• മോക്ഷപര്‍വ്വം

  by  • August 31, 2013 • തത്വചിന്ത • 0 Comments

   

  പാലക്കാട്‌ ജില്ലയിലെ ചിറ്റൂരുള്ള വിളയോടി സദ്‌ഗുരു യോഗാശ്രമത്തിലെ സദ്‌ഗുരു മണി അവര്‍കളുടെ പ്രഭാഷണങ്ങളെ ആധാരമാക്കി 1989 ല്‍ തത്തമംഗലത്തെ വാഗ്മീനാട്യകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച എകാങ്കമാണ്‌ മോക്ഷപര്‍വ്വം. 1990ല്‍, ഈ ഏകാങ്കം ഒരു ലഘു പുസ്‌തകമാക്കി അച്ചടിച്ച്‌ പ്രസിദ്ധീകരിച്ചു. ഈ ഏകാങ്കത്തിലെ കഥാപാത്രങ്ങള്‍ നമ്മോടു പറയുന്ന കഥാ തന്തു, ഇന്നും, എന്നും മനുഷ്യ കുലത്തില്‍ പ്രസക്തമാണ്‌. സദ്‌ഗുരു മണിയേട്ടന്റെ പാദങ്ങളില്‍ വാഗ്മീ നാട്യ കേന്ദ്രം ഈ ഏകാങ്കം സമര്‍പ്പിക്കുന്നു.

   

  യവനിക ഉയരുമ്പോള്‍ അരങ്ങത്ത്‌ ഒരു ആല്‍ത്തറ, സ്ഥലം വിജനം ആണ്‌. കിളികളുടെയും മറ്റും ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്‌

   

  പിന്നണിയില്‍ നിന്ന്‌ :

  വന്ദനം ! ഇത്‌ ഇലക്ട്രോണിക്‌ യുഗം. നന്മ തിന്മകളേതിനെയും വളച്ചൊടിച്ചു, മനുഷ്യന്‍, അവന്റെ സുഖ ഭോഗങ്ങള്‍ക്ക്‌ വിധേയമാക്കുന്നു. അവന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം പഴഞ്ചന്‍ ആചാരങ്ങള്‍ കയ്യടക്കുന്നു. പഴയ നീതി ശാസ്‌ത്രങ്ങളുടെ സുഗ്രീവാജ്ഞകള്‍ ഇന്നുമവനെ കിടിലം കൊള്ളിക്കുന്നു. തത്വ ചിന്താപരമായ അഴിച്ചു പണികള്‍ നടത്തുന്നവര്‍, എന്നും ,ആദ്യം പുച്ഛിക്കപ്പെടുകയെ ചെയ്‌തിട്ടുള്ളൂ; അവസാനം വന്ദിക്കപ്പെടുകയും……ഇവിടെ, ഈ തീര്‍ഥാടകരുടെ താവളത്തിലും സംഭവിക്കുന്നതു മറ്റൊന്നല്ല. ചതുര്‍വര്‍ണങ്ങള്‍ ഏറ്റുമുട്ടുന്ന ആ കഥ സവിനയം നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു, മോക്ഷപര്‍വ്വം

   

  (ശബ്ദം അവസാനിക്കാറാകുമ്പോള്‍ ഈര്‍ക്കില്‍ ചൂല്‌ കൊണ്ട്‌ അടിച്ചു കൊണ്ട്‌ ഗോരംഭന്‍ രംഗ പ്രവേശം ചെയ്യുന്നു)

   

  ഗോരംഭന്‍ : (അടിക്കുന്നത്‌ നിറുത്തി….) ഇതൊരു കഴുത കുളമ്പടി ആണല്ലോ ! ഒരു കഴുത ഇതിലെ പോയ മട്ടുണ്ട്‌. ഒരു കഴുതയ്‌ക്ക്‌ ഇത്‌ വഴി പോകാമെങ്കില്‍ …….. (പിറകോട്ടു നോക്കി…) ഹേയ്‌ കഴുതകളെ, ഇങ്ങോട്ട്‌ വരിന്‍ നിങ്ങള്‍ക്കുള്ള വഴി ഇതാകുന്നു. (തിരിഞ്ഞു പണി തുടരുന്നതിനിടയില്‍ …) ആ കഴുതയ്‌ക്ക്‌ ഒരു കുളമ്പിനു എന്തോ കുഴപ്പം ഉണ്ട്‌ ! ഞൊണ്ടിയാണോ………..!? (പിറകോട്ടു നോക്കി …) ഹേയ്‌ കഴുതകളെ, കാരണം ചോദിക്കരുത്‌. ഒരു കാല്‍ എല്ലാവരും ഉയര്‍ത്തി പിടിച്ചിരിക്കണം … വരിന്‍, വരിന്‍, ഇതാ നിങ്ങളുടെ വഴി ഇതിലെ… (തിരിഞ്ഞു പണി തുടരാന്‍ ഭാവിക്കുന്നതിനിടയില്‍ കുയിലിന്റെ ശബ്ദം കേട്ട്‌, പതുക്കെ, മുകളിലോട്ടു നോക്കുന്നു) ഏയ്‌ കുയിലേ ….! വഴി കണ്ടോ മുന്നേ? പാട്ട്‌ പാടുകയോ കഥ പറയുകയോ? കഥയാവാം അല്ലെ? നല്ല കഥ! നായകന്‍.. ഞാനാകുമല്ലേ? ഞാന്‍ ശിശുവോ, ബാലനോ, യുവാവോ, വൃദ്ധനോ ? പറയൂ…. (ശ്രദ്ധ മേഖങ്ങളിലേക്ക്‌ തിരിച്ചു…) ഏയ്‌ മേഘങ്ങളേ … നിങ്ങളെങ്ങാനും സൂര്യ ദേവനെ കണ്ടുവോ , വര പ്രസാദങ്ങള്‍ക്കായി ഞാനിതാ തപസ്സു ചെയ്യുന്നു…. (ചൂലെടുത്ത്‌ തലയില്‍ വച്ച ശേഷം പതുക്കെ മുട്ട്‌ കുത്തി ഇരിക്കുന്നു. ശേഷം ചൂല്‍ മുന്നില്‍ വിടര്‍ത്തി വയ്‌ക്കുന്നു..) എന്റെ ദേവാ…… കല്ലിലും പുല്ലിലും ഉള്ള അങ്ങ്‌ എന്നോട്‌ പ്രസാദിക്കണമേ…

