• നിങ്ങള്‍ ധ്യാനിക്കാറുണ്ടോ?

  by  • August 31, 2013 • ആത്മീയത • 0 Comments

  അറിഞ്ഞോ അറിയാതെയോ, നാമെല്ലാരും ധ്യാനിക്കാറുണ്ട്. ധ്യാനം പ്രകൃതി
  നമുക്ക് തന്ന ഒരനുഗ്രഹമാണ്‌. നമ്മെ പ്രകൃതിയുടെ നിയമാവലിയില്‍ നില
  നിര്‍ത്താനുള്ള നിരന്തര സംവിധാനമാണ് ധ്യാനം.

  നമുക്ക്, നമ്മുടെ ചിന്തിക്കുന്ന മനസ്സ് മാത്രമല്ല ഉള്ളതെന്ന് മിക്കവാറു
  എല്ലാര്‍ക്കും അറിയാമെന്നു തോന്നുന്നു. ചിന്തിക്കുന്ന മനസ്സിനെ
  ബോധമനസ്സെന്നു വിളിക്കുന്നു. അതിനകത്തും (ഉപ ബോധത്തില്‍ ) അതിനു പുറത്തും
  (പ്രകട ബോധത്തില്‍) വേറെയും മനസ്സിന്റെ തലങ്ങള്‍ ഉണ്ട്.

  ഈ മനസ്സിന്റെ തലങ്ങള്‍ തമ്മില്‍ തമ്മില്‍ വര്‍ത്തമാനം പറയുകയും, ബലങ്ങളും
  വികാരങ്ങളും കൊടുത്തു-വാങ്ങുകയും ചെയ്യുമ്പോഴാണ് നമ്മുടെ അകം ലോകത്തെ
  കുറിച്ചും പുറം ലോകത്തെ കുറിച്ചും നാം അറിയുന്നതും നമ്മുടെ ശരിയായ
  ആവശ്യങ്ങള്‍ക്ക് വേണ്ടുന്ന പോലെ നമുക്ക് ജീവിക്കാനും കഴിയുന്നത്‌.

  അകം ലോകവും പുറം ലോകവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളില്‍ ആണ്, നാം
  വിശപ്പറിയുന്നതും വികാരപ്പെടുന്നതും, ചുറ്റുപാടിനെ മനസ്സിലാക്കുന്നതും
  എല്ലാം. സമയം നോക്കി വിശക്കുന്നതും സമയം നോക്കാതെ വിശക്കുന്നതും
  തമ്മിലുള്ള വ്യത്യാസം നാം ഒരു പക്ഷെ ശ്രദ്ധിച്ചു കാണണം. സമയം
  നോക്കുമ്പോള്‍, വിശപ്പിനെ നാം ബുദ്ധി കൊണ്ടാണ് അറിയുന്നത്. സമയം
  നോക്കാത്തപ്പോള്‍, വിശപ്പിനെ നാം നേരില്‍ അറിയുന്നു. മറ്റൊന്നും
  ശ്രദ്ധിക്കാതെ, ഒരു പണിചെയ്യുമ്പോള്‍, നാം ബുദ്ധികൊണ്ടല്ല, അതിനെ കൈ
  കാര്യം ചെയ്യുന്നത്. നാം അതില്‍ നേരില്‍ ഇടപെടുകയാണ്. ഇതാണ് ധ്യാനം.

  ഉണര്‍ന്നിരിക്കുമ്പോള്‍ ഈ മനസ്സിന്റെ തലങ്ങള്‍ തമ്മില്‍ ബുദ്ധിയുടെ
  സാന്നിദ്ധ്യത്തില്‍ ആണ് ഇടപാടുകള്‍ നടത്തുക. ഉറങ്ങുമ്പോള്‍ ബുദ്ധി
  നിശ്ചലമാകുന്നു. ബോധം അകത്തേക്ക് വലിയുന്നു. മനസ്സുകള്‍ തമ്മില്‍
  നേരിട്ടിടപെടുന്നു. അവനവന്റെ ഉത്തര വാദിത്തം മാത്രം നേരിട്ട്
  നിര്‍വഹിക്കുന്നു. അഴിമതിയില്ലാത്ത ഓഫീസ് പോലെ, എല്ലാം മുറയ്ക്ക്
  നടക്കുന്നു. ഊര്‍ജത്തിന്റെ കൊടുക്കല്‍ വാങ്ങലുകളും, കേടുപാട്
  തീര്‍ക്കലും, ആവശ്യങ്ങള്‍ പറയലും, ഒക്കെ തടസ്സങ്ങളില്ലാതെ ചെയ്തു
  പോകുന്നു. അപ്പോള്‍, നമ്മുടെ അകം ലോകവും, പുറം ലോകവും അതിനോട് മറയില്ലാതെ
  പ്രതികരിക്കുന്നു.

  ഉറങ്ങാതെ തന്നെ ഇതേ ശാരീരിക അവസ്ഥയിലേക്ക്, നമ്മെ കയറ്റി വിടുന്ന
  ബോധപൂര്‍വമുള്ള ഒരു പ്രക്രിയ ആണ്. ധ്യാനം. വിശ്വാസിയുടെ പ്രാര്‍ഥനയും,
  അവിശ്വാസിയുടെ നിശ്ചിന്തനവും, സത്യാനുഭാവിയുടെ യോഗവും ധ്യാനം തന്നെ. നാം
  അഭിവാദനം ചെയ്തു നമസ്കരിക്കുമ്പോഴും, ഹൃദയത്തില്‍ നിന്ന് നന്ദി
  പറയുമ്പോഴും നല്ലൊരു കവിത വായിച്ചു കണ്ണ് നിറയുമ്പോഴും, ഒരു കുഞ്ഞിനെ
  താലോലിക്കുമ്പോഴും, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുമ്പോഴും,
  പ്രണയിക്കുമ്പോഴും, ഒരു പാട്ടിനൊപ്പം അറിയാതെ ചുവടു വയ്ക്കുമ്പോഴും
  ധ്യാനം സംഭവിക്കുന്നു.

  നമ്മുടെ പുറം ലോകത്തിനു (പ്രകൃതിക്ക് ) അനുസരിച്ച് നമ്മളെയും,
  നമുക്കനുസരിച്ചു, നമ്മുടെ അകം ലോകത്തെയും, അത് പോലെ തിരിച്ചും
  പാകപ്പെടുത്തി എടുക്കാനുള്ള മനസ്സിന്റെ വ്യായാമം ആണ് ധ്യാനം. ആരോഗ്യവും,
  സമാധാനവും, ആവശ്യങ്ങളുടെ നേടലും ഒക്കെ പ്രദാനം ചെയ്യുന്നത് ധ്യാനം തന്നെ.
  അത് അറിഞ്ഞുള്ളതായാലും അറിയാതെ ആയാലും.

  നിങ്ങളുടെ ധ്യാനം അറിഞ്ഞുള്ളതോ അറിയാതെയുള്ളതോ?

   

  https://www.facebook.com/photo.php?fbid=249984935049454

  Print Friendly

  369total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in