• തുടങ്ങാം ഒരു സ്വാശ്രയ സുസ്ഥിര ഹരിത ഗ്രാമം

  by  • August 22, 2014 • പദ്ധതികള്‍ • 1 Comment

  പാലക്കാടു  കേന്ദ്രമാക്കി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ കൂട്ടായ്മകള്‍ ചേര്‍ന്ന് കൊണ്ട്, ഒരു സുസ്ഥിര ഹരിത ഗ്രാമം പടുത്തുയര്‍ത്തുവാനായി  ഒരു ചര്‍ച്ച നടന്നിരുന്നു. പോണ്ടിച്ചേരിയിലെ ഓരോവില്‍ ഒരു വിദൂര മാതൃകയാക്കി കൊണ്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ചത്. അഭിപ്രായ സമന്വയം ഉണ്ടാകാത്തത് കൊണ്ട് ചര്‍ച്ച എങ്ങും എത്താതെ  പിരിയുകയാണ്  ഉണ്ടായത്. എങ്കിലും ചര്‍ച്ചക്കായി തയ്യാരാക്കിയ കരടുരേഖ  ഈ വഴിയെ വരുന്ന മറ്റാര്‍ക്കെങ്കിലും വേണ്ടിവരുമെങ്കില്‍ എന്ന് കരുതി ഇവിടെ പ്രസിദ്ധീകരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ആവശ്യം വരുന്ന പക്ഷം ഈ ലേഖകനെ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ : 9497628007 

  ഇത് പൊതു ചര്‍ച്ചയ്ക്കായുള്ള കരടു രൂപമാണ്. ഒളിമ്പസ് വിഭാവനം ചെയ്യുന്ന ഇക്കോ വില്ലേജിന്റെ സ്ഥാപനത്തിനായി ഉരുവാക്കിയ നിയമങ്ങളെ പലയിടത്തും മാതൃകയാക്കുകയോ പിന്തുടരുകയോ ചെയ്തിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ കമ്യൂണിറ്റി ഇതിനെ വേണ്ടുന്ന ഭേദ ഗതികളോടെ സ്വീകരിക്കാവുന്നതാണ്. ഉറപ്പായ ഒരു ഘടനയുടെ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടതാണ്.


  ലക്‌ഷ്യം

  ആഗതമാകുന്ന പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക പ്രതിസന്ധികളെ അതിജീവിക്കുന്ന ഒരു മാതൃകാ സുസ്ഥിര ജീവന സമൂഹം, ഭാഷാ, ലിംഗ, വര്‍ണ, ദേശ, സമ്പദ്, മത ഭേദമെന്യേ  ഉരുവാക്കുകയും ഏറ്റവും കുറഞ്ഞ പാരിസ്ഥിതിക ആഘാതത്തോടെ ജീവിക്കുവാനുള്ള ഒരു പശ്ചാത്തലം സൃഷ്ടിക്കുകയും ചെയ്യുക.

   അടിസ്ഥാന മൂല്യങ്ങള്‍

  അഹിംസ, കരുണ, സുസ്ഥിരത, പാരസ്പര്യം, കരുതല്‍, സാഹോദര്യം, ജ്ഞാനം, പരസ്പരാനന്ദ,  സാകല്യ ഭാവം എന്നിവയാകും ഗ്രാമത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍

  പ്രാഥമിക വീക്ഷണങ്ങള്‍

  1. വ്യക്തിപരതയില്‍ ഊന്നി പാരസ്പര്യം നഷ്ട്ടപ്പെട്ട സമൂഹത്തില്‍, ഭാവിയിലെ സുസ്ഥിര ജീവിതത്തിലേക്കുള്ള ഏക വഴി, പാരസ്പര്യത്തിലൂന്നി ജീവിക്കുന്ന സമൂഹങ്ങള്‍ മാത്രമാണ്.