   

  (ഗോരംഭന്റെ പ്രാര്‍ത്ഥന തുടരുന്നതിനിടയില്‍ ആചാര്യന്‍ രംഗപ്രവേശം ചെയ്യുന്നു. ഗോരംഭനെ അല്‍പനേരം പുഞ്ചിരിയോടെ വീക്ഷിച്ച ശേഷം അദേഹം ഏകപാദാസന ധ്യാനം നടത്തുന്നു. ശ്വാസത്തോടൊപ്പം ‘സോഹം’ എന്ന ശബ്ദം പിന്നണിയില്‍ നിന്ന്‌ ശബ്ദം ഗോരംഭനെ ശല്യപ്പെടുത്തുന്നുവെന്നു സ്‌പഷ്ടം. ഗോരംഭന്‍ പെട്ടെന്ന്‌ പിടഞ്ഞെഴുന്നേറ്റു ചൂല്‌ കൈക്കലാക്കുന്നു ; ആചാര്യനെ പകച്ചു നോക്കുന്നു. പിന്നീട്‌ ഭ്രാന്തമായ ചുവടുകളോടെ ആചാര്യന്‌ ചുറ്റും നടക്കുന്നു.)

   

  ഗോരംഭന്‍ : എന്ത്‌… സൂര്യ ദേവനോ, അതോ പെരുങ്കാട്‌ ശാത്തനോ …? അല്ലല്ലാ … മനുശന്‍ വെറും മനുശന്‍ വലിയവനോ ചെറിയവനോ…? (സൂക്ഷിച്ചു നോക്കി…) പൂണൂലില്ല ഏയ്‌ … നിങ്ങളാരാ?

   

  (ആചാര്യന്‍ അനക്കമില്ലാതെ ധ്യാനിക്കുന്നു. കുറച്ചു നേരം എകപാദാസന ധ്യാനത്തെ നിരീക്ഷിച്ച ശേഷം അദ്ദേഹത്തെ അനുകരിക്കുന്നു. പലവട്ടം ശ്രമിച്ചിട്ടും കിട്ടുന്നില്ല; ഒടുവില്‍ ആചാര്യന്റെ മുകളിലേക്ക്‌ മറിഞ്ഞു വീഴുന്നു. ഇരുവരും കൂടി വശത്തേക്ക്‌ മറിയുന്നു. ആചാര്യന്‍ ഉണരുന്നു.)

   

  ആചാര്യന്‍ : (ചടുലമായ നേത്രത്തോടെ..) നീയാര്‌?

   

  ഗോരംഭന്‍ : (വിറച്ചു കൊണ്ട്‌ വിട്ടു മാറി നില്‍ക്കുന്നു) ഞ്‌ … ഞാന്‍ ഗോരംഭന്‍

   

  ആചാര്യന്‍ : നിന്റെ കുലം ഏത്‌?

   

  ഗോരംഭന്‍ : പൂണൂല്‍ ഇല്ലാത്തതാണേ …

   

  ആചാര്യന്‍ : എന്ന്‌ വച്ചാല്‍…? നിന്റെ തൊഴിലെന്ത്‌?

   

  ഗോരംഭന്‍ : അടിച്ചു തളി … ഫലത്തില്‍ അടിയന്‍ ശൂദ്രനാണേ…

   

  ആചാര്യന്‍ : (പുഞ്ചിരിയോടെ.) ഓഹോ… നീ ബ്രഹ്മത്വം ആഗ്രഹിക്കുന്നു? (ഗോരംഭന്‍ തലയാട്ടി സമ്മതിക്കുന്നു) നീ ആരെയാണ്‌ പ്രാര്‍ഥിച്ചത്‌ ?

   

  ഗോരംഭന്‍ : ഞാന്‍.. എന്റെ ദേവനെ …. സൂര്യ ദേവനെ.. അദ്ദേഹത്തിന്റെ വരപ്രസാദം കിട്ടിയ ശേഷം … ശേഷം എനിക്ക്‌ മോക്ഷം പ്രാപിക്കണം. എന്റെ ലക്‌ഷ്യം… അതിലൂടെ കിട്ടും.. കിട്ടും… കിട്ടും (ജല്‌പനം) എനിക്ക്‌ എന്റെ ദേവനെ കാണിച്ചു തരാമോ?..

   

  ആചാര്യന്‍ : ഓഹോ, നിനക്ക്‌ മോക്ഷം വേണമല്ലേ (ഗോരംഭന്‍ ശ്രദ്ധയോടെ നില്‍ക്കുന്നു ) നിനക്ക്‌ ലക്ഷ്യവുമുണ്ട്‌? നിനക്ക്‌ ദേവനെ കാണണം…! ആട്ടെ… നിന്റെ ലക്ഷ്യമെന്ത്‌?

   

  ഗോരംഭന്‍ : എന്റെ ലക്‌ഷ്യം, എന്റെ കുടുംബം സുഖമായിരിക്കണം അതിലേക്കു ഞാന്‍ എന്തും ചെയ്യും.

   

  ആചാര്യന്‍ : ഓഹോ, നിന്റെ കുടുംബത്തിന്റെ സൌഖ്യത്തിനു നീയെന്തും ചെയ്യുമല്ലേ?

   

  ഗോരംഭന്‍ : അതെ എന്റെ കുടുംബം സുഖമായിരിക്കണം, അതിനായി ഞാന്‍ എന്ത്‌ വേല വേണമെങ്കിലും എടുക്കാം. എത്ര നീചമെങ്കിലും… എത്ര നികൃഷ്ടമെങ്കിലും

   

  ആചാര്യന്‍ : ഹ… ഹ ഹ ഹ …. നീ എത്ര നീചമായ ജോലിയും ചെയ്യുമല്ലേ, നിന്റെ കുടുംബത്തിന്റെ സുഖത്തിന ്‌? അത്‌ നിന്റെ ലക്‌ഷ്യം… നിനക്ക്‌ മോക്ഷവും വേണം,(പുച്ഛത്തോടെ…. ) നീച പ്രവൃത്തികള്‍ ചെയ്യുന്ന നിനക്കെവിടുന്നു മോക്ഷം കിട്ടാന്‍?

