• ഗ്രാമോദയ പദ്ധതി

  by  • August 3, 2014 • പദ്ധതികള്‍ • 0 Comments

  എന്താണ് ഗ്രാമോദയ പദ്ധതി?
  ഒളിമ്പസ്സിന്റെ അതിരുകളില്ലാത്ത  പ്രകൃതി രാഷ്ട്രം എന്ന ഏക ലോക സങ്കല്പത്തിന്റെ ജനകീയമായ പ്രായോഗിക പദ്ധതിയാണ് ഗ്രാമോദയ. ആഗതമാകുന്ന സുസ്ഥിര ജീവനപ്രതിസന്ധികളെ സമഗ്രമായ സ്ഥിതി മാറ്റത്തോടെ  നേരിടാന്‍ ഗ്രാമങ്ങളെ സജ്ജമാക്കുന്ന പരോക്ഷ പദ്ധതി ആണിത്. ഒളിമ്പസ് വിഭാവനം ചെയ്യുന്ന മാതൃകാ സുസ്ഥിര ജീവന ഗ്രാമങ്ങളെ ഉപജീവിച്ചു കൊണ്ട്, ഒളിമ്പസ്സിന്റെ ജീവിത ധാര ആശയപരമായെങ്കിലും പിന്തുടരുന്ന പരിശീലിതരായ സാമൂഹ്യ പ്രവര്‍ത്തകര്‍ വഴി, നിലവിലുള്ള ഗ്രാമങ്ങളെ സുസ്ഥിര ജീവന പന്ഥാവിലേക്ക് നയിക്കുകയും, നാളെയുടെ പ്രതിസന്ധികളെ നേരിടാന്‍ സുസ്ഥിരതയിലും, സ്വാശ്രയത്വത്തിലും, ജ്ഞാനത്തിലും,  പാരസ്പര്യത്തിലും, ആരോഗ്യത്തിലും, വിഭവാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലും ഊന്നിയ ഒരു നവ ജീവന സംസ്കാരം ഉരുവാക്കുകയും ചെയ്യുക എന്നതാണ് ഗ്രാമോദയ പദ്ധതിയുടെ ലക്‌ഷ്യം.

  ചരിത്രം
  1986 ല്‍ ബീജാവാപം നടത്തി 1990ല്‍ സ്ഥാപിച്ച ഒളിമ്പസ് ആശ്രമം ആണ് ഗ്രാമോദയ പ്രസ്ഥാനത്തിന്റെ ആദ്യ പടിപ്പുര. വിഭവ പരിമിതി കൊണ്ട് അരിഷ്ടിച്ച് മാത്രം മുന്‍പോട്ടു പോയ പ്രസ്തുത പദ്ധതി 1994 ല്‍ ചെന്നൈ യില്‍ ആരംഭിച്ച കൂട്ട് ജീവിത സംവിധാനത്തിന്റെ സ്ഥാപിക്കലോടെ വീണ്ടും മുന്‍പോട്ടു സഞ്ചരിക്കുവാന്‍ തുടങ്ങി. പരീക്ഷണങ്ങളും, പഠനങ്ങളും കൊണ്ട് മുന്‍പോട്ടു പോയിരുന്ന അക്കാലത്ത് പ്രായോഗിക ജ്ഞാനത്തിന്റെ പരിമിതികളോടെ  പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ആഞ്ഞടിച്ചപ്പോള്‍  ശെവ്വായ്പ്പേട്ടെ എന്ന തമിഴ് ഗ്രാമത്തിലെ പല സാമൂഹ്യ വിരുദ്ധരുടെയും വിദ്വേഷത്തിന് പാത്രീഭാവിച്ചു. അതെ തുടര്‍ന്ന് ഒളിമ്പസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്ക് പറിച്ചു നടേണ്ടി വന്നു.