  2. ഏറ്റവും കുറഞ്ഞ പാരിസ്ഥിതിക കാല്‍പ്പാടു മാത്രം സൃഷ്ടിക്കുക മാത്രമാണു ഇനിയുള്ള നില നില്പിനു വേണ്ടത്.

  3. വ്യവസായ അധിഷ്ഠിത സമ്പദ്മ വ്യവസ്ഥയ്ക്ക്നു പകരം, വിഭാവാധിഷ്ടിത സമ്പദ് വ്യവസ്ഥയില്‍ ഊന്നിയാകണം സുസ്ഥിര ജീവന സമൂഹങ്ങള്‍ നില നില്‍ക്കേണ്ടത്.

  4. പ്രാദേശിക സ്വാശ്രത്വം പൂര്‍ണമായി ഉള്‍ക്കൊണ്ടാലെ ഭാവിയിലെ നില നില്പ് സാദ്ധ്യമാകൂ..
  5. ഒരോ വ്യക്തിയും സ്വന്തം ആവിഷ്കാരവും, സ്വാതന്ത്ര്യവും പോലെ  തന്നെ, പരസ്പരമുള്ള ആശ്രിതത്വവും, കരുതലും, പരിഗണനയും   അര്‍ഹിക്കുന്നു.

  6. മനുഷ്യ കേന്ദ്രിതമായ ഒരു സാമൂഹ്യ വ്യവസ്ഥിതി, ഏറെ നാള്‍ നില നിന്ന് പോകില്ല. മനുഷ്യരും ഇതര ജീവ ജാലങ്ങളും പരസ്പരം ഇഴുകി ജീവിക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതി ഉണ്ടാകുക തന്നെ വേണം..

   ഉദ്ദേശ്യങ്ങള്‍

  നിയമ നിര്‍ദേശങ്ങള്‍ 

  നിയമ ഘടന

  1. ഈ പദ്ധതി പൊതു ഉടമസ്ഥത ഉള്ളതായിരിക്കും.
  2. പ്രാരംഭ അംഗങ്ങള്‍ ആയുള്ള വിഷനറികളുടെ ഒരു പാനല്‍ ആയിരിക്കും ഗ്രാമത്തിന്റെ കൈ കാര്യ നിര്‍വഹണം നടത്തുക.
  3. വിഷനറികളുടെ ഒരു പാനല്‍ അടങ്ങിയ ഫൌണ്ടേഷന്‍ രൂപത്തില്‍ ആണ് ഈ ഗ്രാമത്തിന്റെ നിയമ രൂപം.
  4. കേന്ദ്ര വിഷനറികളുടെ ഒരു സ്ഥിരം ട്രസ്റ്റി പാനലും, വര്‍ഷാ വര്‍ഷം മറ്റു വിഷനരികളുടെ ഇടയില്‍ നിന്നുമുള്ള ഒരു നിര്‍ദേശിത ട്രസ്റ്റി പാനലും ഭരണ സമിതിയില്‍ ഉണ്ടാകും.
  5. ഈ പാനല്‍ ഓരോ മൂന്നു വര്‍ഷങ്ങളിലും പുതിയ അംഗങ്ങളെ കൂടി ചേര്‍ത്തു കൊണ്ട് വിപുലപ്പെടുത്തുന്നതായിരിക്കും.
  6. ഈ ഗ്രാമം പ്രാദേശിക, സംസ്ഥാന, കേന്ദ്ര ഗവര്‍മെന്റുകളുമായി വേണമെങ്കില്‍ അലിയിക്കാവുന്നതാണ്. ഓരോവില്ലയെ പോലെ
  7. ഫൌണ്ടേഷന് പ്രാദേശിക ഭരണ കൂടങ്ങളുടെ പ്രതിനിധികള്‍ അടങ്ങിയ ഒരു നിര്‍വഹണ സമിതിയും, ഗ്ലോബല്‍ ഇക്കോ വില്ലേജ് നെറ്റ് വര്‍ക്കിന്റെ പ്രതിനിധികളും ഇക്കോ വില്ലേജ് വിഷനറികളും അടങ്ങിയ ഒരു ഉപദേശക സമിതിയും ഉണ്ടായിരിക്കും.
  8. ഗ്രാമത്തില്‍ അംഗത്വം നേടുന്ന വ്യക്തികളുടെയും കമ്യൂണിറ്റികളുടെയും ജനറല്‍ ബോഡി ആയിരിക്കും പങ്കാളിത്ത തന്ത്ര ആസൂത്രണം വഴി ഗ്രാമത്തിന്റെ പ്രതി വര്‍ഷ പദ്ധതികള്‍ ആസൂത്രണം ചെയ്യുക.
  9. നിക്ഷേപം, ഭൂമി, വിഭവ, കെട്ടിടം, പദ്ധതി, മാനവ വിഭവം, പരിസ്ഥിതി, വിദ്യാഭ്യാസം, കമ്യൂണിറ്റി തുടങ്ങിയ വ്യത്യസ്ത വകുപ്പുകള്‍, ജനറല്‍ ബോഡി തെരഞ്ഞെടുക്കുന്ന സ്ഥിരാംഗങ്ങളാല്‍ നിര്‍വഹിക്കപ്പെടും.
  10. നിര്‍വഹണങ്ങള്‍ക്കുള്ള അന്തിമാനുമതി നല്‍കുവാനുള്ള അധികാരം എപ്പോഴും വിഷനരികളുടെ പാനലിനു ആയിരിക്കും.

