• പാരമ്പര്യം

  by  • July 19, 2013 • സാമൂഹികം • 0 Comments

  നാം നമ്മുടെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവരാണ്. ആധുനികതയെ പുണരുവാന്‍

  നാം കെട്ടിയൊരുക്കുന്ന ഓരോ മണിസൌധങ്ങളിലും, പാരമ്പര്യത്തിന്റെ

  ഗൃഹാതുരത്വം തിങ്ങി തുളുമ്പുന്ന ഒരു ചിത്രം, ചില ഫോട്ടോസ്റ്റാറ്റ്

  ഈരടികളോടെ നാം ഫ്രെയിം ചെയ്തു വയ്ക്കുകയും ചെയ്യും. ദേശീയതയും,

  രാഷ്ട്രീയതയും, ജീവകാരുണ്യവും, മൂല്യ ജീവിതവും, സാംസ്കാരികതയും, സാമൂഹ്യ

  ബോധവും പോലെ പേരിട്ടു വിളിക്കാന്‍ മാത്രം നാം ഉപയോഗിക്കുന്ന,

  മറ്റുള്ളവര്‍ പാലിച്ചിരിക്കണം എന്ന് നാം നിര്‍ബന്ധമായും കരുതുന്ന,

  മൂല്യങ്ങളുടെ  ഇത്തരം ഫോട്ടോസ്റ്റാറ്റ് ചുമര്‍ ചിത്രങ്ങള്‍ നമ്മുടെ

  ജീവിതത്തിന്റെ എല്ലാ മേഖലകളിലും നാം കരുതി വയ്ക്കുന്നുണ്ട്‌.  ചരടുകളിലും

  തൊപ്പിയിലും വേഷത്തിലും മുതല്‍ സംബോധനകളിലും ഊണിന്റെ രീതിയിലും വരെ

  പടരുന്ന ഈ പ്രതീത വികാരം യഥാര്‍ത്ഥത്തില്‍ എന്താണ്?

   

   

  മറ്റൊന്നിന്റെ ചുവടു പിടിച്ചു ജനിച്ചു, ജീവിച്ചു, മരിച്ചു പോകുമ്പോള്‍

  സ്വന്തം ഉത്തരവാദിത്തം അടുത്തവര്‍ക്ക് കൊടുത്തു പോകുന്ന ഒരു റിലെ

  സംവിധാനമാണ് ജീവിതത്തിന്റെ പാരമ്പര്യം.  പരമ്പരയിലൂടെ ജീവ സന്ധാരണ

  വ്യവസ്ഥയെയും അതിന്റെ പടി പടിയായുള്ള വികാസത്തെയും നിലനിര്‍ത്തി കൊണ്ട്

  പോകുക എന്നത് ജൈവസ്വഭാവം ആണ്.. ശരീര കോശങ്ങള്‍ പരമ്പരകളിലൂടെ അതിന്റെ ജീവ

  ധര്‍മം നിര്‍വഹിക്കുന്നത് പോലെ, ജീവരാശിയും അതിന്റെ വളര്‍ച്ചയെ,

  പരമ്പരയുടെ കണ്ണികളിലൂടെ ചേര്‍ത്തിണക്കിയാണ്  കൊണ്ട് പോകുന്നത്. ആ നിയമം

  പാലിക്കാത്ത പക്ഷം, ശരീരത്തിന്റെയോ, ജീവരാശിയുടെയോ സുസ്ഥിരതയെ ബാധിക്കും.

  അത് കൊണ്ട് തന്നെ, പരമ്പരാഗത വികാസത്തെ വിട്ടു കൊണ്ടുള്ള പൊടുന്നനെയുള്ള

  യൌക്തിക വികാസ ഗതികള്‍ ആ ജീവ ശരീരത്തിന്റെ ഉള്ളില്‍ അര്‍ബുദ സമാനമായ

  വളര്‍ച്ച ഉണ്ടാക്കും. അര്‍ബുദ വ്യവസ്ഥയെ താങ്ങാതെ ആകുമ്പോള്‍, ആ ശരീരം

  മരണപ്പെടും. ജീവരാശിയിലും അതിങ്ങനെയൊക്കെ തന്നെ. പരമ്പരയുടെ കണ്ണികളെ

  മുറിച്ചെടുത്ത യൌക്തിക വികാസം ജീവരാശിയെ എന്നേക്കുമായി ഇല്ലാതാക്കും.