  ഒളിമ്പസ്സിന്റെ പ്രവര്‍ത്തകര്‍ നേരിട്ട് ഇടപെടാതെയുള്ള ഗ്രാമോദയ സംഘങ്ങള്‍ ആദ്യമായി പ്രവര്‍ത്തനമാരംഭിച്ചത് 1997ല്‍ തത്തമംഗലത്തെ താണിയംപാടം എന്ന ഗ്രാമത്തിലാണ്  ആണ്. രാഷ്ട്രീയ കഷികളുടെ അനുചിതമായ കൈകാര്യം ചെയ്യലുകള്‍ മൂലം നേരാം വണ്ണം പ്രവര്‍ത്തങ്ങള്‍ മുന്‍പോട്ടു പോകാന്‍ കഴിയാതിരുന്ന ഈ ഗ്രാമോടായ സംഘത്തിന്റെ മുഖ്യ പ്രവര്ത്തകള്‍, പിന്നീട് ഒളിമ്പസ് ഗ്രാമോടയയുടെ പരിശീലകരായി തുടരുകയാണ് ചെയ്തത്.

  ഏതാണ്ട് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1999ല്‍ തത്തമംഗലത്തെ മൂന്നു ഗ്രാമങ്ങളില്‍ ഗ്രാമോദയ പ്രവര്‍ത്തനങ്ങള്‍, ഒളിമ്പസ്സിന്റെ നേര്‍ സ്വാധീനത്തിലുള്ള ചില നിര്‍വാഹകരിലൂടെ  നടത്തുകയും, പിന്നീട്  ധന മാനവ വിഭവ പരിമിതികള്‍ കൊണ്ട് അവര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ട് പോകുവാന്‍  കഴിയാതെ വരികയും ചെയ്തു. എങ്കിലും ഗ്രാമങ്ങളില്‍ ബന്ധുത്വ ഭാവം ഊട്ടിയുറപ്പിക്കുവാനും ഭകഷ്യ സ്വാശ്രയത്വം പരിധി വരെയെങ്കിലും പ്രായോഗികമാക്കുവാനും കഴിഞ്ഞു. തുടര്‍ന്നുള്ള പിന്തുണ നല്‍കുവാന്‍ ഒളിമ്പസ്സിനോ, നേതൃത്വം നല്‍കുവാന്‍ ഗ്രാമവാസികള്‍ക്കോ, നിര്‍വാഹകയായിരുന്ന വ്യക്തിക്കോ കഴിയാതെ വരികയും, പതിയെ പുതിയ തലമുറ ഒന്നര ദശകത്തിനുള്ളില്‍ ഗ്രാമ നിയന്ത്രണം ആളുകയും ചെയ്തപ്പോള്‍, ഗ്രാമോദയ സങ്കല്‍പം ആ ഗ്രാമങ്ങളില്‍ ഏറെക്കുറെ വിസ്മൃതിയിലാണ്.

  സമ്പൂര്‍ണാര്‍ത്ഥത്തില്‍ ഒളിമ്പസ്സിനെയോ ഗ്രാമോദയേയോ ബോദ്ധ്യപ്പെട്ട വ്യക്തികളുടെ ലഭ്യതയില്ലായ്കയാണ് നമ്മെ പരിമിതരാക്കുന്നത്.  ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റും അത്തരത്തിലുള്ള വ്യക്തികളെ കണ്ടെത്തുവാനുള്ള ശ്രമങ്ങളില്‍ ആണ് പുതിയ കാലത്ത് പുതിയ രൂപത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഗ്രാമങ്ങളെ സ്വാധീനിക്കുവാന്‍ ശേഷിയുള്ളവരെ ആണ് ഇപ്പോള്‍ ഒളിമ്പസ് തേടുന്നത്.