   

  ഗോരംഭന്‍ : അപ്പോഴെനിക്കു മോക്ഷം കിട്ടില്ലേ?

   

  ആചാര്യന്‍ : ഓ… അത്‌ പറയാന്‍ ഞാനശക്തനാണ്‌, നിനക്കറിയാമോ, ആചാരമെന്ന പേരില്‍, അശ്വമേധ യാഗത്തില്‍, നവദ്വാരങ്ങളുമടച്ചു ശ്വാസം മുട്ടിച്ചു കൊന്ന കുതിരയുമായി ഭോഗിക്കുന്ന രാജപത്‌നിയെ നോക്കി അശ്ലീലം പറയുന്ന രാജാവും, രാജഗുരുവും, അത്തരം പ്രവൃത്തികളില്‍ നിന്നും മോക്ഷം നേടുന്ന സംസ്‌കാരമല്ലേ നമ്മുടേത്‌? മനുസ്‌മൃതിയും, ബൈബിളും, ഖുറാനും, ഭഗവത്‌ ഗീതയും വെറും ഗ്രന്ഥ കെട്ടുകളായി ഇരിക്കുന്നിടത്തോളം കാലം, അത്തരം മോക്ഷങ്ങളുടെ കഥയെ നമുക്ക്‌ പറയാനുണ്ടാകൂ(ഗോരംഭന്‍ മനസ്സിലാകാതെ പകച്ചു നില്‍ക്കുന്നു.) നീ മദ്യപിക്കാറുണ്ടോ? (ഗോരംഭന്‍ എല്ലാം തലയാട്ടി സമ്മതിക്കുന്നു.) പുകവലി..? മയക്കു മരുന്ന്‌..? (ഗോരംഭനെ വീക്ഷിച്ച ശേഷം) എങ്കില്‍ നിനക്ക്‌ മോക്ഷം നല്‍കാന്‍ അവസാനമായി ഒരാള്‍ക്കേ കഴിയൂ.

   

  ഗോരംഭന്‍ : ആരാണയാള്‍?

   

  ആചാര്യന്‍ : നീ, നീ തന്നെ! തന്നെ സ്‌നേഹിക്കാന്‍ കഴിയാത്തവര്‍ക്ക്‌ മറ്റുള്ളവരെ സ്‌നേഹിക്കാനാവില്ല. മറ്റുള്ളവരെ സ്‌നേഹിക്കാന്‍ കഴിയാത്തവര്‍ക്ക്‌ മോക്ഷവും അന്യമാണ്‌.. അതുകൊണ്ട്‌… നീയാദ്യം നിന്നെ സ്‌നേഹിക്കാന്‍ പഠിക്ക്യ … ശേഷമാകട്ടെ മോക്ഷകാര്യം.

   

  (ആചാര്യന്‍ എകപാദാസനധ്യാനം തുടരുന്നു. ഗോരംഭന്‍ അദ്ദേഹത്തെ ശ്രദ്ധിച്ചു കൊണ്ട്‌ ആല്‍ത്തറയില്‍ ഇരിക്കുന്നു. പെട്ടെന്ന്‌ അകലെ നിന്ന്‌ മോക്ഷം, മോക്ഷമെന്നുള്ള വായ്‌ത്താരി കേള്‍ക്കുന്നു. അത്‌ അടുത്തടുത്ത്‌ വരികയാണ്‌. തീര്‍ഥാടക സംഘം പ്രവേശിക്കുന്നു. അവര്‍ ആചാര്യനെ കണ്ടു പകച്ചു നോക്കി നില്‍ക്കുന്നു. ഒടുവില്‍ സംശയ നിവര്‍ത്തിക്കായി ഗോരംഭനെ വിളിച്ചു അന്വേഷിക്കുന്നു. )

   

  മേഘവര്‍ണന്‍ (ക്ഷത്രിയന്‍) : ഇയാളാര്‌ ?

   

  ഗോരംഭന്‍ : ശ്‌ … പതുക്കെ….ഇത്‌…(മേഘവര്‍ണനെ വിലക്കാനായി അടുത്തേക്ക്‌ നീങ്ങുമ്പോള്‍ മേഘവര്‍ണനും വിലക്കുന്നു. )

   

  മേഘവര്‍ണന്‍ : ഹും അവിടെ നിന്നാല്‍ മതി (ഗോരംഭന്‍ കുറച്ചു അകലം പാലിക്കുന്നു.) ഇനി പറയ്‌ ഇയാളാര്‌?

   

  ഗോരംഭന്‍ : ഇത്‌ മോക്ഷം തരുന്ന ആളാ… മോക്ഷത്തെ കുറിച്ച്‌ ധാരാളം അറിയാം.

   

  ദേവശര്‍മന്‍ (ബ്രാഹ്മണന്‍) : ഓഹോ, മോക്ഷത്തെ കുറിച്ച്‌ അറിയാവുന്ന ആളാണെങ്കില്‍..

  (ആചാര്യനെ സൂക്ഷിച്ചു നോക്കുന്നു.) ഹും, ഇയാള്‍ക്ക്‌ ഒരു പൂണൂല്‌ പോലുമില്ല. ഇയാള്‍ക്കാണോ മോക്ഷത്തെ കുറിച്ച്‌ അറിയാവുന്നത്‌.

   

  ദന്തിലമിത്രന്‍ (വൈശ്യന്‍ ) : അല്ല ; ദന്തപ്പായ്യാളീക്കാണീക്ക്‌ണ്‌ ? (ചരിഞ്ഞു മാറിനോക്കി ) ഒറ്റക്കാലില്‍ നിന്ന്‌ ഈച്ച പിടിക്ക്യെ .. അതോ നിന്നുറങ്ങ്യെ …?

   

  ദേവശര്‍മന്‍ : അല്ല ദന്തിലമിത്രാ, ഇയാള്‍ (പുച്ഛത്തോടെ) യോഗിയാണ്‌ രോഗിയുമാവാം… പൂണൂലും രുദ്രാക്ഷവും കമണ്ടലുവും ഇല്ലാതെന്തു യോഗി? ഹ ഹ മോക്ഷത്തെക്കുറിച്ചു അറിയാം പോലും …

   

  ദന്തിലമിത്രന്‍ : നമുക്ക്‌ ഇവിടിരുന്നു ഒരു പ്രാര്‍ത്ഥന നടത്തിക്കളയാം. അതിനിടയ്‌ക്ക്‌ ഇയാളുടെ പരിപാടി കഴിഞ്ഞാല്‍ നമുക്കൊരു തര്‍ക്കവുമാകാം.

