• സാമാന്യീകൃത ആത്മീയത (Part 2)

  by  • February 19, 2014 • ആത്മീയത • 0 Comments

  മൂല്യാധിഷ്ടിതമായ ആത്മീയത

  ആത്മീയത എന്നൊന്നിനെ  ലോകം പലതായി കാണുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ, ആ പദം ചർച്ചയ്ക്കെടുക്കും മുമ്പ് എന്തിനെ ആധാരമാക്കിയാണ് ചർച്ച എന്ന് മുൻ‌കൂർ പ്രഖ്യാപിക്കുന്നതാണ് ഉചിതം. ഭൌതികവാദികളെയും ആത്മീയ വാദികളെയും പൊതുവായി ഉൾക്കൊള്ളുന്ന ഒരു ഭൂമിക(Platform)യിൽ ആത്മീയത എന്ന പദം മൂല്യങ്ങളുടെ സാന്നിദ്ധ്യത്തെ കുറിക്കുന്നു എന്ന് നമുക്ക് ചുരുക്കത്തിൽ മനസ്സിലാക്കാം. വ്യക്തിയുടെ സാമൂഹിക ഇടപെടലുകളിലെ രീതി, ഒരു പൊതു മാനവിക രീതിയിൽ നിന്നും സംസ്കരിച്ചു കൊണ്ടുള്ളതാണെങ്കിൽ, അതിനെ മൂല്യം ഉള്ളത് എന്ന് പറയാം. മാനവ കുലത്തിന്റെ പൊതുവായ നൈസർഗിക രീതിയിൽ നിന്നും വേറിട്ട്‌ നില്ക്കാൻ ആവ്യക്തിയെ സഹായിക്കുന്നത്, അയാളിലെ സ്വതന്ത്രമായ ചിന്താ ശേഷിയും, ആ സ്വാതന്ത്ര്യത്തെ പ്രദാനം ചെയ്യുന്ന ഭാവന ശേഷിയുമാണ്‌.  ആ ഭാവന നല്കുന്ന അനന്യമായ സ്വാതന്ത്രം, പ്രത്യയ പരമായൊ അല്ലാതെയോ ഉള്ള ഒരു മൂല്യ വീക്ഷണം അയാളിൽ പ്രദാനം ചെയ്യുന്നു. ഭൌതികേതരമായത് അഥവാ ഭൗതികത്തിനും അതീതമായതു എന്ന അർത്ഥത്തിൽ പോലും, മൂല്യത്തെ മനസ്സിലാക്കിയാൽ, സവിശേഷമായ രീതിയിൽ, മൂല്യാധിഷ്ടിത വീക്ഷണം, ഒരു വ്യക്തിയെ അയാളുടെ സാമൂഹ്യ സംവിധാനവുമായി ഇടപെടുവാൻ സഹായിക്കുന്നു, എന്ന് കാണാം.