   

   

  പ്രയോഗ – തിരുത്തല്‍ രീതികളിലൂടെ, പരമ്പരകളിലൂടെ നേടിപ്പകര്‍ന്നു

  വ(ന്നി)രുന്ന ഒരു വിജ്ഞാനീയം നമുക്കുണ്ട്. ആരോഗ്യത്തെയും, കൃഷിയേയും,

  ഭക്ഷണത്തെയും, സംസ്കാരത്തെയും, വിദ്യാഭ്യാസത്തെയും, പൊതു നിര്‍വഹണത്തെയും

  ഒക്കെ, നന്നായി നിര്‍വഹിച്ചിരുന്ന നാട്ടറിവുകളുടെ ഒരു പഴയ രീതി. അത്

  മറന്നു കളയുംവിധം നവങ്ങളായ സങ്കേതങ്ങള്‍ ഒട്ടും മടിയില്ലാതെ നാം എടുത്തു

  സ്വീകരിക്കുന്നുണ്ട്. പാരമ്പര്യ രീതികള്‍ അങ്ങിനെയാകുന്നത്, അവ

  ജീവിതത്തിന്റെ സമസ്ത മേഖലകളുമായുള്ള സമഗ്ര ബന്ധത്തിലൂടെയാണ്. എന്നാല്‍

  ആധുനിക യുക്തികളെ പൊടുന്നനെ പിന്തുടരുമ്പോള്‍, പൊട്ടുന്നത്, ഈ സമഗ്ര

  ബന്ധത്തിന്റെയും പരമ്പരയുടെയും കണ്ണികളാണ്.

   

   

  മണ്ണിനടിയില്‍ വെള്ളം സംഭരിച്ചിരുന്ന നാം അത് ഡാമുകളിലാക്കിയപ്പോള്‍

  ഉണ്ടാകാന്‍ പോകുന്നത് എന്താണെന്ന് നമുക്കറിയാം. ഗോത്ര കൂട്ട്

  കുടുംബത്തിന്റെ പാരമ്പര്യവും ഗുരുകുല വിദ്യയുടെ പാരമ്പര്യവും, നാട്ടു

  ചികിത്സയുടെ പാരമ്പര്യവും പ്രകൃതി ലീന (eco embedded) ജീവനത്തിന്റെ

  പാരമ്പര്യവും, നാം നഷ്ടമാക്കുമ്പോള്‍ ഓര്‍ക്കുക, നാം മുറിക്കുന്നത്

  നമ്മുടെ പൊക്കിള്‍ ക്കൊടി ബന്ധത്തെ മാത്രമല്ല, നമ്മുടെ ഗളബന്ധത്തെ ക്കൂടി

  ആണ്. നമുക്കറിയാവുന്ന പാരമ്പര്യ സംരക്ഷണം ഇങ്ങനെയാണ്. കേരളപ്പിറവി

  ദിനത്തില്‍ സെറ്റ് സാരി ഉടുക്കുക, (ഒറ്റ മുണ്ട് മാത്രം ഉടുത്തിരുന്ന ഒരു

  നീണ്ട  പാരമ്പര്യ കാലം ഉണ്ടായിരുന്നു എന്ന് നമുക്ക് അറിഞ്ഞു കൂടാ എന്ന്

  തോന്നുന്നു),  വാര്‍ക്ക കെട്ടിനുള്ളിലെ സിന്തറ്റിക് നിറക്കൂട്ടില്‍, ഒരു

  ഫോട്ടോസ്റ്റാറ്റ് ചിത്രം തൂക്കുക. ഇതിലൊതുങ്ങിയാല്‍ നമുക്ക് അടി പതറും.

  അടുത്തൊരു പരമ്പര പോലും ഇല്ലാതെയാകും.

   

  https://www.facebook.com/notes/santhosh-olympuss/notes/296244583756822

  Print Friendly

  654total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in