• മള്‍ട്ടീനാഷണല്‍ :  ഒരു പഴയ ഓര്‍മ

  by  • April 12, 2020 • ക്രമപ്പെടുത്താത്തവ • 0 Comments

  ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് 19992000 കാലഘട്ടത്തില്‍ ആണ്.  ഞങ്ങള്‍ ഒളിമ്പസ്സിലെ അന്തേവാസികള്‍   *മള്‍ട്ടീനാഷണല്‍* എന്ന ഹാസ്യ നാടകവുമായി വേനലവധി തകര്‍ക്കുകയാണ്. സംഗതി സത്യത്തില്‍ ബോധവല്‍കരണ നാടകമാണ്. ജനത്തെ ഇരുത്താന്‍ ഹാസ്യ മനോധര്‍മമാണ് വേദിയില്‍ ഉടനീളം. കളിച്ചു കളിച്ചു സംഗതി അങ്ങ് ഹിറ്റായി. പാലക്കാടന്‍ വേനലില്‍  നാട്ടുപാടങ്ങള്‍ക്കിടയിലുള്ള നാട്ടമ്പലങ്ങളിലെ മാരിയമ്മന്‍ പൊങ്കലുകളുടെയും വേലകളുടെയും മൃദു കലകള്‍ ആഘോഷിക്കാന്‍ സ്വയം ചുമതലപ്പെട്ടവര്‍ പ്രാദേശിക ക്ലബ്ബുകളാണ്. മിക്ക ക്ലബ്ബുകള്‍ക്കും ഞങ്ങളെ  അറിയാവുന്നതുകൊണ്ട്‌ നമ്മുടെ ബോധവല്‍കരണ ഹാസ്യ നാടകത്തിനു നല്ല ഓട്ടം കിട്ടി.. നാടകം കാണുന്ന ജനം മുഴുവനും ഒന്നര മണിക്കൂര്‍ തലതല്ലി ചിരിക്കും. ഞങ്ങള്‍ക്ക് വണ്ടിക്കൂലിയും പിന്നെ നല്ല ഇഡ്ഢലിയും സാമ്പാറും സംഘാടകര്‍ തരും.  അവരുടെ പരിപാടിയും ചുളിവില്‍ നടക്കും,  ഞങ്ങളുടെ ബോധവല്‍കരണ പരിപാടിയും നടക്കും. രണ്ടു കൂട്ടര്‍ക്കും സംതൃപ്തി.

  ടൈയ്യും കെട്ടി തൊപ്പിയും ഇട്ടു ഇംഗ്ലീഷ് സംസാരിക്കുന്ന രണ്ടു വില്പനക്കാര്‍ അക്ഷരാഭ്യാസമില്ലാത്ത ഒരു വീട്ടമ്മയെ കാണാന്‍ വരുന്നതും വെറും കൈ അടയാളം മാത്രം വാങ്ങി ഒരു ടീവീ സൌജന്യമായി കൊടുക്കുന്നതും ആണ് അതിലെ ആദ്യ രംഗം.  തുടര്‍ന്ന് ആ ടിവിയില്‍ വരുന്ന അക്കാലത്തെ പല പരസ്യങ്ങളിലൂടെ വിദ്യാഭ്യാസവും ആരോഗ്യവും കൃഷിയും ലോണും വാക്സിനും വരെ ടൈ കെട്ടിയവര്‍ വീട്ടുകാരില്‍ അടിച്ചേല്‍പ്പിക്കുകയും പകരം കൈയൊപ്പുകള്‍ മാത്രം വശത്താക്കി കൊണ്ട് പോയി ഒടുവില്‍ വീട്ടമ്മയേയും ഭര്‍ത്താവിനെയും സീല് ചെയ്തു. ടി വിയും വീടും വരെ  പിടിച്ചെടുക്കുന്ന ചില സംഭവങ്ങള്‍ ആയിരുന്നു പ്രമേയം. കോമഡി ലൈന്‍ ആയതു കൊണ്ട് ജനം അത് സ്വീകരിച്ചു.

