• ഒളിമ്പസ് നവഗോത്ര ഗുരുകുല സഹവാസം.

  by  • August 9, 2018 • ക്രമപ്പെടുത്താത്തവ • 0 Comments

  അടുത്ത പരിപാടി  : 2018 സെപ്റ്റംബര്‍ 7, 8, 9 തിയതികളില്‍.

   

   

  പങ്കാളികള്‍ക്ക് സ്വാഗതം.

  പ്രകൃത്യാത്മീയതയും നിലനില്പും കൂട്ടായജീവിതവും ലളിതാരോഗ്യവും ഒളിമ്പസ്സും ആണ് നമ്മുടെ വിഷയങ്ങള്‍. അവനവന്‍റെ ശേഷികളെയും പരിമിതികളെയും അറിയാനും മെച്ചപ്പെടുത്താനും അവനവനെ കണ്ടെത്താനും ഈ അവസരം ഉപയോഗപ്പെടുമെന്ന് കരുതുന്നു.

  സഹവാസം.

  കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ തവണ വീതവും പാലക്കാട് ആവര്‍ത്തിച്ചും നടത്തു വന്നിരുന്ന 20 ഇക്കോ സ്പിരിച്വല്‍ സഹവാസങ്ങളുടെയും അതിന്റെ ഭാഗമായി നടന്ന ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പുകളുടേയും  തുടര്‍ച്ചയാണ് ജൂലായ്‌ മുതല്‍ നാം നടത്തി വരുന്ന ഈ പ്രതിമാസ പ്രകൃത്യാത്മീയ ഗുരുകുല സഹവാസങ്ങള്‍. പ്രകൃത്യാത്മീയതയെ അതിന്റെ ശുദ്ധരൂപത്തില്‍ അറിയാനും സാധനകളെ പരിചയപ്പെടുവാനുമുള്ള അവസരം മാത്രമല്ല, തുടര്‍ച്ചയായി പഠിക്കാനും പരിശീലിക്കാനും പഠനതലങ്ങളില്‍ ഉയര്‍ന്നു യാത്ര ചെയ്യുവാനും ഉള്ള ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പ് കൂടിയാണ് ഈ പ്രതിമാസ സഹവാസം.

  ഗുരുകുലത്തിലെ സൌകര്യങ്ങള്‍

  പത്ത് സെന്റു സ്ഥലത്ത് ഉള്ള ഓടിട്ട 90 വര്‍ഷം പഴക്കമുള്ള വളരെ ചെറിയ ഒരു വീട് ആണ് ഗുരുകുലം. 1997 മുതല്‍ കൂട്ട് ജീവിത കേന്ദ്രമായും  2010 മുതല്‍ ഗുരുകുലമായും ഈ വീട് പ്രവര്‍ത്തിച്ചു പോരുന്നു. മുന്‍വശത്ത് ഉള്ള ഒരു കുഞ്ഞു ഹാളില്‍ ആണ് ക്ലാസ്സുകള്‍ നടക്കുന്നതും എല്ലാരും ചേര്‍ന്ന് കിടക്കുന്നതും. ഹാള്‍ നിറയുന്ന മുറയ്ക്ക് വരാന്തയിലേയ്ക്കും അടുക്കളയ്ക്കും ഒക്കെ മാറി കിടക്കേണ്ടി വരും. ഒരൊറ്റ ഇന്ത്യന്‍ ക്ലോസറ്റ് റ്റോയ്ലറ്റ് ആണ് ഉള്ളത്. അതും വീടിനു പുറത്ത് പിറകില്‍. കുളി മുറിയും പുറത്ത് തന്നെ. ഇരിക്കാനും കിടക്കാനും ഉള്ള പുല്പായകള്‍ ഇവിടെ ലഭ്യമാണ്. വിരിക്കാനും പുതയ്ക്കാനും ഉള്ള ഷീറ്റുകള്‍ ബന്ധുക്കള്‍ കൊണ്ടു വരണം.

