• ദൈവത്തെ പറ്റി നമുക്കൊന്നാലോചിക്കാം

  by  • July 19, 2013 • ആത്മീയത • 0 Comments

  ആധുനിക ലോകത്തെ സരസനായ മനുഷ്യന്‍, അവന്റെ ജീവിതം എങ്ങും കൂട്ടിയിടിക്കാതിരിക്കാനായി ഉണ്ടാക്കിയ ഒരു മഹത്തായ ലോജിക്കുണ്ട്. എന്റെ ഇണയെയും സ്വത്തിനെയും ഭൂമിയെയും അപരന്‍ സ്വന്തമാക്കാതിരിക്കാന്‍ അപരന്റെ ഇണയെയും സ്വത്തിനെയും ഭൂമിയെയും ഞാന്‍ സ്വന്തമാക്കാന്‍ ശ്രമിക്കാതിരിക്കുക. എത്ര സുന്ദരമായ പ്രായോഗികത. വിവിധങ്ങളായ മതങ്ങളെ, മതേതരത്വമെന്ന ഓമനപ്പേരിട്ട് തെറ്റി വിളിച്ചു പോരുന്ന സര്‍വമതപരതയുടെ കാര്യത്തില്‍ എത്തിയപ്പോള്‍, ലോജിക്കിന് കുറച്ചു കൂടി രഞ്ജകത്വം വരുത്തേണ്ടി വന്നു. എല്ലാ ദൈവങ്ങളും ഒന്ന് തന്നെ എന്നും, എല്ലാ മതങ്ങളുടെയും സാരം ഒന്ന് തന്നെ എന്നും പരസ്പരം നോക്കിപ്പറഞ്ഞു അവന്‍ കുറച്ചു കൂടി സരസനും സര്‍വ സമ്മതനും ആയി.

  സ്രഷ്ടാവിന്റെ സത്ത, എല്ലാ സൃഷ്ടിയിലും ആയി, ബഹു രൂപത്തില്‍ കാണുന്ന ഒരു ലോകത്തെ, ഒരു മതം പഠിപ്പിക്കുമ്പോള്‍, ഒരു സര്‍വജ്ഞനായ സ്രഷ്ടാവും പിന്നെ ഇക്കാണുന്ന സര്‍വ ചരാചര സൃഷ്ടികളും ചേര്‍ന്ന ഒരു ലോകത്തെ മറ്റൊരു മതം പഠിപ്പിക്കുന്നു. സ്രഷ്ടാവും സൃഷ്ടിയും രണ്ടല്ലെന്നു വേറൊരു മതം പഠിപ്പിക്കുമ്പോള്‍, സ്രഷ്ടാവില്ല സൃഷ്ടിമാത്രമേ ഉള്ളെന്നു മറ്റൊരു മതം പഠിപ്പിക്കുന്നു. സ്രഷ്ടാ – സൃഷ്ടി സങ്കല്പത്തില്‍ ഇങ്ങിനെയൊക്കെ തര്‍ക്കം നില നില്‍ക്കുകയും, അതിന്റെ പേരില്‍ പ്രക്ഷുബ്ധതകള്‍ ഉണ്ടാകുകയും ചെയ്യുമ്പോള്‍, എല്ലാറ്റിന്റെയും സാരം ഒന്നെന്ന ലളിത സുന്ദരമായ യുക്തിയില്‍ എത്തുക തന്നെ കരണീയം.