  ആത്മീയാവബോധം

  ഒളിമ്പസ് മനസ്സിലാക്കുന്ന ആത്മീയത, ഒന്നിൽ ലീനമായ സവിശേഷ സ്വഭാവം ആണ്. അതൊരിക്കലും ഒരു ദ്വൈത സത്തയല്ല. ആ സ്വഭാവം സ്വാഭാവികമായും  അനന്യവും, എന്നാൽ സമമിതവുമായിരിക്കും. അതിനാൽ ഈ ലീനമായ സവിശേഷ സ്വഭാവത്തെ, പ്രതിഭാസത്തെ സ്വയം സംഘടിതമായ ജീവൻ എന്ന് വിളിക്കാം. (ജീവൻ – പ്രാണൻ  – ആത്മാവു എന്നൊക്കെ വിളിക്കപ്പെടുന്ന പ്രജ്ഞ – ഇത് നമ്മുടെ വ്യാവഹാരിക മനോ മണ്ഡലത്തിൽ അനുഭവവേദ്യമാണെങ്കിലും ബോദ്ധ്യവിധേയം അല്ല.)  ഇതര പ്രാപഞ്ചിക സത്തകളുമായി പാരസ്പര്യത്തിൽ ഏർപ്പെടുക എന്നത് ജീവന്റെ ധർമം ആണ്. ഈ ഇടപെടലിന്  തീർച്ചയായും ഒരു അനന്യ സ്വഭാവം ഉണ്ടാകും. ഈ ഇടപെടൽ കേവല വിഷയ  / വിഭവ വിനിമയം എന്നതിലുപരി, ഏകതാനമായ ചലനവും ഒഴുക്കും പ്രദാനം ചെയ്യുന്നുവെങ്കിൽ, അവിടെ ഇടപെടലിൽ ഒരു സവിശേഷ മൂല്യം ഉണ്ടെന്നു കരുതുവാൻ ആകും. ഏതു ജൈവ സത്തയും ഇതര സത്തകളോട് ഇടപെടുന്നുവെങ്കിലും, അതിൽ സവിശേഷ മൂല്യം കല്പിക്കുന്നുവെങ്കിൽ ആ സത്തയ്ക്ക് ആത്മീയാവബോധം  ഉണ്ടെന്നു പറയാം. [ ആത്മീയാവബോധം എന്നാൽ ആത്മ ജ്ഞാനം എന്നല്ല അറിവായി ഇരിക്കുന്ന അവസ്ഥയാണ് അവബോധം, അറിയുന്നു എന്ന അറിവാണ് ജ്ഞാനം]

  സാമാജികമായ ജീവിത വിജയം. 

  ഒരു വ്യക്തി ധാരണം ചെയ്യുന്ന സവിശേഷ മൂല്യം എന്നതു  ബഹു രൂപിയാണ്. ഭാഷയുടെ പശ്ചാത്തലത്തിൽ ഈ മൂല്യങ്ങൾക്ക് വ്യത്യസ്ത നാമധാരണങ്ങൾ നടത്തുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. പേറുന്ന മൂല്യം ഇടപെടലിനെ ശാന്തിയിലേക്കും, ഏകതാനതയിലെക്കും നയിക്കുമ്പോൾ ആ സത്തയുടെ ജീവിതം അതിന്റെ ധർമ പരമായ ഇച്ഛയ്ക്കൊത്ത് നീങ്ങുന്നത്‌ കാണാൻ ആകും. അതില്ലാത്തിടത്ത് പ്രക്ഷുബ്ദ്ധത പ്രത്യക്ഷമാകും. അതായത്, ഒരു സത്ത ധർമ പരമായ ഇച്ഛയുടെ സാക്ഷാത്കാരത്തിലൂടെ കടന്നു പോകുമ്പോൾ അവിടെ ശാന്തിയുണ്ടാകുന്നു, അതിന്റെ സമീപസ്ഥ പ്രകൃതിയുമായി  ഏകതാനമാകുന്നു.   ഒരു സത്തയുടെ /വ്യക്തിയുടെ ഇച്ഛയുടെ സാക്ഷാത്കാരത്തെ വിജയം എന്ന് പറയാം. വിജയത്തിന്റെ നിരന്തരമായ തുടർവാണ്  ജീവിത വിജയം എന്നത്. വിജയവും ജീവിത വിജയവും, തികച്ചും വ്യക്തി നിഷ്ഠമാണെങ്കിലും  , അതിന്റെ പരിസ്ഥിതിയുടെ ശാന്തിയെ നില നിറുത്തുന്നു വെങ്കിൽ അതാണ്‌ ആ വ്യക്തിയുടെ സാമാജികമായ ജീവിത വിജയം.

  സുതാര്യ മൂല്യങ്ങൾ (Transparent  Values)

  വ്യക്തി / സത്ത കൾക്ക്  അതിന്റെ പരിസ്ഥിതിയുമായുള്ള മനോ സുതാര്യതയുണ്ടാകുമ്പോഴാണ് സാമാജികമായ ജീവിത വിജയം കൈവരിക്കുവാനാകുക. മനസ്സ്‌ എന്നത് വ്യക്തിയുടെ ധർമ വ്യവസ്ഥയുടെ പരിണതിയാണ്‌. അപ്പോൾ മനോ  സുതാര്യതയ്ക്ക് ധർമ നിർവഹണം മൂല്യവത്തായി നടന്നേ പറ്റൂ. വ്യക്തിയെ മനോ സുതാര്യതയിൽ എത്തിക്കുന്ന മൂല്യങ്ങൾ ഏതെല്ലാം എന്ന് നോക്കാം.