  അംഗത്വം

  1. വ്യക്തികള്‍ക്കും, കൂട്ടായ്മകള്‍ക്കും ഭാഗമാകാന്‍ പാകത്തില്‍ ആയിരിക്കും ഈ ഹരിത ഗ്രാമത്തിന്റെ നിര്‍വഹണ സംവിധാനം
  2. ഗ്രാമത്തിന്റെ അടിസ്ഥാന നിയമങ്ങളില്‍ ഊന്നിക്കൊണ്ട്, ഏതൊരു വ്യക്തിക്കും ഈ ഗ്രാമത്തിന്റെ ഭാഗം ആകാം.
  3. വോലന്റീര്‍ (ഒരു വര്ഷം), താല്‍കാലിക മെമ്പര്‍ (രണ്ടു വര്ഷം), സ്ഥിരം മെമ്പര്‍ (മൂന്നു വര്ഷം), വിഷനറി എന്നീ ക്രമത്തില്‍ ആയിരിക്കും ഗ്രാമത്തില്‍ ഒരു വ്യക്തിക്ക് അംഗമാകാന്‍ കഴിയുക.
  4. ഈ നാല് ഘട്ടങ്ങള്‍ കൂടാതെ, പുറത്ത് നിന്നും ധാര്‍മികമായ പിന്തുണ പ്രഖ്യാപിക്കുന്നവര്‍ക്ക് ഗ്രാമ ബന്ധു ആകുവാനും സാധിക്കും.
  5. ഗ്രാമത്തിലെ ഏതു അംഗത്തിനും, ഗ്രാമത്തിനു വെളിയില്‍ മറ്റു പദ്ധതികലുമായി സഹകരിക്കുകയോ, പുറത്ത് സമാന പദ്ധതികള്‍ തുടങ്ങുകയോ ചെയ്യാവുന്നതാണ്..