   

  മേഘവര്‍ണന്‍ : അത്‌ ശരിയാ.. നാമൊട്ടു നടന്നു വന്നതല്ലേ നമുക്കൊരു വിശ്രമവുമായി.

   

  (മൂവരും പ്രാര്‍ത്ഥനക്കായി രംഗത്ത്‌ ഒരിടത്‌ ഇരിക്കുന്നു. മൂവര്‍ക്കും കൃത്യമായിരുന്നു ധ്യാനിക്കാന്‍ കഴിയുന്നില്ല.കൊതുകിന്റെയും മറ്റും ശല്യം അവരെ അലട്ടുന്നുണ്ട്‌. ‘മോക്ഷം’ എന്ന അവരുടെ മന്ത്രത്തിനും തന്മൂലം ഭംഗം വരുന്നു. അപ്പോഴെല്ലാം അവരതു പറയുന്നുമുണ്ട്‌. അല്‍പസമയത്തിന്‌ ശേഷം ആചാര്യന്‍ ധ്യാനം അവസാനിപ്പിച്ചു നമസ്‌കരിക്കുന്നു. പതിയെ ചുറ്റും നോക്കുന്നതിനിടയില്‍ പ്രാര്‍ത്ഥിക്കുന്നവരെ കാണുന്നു. സന്തോഷ ഭാവം മുഖത്ത്‌…)

   

  ആചാര്യന്‍ : മംഗളം ഭവന്തു… ശബ്ദം കേട്ടു മൂവരും ഉണരുന്നു. അവര്‍ അദ്ദേഹത്തെ സൂക്ഷിച്ചു നോക്കി എഴുന്നേല്‍ക്കുന്നു.

   

  ദന്തിലമിത്രന്‍ : നിങ്ങളാരാ? യോഗിയാണോ?

   

  ആചാര്യന്‍ : (തലകുലുക്കി) അതെ…

   

  ദേവശര്‍മന്‍: നിങ്ങള്‍ക്ക്‌ മോക്ഷത്തെക്കുറിച്ചു അറിയാമെന്നു (ഗോരംഭനെ ചൂണ്ടിക്കൊണ്ട്‌) ഇയാള്‍ പറയുന്നു. എന്താ ശരിയാണോ?

   

  ആചാര്യന്‍ : അതിനുത്തരം പറയുന്നതിന്‌ മുന്‍പ്‌ ഒന്ന്‌ ചോദിച്ചോട്ടെ? മോക്ഷം എന്ന വാക്ക്‌ കൊണ്ട്‌ നിങ്ങള്‍ വിവക്ഷിക്കുന്നതെന്താണ്‌?

   

  മേഘവര്‍ണന്‍ : മോക്ഷമെന്നാല്‍ മരണാനന്തരം സ്വര്‍ഗത്തിലേക്ക്‌ പോവുക എന്നര്‍ത്ഥം.

  (ദന്തിലമിത്രന്‍ ഒന്നും മനസ്സിലാകാത്തതായി ഭാവിക്കുന്നു. ഗോരംഭനും അതേ നില തന്നെ!.)

   

  ദേവശര്‍മന്‍ : കുറച്ചു കൂടി തെളിച്ചു പറഞ്ഞാല്‍ മോക്ഷമെന്നാല്‍ മോചനം. ജീവാത്മാവ്‌ എന്ന നിര്‍വികാര പരബ്രഹ്മം, ശോകത്തെക്കളഞ്ഞു പരമാത്മാവുമായി സംയോജിക്കുമ്പോള്‍ മോക്ഷം കിട്ടിയെന്നു പറയുന്നു.

   

  ആചാര്യന്‍ : അതിനു കഴിഞ്ഞില്ലെങ്കില്‍?

   

  ദേവശര്‍മന്‍ : ആ ജീവാത്മാവിന്‌ മോക്ഷം കിട്ടിയില്ലെങ്കില്‍ അത്‌, ജന്മങ്ങളില്‍ നിന്ന്‌ ജന്മങ്ങളിലേക്കു നീങ്ങും…

   

  (ഈ സംഭാഷണങ്ങള്‍ മനസ്സിലാകാതെ ഗോരംഭന്‍ പതുക്കെ രംഗം വിടുന്നു. ദന്തിലമിത്രനും, അതുപോലെ തന്നെ; നിലത്തിരുന്നു ആംഗ്യത്തോടെ എന്തൊക്കെയോ ചിന്തിക്കുന്നു.)

   

  ആചാര്യന്‍ : (പുച്ഛത്തോടെ) എന്ന്‌ നിങ്ങളെങ്ങനെയറിഞ്ഞു?

   

  ദേവശര്‍മന്‍ : (പകച്ചു) അത്‌… അതെന്റെ ഗുരു പറഞ്ഞു.

   

  ആചാര്യന്‍ : അപ്പോള്‍ നിങ്ങള്‍ ഗുരു പറയുന്ന ഏതു വിഡ്‌ഢിത്തവും കണ്ണടച്ച്‌ വിശ്വസിക്കും അല്ലേ?

   

  മേഘവര്‍ണന്‍ : ഏയ്‌, ഞങ്ങളുടെ ഗുരുക്കന്മാര്‍ ആരും വിഡ്‌ഢിത്തങ്ങള്‍ ഒന്നും പറയാറില്ല.

   

  ആചാര്യന്‍ : അപ്പോള്‍ പുനര്‍ജന്മങ്ങളുടെ കഥയോ?

   

  മേഘവര്‍ണന്‍ : അത്‌ വിഡ്‌ഢിത്തമാണെന്ന്‌ ആര്‌ പറഞ്ഞു?

   

  ആചാര്യന്‍ : ആട്ടെ താങ്കളും ഗുരുമുഖത്തു നിന്നും പഠിച്ചതാകും….?

   

  മേഘവര്‍ണന്‍ : അല്ലല്ലാ….കൊട്ടാരം പണ്ഡിതര്‍ പറഞ്ഞതാണ്‌.

   

  ആചാര്യന്‍ : അപ്പോള്‍ നിങ്ങള്‍ ഇതൊന്നും വായിച്ചതോ പഠിച്ചതോ അല്ല!