  ഗ്രാമോദയയുടെ അടിസ്ഥാന വീക്ഷണങ്ങള്‍ 

  1. ഒരു ഭൂപ്രദേശത്തെ ജൈവ സംവിധാനത്തിന്‍റെ ഭാഗമാകുന്ന ജന്തുക്കളും, സസ്യജാലങ്ങളും സൂക്ഷ്മജീവികളും, അവ നില നില്‍ക്കുന്ന ഭൌമ ജൈവികതയും  പാരിസ്ഥിതിക ജൈവികതയും ഒത്തു ചേര്‍ന്ന സംവിധാനത്തെ സമൂഹം എന്ന് വിളിക്കാം.
  2. പ്രാഥമിക മൂല വസ്തുക്കള്‍ തുടങ്ങി മനുഷ്യനിലൂടെ പ്രപഞ്ചം വരെയും, സൂക്ഷ്മ ജീവി മുതല്‍  സ്വവര്‍ഗത്തിലൂടെ ലോക രാഷ്ട്രങ്ങള്‍ (ജൈവ മണ്ഡലം) വരെയും, പിന്‍ തലമുറകള്‍ മുതല്‍ ഈ തലമുറയിലൂടെ  വരും തലമുറകള്‍ വരെയും ത്രി മാനങ്ങളില്‍ ഈ സമൂഹം പരന്നു കിടക്കുന്നു. 
  3. ഒരു ജൈവ വ്യവസ്ഥ അതിന്റെ സൌഖ്യവും ആരോഗ്യവും ജ്ഞാനവും നിലനിര്‍ത്തിക്കൊണ്ട് ജീവ സന്ധാരണം നടത്തി മുന്‍പോട്ടു പോകുന്ന ഇഴ മുറിയാത്ത ഒഴുക്കിനെ സുസ്ഥിര ജീവനം എന്ന് വിളിക്കാം.
  4. മനുഷ്യന്‍ എന്ന ജീവി മൂര്‍തരൂപങ്ങളില്ലാതെ സങ്കല്പിക്കുവാനും, സങ്കല്പങ്ങളെ മൂര്‍തവല്‍കരിക്കുവാനും ശേഷിയുള്ളതാണ്.
  5. മനുഷ്യന്റെ ഭാവനകളെ പൂര്‍ണമായ കായാദ്ധ്വാനം ഇല്ലാതെ തന്നെ മൂര്ത്തവല്‍കരിക്കാന്‍ പ്രകൃതിക്ക് കഴിയും.
  6. പ്രകൃതിയുടെ മൂര്‍ത്ത വല്കരണ ശേഷിയുടെ പരിധിയിലും കവിഞ്ഞ ഒന്നും പ്രകൃതി മൂര്ത്തവല്‍കരിക്കുകയില്ല.
  7. പ്രകൃതിയുമായി നേര്‍ ബന്ധമില്ലാതെ, സങ്കല്പങ്ങളില്‍ നിന്നും അത് സങ്കീര്‍ണ സങ്കല്പങ്ങളിലെക്കുള്ള മനുഷ്യന്റെ യാത്ര, അവന്റെ സ്വന്തം അസ്തിത്വത്തിന്റെ അടിസ്ഥാന നിയമങ്ങളെ വിസ്മൃതിയിലാക്കാന്‍  കാരണമാക്കിയിട്ടുണ്ട്.
  8. പ്രകൃതി അതിന്റെ സ്വയം നിര്‍ദ്ധാരണ പ്രക്രിയകളിലൂടെ മുന്‍പോട്ടു പോയ്ക്കൊണ്ടേ ഇരിക്കുന്നു. അതിന്റെ അടിസ്ഥാന നിയമങ്ങള്‍ തെറ്റുന്നയിടത്ത്, അത് സ്വയം നിര്‍ദ്ധാരണം ചെയ്തു തുടങ്ങും. അങ്ങിനെ വലുതായ ഒരു സ്വയം നിര്‍ദ്ധാരണത്തിലേക്ക് മനുഷ്യ സമൂഹം ഇപ്പോള്‍ വഴി വയ്ക്കുന്നുണ്ട്‌.