  പദ്ധതികള്‍

  1. ഗ്രാമത്തിന്റെ സ്ഥിരാംഗത്വം ലഭിക്കുന്ന വ്യക്തികള്‍ക്ക്, ഗ്രാമ ആസൂത്രണ മിഷന്റെ അനുമതിയോടെ ഹരിത പദ്ധതികള്‍ ഗ്രാമ വളപ്പില്‍ ആരംഭിക്കാം.
  2. പദ്ധതികള്‍ ഉപസമൂഹങ്ങള്‍ (കമ്യൂണിറ്റികള്‍) ആയി മാത്രമേ നിര്‍വഹിക്കുവാന്‍ അനുമതിയുണ്ടാകുകയുള്ളൂ.. അതിനാല്‍ സമാന ചിന്താഗതിക്കാരെ യും നവാഗതരെയും വോലന്റീര്‍ മാരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള കമ്യൂണിറ്റി രൂപികരണം ആയിരിക്കും ഏതൊരു സ്വതന്ത്ര പദ്ധതിയുടെയും ആദ്യ പടി.
  3. ആരംഭിക്കുന്ന പദ്ധതികളുടെ നിര്‍വഹണ ചെലവുകള്‍ ഓരോ കമ്യൂണിറ്റികളും സ്വയം നിര്‍വഹിക്കേണ്ടതുണ്ട്.
  4. സ്വയമേവ പദ്ധതികള്‍ തുടങ്ങുവാന്‍ ബുദ്ധിമുട്ടുള്ള അംഗങ്ങള്‍ക്ക്, നിലവിലുള്ള കമ്യൂണിറ്റികളില്‍ നിന്ന് കൊണ്ട് അവയിലോ, ഗ്രാമത്തിന്റെ പൊതു പദ്ധതികളിലോ സഹകരിക്കാം.

  ഭൂമിഉപഭോഗം

  1. മനുഷ്യര്‍ക്കും, ജീവജാലങ്ങള്‍ക്കും പരസ്പരാശ്രയത്തോടെ കഴിയാവുന്ന ഈ പദ്ധതിയുടെ നാല്പതു ശതമാനം അസ്പര്‍ഷ വനവും, മുപ്പതു ശതമാനം കൃഷിയിടവും ആയിരിക്കും.
  2. ഗ്രാമത്തിനകത്ത് സ്ഥാപിതമാകുന്ന കെട്ടിടങ്ങളുടെയും മറ്റു അച്ലങ്ങളുടെയും ഉടമസ്ഥത, ഗ്രാമത്തിനു മാതം ആയിരിക്കും.
  3. ഓരോ പദ്ധതിയും അതിനായി അനുമതിക്ക പ്പെടുന്ന ഭൂമിയുടെ മുപ്പതു ശതമാനം പ്രാദേശിക വനത്തിനും പത്ത് ശതമാനം കൃഷിക്കും വേണ്ടി മാത്രം വിനിയോഗിക്കെണ്ടതാണ്
  4. ഒരു വ്യക്തിക്ക് താമസിക്കുവാന്‍ രണ്ടു സെന്റു സ്ഥലവും ഒരു കുടുംബത്തിനു താമസിക്കുവാന്‍ അഞ്ചു സെന്റു സ്ഥലവും ആണ് സ്വകാര്യ ഉപഭോഗത്തിനായി അനുവദിക്കുക.
  5. സ്വകാര്യ ഇടം വേണമെന്നില്ലാത്തവര്‍ക്ക് കമ്യൂണിറ്റിയുടെ സത്രങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
  6. ഗ്രാമത്തിലെ കെട്ടിടങ്ങള്‍, ആസൂത്രണ മിഷന്റെ അനുമതിയോടെ ഉള്ള ഇക്കോ നിര്‍മാണങ്ങള്‍ ആയിരിക്കണം.

  വിഭവ വിതരണം

  1. ഗ്രാമത്തില്‍ ഉണ്ടാകുന്ന മുഴുവന്‍ പ്രകൃതി വിഭവങ്ങളും, പൊതു വിഭവ വിതരണ വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ആയിരിക്കും.
  2. വ്യക്തികള്‍ക്കും കമ്യൂണിറ്റി കള്‍ക്കും ഉള്ള വിഹിതം പൊതു വിഭവ വിതരണ വിഭാഗം വിതരണം ചെയ്യും.
  3. പൊതു വിതരണത്തില്‍ അധികമുള്ള വിഭവങ്ങള്‍, അനുവദനീയമായ അളവിലും അധികം വേണ്ടവര്‍ക്കും സന്ദര്‍ശകര്‍ക്കും, അതിന്റെതായ മൂല്യം നല്‍കി സ്വന്തമാകാവുന്നതാണ്.

