• നവ ഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമം

  by  • July 23, 2013 • കൂട്ട് ജീവിതം, പദ്ധതികള്‍ • 0 Comments

  OTO COURTESY : sadhana forests

   

  അന്യതയില്ലാത്ത ഒരു പുതിയ തൊഴില്‍ പശ്ചാത്തലം വേണമെന്ന് എന്നെങ്കിലും നിങ്ങള്ക്ക് തോന്നിയിട്ടുണ്ടോ?

  അംബര ചുംബികളായ കെട്ടിടങ്ങളിലെ ശീതീകരിച്ച കണ്ണാടി ക്കൂടിനുള്ളില്‍ കഴുത്തിലും, മനസ്സിലും, വ്യക്തിത്വത്തിലും, തുണി ചങ്ങലയും ഏച്ചു കെട്ടിയ ആംഗല സംസ്കാരവും (വര്‍ത്തമാനമല്ല) കോര്‍പ്പറേറ്റ് ബലം പിടുത്തവും ഇല്ലാതെ,

  സുന്ദരമായി കെട്ടിയ ഒരു  ഓലക്കുടിലില്‍, സാധാരണ വസ്ത്രങ്ങളും അണിഞ്ഞു, ഒരു മേശയ്ക്കു ചുറ്റും വട്ടത്തിലിരുന്നു

  ലാപ്ടോപ്പില്‍ സോഫ്റ്റ്വേറുകള്‍  നിര്‍മിക്കുകയും, മടുക്കുമ്പോള്‍, തൊട്ടു മുറ്റത്തെയ്ക്കിറങ്ങി, ചെറു പച്ചക്കറി തോട്ടത്തില്‍ ചെടികളെ താലോലിക്കയും, വേണ്ടപ്പോള്‍ ഊട്ടുപുരയില്‍ ചെന്ന്, ആരോഗ്യത്തിനു കേടില്ലാത്ത വല്ലതുമൊക്കെ തിന്നുകയും, വൈകുന്നേരങ്ങളില്‍, ബോധത്തോടെ ഒരുമിച്ചു മുറ്റത്ത്‌ കൂടിയിരുന്നു ഉള്ളില്‍ നിന്നും കവിത പാടുകയും, വാരാന്ത്യം, വീട്ടിലേക്കു പോകുമ്പോള്‍, വഴിയരികിലെ മനം മടുപ്പിക്കുന്ന കാഴ്ചകള്‍ കാണുമ്പോള്‍, അതൊരു ഡിജിറ്റല്‍ കുറ്റ ബോധമാക്കി  പോസ്റ്റ് ചെയ്യുന്നതിന് പകരം,  ഇതിനുള്ള സാമൂഹ്യ പരിഹാര ക്രമത്തില്‍ ആണല്ലോ ഞാന്‍ ജീവിക്കുന്നത് എന്ന് ആശ്വസിക്കാനും കഴിയുന്ന ഒരു തൊഴില്‍ – ജീവിത സംസ്കാരത്തെ പറ്റി എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ.. ഉണ്ടെങ്കില്‍ അങ്ങിനെ ഒന്നിന്റെ ഭാഗമാകണമെന്നു ആലോചിച്ചിട്ടുണ്ടോ?

  ഇതാ അങ്ങിനെയൊന്നു.. നവഗോത്ര ധാര്‍മിക വണിക ഗ്രാമ സമൂഹം.

   

  എന്താണ് നവഗോത്ര ധാര്‍മിക വണിക ഗ്രാമ സമൂഹം?

  കമ്പോള കേന്ദ്രീകൃതമല്ലാത്തതും  പ്രകൃതി കേന്ദ്രിതവും ആയ ഒരു തൊഴില്‍ ഗ്രാമം ആണ് നവഗോത്ര ധാര്‍മിക വണിക ഗ്രാമ സമൂഹം. സാമൂഹ്യ പ്രതി ബദ്ധതയും, പാരസ്പര്യവും കൈമോശം വന്നിട്ടില്ലാത്ത സന്മനസ്സുകളായ ചെറുപ്പക്കാര്‍ക്ക്, കോര്‍പറേറ്റ് അധികാര ശ്രേണിയുടെയോ, വരേണ്യ സംസ്കാരതിന്റെയോ സമ്മര്‍ദ്ദങ്ങളോ, പിരിമുറുക്കമോ ഇല്ലാത്ത ഒരു പ്രവര്‍ത്തന പശ്ചാത്തലം ആയിരിക്കും ഈ ഗ്രാമം.

