡലം നഷ്ടപ്പെടാതെ നില്‍ക്കുവാനുള്ള ത്വര മൂലം  ആണ് നമ്മള്‍ സ്ഥിതി മാറ്റത്തിന് തയ്യാറാകാത്തത്. കപ്പല് മുങ്ങുമ്പോഴും പ്രണയ ഭാജനത്തിന്റെ പ്രണയിതാവിനെ പൂട്ടിക്കെട്ടാനുള്ള അശ്രാന്ത പരിശ്രമങ്ങളില്‍ ആണ് നാം.   കലിയുടെ മൂര്‍ത്ത ഭാവം നമ്മില്‍ ഈഗോ ആയും അധികാരമായും ശാസ്ത്രമായും മേല്ക്കൊയ്മയായും മുന്‍വിധിയായും അസഹിഷ്ണുത ആയും നില കൊള്ളുമ്പോള്‍ ശരിയായ പ്രശ്നത്തെയും ശരിയായ കാരണത്തേയും ശരിയായ പ്രതിവിധിയേയും  നാം അറിയുക പോലും ചെയാതെ പോകുന്നു.  ഇങ്ങനെയൊക്കെ വല്ലാത്ത ഒരു സാമൂഹ്യ അന്ധത നമ്മുടെ പൊതുബോധത്തെ വിലയം ചെയ്യുന്നുണ്ട്.

   

  ഗാഡ്ഗില്‍ റിപ്പോര്‍ട്ടും അതിന്റെ നടപ്പിലാക്കലും ഒക്കെ ഒരു അതിര് കടന്ന പ്രയോഗമാണ് എന്ന് വാദിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ മനസ്സിലാക്കേണ്ടത്, അത്  ഈ ബഹുസ്വര സമൂഹത്തില്‍ പ്രയോഗിക്കാവുന്ന ഒരു മേമ്പൊടി മാത്രമാണെന്നും ഇപ്പോള്‍ അതാണ്‌ പ്രായോഗികം എന്നത് കൊണ്ടാണ് അദ്ദേഹം അത്ര വരെ കൊണ്ട് നിര്‍ത്തിയിട്ടുള്ളത് എന്നുമാണ്. കലിഭാവത്തെ മറികടന്നു  കണ്ണ് തുറക്കാന്‍ തയാറാകുന്നവര്‍ക്ക് അതിന്റെ ആഴങ്ങളിലേക്ക് പോകുവാന്‍ കഴിയും. അവിടെ നമ്മുടെ അടിസ്ഥാന വിശ്വാസങ്ങളെ ഇളക്കി പ്രതിഷ്ഠിക്കേണ്ടി വരും. ജീവിതത്തെ പാടെ മാറ്റി  എഴുതേണ്ടി വരും.    പുതിയൊരു വഴിത്താരയിലേക്ക് നാം നടന്നു തുടങ്ങേണ്ടി വരും.  എന്നാല്‍ ഈ പൂച്ചയ്ക്ക് എത്ര പേര്‍ മണി കെട്ടും എന്നതാണ് വെല്ലുവിളി.

   

  ഇത്തരുണത്തില്‍ ഞങ്ങള്‍ ഒളിമ്പസ്സിനും നവഗോത്ര സുസ്ഥിര ജീവന സമൂഹത്തിനും ചിലത് പറയുവാനുണ്ട്. കഴിഞ്ഞ മുപ്പത്തി നാല്  വര്‍ഷങ്ങളായി സുസ്ഥിര ജീവനത്തെയും അതിന്റെ ഘടകങ്ങളേയും അവയുടെ സമഗ്ര ഭാവത്തെയും അവയോടുള്ള സമീപനങ്ങളെയും പറ്റി മാത്രം പഠിച്ചും തിരുത്തിയും  പ്രചരിപ്പിച്ചും ചെയ്തും ഇടയ്ക്ക് വീണും വീഴ്ചയെ അതിജീവിച്ചും  ജീവിക്കുന്ന, ഒരു പക്ഷെ അത് മാത്രം ചെയ്തു കൊണ്ടിരിക്കുന്ന ഒരു മുന്നേറ്റം ആണ് ഒളിമ്പസ്. വെള്ളം പൊങ്ങുന്നതിനു ദശകങ്ങള്‍ മുന്നേ തന്നെ നാം ദുരന്ത മുഖത്താണ് എന്ന് മനസ്സിലാക്കി വഴി മാറി നടന്ന ഗുരുക്കന്മാരെ പിന്‍പറ്റിയാണ് ഒളിമ്പസ്സിന്റെ യാത്ര. ഇപ്പറഞ്ഞ തുടര്‍ച്ചയായ ദുരിതാശ്വാസ പ്രവര്‍ത്തനം ഒളിമ്പസ് നടത്തി വരുന്നത് ദുരന്ത നിവാരണത്തിനായുള്ള  മുന്നൊരുക്കങ്ങള്‍ വഴിയാണ് . ആ യാത്രയില്‍ ബോദ്ധ്യമായ ചില വിഷയങ്ങളെ പറ്റി സംസാരിക്കുവാന്‍ നമ്മള്‍ ഒരുക്കമാണ്.  കേള്‍ക്കുവാന്‍ ചെവിയുള്ളവര്‍ ഉണ്ടെങ്കില്‍.