  നിർമലത (Immaculateness)

  നിർമലമായ മനോ മണ്ഡലം ഉണ്ടാകണമെങ്കിൽ, നിർമലമായ ധർമങ്ങൾ ഉണ്ടാകണം. അബദ്ധങ്ങൾ (കുറ്റങ്ങൾ) ഇല്ലാത്ത ധർമങ്ങൾ വേണം ഒരു വ്യക്തി നിർവഹിക്കുവാൻ.. ഏറ്റവും ചുരുങ്ങിയത് അബദ്ധം (കുറ്റം) ചെയ്തു എന്ന തോന്നലെങ്കിലും ഇല്ലാതെയാകണം. ചെയ്തു എന്ന് ബോദ്ധ്യമുള്ള അബദ്ധ(കുറ്റ)ങ്ങളിന്മേലുള്ള പശ്ചാത്താപം ആണ് അതിനുള്ള തുറവി.. തുടർന്ന് പരിഹാരങ്ങളിലൂടെ / കുമ്പസാരത്തിലൂടെ, ഉപബോധത്തെ സാക്ഷിയാക്കി (മനസ്സാക്ഷി) അബദ്ധ (കുറ്റ) വിമുക്തരാകണം.  തുടർന്ന് അബദ്ധങ്ങൾ ഇല്ലാതെ നോക്കുവാനുള്ള ശ്രദ്ധയാണ് അതിന്റെ തുടർവ്.

  സ്വാദരം (Self Esteem) 

  വ്യക്തിക്ക് സ്വയം നിലവിലുള്ള അരോഗിതമായ മനോ കായ കർമങ്ങളിന്മേലുള്ള മതിപ്പ് എന്നതാണ് അടുത്ത് മുഖ്യമൂല്യമായി  വരുന്നത്. അവനവനിലെ ഓരോ നിമിഷത്തെയും സന്തോഷ പൂർവ്വം, ആദര പൂർവ്വം നിരീക്ഷിച്ചു സാക്ഷിയായാൽ, പ്രകൃതിയുമായുള്ള സുതാര്യ വിനിമയത്തിനുള്ള പ്രാഥമിക യോഗ്യതയത്രേ അത്.

  കൃതജ്ഞത (Gratitude)

  അവനവനു ഇന്നോളം കൈ വന്നിട്ടുള്ള സർവ ലബ്ധിക്കും കാരണമായ പ്രകൃതീ ഘടകങ്ങളോടുള്ള കൃതജ്ഞതയാണ് അടുത്ത് നിൽക്കേണ്ടുന്ന മൂല്യം.  പ്രകൃതി പ്രതിഭാസങ്ങളുടെ (ഈശ്വരീയത്തിന്റെ) പ്രതിരൂപങ്ങളാണ്, മുൻപിൽ കാണുന്ന സർവവും എന്ന് ബോദ്ധ്യമുള്ള ഒരുവന്, മുൻപിലെത്തുന്ന സർവ വസ്തുക്കളോടും വസ്തുതകളോടും   സാഹചര്യങ്ങളോടും, കൃതജ്ഞതാ പൂർണമായി തുടരുവാനാകും. കൃതജ്ഞത , യുക്തി വിമുക്തമായിരുന്നാൽ, അത് പ്രകൃതീ  ജാലത്തിലേക്കുള്ള ആത്മ പ്രസരണമത്രേ…

  ബഹുമാന വാത്സല്യങ്ങൾ (Respect  & Fondness)