   

  ദേവശര്‍മന്‍ : ഞങ്ങള്‍ ഇതെല്ലാം ഗുരുവില്‍ നിന്ന്‌ പഠിക്കുന്നു. അവയൊന്നും വായിച്ചു ബ്രഹ്മത്വം നേടാന്‍ കഴിയില്ല. ഭയ ഭക്തി ബഹുമാനത്തോടെ ഗുരു പറയുന്നത്‌ മനസ്സിലാക്കി പ്രാര്‍ഥിക്കുക… പുണ്യ കൃത്യങ്ങള്‍ ചെയ്യുക, മോക്ഷം കിട്ടും.

   

  ആചാര്യന്‍ : ഈ പുണ്യ കൃത്യങ്ങള്‍ എന്നത്‌ കൊണ്ട്‌ ഉദേശിച്ചത്‌?

   

  ദേവശര്‍മന്‍ : ആചാരമുറകള്‍ക്ക്‌ അനുസൃതമായി ബലികര്‍മങ്ങളും അനുഷ്‌ഠാനങ്ങളും നിര്‍വഹിക്കുക, തീര്‍ഥാടനം നടത്തുക, ഉണര്‍ന്നിരിക്കുന്ന യാമങ്ങളില്‍ മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുക.

   

  മേഘവര്‍ണന്‍ : (ഇടയ്‌ക്ക്‌ കയറി…) അത്‌ മാത്രമല്ല, ഞങ്ങള്‍, ക്ഷത്രിയരെ സംബന്ധിചിടത്തോളം , വിശേഷാവസരങ്ങളില്‍ , ബ്രാഹ്മണര്‍ക്ക്‌ ദാനകര്‍മം നിര്‍വഹിക്കേണ്ടതുണ്ട്‌.

   

  ആചാര്യന്‍ : (ഇടയ്‌ക്ക്‌ കയറി ) ബ്രാഹ്മണര്‍ക്ക്‌ മാത്രം… അപ്പോള്‍ വൈശ്യര്‍, ശൂദ്രര്‍ തുടങ്ങിയവര്‍ ! ?

   

  മേഘവര്‍ണന്‍ : അവര്‍ക്ക്‌ കൊടുക്കണമെന്നു, ഞങ്ങളുടെ തത്വ സംഹിതകള്‍ പറയുന്നില്ല …

   

  ആചാര്യന്‍ : (പുച്ഛത്തോടെ) അത്‌ കൊട്ടാരം പണ്ഡിതര്‍ പറഞ്ഞിട്ടില്ലെന്നുള്ളതല്ലേ ശരി? (മേഘവര്‍ണനു ഇളിഭ്യ ഭാവം മുഖത്ത്‌ ) പിന്നെ…?

   

  മേഘവര്‍ണന്‍ : യാഗങ്ങള്‍ നടത്തുക…കുലദേവന്റെ പേരില്‍ രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുക…

   

  ആചാര്യന്‍ : അപ്പോള്‍ ദേവന്‌ വേണ്ടി രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാനും, അതിനായി യുദ്ധമെന്ന കൊലപാതക പരമ്പരകള്‍ നടത്താനും നിങ്ങള്‍ ഒരുക്കമാണ്‌?

   

  മേഘവര്‍ണന്‍ : യുദ്ധമെന്നതു കൊലപാതക പരമ്പരയാണെന്ന്‌ ആര്‌ പറഞ്ഞു? യുദ്ധം ക്ഷത്രിയന്റെ ധര്‍മം ആണ്‌ . അത്തരത്തിലുള്ള ധര്‍മ പരിപാലനത്തിനിടയില്‍ വീരമൃത്യു വരിച്ചാല്‍ മോക്ഷം കിട്ടും.

   

  ആചാര്യന്‍ : (പുച്ഛത്തോടെ) അപ്പോള്‍… നിങ്ങള്‍ക്കിത്‌ വരെ മോക്ഷം കിട്ടിയില്ലേ?

   

  മേഘവര്‍ണന്‍ : (ഇളിഭ്യതയോടെ…) ഞാന്‍.. പുറകില്‍ നിന്ന്‌ യുദ്ധം നിയന്ത്രിക്കുകയെ ചെയ്‌തിട്ടുള്ളൂ. യുദ്ധം നടത്തിയത്‌ മുഴുവന്‍ എന്റെ പടയാളികളാണ്‌.

   

  ആചാര്യന്‍ : ഓഹോ, നിന്റെ മോക്ഷത്തിനും നീ പരസഹായം തേടുകയോ, ഒന്നോ രണ്ടോ ഇറ്റ്‌ കഞ്ഞിവെള്ളം കൊണ്ട്‌ കണ്‌ഠം നനച്ചു രണഭൂമിയില്‍ നിനക്കായി പൊരുതി മരിക്കുന്ന പടയാളികളുടേത്‌ വീരമൃത്യുവല്ല അപമൃത്യു. കണ്ണില്‍ എണ്ണയുമായി കാത്തിരിക്കുന്ന അവന്റെ പ്രിയതമയും കുഞ്ഞുങ്ങളും?. അവര്‍ക്ക്‌ ഇനി ഒരു നേരമെങ്കിലും ഒരു നല്ല ഭക്ഷണം കൊടുക്കാന്‍, അവര്‍ക്കൊരു കീറാത്ത ചേല നല്‍കാന്‍ അവര്‍ക്കിനിയാരാണുള്ളത്‌ ? കണ്ട കള്ളദൈവങ്ങളുടെ പേരില്‍ അവരെ കൊല്ലാക്കൊല ചെയ്യുന്ന നിന്നെപ്പോലുള്ള രാജാക്കന്മാര്‍ക്കോ മോക്ഷം കിട്ടാന്‍…. വീഞ്ഞും, ചതുരംഗവും, നൃത്തവും, ഉറക്കവും, നായാട്ടും, കൊണ്ട്‌ മാത്രം നിറം പിടിപ്പിച്ച, നിങ്ങളുടെ ജീവിതത്തിനോ മോക്ഷം കിട്ടാന്‍?

   

  (ഭൂത സംഭാഷണ ഭാഗം വരുമ്പോള്‍ ദന്തിലമിത്രന്‍ ഞെട്ടിപ്പിടഞ്ഞെഴുന്നെല്‍ക്കുന്നു .)