   

  ഉദ്ദേശ്യം.

  പരിസ്ഥിതിയുടെ ആഴ ബന്ധങ്ങളില്‍ ഇഴ ചേര്‍ന്നു കൊണ്ടല്ലാതെ ഇനിയൊരു പത്ത് വര്‍ഷത്തിനപ്പുറം, നമ്മുടെ ജനതയ്ക്ക് ജീവിച്ചു പോകാന്‍ ആകില്ല എന്ന തിരിച്ചറിവില്‍,  ഒളിമ്പസ് മുന്‍പോട്ടു വയ്ക്കുന്ന സുസ്ഥിര ബദല്‍ ജ്ഞാനീയ ജീവനത്തിനു യുക്തരായ യുവ മനസ്സുകളെ കണ്ടെത്തുകയും അവര്‍ക്ക്, തൊഴിലോ, സാമ്പത്തിക സുരക്ഷയോ  നഷ്ടമാക്കാതെ തന്നെ, സാമൂഹ്യ പ്രതിബദ്ധതയോടെ ജീവിക്കാനുള്ള തൊഴില്‍ – പ്രവര്‍ത്തന – ജീവന സാഹചര്യം ഒരുക്കുകയും, അത് വഴി സുസ്ഥിരവും, സ്വാശ്രിതവും, സര്‍വോപരി സുരക്ഷിതവും ആയ ഒരു ജീവന സംസ്കൃതിയിലേക്ക്,  നയിക്കുകയും, അതിനൊപ്പം, നിലവിലുള്ള പൊതു സമൂഹത്തെ, പാരിസ്ഥിതികവും, സാമ്പത്തികവും, സാമൂഹികവും, ആത്മീയവും ആയ സുസ്ഥിര വികസനത്തിന്‌ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ തൊഴില്‍ ഗ്രാമത്തിന്റെ പരമമായ ഉദ്ദേശ്യം.

   