  ഭക്ഷണം

  പരമാവധി ഓര്‍ഗാനിക് ആയിരിക്കും. മഴക്കാലം ആയതു കൊണ്ട് നൂറു ശതമാനവും ഓര്‍ഗാനിക് പച്ചക്കറികള്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്. ഒളിമ്പസ്സിലെ ഭക്ഷണ രീതി പരിചയപ്പെടുവാന്‍ വേണ്ടി  രണ്ടു നേരമായിരിക്കും ഭക്ഷണം. പൂര്‍വാഹ്നം പതിനൊന്നരയ്ക്കും സായാഹ്നം ആറരയ്ക്കും. അഞ്ചു നേരം  കഴിച്ചു ശീലിച്ചവര്‍ക്കായി രാവിലെ ആറു മണിക്ക്  മില്ലറ്റ് ജ്യൂസും ഉച്ചയ്ക്ക് മൂന്നു മണിക്ക് ജാപ്പിയും അടുക്കളയില്‍ ലഭ്യമായിരിക്കും. കൂടാതെ പഴം, ശര്‍ക്കര, തേങ്ങ, അവില്‍ എന്നിവയും കരുതിയിട്ടുണ്ടാകും. വേണ്ടവര്‍ക്ക് പരിപാടിയുടെ ഒഴുക്കില്‍ ഭംഗം വരുത്താതെ അവ കഴിക്കാം. നിര്‍ബന്ധമെങ്കില്‍ മാത്രം. പരമാവധി ഇടഭക്ഷണം ഒഴിവാക്കി  പരിചയപ്പെടണം എന്ന് ഒളിമ്പസ്സിന്‍റെ താല്പര്യം.

  മൊബൈല്‍.

  • പങ്കാളികള്‍ക്ക് വഴി പറഞ്ഞു കൊടുക്കുവാനായുള്ള ഔദ്യോഗിക ഫോണ്‍ ഒഴികെ സഹവാസത്തില്‍ മൊബൈല്‍ ഫോണ്‍ അനുവദനീയമല്ല.
  • അത്യാവശ്യ അവസരങ്ങളില്‍ ഉപയോഗിക്കുവാനായി ഈ നമ്പര്‍ (04923-223 877) പങ്കാളികളുടെ വീടുകളില്‍ നല്‍കാം.
  • രാവിലെയും വൈകീട്ടും അത്യാവശ്യ കാര്യങ്ങള്‍ക്കായി മൊബൈലുകള്‍ ഓണ്‍ ചെയ്യാം. കാള്‍ ചെയ്യാം. എന്നാല്‍ സോഷ്യല്‍ മീഡിയ ഉപയോഗം നിര്‍ബന്ധമായും ഒഴിവാക്കുക.

  *•  മൊബൈല്‍ ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയാത്തവര്‍ ദയവായി സഹവാസത്തിനു വരാതെ സഹകരിക്കുക*.

   

  ഗുരുകുലവാസം.

  ഈ ഗുരുകുലം ഒരു വിനോദ വിശ്രമ കേന്ദ്രമല്ല. എന്നാല്‍ വിനോദവും വിശ്രമവും ഏവര്‍ക്കും ഉണ്ടാകേണ്ടതുമുണ്ട്. അതിനാല്‍ തന്നെ ഇവിടുത്തെ ജോലികള്‍ ഏവരും ചേര്‍ന്നാണ് നിര്‍വഹിക്കേണ്ടത്. ഒഴിവു സമയങ്ങളില്‍ നിര്‍ദ്ദിഷ്ട ജോലികള്‍ ഇല്ലെങ്കില്‍ മുന്നില്‍ വരുന്ന ജോലികള്‍ ചെയ്യാം. മുറ്റം അടിച്ചു വാരുകയോ, പാത്രംകഴുകയോ, വെള്ളം കോരുകയോ പാചകത്തില്‍ സഹായിക്കുകയോ, കുട്ടികളെ പരിശീലിപ്പിക്കുകയോ ഒക്കെ ആകാം.

   

  രാത്രി വിശ്രമത്തിനുള്ളതാണ്.

  സന്ദര്‍ശകരോ വല്ലപ്പോഴും വന്നു പോകുന്ന പഠിതാക്കളോ, ഉള്ള സമയം ഉപയോഗിക്കാനായി നടത്തുന്ന ലേറ്റ് നൈറ്റ് ഡിസ്കഷനുകള്‍ ഇവിടെ സ്ഥിരമാണ്. അത് നമ്മുടെ സമയത്തെയും ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്. അതിനാല്‍ ഇനിമുതല്‍ രാത്രി ഒമ്പതര മുതല്‍ മറ്റു പരിപാടികള്‍ പാടില്ലെന്ന് തീരുമാനം. നിവൃത്തിയില്ലാത്ത സമയങ്ങളില്‍ പത്ത് മണി വരെ നീളാം. അത് കഴിഞ്ഞു ലൈറ്റുകള്‍ ഓഫു ചെയ്യണം.  മഹാ മൌനത്തില്‍ ആകണം.  രാവിലെ അഞ്ചരയോടെ ഉണര്‍ന്നു കിടപ്പ് സംവിധാനങ്ങള്‍ ഒഴിവാക്കുകയും വേണം.