   

  ഒരു കവല പ്രഭാഷണം കൊണ്ട് ഈ സുവുശേഷം വിളമ്പാവുന്നതല്ല.  ചോദിക്കുന്നവര്‍ക്ക് കൊടുത്തിട്ടേ കാര്യമുള്ളൂ.  മുന്‍വിധികളെ അല്പ നേരമെങ്കിലും ഊരി വയ്ക്കുവാന്‍ തയ്യാറുള്ള, സ്വീകാര്യതയും സഹിഷ്ണുതയും ഉള്ള,  പ്രതിപക്ഷ ബഹുമാനം ഉള്ള സത്യാന്വേഷികള്‍ ആയ ജീവിതത്തില്‍ അഴിച്ചു പണികള്‍ക്ക് തയാറുള്ള, കേള്‍വിക്കാരുണ്ടെങ്കില്‍ ഞങ്ങള്‍ അവരുടെ ചെവിയില്‍ മാത്രമായി പറയാന്‍ തുടങ്ങുകയാണ്. നിങ്ങളും അങ്ങനെ ഉള്ള ഒരാള്‍ ആണെങ്കില്‍ പറയുക.  നമുക്ക് വര്‍ത്തമാനം പറഞ്ഞു തുടങ്ങാം.  ഇത് ഒരു റേഡിയോ പ്രഭാഷണം പോലെ ഏക ദിശയിലാകരുത്. അതിനാല്‍ തന്നെ നമുക്ക് സംസാരിക്കാം. നിങ്ങള്ക്ക് പറയാനുള്ളതും പറയണം. ഒരു പക്ഷെ മറ്റാരോടും പറയാനാകാതെ വച്ച സത്യങ്ങള്‍ ഉണ്ടെങ്കില്‍ അവയും പങ്കിടണം. എന്നിട്ട് ഒളിമ്പസ്സിനു പറയാനുള്ളത് നമുക്ക് പറഞ്ഞു  തുടങ്ങാം. അതിനാല്‍ ആദ്യം ഒന്ന് വിളിക്കുക. അല്‍പ നേരം സംസാരിച്ചതിന് ശേഷം വിഷയങ്ങളിലേക്ക് കടക്കാം.

   

  ഹൃദയ പൂര്‍വ്വം

  സന്തോഷ്‌ ഒളിമ്പസ്.

  എന്‍റെ ഫോണ്‍ നമ്പര്‍ :  9497628007

   

   

  *നമുക്ക് സംസാരിക്കേണ്ടുന്ന വിഷയങ്ങളില്‍ ചിലത്.‍*

  • ഉപഭോഗ സംസ്കാരം.
  • മനുഷ്യ കേന്ദ്രിത ജീവനം.
  • മുതലും അതിന്മേലുള്ള അധീശത്വവും,
  • പൊതുബോധം. ശരിയും ശരികേടും.
  • അധികാരശ്രേണി
  • നിയമം, മനുഷ്യന്റെയും പ്രകൃതിയുടെയും.
  • മനുഷ്യകുലത്തില്‍ സ്ഥിരമായുള്ള തടസ്സം.
  • വികലമാക്കപ്പെടുന്ന ശാസ്ത്ര ബോധം.
  • അതി മാന ബോദ്ധ്യങ്ങള്‍
  • ജീവനും അതിന്റെ തത്വവും ശാസ്ത്രവും‍.
  • ആത്മീയത – അറിയാതെ പോകുന്നത്.
  • മനസ്സ് – മനുഷ്യന്റെയും പ്രകൃതിയുടെയും.
  • ജീവന്‍റെ ബോധ പരിണാമം.
  • ജീവിതത്തിന്‍റെ അഴിച്ചു പണി.
  • സുസ്ഥിര ജീവനം.
  • സുസ്ഥിര ജീവന സമൂഹങ്ങളും ഇക്കോ വില്ലേജും.

   

  ഇവയേ കുറിച്ച് സംസാരിക്കുന്നത്  ഇതേ ക്രമത്തില്‍ തന്നെ ആകണം എന്നില്ല.  ഇത് മാത്രമേ ആകാവൂ എന്നുമില്ല. നമ്മുടെ കേന്ദ്ര വിഷയം സുസ്ഥിര ജീവനം എന്നതാണ്.  അപ്പോള്‍ സംസാരിക്കുകയല്ലേ.. വിളിക്കുമല്ലോ?

  Print Friendly

  494total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in