  സാമ്പത്തികം

  1. പ്രാഥമികമായി ഒരു ലക്ഷം രൂപയുടെ അഞ്ചു ഷെയറുകള്‍ വീതം വാങ്ങിക്കൊണ്ടു പ്രായ പൂര്‍ത്തിയായ ഒരാള്‍ക്ക്‌ ഈ പദ്ധതിയുടെ സ്ഥിരാംഗം ആകാം. എന്നെങ്കിലും ഗ്രാമം വിട്ടു പോകുന്നവര്‍ക്ക്, അഞ്ചു ഷെയറുകള്‍ക്ക് തത്തുല്യമായ അക്കാലത്തെ തുക നല്‍കുന്നതാണ്.
  2. ഒന്നോ ഒന്നിലധികമോ ഷെയറുകള്‍ കരസ്ഥമാക്കിക്കൊണ്ട് ഒരാള്‍ക്ക്‌ ഗ്രാമ ബന്ധു ആയി മാറാം. ഗ്രാമത്തിന്റെ പൊതു സത്രങ്ങളില്‍ വന്നു താമസിക്കുകയും പുറത്ത് പോവുകയും ഗ്രാമ ബന്ധുക്കള്‍ക്ക് ഇഷ്ട്ടനുസരണം ചെയ്യാവുന്നതാണ്.
  3. ഈ ഷെയറുകള്‍, പദ്ധതി വായ്പ ആയി ആണ് കണക്കാക്കുക. ഗ്രാമത്തിനു മൊത്തം ഷെയറുകള്‍ക്ക് തത്തുല്യമായ തുക സ്വന്തമായി കണ്ടെത്തുവാന്‍ ആകുന്ന ഒരു കാലത്ത്, ഈ വായ്പ തിരിച്ചു ഒടുക്കി, ധന പരമായ ബാധ്യത ഒഴിവാക്കാവുന്നതാണ്.
  4. ധനപരമായ നിക്ഷേപങ്ങള്‍ മതിയാകുന്ന ഒരു കാലത്ത്, ഈ വായ്പ ഷെയറുകള്‍ ഈടാക്കുന്ന രീതി ഒഴിവാക്കുന്നതാണ്..
  5. പ്രാഥമികമായ കാലത്തു മുതല്‍ തന്നെ വായ്പാ ഷെയറുകള്‍ വാങ്ങുവാന്‍ ശേഷി ഇല്ലാത്തവര്‍ക്കും പ്രവര്‍ത്തകരായി അംഗങ്ങള്‍ ആകാവുന്നതാണ്. എന്നാല്‍ അവര്‍ സാധാരണ രീതിയിലുള്ള അംഗത്വ നിലകളിലൂടെ കടന്നു വരേണ്ടതുണ്ട്.
  6. എല്ലാ കമ്യൂണിറ്റികള്‍ക്കും വിദേശ വോളണ്ടീര്‍മാരെ സ്വീകരിക്കാവുന്നതും അത് വഴി നടത്തിപ്പ് ചെലവുകള്‍ സ്വരൂപിക്കാവുന്നതുമാണ്.
  7. എല്ലാ കമ്യൂണിറ്റികളും, അവരവരുടെ വരുമാനത്തിന്റെ ഭാഗമായി ഉള്ള ഒരു നിശ്ചിത തുക പ്രതിമാസം ഗ്രാമ കാര്യാലയത്തില്‍ നികുതിയായി ഒടുക്കേണ്ടതാണ്. അതായിരിക്കും ഗ്രാമത്തിന്റെ പ്രവര്‍ത്തന മൂലധനം.
  8. സ്ഥിരാംഗങ്ങള്‍ മുതല്‍ കൊണ്ടുള്ളവര്‍ക്ക് ജീവ സന്ധാരണത്തിനു ആവശ്യമായ തുക, ഗ്രാമ കാര്യാലയം ഒരു നിര്‍വഹണ വേതനം ആയി നല്‍കുന്നതാണ്. അത് വിഭവങ്ങളോ സേവനങ്ങളോ ആയി നല്‍കപ്പെടും.

