• അമ്മയച്ഛന്മാരും പ്രകൃതിയെന്ന അമ്മത്തവും

  by  • July 5, 2018 • ക്രമപ്പെടുത്താത്തവ • 0 Comments

  1. 🦀  ജീവശാസ്ത്രപരമായി അമ്മയച്ഛന്മാര്‍ ഉണ്ടായാല്‍ ആണ് നമ്മള്‍ ഉണ്ടാകുക. അതിന്‍റെ സാങ്കേതികതയ്ക്കും അപ്പുറത്തു അവരുമായി നമുക്കെന്തു ബന്ധമാണുള്ളത്. ഒത്താല്‍ മിച്ചമുള്ള അവരുടെ ജീവിതവും ശരീരവും സമ്പത്തും നമുക്ക് വളമാകണം. പലപ്പോഴും നമ്മുടെ പുരോഗമനത്തിനു തടസ്സമാകുന്നത് പോലും അവരാണ്. അതിനും അപ്പുറം അമ്മയച്ഛന്മാര്‍ എന്ന സ്ഥാനപ്പേര് പോലും നമുക്ക് ഭാരമാണ്. എങ്കിലും നാട്ടുനടപ്പും നിയമവും ഒക്കെ ഉള്ളപ്പോള്‍ അവരെ ഇല്ലാതാക്കാന്‍ കഴിയില്ല എന്നത് കൊണ്ട് മയത്തില്‍ അങ്ങനെ അങ്ങ് പോകുന്നതായി ഭാവിക്കുന്നു എന്ന് മാത്രം. ഇവിടെ സാങ്കേതിക സൌകര്യമുള്ള എന്‍റെ സുഖം തന്നെയാണ് എനിക്ക് വലുത്.
  2. 🦊  പണ്ട് ജന്മവും ചെറുപ്പത്തില്‍ സുരക്ഷയും ഇപ്പോള്‍ വിലാസവും തന്നത് അമ്മയച്ഛന്മാരാണ്. നാളെ അവരുടെ കാലശേഷം അവരുടെ സ്വത്തും നമുക്കുള്ളതാണ്. അത് കൊണ്ട് അവരെ സംരക്ഷിച്ചേ മതിയാകൂ. അപ്പോഴാണ്‌ നാം മനഷ്യരാകുന്നത്. അവര്‍ക്ക് എന്ത് വേണം എന്ന് നമുക്കറിയാം. നാം വലുതാകുകയും അവര്‍ വൃദ്ധരാകുകയും ചെയ്തപ്പോള്‍ പുതിയ ലോകത്തെ ക്രമവും സംസ്കാരവും അവരേക്കാളും നമുക്കാണ് അറിയുക. അതിനനുസരിച്ചു വേണ്ടതും വേണ്ടാത്തതും നമ്മള്‍ തീരുമാനിച്ചു അതിനനുസരിച്ച് അവരെ സംരക്ഷിക്കും, സംരക്ഷിക്കണം. ഇവിടെ ശാസ്ത്രബോദ്ധ്യം നിറഞ്ഞ എന്‍റെ യുക്തി തന്നെയാണ് എനിക്ക് വലുത്.
  3. 🐶  ജന്മവും സുരക്ഷയും വിലാസവും തന്നതും തരുന്നതും അമ്മയച്ഛന്മാര്‍ ആണ്. ഇന്നും എന്നും അത് അങ്ങനെ തന്നെ. അവരുടെ ഇഷ്ടങ്ങള്‍ നടപ്പിലാക്കേണ്ടത് നമ്മളാണ്. അവരുടെ അവകാശങ്ങള്‍ നാം സംരക്ഷിക്കണം. അതിനനുസരിച്ച് വഴങ്ങി നാം പോയെ മതിയാകൂ. അവര്‍ ചെയ്തതിന്‍റെ തുടര്‍ച്ചകള്‍ ചെയ്തു നാം ധര്‍മങ്ങള്‍ പൂര്‍ത്തീകരിക്കണം.. നാം അവരിലാണെന്ന ഓര്‍മയില്‍ അവരുടെ തുടര്‍വായി നമ്മള്‍ നിലകൊള്ളണം. ഇവിടെ മൂല്യങ്ങള്‍ നിറഞ്ഞ എന്‍റെ ധര്‍മം തന്നെയാണ് എനിക്ക് വലുത്…
  4. 🦋  ജന്മവും സുരക്ഷയും വിലാസവും തന്നുവെന്ന് കരുതി അമ്മയച്ഛന്മാര്‍ നമ്മെ അവര്‍ക്ക് പുറത്താക്കിയിട്ടില്ല. ഭൌതികമായി ഒരു സ്വാതന്ത്ര്യം അമ്മയച്ഛന്മാര്‍ അനുവദിക്കുമ്പോഴും ഇന്നും എന്നും നാം അവര്‍ക്ക് അകത്തു തന്നെ. അവര്‍ പകരുന്ന ശരീരവും മനസ്സും വികാരങ്ങളും ഉത്തരവാദിത്തങ്ങളും മാത്രമേ നമുക്കുള്ളൂ. അവരുടെ വെളിയില്‍ ഒരു നിലയോ നിലനില്പോ നമുക്കില്ല. അവര്‍ തരുന്ന സ്നേഹവും കരുണയും ആര്‍ദ്രതയും സമ്പന്നതയും സുരക്ഷയ്ക്കും അപ്പുറത്ത് നമുക്ക് മറ്റൊരു ലോകമില്ല. അവരോടു കേവലം ആദരവല്ല, അലിയലാണ്, ഭക്തിയാണ്, അതായിരിക്കലാണ് നമ്മില്‍ വേണ്ടത്. ഇവിടെ സ്നേഹവാത്സല്യങ്ങള്‍ നിറഞ്ഞ എന്‍റെ അമ്മയച്ഛന്മാര്‍ തന്നെയാണ് എനിക്ക് വലുത്.