   

  അദ്ധ്യയനരീതി.

  അന്വേഷിക്കുന്നവര്‍ക്ക് മാത്രം നല്‍കുന്ന  മയൂട്ടിക്  അദ്ധ്യയന രീതിയാണ് ഒളിമ്പസ് പിന്‍ തുടരുന്നത്. അതിനായുള്ള അസംസ്കൃത വിഷയങ്ങള്‍ ആണ് വിഷയാവതരണങ്ങളില്‍ ഉണ്ടാകുക. വിഷയാവതരണങ്ങള്‍ക്ക് മുമ്പായി സ്വയം മസ്തിഷ്ക പ്രക്ഷാളനം നടത്തുവാനായുള്ള ഗ്രൂപ്പ് ചര്‍ച്ചകള്‍ ഉണ്ടായിരിക്കും. വിഷയാവതരണത്തിനു ശേഷം ഓപ്പണ്‍ സെഷനുകള്‍ ചോദ്യോത്തരിക്കായുള്ളതാണ്. ചോദ്യങ്ങള്‍  സിലബസിനു അകത്തു നിന്നുള്ളത് കഴിഞ്ഞാല്‍, പുറത്തും നിന്നും ആകുന്നതും ഒരു പരിധി വരെ സ്വീകാര്യമായിരിക്കും. ഓരോ സെഷനുകള്‍ക്ക് ശേഷവും വിലയിരുത്തലുകള്‍ ഉണ്ടായിരിക്കും. കൂടാതെ പഠിതാക്കളുടെ സ്വന്തം വ്യതിരിക്ത വീക്ഷണങ്ങള്‍ അവതരിപ്പിക്കുവാനുള്ള ഓപ്പണ്‍ ഫോറവും സഹവാസങ്ങളില്‍ ഉണ്ടായിരിക്കും.

  ചര്‍ച്ചകള്‍

  അത് തര്‍ക്കങ്ങള്‍ക്കുള്ള ഇടമല്ല, പങ്കുവയ്ക്കലിനുള്ളതാണ്, സൌമ്യഭാഷണം നമ്മുടെ മുഖമുദ്രയാകട്ടെ, സ്വീകാര്യതയും തുറവിയും നമുക്കുണ്ടാകട്ടെ. സമഗ്ര വീക്ഷനമുള്ള കാഴ്ചകള്‍ പങ്കു വയ്ക്കാം. സമഗ്രഹമാണോ എന്ന് നമുക്ക് പരിശോധിച്ച് കൊണ്ടിരിക്കാം.

  കൂട്ടം.

  ഇത്  വ്യതിരിക്ത വ്യക്തികളുടെ കൂടിച്ചേരല്‍ അല്ല, ബന്ധുക്കളുടെ ലയനമാണ്. ആകണം. ഏവരുമായും പരിചയമാകുക,  ഒന്നെന്നു കരുതുക. പരസ്പരം കരുതല്‍ ഉണ്ടാകുക. കുഞ്ഞുങ്ങള്‍ ആരുടെതാണെങ്കിലും വിശേഷമായി പരിഗണിക്കുക.

   

  വരുമ്പോള്‍ കൊണ്ട് വരേണ്ടത്.

  • ഏതെങ്കിലും തിരിച്ചറിയല്‍ രേഖ.
  • ഒരു നോട്ടു പുസ്തകം, പേന.
  • കിടക്കുമ്പോള്‍ ഉപയോഗിക്കാന്‍ രണ്ടു ഷീറ്റുകള്‍ (പായ മാത്രമേ ഇവിടെ നിന്നും നല്‍കുവാന്‍ കഴിയുകയുള്ളൂ.)
  • രണ്ടു നാള്‍ ഇവിടെ താമസിക്കുവാനും സാധിച്ചാല്‍ പുഴയില്‍ കുളിക്കാനുമുള്ള വസ്ത്രങ്ങള്‍.