   

  മേഘവര്‍ണന്‍ : നിര്‍ത്തു രാജ ധര്‍മമെന്തെന്നു അറിയാത്ത നീയോ മോക്ഷത്തെക്കുറിച്ചു സംസാരിക്കാന്‍… നീയാര്‌ ബ്രാഹ്മണനോ ക്ഷത്രിയനോ?

   

  ആചാര്യന്‍ : (പുച്ഛത്തോടെ….) ഞാന്‍ വെറും മനുഷ്യന്‍… ദൈവത്തിന്റെ പ്രതിപുരുഷന്മാരും, നിന്നെപ്പോലുള്ള ഭരണാധികാരികളും സൃഷ്‌ടിച്ച കുടിലതകളില്‍ നിന്ന്‌, ഇരുട്ടിന്റെ കറ പുരണ്ട ആചാരച്ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞു നേരിന്റെ നേരായ വെളിച്ചത്തിന്റെ ലോകത്തെത്തിയ സാധാരണ മനുഷ്യന്‍.

   

  ദേവ ശര്‍മന്‍ : എങ്കില്‍ മോക്ഷത്തെക്കുറിച്ചും, ദൈവത്തെക്കുറിച്ചും പറയാന്‍ നിനക്കെന്തധികാരം? ബ്രാഹ്മണര്‍ക്കാണ്‌ അവ കൈകാര്യം ചെയ്യാന്‍ കഴിയുക.

   

  ആചാര്യന്‍ : ഓ , അപ്പോഴാരാണ്‌ ബ്രാഹ്മണന്‍.

   

  ദേവശര്‍മന്‍ : ബ്രാഹ്മണ കുലത്തില്‍ പിറന്നവന്‍…

   

  ആചാര്യന്‍ : ബ്രാഹ്മണ കുലത്തില്‍ പിറന്നതു കൊണ്ട്‌ മാത്രം ബ്രാഹ്മണനാകുമോ ?

   

  ദേവശര്‍മന്‍ : പിറന്നാല്‍ പോരാ, ഉപനയനം കഴിയണം, ബ്രഹ്മവുമായി അടുത്തിട പഴകുന്നവനാണ്‌ ബ്രാഹ്മണന്‍. അവനു ദൈവത്തിന്റെ ഏതു കാര്യത്തെക്കുറിച്ചും അറിവുണ്ടാകണം.

   

  ആചാര്യന്‍ : (മേഘവര്‍ണനെ ചൂണ്ടിക്കൊണ്ട്‌..) ഇയാള്‍ ചെയ്യുന്നത്‌ പോലുള്ള മോക്ഷ മാര്‍ഗങ്ങളാണോ നിങ്ങളും അവലംബിക്കുന്നത്‌ ?

   

  ദേവശര്‍മന്‍ : ഞങ്ങള്‍ പൂജാദി കര്‍മങ്ങള്‍ ചെയ്യും. മാത്രമല്ല…. ജ്ഞാനോദയം ഉണ്ടായി മോക്ഷം നേടാന്‍ ഗായത്രിയും തുടര്‍ച്ചയായി ജപിക്കുന്നു.

   

  ആചാര്യന്‍ : (പുച്ഛത്തോടെ….) ഗായത്രി ഒരു തവണ ചൊല്ലാമോ?

   

  ദേവശര്‍മന്‍ : (ഗായത്രി ചൊല്ലുന്നു…) ഓം തത്‌ സവിതുര്‍ വരേണ്യം, ഭര്‍ഗോ ദേവസ്യ ധീമഹി , ധീയോ യോന പ്രചോതയാത്‌….. (എന്നിട്ട്‌ വിജയ ഭാവത്തില്‍ ആചാര്യനെ നോക്കുന്നു )

   

  ആചാര്യന്‍ : (പുച്ഛത്തോടെ….) ആഹാ , വളരെ നന്നായിരിക്കുന്നു. ഒന്ന്‌ ചോദിച്ചോട്ടെ ഈ ഗായത്രിയില്‍ എത്ര അക്ഷരങ്ങളുണ്ട്‌?

   

  ദേവശര്‍മന്‍ : (അല്‌പം ആലോചിച്ചു ..) 22 ആണെന്ന്‌ തോന്നുന്നു.

   

  ആചാര്യന്‍ : (പൊട്ടിച്ചിരിച്ചു….) അതുപോലും അറിയാത്ത നീയോ ബ്രാഹ്മണന്‍? ഏയ്‌ , ഒന്നറിക ബ്രഹ്മത്തെ അറിഞ്ഞവനാണ്‌ ബ്രാഹ്മണന്‍, ഉപനയനം കൊണ്ടോ, വേദ പഠനം കൊണ്ടോ മന്ത്രോച്ചാരണം കൊണ്ടോ ഒരിക്കലും ഒരാള്‍ ബ്രാഹ്മണന്‍ ആകില്ല.

   

  ദന്തിലമിത്രന്‍ : (അമ്പരപ്പോടെ…) പിന്നെയോ?

   

  ആചാര്യന്‍ : താനും തന്റെ സഹജീവികളും ഉള്‍കൊള്ളുന്ന ലോക സമൂഹത്തെ നേര്‍വഴിക്കാക്കാന്‍, മനസ്സ്‌ കൊണ്ടും വാക്ക്‌ കൊണ്ടും ശേഷം പ്രവൃത്തി കൊണ്ടും പക്വമാകുന്നവര്‍, മനുഷ്യന്റെ പ്രവൃത്തികളെ നേര്‍വഴിക്കാക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ , അവരാണ്‌ ബ്രാഹ്മണര്‍.

   

  ദേവശര്‍മന്‍ : (അരിശത്തോടെ… ) തെറ്റ്‌!

   

  ദന്തില മിത്രന്‍ : താങ്കള്‍ പറഞ്ഞത്‌ മനസ്സിലായില്ല; ഒന്ന്‌ വിശദീകരിക്കാമോ?

   

  ആചാര്യന്‍ : ജന്മം കൊണ്ടോ കുടുംബത്തിന്റെ പ്രവര്‍ത്തന ശൈലി കൊണ്ടോ ഒരിക്കലും ഒരാള്‍ ബ്രാഹ്മണന്‍ ആകില്ല. നീ നിന്റെ സഹജീവികള്‍ക്ക്‌ ഒരു ശല്യവും ഇല്ലാതെ ജീവിക്കാന്‍ പഠിക്കൂ, നീ നിന്നോട്‌ നീതി പാലിക്ക, നീ വിശ്വസിക്കുന്ന ദൈവത്തെ നീ നിന്നില്‍ കാണുക…

   

  ദന്തിലമിത്രന്‍ : എന്ന്‌ വച്ചാല്‍…?