   

  അമ്മയച്ഛന്മാരോടുള്ള ധര്‍മങ്ങളെ ലോകം കാണുന്നതും ജീവിക്കുന്നതും പൊതുവായി ഈ നാല് തരം വ്യവസ്ഥകളിലൂടെയാണ്.. ഒരാള്‍ അതെങ്ങനെ കാണുന്നതിനും നിലപാടെടുക്കുന്നതിനും വിരോധം പറയാന്‍ മറ്റാര്‍ക്കും കഴിയില്ല. നമ്മുടെ നിലപാട് നമ്മുടേത്‌ മാത്രമാണ്. അങ്ങനെ ഒരു സ്വതന്ത്ര നിലപാട് എടുക്കുവാനുള്ള മനുഷ്യാവകാശം നമുക്കുണ്ട് എന്നാണു ഈ ലോകം നമ്മെ പഠിപ്പിക്കുന്നത്. ഈ നാല് പ്രസ്താവനകളില്‍ നിങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന് ഒരു നിമിഷം വായന നിര്‍ത്തി കണ്ണടച്ച് ഒന്ന് ചിന്തിക്കാമോ? ഉത്തരം കിട്ടിയെങ്കില്‍ പതുക്കെ, നിറുത്തി നിറുത്തി വായന തുടരുക.

  പറഞ്ഞു വരുന്നത് നിങ്ങള്‍ക്ക് അമ്മയച്ഛന്മാരോടുള്ള നിലപാടിനെക്കുറിച്ചല്ല…

  നമ്മുടെയും ഈ അമ്മയച്ഛന്മാരുടേയും പൊതു അമ്മയച്ഛന്മാരായ പ്രകൃതിയെവലിയൊരു അമ്മത്തമായി ഒന്ന് വിഭാവനം ചെയ്യാമോ? വലിയൊരു അമ്മയ്ക്ക് അകത്തു മാത്രം ജീവിക്കുന്ന നമ്മുടെ അല്പവും ചെറുതുമായ അവസ്ഥയെ കാണുവാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ? അവിടെ മേല്‍ വിവരിച്ച വിഭാഗങ്ങളില്‍ നിങ്ങള്‍ തന്നിഷ്ടക്കാരനോ യുക്തിക്കാരനോ ധര്‍മക്കാരനോ ഭക്തിക്കാരനോ ആകുന്നുണ്ടല്ലോ? അത് ഏതെന്നു ഒന്ന് കണ്ണടച്ചിരുന്നു വിലയിരുത്തി നോക്കാമോ?.

  പ്രകൃതിയെന്ന അമ്മത്തത്തോടുള്ള നമ്മുടെ നിലപാടില്‍ നിന്നും ഈ നാല് ജീവിതവ്യവസ്ഥകള്‍ക്കും നമുക്കോരോ പേരിടാം.

  1. 🦀  തന്നിഷ്ടം മാത്രം നോക്കി ജീവിക്കുന്ന വ്യവസ്ഥയാണ്‌ *ഉപഭോഗജീവിതം* (Consumeristic Life – Materialism)
  2. 🦊  യുക്തിക്ക് മാത്രം പ്രാധാന്യം നല്‍കുന്ന വ്യവസ്ഥയാണ്‌ *പ്രകൃതി സൌഹാര്‍ദ ജീവിതം* (Eco Friendly Life – Ecology)
  3. 🐶 ധര്‍മത്തിന് പ്രാധാന്യം നല്‍കുന്ന വ്യവസ്ഥയാണ്‌ *പ്രകൃതി കേന്ദ്രിത ജീവിതം* (Eco Centric Life – Deep Ecology)
  4. 🦋  ഭക്തിക്ക് പ്രാധാന്യം നല്‍കുന്ന വ്യവസ്ഥയാണ്‌ *പ്രകൃതി ജീവിതം* (Eco Life – Reverential Ecology) *

  ഈ പ്രകൃതി ജീവിതത്തിന്‍റെ ജ്ഞാനത്തിന്‍റെ സ്നേഹത്തിന്‍റെ കരുണയുടെ പാഠങ്ങളിലേക്ക് – അനുഷ്ഠാനങ്ങളിലേയ്ക്ക് – അനുഭവങ്ങളിലേക്ക്‌ അതാകലിലേയ്ക്ക് ഞങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുവാന്‍ സ്വാഗതം

  Print Friendly

  968total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in