  കമ്യൂണിറ്റി

  1. കമ്യൂണിറ്റികള്‍ ഒറ്റയ്ക്കോ, കൂട്ടായോ പ്രതിദിനം വൈകീട്ട് ഒത്തു ചേരേണ്ടതും, ദൈനംദിന കാര്യങ്ങള്‍ വിലയിരുത്തേണ്ടതും ആണ്. ഈ കൂട്ടായ്മയില്‍ വോളണ്ടീര്‍മാരും നിര്‍ബന്ധമായി പങ്കെടുക്കേണ്ടതാണ്.
  2. പ്രതി വാരം കൂടുന്ന ഗ്രാമക്കൂട്ടം ആണ് ഗ്രാമത്തിന്റെ പൊതു കാര്യങ്ങള്‍ നിര്‍വഹിക്കുക. ഗ്രാമക്കൂട്ടം എന്നത് കമ്യൂണിറ്റികളുടെ ഈ രണ്ടു വീതം ഉള്ള പ്രതിനിധികളുടെ കൂട്ടായ്മയായിരിക്കും.
  3. പ്രതിമാസം ഒത്തു കൂടുന്ന മെംമ്പേഴ്സ് അസംബ്ലി ആയിരിക്കും ഗ്രാമത്തിലെ ഏറ്റവും വലിയ യോഗം. തുടര്‍ച്ചയായി മൂന്നു തവണ ഈ യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നവര്‍, ഗ്രാമത്തില്‍ തുടരുവാന്‍ അയോഗ്യരായിരിക്കും.
  4. ഗ്രാമത്തിന്റെ പൊതു പദ്ധതികളില്‍ എല്ലാ കമ്യൂണിറ്റികളും ഭാഗഭാക്കായിരിക്കും. പൊതു കൃഷിയിടം, പൊതു അടുക്കള, ഊര്ജം, വാര്‍ത്താ വിനിമയം എന്നീ മേഖലകള്‍ ഉദാഹരണങ്ങള്‍ ആണ്.

   

  ഉത്തരവാദിത്തങ്ങള്‍

  1. ഗ്രാമത്തിലെ വിഷനരി മുതല്‍ വോളണ്ടീര്‍ വരെയുള്ള എല്ലാ അംഗങ്ങള്‍ക്കും നിശ്ചിത ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
  2. കൃഷി, വിദ്യാഭ്യാസം, നിയന്ത്രണം, തുടങ്ങിയ പൊതു ഉത്തരവാദിത്തങ്ങളില്‍ ഏര്‍പ്പെടുന്ന അംഗങ്ങള്‍ക്ക് നിശ്ചിത സേവന വേതനം നിശ്ചയിക്കപെട്ടിട്ടുണ്ട്.
  3. ഈ തുക, പൊതു വിതരണവുമായി ബന്ധപെട്ടു കണക്കാക്കപ്പെടുകയോ, നിക്ഷേപത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുകയോ ചെയ്യാം.

   പൊതു വരുമാന മാര്‍ഗങ്ങള്‍ 

  1. ഇക്കോ ട്യൂരിസം, തൊഴില്‍ ഗ്രാമം, വിഭവ വില്പന എന്നിവയിലൂടെ ഗ്രാമത്തിനു വരുമാനം ഉണ്ടാക്കാവുന്നതാണ്.

   

  ബാക്കിയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കെണ്ടവയാണ്. ചര്‍ച്ചകള്‍ പ്രാദേശികമായി  നടത്തുന്നവര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം എന്ന് അഭ്യരത്ഥിക്കുന്നു. 

   

  Print Friendly

  1226total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in