   

  ആചാര്യന്‍ : നീ വിശ്വാസിയല്ലേ? (ദന്തിലമിത്രന്‍ തല കുലുക്കി സമ്മതിക്കുന്നു ) നിന്റെ ദൈവത്തെ കുറിച്ചൊന്നു വിശദീകരിക്കാമോ?

   

  ദന്തിലമിത്രന്‍ : അതിനെന്താ? എന്റെ ദൈവമാണ്‌ സകല ചരാചരങ്ങള്‍ക്കും അടിസ്ഥാനം. അവയെയെല്ലാം ചലിപ്പിക്കുന്നതു എന്റെ ദൈവമാണ്‌. ദൈവമില്ലാഞ്ഞാല്‍ നാമെല്ലാം ശവം.

   

  ആചാര്യന്‍ : (ചെറു ചിരിയോടെ…) നിന്നെ ചലിപ്പിക്കുന്നതും ദൈവമാണ്‌? (ദന്തിലമിത്രന്‍ സമ്മതിക്കുന്നു. ) ആട്ടെ, ആഹാരം ഇല്ലെങ്കില്‍ നിനക്ക്‌ ജീവിക്കാനാകുമോ?

   

  ദന്തിലമിത്രന്‍ : ങാ, കുറച്ചു ദിവസത്തോളം .

   

  ആചാര്യന്‍ : വെള്ളമില്ലാതെ?

   

  ദന്തിലമിത്രന്‍ : അതും അല്‍പ നാളുകള്‍.

   

  ആചാര്യന്‍ : വായുവില്ലാതെ?

   

  ദന്തിലമിത്രന്‍ : ഹേ.., ഒട്ടും കഴിയില്ല.

   

  ആചാര്യന്‍ : ആഹാരം നിങ്ങള്‍ക്ക്‌ എവിടെ നിന്നും കിട്ടുന്നു?

   

  ദന്തിലമിത്രന്‍ : വയലില്‍ നിന്ന്‌ ….കൃഷി ചെയ്‌ത്‌…

   

  ആചാര്യന്‍ : വായുവും വെള്ളവും?

   

  ദന്തിലമിത്രന്‍ : അതും പ്രകൃതിയില്‍ നിന്ന്‌..

   

  ആചാര്യന്‍ : (ചിരിച്ചു കൊണ്ട്‌..) ങാ, അപ്പോള്‍ നീ എനിക്ക്‌ തുടങ്ങേണ്ടിടത്ത്‌ എത്തിയിരിക്കുന്നു. ആട്ടെ, ഒരു നാള്‍ പ്രകൃതി ഇവ തരുന്നത്‌ നിര്‍ത്തിയാല്‍..?

   

  ദന്തിലമിത്രന്‍ : നാം മരിക്കും…

   

  ആചാര്യന്‍ : അപ്പോഴാദ്യം നീ തന്നെ അറിയൂ. മരം വെട്ടി കാട്‌ വെളുപ്പിക്കുന്ന നിന്റെ പ്രവൃത്തികള്‍ ദൈവ ദോഷത്തിനു തുല്യമാണ്‌. പിന്നെ… നീ പ്രകൃതിയുടെ ഒരു കൊച്ചു പുത്രന്‍ മാത്രമാണ്‌. അതായത്‌ നീയും പ്രകൃതിയെന്ന്‌. അപ്പോള്‍ നിന്നെ നശിപ്പിക്കുന്ന പ്രവൃത്തികളും ദൈവ ദോഷത്തിനു തുല്യമായിരിക്കും. അതുകൊണ്ട്‌, നീ നിന്നെ, പിന്നെ എന്നെ, ശേഷം ഇവരെ അറിയുക. ശേഷം ഇവര്‍ക്കായി, നിനക്കായി വല്ലതും ചെയ്യുക; നല്ലത്‌ നല്ലത്‌ മാത്രം. …

   

  ദന്തിലമിത്രന്‍ : അപ്പോള്‍.. പ്രാര്‍ത്ഥിക്കാതെ മോക്ഷം കിട്ടുമോ?

   

  ആചാര്യന്‍ : വില്‍ക്കുന്ന സാധനങ്ങളില്‍ മുഴുവന്‍ മായം ചേര്‍ത്ത്‌, സമ്പത്ത്‌ കുമിച്ചു കൂട്ടി അവസാനം മോക്ഷത്തിനു വേണ്ടി തീര്‍ഥാടനം നടത്തിയാല്‍ (ദന്തിലമിത്രന്റെ മുഖത്ത്‌ പരുങ്ങല്‍..) കിട്ടുന്നത്‌ സമയ നഷ്ടം മാത്രം! ഹേ മനുഷ്യാ ഏവര്‍ക്കും സഹായം ചെയ്‌തു ജീവിക്കുന്ന ഒരു വ്യക്തിക്ക്‌ കിട്ടുന്ന മാനസിക സംതൃപ്‌തിയുടെ ആയിരത്തിലൊരംശം നിനക്ക്‌ കിട്ടുമോ? മോക്ഷം നേടേണ്ടത്‌ കല്‍പ്രതിമകള്‍ക്ക്‌ മുന്നിലല്ല; മനസ്സാക്ഷിയുടെ മുന്നിലാണ്‌.

   

  ദേവശര്‍മന്‍ : (ആലോചനയില്‍ നിന്നുണര്‍ന്ന്‌…) അപ്പോള്‍ ഭൂമിയില്‍ ജീവനുണ്ടായത്‌ പ്രകൃതിയില്‍ നിന്നെന്നാണോ അങ്ങ്‌ പറയുന്നത്‌?

   

  ആചാര്യന്‍ : എന്താണ്‌ സംശയം? ആറ്‌ നാള്‍ കൊണ്ട്‌ ദൈവം മനുഷ്യനെ സൃഷ്ടിച്ചില്ല. പക്ഷെ വര്‍ഷങ്ങളോളം നീണ്ടു നിന്ന മഴയില്‍, തുടര്‍ച്ചയായ ഇടിമിന്നലിന്റെ സഹായത്തോടെ പദാര്‍ഥങ്ങള്‍ ചേര്‍ന്ന്‌ ഭൂമിയില്‍ ജീവനുണ്ടായി.