  വ്യക്തിയുടെ പ്രാപഞ്ചിക പ്രാധാന്യത്തിനും വലുതാണ്‌ മുൻപിലെത്തുന്ന മറ്റൊരു സത്തയെങ്കിൽ അവയോടുണ്ടാകേണ്ടുന്ന മനോ മൂല്യമാണ് ബഹുമാനം.. തന്നെക്കാളും ബഹു വിധങ്ങളിൽ വലുതായ ഒന്നിനോടുള്ള നിഷ്കാമവും വിധേയ പൂർണവുമായ അംഗീകാരത്തോടെ ഉള്ള പിന്തുടർവിന്റെ മനോ രൂപമാണ് ബഹുമാനം. എന്നാൽ മുന്നിലെത്തുന്ന സത്ത തന്നെക്കാൾ ചെറുതെങ്കിൽ, അവയോടു നിഷ്കാമ പൂർവമുള്ള സ്വീകാര്യതയും പരിഗണനയും അംഗീകാരവും ആണ് വാത്സല്യം. സ്നേഹം എന്ന പ്രാഥമിക മൂല്യം ഇവയുടെ അടിസ്ഥാനമാണ്. സ്നേഹമന്യേ ഉള്ള ബഹുമാന വാത്സല്യങ്ങൾ യുക്തി ജന്യവും അതാര്യവും ആയിരിക്കും.

  അവിധി (Non-Judgement)

  മുൻപിലെത്തുന്നവയെ മറ്റൊന്നെന്നു വിധിച്ചു ചിത്രീകരിക്കാതെ, അതായി തന്നെ സ്വീകരിക്കുവാനുള്ള മനസ്സിന്റെ തുറവിയാണ് ഈ മൂല്യം. വ്യക്തിയോ സാഹചര്യമോ ആയാലും എന്തിനെയും അതെ പടി കണ്ടറിയാൻ ആകുമ്പോൾ  , പ്രകൃതീ വിതരണത്തിന്റെ വൈവിദ്ധ്യത്തെ നാം കേവലയുക്തിയാൽ ചിതറിക്കാതെ ഇരിക്കുകയും, പ്രകൃതിയുമായുള്ള സുതാര്യ സംവേദനം സാദ്ധ്യമാകുകയും ചെയ്യും. നിഷ്പക്ഷത (Neutrality) അവിധിയുടെ ഉപ മൂല്യമാണ്.

  അനന്യത (uniqueness)

  മുൻപിലെത്തുന്ന സർവതിനെയും തൊട്ടറിഞ്ഞു  കാണുമ്പോഴും അതൊന്നുമായി ഒട്ടിച്ചേരാതെ, അവയുടെ  ഭൂത ഭാവികളിൽ കുരുങ്ങാതെ, സാക്ഷീ ഭാവത്തിൽ അവയോടൊപ്പം ഉണ്ടാവുക എന്ന മൂല്യമാണിത്. നമ്മെ നാമായി നില നിറുത്തുവാൻ ഉതകുന്ന ഈ മൂല്യം പലപ്പോഴും വ്യക്തിപരതയുടെ മുദ്രയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌.

  [ ഇവിടെ ചേർക്കേണ്ടുന്ന മറ്റു ചില മൂല്യങ്ങൾ കൂടിയുണ്ട്. അവ വഴിയെ ചേര്ത്ത് കൊള്ളാം  .]

   

  പ്രാഥമികമായി ഇപ്പറഞ്ഞ മൂല്യങ്ങൾ ധരിക്കുവാൻ നമുക്ക് കഴിയുമ്പോൾ, പ്രകൃതിയുമായുള്ള സുതാര്യത ക്രമീകൃതമാകുകയും  മൂല്യാധിഷ്ഠിതമായ ആത്മീയതയിലൂടെ സാമാജികമായ ജീവിത സൌഖ്യം കൈ വരികയും ചെയ്യും. അങ്ങിനെ സാമാജികമായ സൌഖ്യം കൈവന്ന ഒരു സമൂഹത്തിലെ സുസ്ഥിരത ഉണ്ടാകൂ. അതിനാകട്ടെ നമ്മുടെ ശ്രമങ്ങൾ..

  https://www.facebook.com/notes/637650939616183

   

  Print Friendly

  697total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in