  പൊതു വസ്തുതകള്‍

  1. പൂര്‍ണ ധര്‍മ ബോധത്തോടെ തൊഴിലുകള്‍ ചെയ്യുകയും, ജോലിയുടെ ആസ്വാദ്യതയും, മേന്മയും, ലാളിത്യവും കൂട്ടുകയും, നിലവിലുള്ള സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്നും തെല്ലും മാറാതെ തന്നെ, തന്നെയും, കൂടെയുള്ളവരെയും, സുരക്ഷിതമായൊരു ജീവിത പന്ധാവിലെക്കും സമൃദ്ധിയിലേക്കും, ഒരു വന്‍ കൂട്ടായ്മയുടെ സുരക്ഷിതമായ തണലിലേക്കും കൊണ്ടുപോകാനുള്ള ഒരു പൂര്‍ണമായ വേദി ആയിരിക്കും, ഈ തൊഴില്‍ ഗ്രാമം.
  2. ഒളിമ്പസ് സ്ഥാപിച്ചു കൊണ്ടിരിക്കുന്ന പരിസ്ഥിതി രാഷ്ട്രം എന്ന ആശയത്തിന്റെ പ്രായോഗിക മാതൃക ആയ ഇക്കോ വില്ലേജിന്റെ പടിപ്പുര ആണ് ഈ തൊഴില്‍ ഗ്രാമം. 
  3. ഒളിമ്പസ്സിലെക്കുള്ള ധന – മാനവ ശേഷി കണ്ടെത്തുവാനു, സമൂഹത്തിനു സുസ്ഥിതമായ ജ്ഞാന, സേവന, നയ പദ്ധതികള്‍ നടപ്പിലാക്കി നല്‍കുവാനും ആയി ആണ് ഈ പടിപ്പുര നിലകൊള്ളുക.
  4. കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യവും, സാമൂഹ്യവും പ്രാകൃതീയവും ആയ പ്രതിബദ്ധതകളും ഉള്ള യുവ മനസ്സുകള്‍ (യുവാക്കള്‍ എന്നല്ല എന്നത് ശ്രദ്ധിക്കുക)ക്ക് അംഗങ്ങള്‍ ആകാം.
  5. ഒന്നോ ഒന്നിലധികമോ കാമ്പസ്സുകളില്‍ ആയിരിക്കും സമൂഹത്തിന്റെ പ്രവര്‍ത്തനം.
  6. കാംപസ്സിനകത്ത് താമസിച്ചോ, ജോലിക്കായി വന്നു പോയോ പങ്കാളികള്‍ ആകാം. കൂടെ വന്നു നിന്ന് ചെയ്യാന്‍ കഴിയാത്തവര്‍ക്ക്, വിദൂര സേവനവും നല്‍കാം. 
  7. നടത്തിപ്പിന്റെ സുഗമാവസ്ഥയ്ക്കായി, ഗ്രാമത്തില്‍ തുടങ്ങുന്ന സംരംഭങ്ങളെ മൂന്നു ഉപ വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. എ. തല്‍ക്ഷണ സാങ്കേതികതകള്‍ (Instantaneous Technologies) ബി. തദ്ദേശീയ സാങ്കേതികതകള്‍ (Indigenous Technologies), സി. സമഗ്ര ജീവിത സാങ്കേതികതകള്‍ (Integrated Life Technologies). പറയാന്‍ എളുപ്പം എന്ന നിലയില്‍ ഇവയെ ഐ റ്റീ എന്ന് വിളിക്കുന്നു. അത് കൊണ്ട് ഈ സമൂഹത്തെ നിയോ ട്രൈബ് ഐ റ്റീ കമ്യൂണ്‍ എന്ന് വിളിച്ചു പോരുന്നു. 
  8. തല്‍ക്ഷണ സാങ്കേതികതകള്‍ (Instantaneous Technologies): വിവര സാങ്കേതിക വിദ്യ മുതല്‍, വസ്ത്ര നിര്‍മാണം, ഭക്ഷണ നിര്‍മാണം, ജൈവവള നിര്‍മാണം, ബദല്‍ ഉത്പന്ന നിര്‍മാണം, മൂല്യ നിര്‍ണയങ്ങള്‍, ടെസ്റ്റുകള്‍ എന്നിങ്ങനെ, വലിയ മുതല്‍ മുടക്കില്ലാതെ ചെയ്യുന്ന, സാധാരണ വാണിജ്യ വ്യവസായങ്ങളും, സേവനങ്ങളും ഈ വിഭാഗത്തില്‍ പെടും. 