  YouTube video

  നാടകം കഴിഞ്ഞു ജനങ്ങളോട് ഞങ്ങള്‍ സംവദിക്കുന്ന ഒരു ഭാഗമുണ്ട്. അപ്പോള്‍ കാണികളില്‍ ചിലര്‍ ബ്രിട്ടീഷുകാരുടെ ഭരണവുമായി കഥയെ താരതമ്യപ്പെടുത്തി. ചിലര്‍ വില്പനക്കാരെ വിശ്വസിക്കരുത് എന്ന് തിരിച്ചറിഞ്ഞു. പ്ലാസ്റ്റിക്കും പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന വസ്തുക്കളും ഒഴിവാക്കേണ്ടതിനെ കുറിച്ച് കുറച്ചു പേര്‍ക്ക് ബോദ്ധ്യം വന്നു. നമ്മുടെ സ്വാശ്രയവ്യവസ്ഥ ഇല്ലാതാകുന്നു എന്നും അത് തിരിച്ചു പിടിക്കണം എന്നും വളരെ കുറച്ചു പേര്‍ക്ക് മനസ്സിലായി. എന്തായാലും മിക്കവാറും എല്ലാവരും ടീവീ നമ്മുടെ മനസ്സില്‍ സാരമായ മാറ്റം ഉണ്ടാക്കി ജീവിതത്തെ താറുമാറാക്കുന്നു എന്ന് സമ്മതിച്ചു. അത് കഴിഞ്ഞു സ്വാശ്രയ ജീവിതത്തെ ക്കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ അവസരം ഉപയോഗിച്ചു. നാട്ടിലെ എല്ലാരും ചേര്‍ന്ന് ഗ്രാമക്കൂട്ടം ഉണ്ടാകണമെന്നും അവര്‍ നിത്യേന ഒത്തു കൂടി ബന്ധുത്വമനനം ( https://youtu.be/8y1Cc8lFMFM )  പോലെ മനുഷ്യ പാരസ്പര്യ ധ്യാനം ചെയ്യണമെന്നും തീരുമാനങ്ങള്‍ ഒരുമിച്ചു എടുക്കണം എന്നും, ആ നാട്ടിലെ കൃഷി ചെയ്യാതെ കിടക്കുന്ന സ്ഥലങ്ങള്‍ എല്ലാം ഗ്രാമക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ കൃഷി ചെയ്തു ഗ്രാമത്തിനുള്ള ഭക്ഷണം മുഴുവനും അവിടെ തന്നെ ഉണ്ടാക്കണമെന്നും, അരിയും തുവരയും ഉഴുന്നും മല്ലിയും മുളകും പച്ചക്കറികളും എല്ലാം അവിടെ തന്നെ ഉണ്ടാകണമെന്നും സോപ്പും എണ്ണയും മുതലുള്ള നിത്യോപയോഗ സാധനങ്ങള്‍ പുറത്തേക്ക് കാശ് നല്‍കി വാങ്ങിക്കാതെ അവിടെ തന്നെ ഉല്‍പാദിപ്പിക്കാന്‍ ശീലിക്കണമെന്നും, അവിടെ ഉത്പാദിപ്പിക്കാന്‍ കഴിയാത്തവ ഉപേക്ഷിക്കാന്‍ പഠിക്കണം എന്നും ഒക്കെ അവരോടു ഞങ്ങള്‍ സംസാരിച്ചു. വളരെ വലിയ സ്വീകാര്യതയാണ് ഞങ്ങള്‍ക്ക് അന്ന് കിട്ടിയത്. അടുത്തുള്ള മൂന്നു ഗ്രാമങ്ങള്‍ ഈ പറഞ്ഞതിന്റെ ഒക്കെ ആദ്യ ഘട്ടങ്ങള്‍ വരെ ( *ഗ്രാമോദയ പദ്ധതി* ) നടപ്പിലാക്കി തുടങ്ങുകയും ചെയ്തു. പിന്നീട് പിന്നീട് അവരും ടിവി കണ്ടുകൊണ്ടിരുന്നു.

  YouTube video

  അതും കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് *’അന്പേ ശിവം’* എന്ന കമല്‍ ചലചിത്രം ( https://youtu.be/kzt1dmQYGlk )  ഇറങ്ങിയത്‌. അതിലുള്ള തെരുവുമൂല നാടകം  കണ്ട ചിലര്‍ നമ്മുടെ പഴയ നാടകത്തിന്റെ കഥയെ അയവിറക്കി എന്നോട് സംസാരിച്ചിരുന്നു. ഞാനും കൂട്ടുകാരും സ്വാശ്രയ ഗ്രാമ പദ്ധതി സ്വപ്നം കണ്ടു തുടങ്ങി രണ്ട് വര്ഷം കഴിഞ്ഞു പുറത്തിറങ്ങിയ  *ഉന്നാല്‍ മുടിയും  തമ്പി* ( https://youtu.be/BH1-hDEleP8 )  എന്ന ചലച്ചിത്രത്തിലെ സ്വാശ്രയ ഗ്രാമ സങ്കല്‍പം കണ്ടതില്‍ പിന്നെ കമലിന്റെ ആരാധകനായിരുന്നു ഞാന്‍.   ഇന്ന് അന്ന് ഞങ്ങളുടെ മള്‍ടി നാഷണല്‍   നാടകം കണ്ട ചിലര്‍ ഇപ്പോള്‍ എന്റെ ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നു.  ഇനിയെന്ത് ചെയ്യണം എന്ന് അന്വേഷിക്കാന്‍. ഈ ഓര്‍മപ്പെടുത്തലുകള്‍ ആണ് ഈ ഒരു കുറിപ്പ് എഴുതുന്നതിനു കാരണമായത്.