  9. പ്രകൃതിയുടെ സ്വയം നിര്‍ദ്ധാരണത്തിന്‍റെ ഭാഗമായി ഗോത്രങ്ങളില്‍ /ഗ്രാമങ്ങളില്‍ നിന്നും കുടുംബങ്ങളിലേക്കും, കുടുംബങ്ങളില്‍ നിന്നും വ്യക്തിയിലേക്കും, വ്യക്തിയില്‍ നിന്നും കേവല യുക്തിയിലേക്കും ഉള്ള വിഘടനം  മനുഷ്യ രാശിയുടെ വികാസ കാലങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു.
  10. ഏതൊരു വ്യവസ്ഥയും നില നില്‍ക്കുക, അതിന്റെ ശക്തമായ അഭികേന്ദ്ര ബലത്തെ (അതിന്റെ ആധാര കേന്ദ്രത്തിലേക്ക് അടുപ്പിച്ചു നിര്‍ത്തുവാനുള്ള ബലം) ആധാരമാക്കിയാണ്. അമൂര്‍ത്ത ഭാവനയില്‍ ഊന്നിയ മനുഷ്യന്‍, ഈ കേന്ദ്ര ബലത്തെ  നഷ്ടപ്പെടുത്തുകയും, സുസ്ഥിരത താളം തെറ്റി  തുടങ്ങുകയും ചെയ്തു വരുന്നു.
  11. മനുഷ്യ ധിഷണ പ്രകൃതിയില്‍ ആധിപത്യം ചെലുത്തി തുലനത വിട്ടു തുടങ്ങുന്ന നഗര വ്യവസ്ഥകളില്‍ നിന്നും, കേവല സുസ്ഥിരതയും തുലനതയും പ്രദാനം ചെയ്യുന്ന ഗ്രാമ്യ / ഗോത്ര വ്യവസ്ഥയിലേക്കും, യുക്തി പരതയില്‍ നിന്നും വ്യക്തി പരതയില്‍ നിന്നും, സര്‍വ പരതയിലെക്കും ചുവടു മാറ്റം നടത്തുകയും, സുസ്ഥിര ജീവന ഗ്രാമ്യ സമൂഹങ്ങള്‍ ഉണ്ടാകുകയും  വഴി മാത്രമേ, മനുഷ്യ രാശിയുടെ നിലനില്പ് ഇനി സാദ്ധ്യമാകൂ എന്ന് ലോക സമൂഹം തിരച്ചറിഞ്ഞു തുടങ്ങിയിട്ടിണ്ട്.
  12. ജനാധിപത്യം എന്ന ഭാവനാധിഷ്ഠിത സമൂഹ നിയന്ത്രണം സമമിത ഭാവനയ്ക്ക് പകരം, സമാവകാശവും, സമചൂഷണ സ്വാതന്ത്ര്യവും, സമാധികാരവും മനുഷ്യന് ഉണ്ടെന്നു നന്നേ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.
  13. പ്രകൃതി കേന്ദ്രിത ദര്‍ശനങ്ങളെ ആധാരമാക്കി, സ്ഥാന ശ്രേണിയില്‍ ഉള്ള ഒരു പരസ്പരാധിഷ്ഠിത സംവിധാനത്തിന് മാത്രമേ പ്രകൃതിയുമായി ഗുരുത്വ പൂര്‍ണമായ ഒരു ചേര്‍ന്ന് നില്പ് സാദ്ധ്യമാകൂ..
  14. അത്തരം ഒരു ചേര്‍ന്ന് നില്‍പ്പ് സാദ്ധ്യമാക്കുകയും മനുഷ്യ സമൂഹത്തിലെ പ്രകൃതി തീരുമാനിക്കുന്ന യുക്തരെയും യോഗ്യരെയും സുസ്ഥിര ജീവനത്തിലേക്കും നയിക്കുകയും ചെയ്യുക എന്നതാണ് ഗ്രാമോദയ പദ്ധതി ആത്യന്തികമായി ലക്ഷ്യമാക്കുന്നത്..
  Print Friendly

  468total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in