   

  വരുവാനുള്ള വഴി

  *തൃശ്ശൂരിനു തെക്ക് നിന്നും വരുന്നവര്‍*

  • ബസ്സിലോ ട്രെയിനിലോ തൃശൂര്‍ക്ക് വന്നു അവിടെ നിന്നും *ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡില്‍* ചെല്ലുക. വൈകീട്ടു ആറര വരെ അവിടെ നിന്നും പാലക്കാട് ജില്ലയിലെ *കൊഴിഞ്ഞാമ്പാറ* എന്ന സ്ഥലത്തേക്കോ *മീനാക്ഷിപുരം* എന്ന സ്ഥലത്തേക്കോ ബസ്സുണ്ടാകും. രണ്ടും *തത്തമംഗലം* വഴിയാണ് പോകുക. (70KM – 2Hours)

   

  *വടക്ക് നിന്നും വരുന്നവര്‍*

  ട്രെയിനില്‍ വരികയാണെങ്കില്‍ •  പാലക്കാട് ജംഗ്ഷനില്‍ ഇറങ്ങി പാലക്കാട് ടൌണിലേക്ക് (5KM) വരിക. ബസ്സിലാണെങ്കില്‍ പാലക്കാട് ടൌണില്‍ ഇറങ്ങുക. ഇരു കൂട്ടരും *പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ്* ചോദിച്ചു ഇറങ്ങണം. സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ നിന്നും *തത്തമംഗലം* എന്ന സ്ഥലത്തേക്ക് നേരിട്ട് ബസ്സ് കിട്ടും. (16KM- 30 Minutes)

   

  *വടക്ക് നിന്നും തെക്ക് നിന്നും ഉള്ളവര്‍ തത്തമംഗലം ബസ്സില്‍ കയറിയാല്‍*

  • ബസ്സില്‍ കയറി *തത്തമംഗലം* എന്ന സ്ഥലത്തേക്ക് റ്റിക്കറ്റ് എടുക്കുക. തത്തമംഗലത്ത് അഞ്ചു ബസ് സ്റ്റോപ്പുകള്‍ ഉണ്ട്. അതില്‍ മേട്ടുപ്പാളയം എന്ന ബസ് സ്റ്റോപ്പില്‍ ഇറങ്ങുക. അവിടെ നിന്നും *നീലിക്കാട്* എന്ന സ്ഥലത്തേക്ക് ഓട്ടോയില്‍ വരിക. (600 Meters – Rs.20/-) സന്തോഷിന്‍റെ വീട്ടിലേയ്ക്ക് എന്ന് പറഞ്ഞാല്‍ മതിയാകും. (വേണമെങ്കില്‍ *പ്രകൃതി സന്തോഷ്‌* എന്നോ വേലുക്കുട്ടി മാഷിന്റെ മകന്‍ എന്നോ ഒക്കെ അടയാളം പറയാം. )

   

  *സ്വകാര്യ വാഹനങ്ങളില്‍ വരുന്നവര്‍ക്ക്*

  • തൃശൂര്‍ നിന്നും ആലത്തൂര്‍ക്ക്‌ വഴി വരിക.
  • കോയമ്പത്തൂര്‍ നിന്നും ചാവടി – വേലന്താവളം വഴി വരിക.
  • പാലക്കാട് നിന്നും നേരില്‍ വരിക.
  • അവിടെ നിന്നും തത്തമംഗലത്തേയ്ക്കുള്ള വഴി ചോദിച്ചു വരിക.
  • തത്തമംഗലത്തു എത്തുന്നതിനു മുന്നായി തന്നെ തത്തമംഗലം മേട്ടുപ്പാളയം എന്ന ബസ് സ്റ്റോപ് അന്വേഷിക്കുക.
  • മേട്ടുപ്പാലയത്ത് നിന്നും പൊള്ളാച്ചി റോഡില്‍ കയറി ആദ്യ വലതു പോകുന്ന റോഡില്‍ അര കിലോ മീറ്റര്‍ വന്നാല്‍ വയല്‍ – അംഗനവാടി – കുളം എന്നിവ കാണാം. അംഗനവാടി കഴിഞ്ഞു ആദ്യ ഇടതു റോഡില്‍ കയറുക.
  • ആ വഴി വരുമ്പോള്‍ ഇടതു വശത്തുള്ള മൂന്നാമത്തെ വീടാണ് ഗുരുകുലം. മുന്നില്‍ പടിപ്പുര കാണാം. ബോര്‍ഡും ഉണ്ടാകും.

   

  സംശയങ്ങള്‍ ഉണ്ടെങ്കില്‍ വിളിക്കാം.
  9656640590 (Prasad)
  9497628006 (Ponni)
  9497628007 (Santhosh)

   

  ഒരിക്കല്‍ക്കൂടി സ്വാഗതം

  നവഗോത്ര ഗുരുകുലം പ്രവര്‍ത്തകര്‍.  

  Print Friendly

  525total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in