   

  മേഘവര്‍ണന്‍ : (അമ്പരപ്പോടെ..) എന്ത്‌? ജലത്തില്‍ നിന്ന്‌ ജീവനോ?

   

  ആചാര്യന്‍ : (പുഞ്ചിരിയോടെ…) അതെ മനുസ്‌മൃതി പോലും പറയുന്നു…അപ : ഏവ സസര്‍ജ്ജാദൗ , താസു വീര്യമപാസൃജല്‍

   

  ദന്തില മിത്രന്‍ : എന്നുവച്ചാല്‍ ?

   

  ആചാര്യന്‍ : ആദിയില്‍ വെള്ളത്തെ സൃഷ്ടിച്ചു. വെള്ളത്തില്‍ ജീവനുല്‌ഭവിച്ചു. (അപ്പോള്‍ ഗോരംഭന്‍ അടിച്ചു കൊണ്ട്‌ പ്രവേശിക്കുന്നു. പെട്ടെന്ന്‌ ആചാര്യനെ കാണുകയും സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നു.)

   

  ഗോരംഭന്‍ : നമസ്‌തേ സ്വാമിന്‍…!

   

  ആചാര്യന്‍ : (ഗോരംഭനെ പിടിചെഴുന്നെല്‍പ്പിച്ച്‌…) എഴുന്നേല്‍ക്കൂ മകനെ… എന്ത്‌ പറയുന്നു… സുഖമല്ലേ?

   

  ഗോരംഭന്‍ : അതെ സ്വാമിന്‍. അങ്ങാണ്‌ എന്നെ മാറ്റിയത്‌. ഇപ്പോള്‍ ദുശീലങ്ങള്‍ ഒക്കെയുപേക്ഷിച്ചു നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും, എനിക്കുമായി ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്‌, ഞങ്ങള്‍ക്കെല്ലാം സന്തോഷമുണ്ട്‌ സ്വാമിന്‍.

   

  ആചാര്യന്‍ : നല്ലത്‌ മകനെ. നീ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മോക്ഷം സിദ്ധിച്ചവനാകുന്നു.

   

  ദേവശര്‍മന്‍ : അപ്പോള്‍ മോക്ഷത്തിനായി തീര്‍ഥാടനത്തിനിറങ്ങിയ ഞങ്ങള്‍ക്കോ?

   

  ആചാര്യന്‍ : നിങ്ങള്‍ക്കും മാനസാന്തരത്തിന്‌ സമയമായെന്ന്‌ ഞാനറിയുന്നു. ബ്രാഹ്മണ ക്ഷത്രിയ വൈശ്യരെക്കാളും മുന്നേ, ശരി കണ്ടറിഞ്ഞ ശൂദ്രനാണ്‌ മോക്ഷം കിട്ടിയത്‌. ചാതുര്‍വര്‍ണ്യ സിദ്ധാന്തങ്ങള്‍ വ്യര്‍ത്ഥം എന്നറിയുക. ഇവയെല്ലാം നിങ്ങളില്‍ തന്നെയുണ്ട്‌. (എല്ലാവരും സംശയത്തോടെ അന്യോന്യം നോക്കുന്നു.)

   

  മേഘവര്‍ണന്‍ : അതെങ്ങിനെ? ബ്രാഹ്മണത്വവും ക്ഷത്രിയത്വവും ശൂദ്രനില്‍ ഉണ്ടാകുന്നതെങ്ങിനെ?

   

  ആചാര്യന്‍ : (പുഞ്ചിരിയോടെ…) അതോ പറയാം… ചിന്താപരമായ കാര്യങ്ങള്‍ ബ്രഹ്മവുമായി ബന്ധമുള്ളവ ഇവിടെ (തല തൊട്ടു കാണിച്ചു..) ഇത്‌ ബ്രാഹ്മണന്‍, പ്രതിരോധത്തിന്റെ അംഗങ്ങള്‍ (കൈകള്‍ കാണിച്ചു ) ഇവ ക്ഷത്രിയം, (വയര്‍ തടവി ) വ്യവഹാര കാര്യങ്ങള്‍ ഇവിടെ, ഇത്‌ വൈശ്യം (അരയ്‌ക്കു കീഴ്‌പോട്ടു കാണിച്ചു..) ബാക്കി ശൂദ്ര കര്‍മങ്ങള്‍ ഇവയും നിര്‍വഹിച്ചുകൊള്ളും. ഇത്‌ തന്നെ ചാതുര്‍ വര്‍ണ്യം!.

   

  ദേവശര്‍മന്‍ : അപ്പോഴെല്ലാം ഒന്ന്‌ തന്നെ! (ഭവ്യതയോടെ ) ഞാന്‍ തിരിച്ചു പോവുകയാണ്‌. അങ്ങ്‌ പറഞ്ഞത്‌ പോലുള്ള കാര്യങ്ങള്‍ ചെയ്‌തു എനിക്ക്‌ മോക്ഷം നേടണം.

   

  മേഘവര്‍ണന്‍ : ഞാനും പോകുന്നു

   

  ദന്തിലമിത്രന്‍ : ഞാനും…

   

  ദേവശര്‍മന്‍ : അങ്ങ്‌ ഞങ്ങളോടൊപ്പം വരണം…

   

  ആചാര്യന്‍ : (അഭിമാനത്തോടെ..) ഇല്ല, എന്റെ യാത്രയുടെ ഈ ഘട്ടവും വളരെ ഭംഗിയായി . ഇനി ഞാന്‍ പോകട്ടെ തീര്‍ഥാടകരുടെ അടുത്ത താവളത്തിലേക്ക്‌… യാത്രാ മംഗളം.

   

  (നാലുപേരും ആചാര്യനെ സാഷ്ടാംഗം പ്രണമിക്കുന്നു. ആചാര്യന്‍ കൈയുയര്‍ത്തി ഏവരെയും അനുഗ്രഹിച്ച ശേഷം തിരിഞ്ഞു നടക്കുന്നതായി ഭാവിക്കുന്നു നിശ്ചലം, തിരശീല.)

   

   

   

   

  Print Friendly

  498total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in