  ഇതില്‍ ഏതാണു ശരി എന്ന് വിവക്ഷിക്കാന്‍ മിനക്കെടുന്നതിനെക്കാളും, നമുക്ക് തൃപ്തമായത്‌ എന്തെന്ന് പറയുകയായിരിക്കും നല്ലതെന്ന് തോന്നുന്നു. പ്രപഞ്ചത്തിന്റെ നിയമങ്ങള്‍ പൊതുവേ നിരീക്ഷിച്ചാല്‍, ഒന്നിലധികം ശരികള്‍ക്കുള്ള സാദ്ധ്യത ഇവിടെ ഉണ്ട് എന്നു മനസ്സിലാക്കാം. എന്റേത് മാത്രം ശരി എന്ന് വാദിക്കുന്നതിനെക്കാള്‍, എന്റെയും ഒരു ശരി എന്ന് കരുതുന്നതാകും ഉചിതം. എങ്കില്‍ എന്റെ കാഴ്ചയിലെ ദൈവം എന്തെന്ന് ഞാനൊന്ന് പറയാന്‍ ശ്രമിക്കട്ടെ..

  ദൈവത്തെ ഒരു വ്യക്തിയായി പരിമിതപ്പെടുത്തുന്ന ഒന്നല്ല എന്റെ ദൈവ സങ്കല്‍പം. അത് കൊണ്ടുതന്നെ ദൈവം (ഈശ്വരന്‍) എന്നതിനെ ദൈവീകത (ഈശ്വരീയം) എന്ന് വിളിക്കുന്നതാണ് യുക്തം എന്നു ഞാന്‍ കരുതുന്നു. എല്ലാ വസ്തുക്കള്‍ക്കും ഉള്ള സ്വഭാവ വിശേഷങ്ങളും, വസ്തുക്കള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ആയി നില്‍ക്കുന്ന പ്രതിഭാസങ്ങളും, വസ്തുക്കള്‍ ആയി നമുക്ക് അനുഭവമാകുന്നതും ഒക്കെ ചേര്‍ന്നുള്ള ഒരു സമഗ്രമായ മഹാ പ്രതിഭാസം ആണ്ഈശ്വരീയം എന്നത്. അത് വസ്തുവായും, അവസ്ഥയായും, സ്വഭാവമായും ആശയമായുംശക്തിയായും ഒക്കെ നമുക്ക് മനസ്സിലാക്കാം. അതിനെ നമ്മെ പോലെ ഒരു വ്യക്തിയായി ചിത്രീകരിക്കുന്നിടത്ത്, നാം ഈശ്വരീയത്തെ പരിമിതപ്പെടുത്തുന്നു.

  ഞാന്‍ തൊട്ടറിഞ്ഞ ജീവല്‍ ദര്‍ശനത്തെ ആധാരമാക്കി, പ്രപഞ്ചവും അതിന്റെ നിയമങ്ങളും ചേര്‍ന്നതാണ് ഈശ്വരീയം എന്ന് ചുരുക്കിപറയാം. ഈ ഈശ്വരീയത്തെ, ശാസ്ത്രമെന്ന് വിളിക്കപ്പെടുന്ന സാങ്കേതികത ഉപയോഗിച്ച് മനസ്സിലാക്കാനും വിശദീകരിക്കാനും കഴിയും. ആത്മീയ പരിശീലനങ്ങളിലൂടെ അനുഭവിക്കാനും ആകും. മനുഷ്യന്റെ ശാരീരികമായ ബൌധികതയെ ആസ്പദിച്ചു ഓരോരുത്തര്‍ക്കും എന്തും മനസ്സിലാക്കാനുള്ള ശേഷി വ്യത്യസ്തമായതു കൊണ്ട്, ഈശ്വരീയത്തെയും പലര്‍ മനസ്സിലാക്കുന്നത് പല തരത്തിലായിരിക്കും എന്ന് മാത്രം.

  ഇത് വളരെ പരിമിതപ്പെടുത്തിയ വ്യാഖ്യാനമാണെന്ന് അറിയാം. എങ്കിലും ഒരു ചര്‍ച്ചയ്ക്കായി ഇതിവിടെ ചുരുക്കി കുറിച്ചെന്നു മാത്രം. ഇനി പറയുക, നിങ്ങളോരോരുത്തരുടെയും ഈശ്വരീയ സങ്കല്പത്തെ പറ്റി..

  See It on the Facebook

  Print Friendly

  566total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in