  YouTube video

  ഇതൊക്കെ ആയിട്ടും ഇപ്പോള്‍ അനുഭവിക്കുന്ന ബദ്ധപ്പാടുകള്‍ തീര്‍ന്നു പുതിയ വീട് കെട്ടുവാനും കാറ് വാങ്ങുവാനും പുതിയ സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കുവാനും ആണ് പലരും സ്വപ്നം കാണുന്നത്. മണ്ണില്‍ ഇറങ്ങാതെ, സ്വാശ്രയത്വം കൈവരിക്കാതെ ഇനി നമ്മള്‍ക്ക് ജീവിക്കുവാന്‍ ആകില്ല എന്ന് പലര്‍ക്കും മനസ്സില്‍ ആകുന്നുമില്ല. എന്തായാലും ഞങ്ങള്‍ ഒരു മാതൃക ഉണ്ടാക്കുവാനുള്ള ഒരുക്കത്തില്‍ ആണ്. *ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ്.*  കൂടെ കൂടേണ്ടവര്‍ക്ക് കൂടെ കൂടാം. അതല്ല, സ്വന്തം ഗ്രാമങ്ങളില്‍ സ്വാശ്രയ ജീവിതം ആവിഷ്കരിച്ചു നടപ്പിലാക്കുവാന്‍ കഴിയുമെന്നുള്ളവര്‍ അങ്ങനെ ചെയ്യുക. ഒരിക്കലും ഇത് ഒറ്റയ്ക്ക് ചെയ്യേണ്ട ഒന്നല്ല, ഒറ്റയ്ക്ക് ചെയ്യാനും ആകില്ല.  ഗ്രാമം ഒരുമിച്ചു കൂടണം, ഒരു മനസ്സാകണം. പല ശീലങ്ങളും പുനര്‍നിര്‍വചിക്കണം. എങ്കിലേ നമുക്ക് ഇനി നിലനില്‍ക്കുവാന്‍ ആകുകയുള്ളൂ. 

  ഞങ്ങള്‍ ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്ന ഈ മാതൃക,  നാടിന്‍റെ പലഭാഗങ്ങളില്‍ ഉണ്ടായി വരുന്ന സ്വാശ്രയ സംരംഭങ്ങള്‍ക്കുള്ള ഒരു പരിശീലന കേന്ദ്രമായി നിലകൊള്ളണം എന്ന് കരുതുന്നു. ഇക്കോ വില്ലേജ് ഡിസൈന്‍ എഡ്യൂക്കേഷന്‍ എന്ന പരിശീലനമാണ് നാം നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്. സുസ്ഥിര കൃഷിരീതി മുതല്‍ കമ്യൂണിറ്റി ലിവിംഗ് വരെ ഉള്ള കാര്യങ്ങള്‍ക്കാണ് ഈ പരിശീലനത്തില്‍  പ്രാധാന്യം ഉണ്ടാകുക. അതില്‍  ഞങ്ങളോട് കൂട്ട് കൂടിയോ സ്വന്തം ഗ്രാമത്തില്‍ സ്വാശ്രയ സമൂഹങ്ങള്‍ ഉണ്ടാക്കിയോ സഹകരിക്കുവാന്‍ തയ്യാറാകുന്നവരെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വെറും കൌതുകം കൊണ്ട് അല്ലാതെ ഈ പദ്ധതിയില്‍ ഒത്തു കൂടാന്‍ താല്പര്യം ഉള്ളവര്‍ മാത്രം താഴെയുള്ള ലിങ്കുകള്‍ കണ്ടതിനു ശേഷം വിളിക്കുമല്ലോ?

  സ്വാശ്രയ ഗ്രാമ സങ്കല്പത്തിന് ഈ കൊറോണ കാലത്ത് ഏറെ പ്രസക്തി.

  Print Friendly

  9840total visits,4visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in