  9. തദ്ദേശീയ സാങ്കേതികതകള്‍ (Indigenous Technologies) : കൈത്തറി, മണ്‍പാത്ര നിര്‍മാണം, മുള കൊണ്ടുള്ള ഉത്പന്നങ്ങള്‍, തുടങ്ങി, നാട്ടറിവില്‍ ഊന്നിയ പാരമ്പര്യ ഉത്പന്നങ്ങള്‍, ആധുനിക ഗുണ / സൌന്ദര്യ മാന ദണ്ഡങ്ങളോടെ ഉണ്ടാക്കി, അത്യന്താധുനിക വിപണന രീതിയില്‍, ഉയര്‍ന്ന മൂല്യത്തിനു വില്‍ക്കാവുന്നവ..കൂടാതെ, പ്രാദേശിക സങ്കേതങ്ങള്‍, ബദല്‍ സങ്കേതങ്ങള്‍ എന്നിവയും, പാരമ്പര്യേതര ഗവേഷണങ്ങളും, പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളെ സാംശീകരിക്കുന്ന ഉപകരണങ്ങളും സങ്കേതങ്ങളും സേവനങ്ങളും ഈ വിഭാഗത്തില്‍ പെടും.
  10. സമഗ്ര ജീവിത സാങ്കേതികതകള്‍ (Integrated Life Technologies) : മനുഷ്യന്റെ, മൃഗങ്ങളുടെ, സസ്യങ്ങളുടെ, പ്രകൃതിയുടെ ഒക്കെ ജീവിത ശൈലിയിലെ മാനേജുമെന്റുകള്‍. ആരോഗ്യം, കൃഷി, പരിസ്ഥിതി, കുടുംബം, രാഷ്ട്രം, സമൂഹം, സ്ഥാപനം, ഇക്കോളജി, വിദ്യാഭ്യാസം, സാമൂഹ്യ പ്രവര്‍ത്തനം, തത്വ ശാസ്ത്രം, പാരിസ്ഥിതിക ആത്മീയത, സുസ്ഥിര വികസനം, ഇന്റസ്ട്രിയല്‍ ഇക്കോളജി തുടങ്ങി, ജീവിതാനുബന്ധിയായ മേഖലകളിലെ ബൌദ്ധിക, പ്രായോഗിക സങ്കേതങ്ങള്‍ എന്നിവയുടെ ഗവേഷണ, പ്രചാരണ, പ്രയോഗവും സേവനവും.
  11. അഹിംസ, പാരസ്പര്യം, മേന്മ, നന്മ, ക്രമം, സൌന്ദര്യം, പ്രതിബദ്ധത എന്നീ പ്രാഥമിക മൂല്യങ്ങള്‍ എല്ലാ മേഖലകളിലും നില നിര്‍ത്തി കൊണ്ടാണ് ഈ തൊഴില്‍ ഗ്രാമ പ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലകളും, മുന്‍പോട്ടു കൊണ്ട് പോകുക. 
  12. ഓരോ അംഗവും മൊത്തം പ്രവര്‍ത്തന സമയത്തിന്റെ മുപ്പതു മുതല്‍ നാല്പതു വരെ ശതമാനം സമയം, കൃഷി തുടങ്ങിയ സംഘ – സാമൂഹ്യ കാര്യങ്ങള്‍ക്കായി ചെലവാക്കെണ്ടതുണ്ട്.
  13. ഒളിമ്പസ്സിന്റെ നേര്‍ നിയന്ത്രണത്തിലുള്ള ഔദ്യോഗിക സ്ഥാപനമായ, ഗ്രീന്‍ ക്രോസ് ഫൌണ്ടേഷന്റെ അര്‍ദ്ധ ഉടമസ്ഥതയിലായിരിക്കും (51%) തൊഴില്‍ ഗ്രാമം. ബാക്കി ഉടമസ്ഥത, പങ്കാളിത്ത രീതിയില്‍, ഗ്രാമത്തിലെ അംഗങ്ങള്‍ക്കായിരിക്കും.
  14. തൊഴില്‍ ഗ്രാമത്തിലെ അംഗങ്ങള്‍ക്കെല്ലാം തങ്ങളുടെ സ്ഥാനത്തിനനുസൃതം ഉള്ള വേതനം ഉണ്ടായിരിക്കും.
  15. തൊഴില്‍ ഗ്രാമത്തിന്റെ ലാഭത്തിന്റെ 49% ഗ്രാമത്തിലെ അംഗങ്ങള്‍ക്ക് സ്ഥാനത്തിനനുസൃതം വീതിച്ചു നല്‍കും.
  16. സ്വതന്ത്രവും നൂതനവും ആയ കണ്ടെത്തലുകളോ, ബിസിനസ് ആശയങ്ങളോ, ഉള്ളവര്‍ക്ക്, പുതു സംരംഭങ്ങള്‍ തൊഴില്‍ ഗ്രാമത്തിനകത്തു തുടങ്ങുവാന്‍ കഴിയും.
  17. പുതു സംരംഭങ്ങളെ, തൊഴില്‍ ഗ്രാമത്തിലെ അംഗങ്ങളും, സ്വതന്ത്രമായി പിന്താങ്ങും.
  18. പരിസ്ഥിതി, സമൂഹം, സംസ്കാരം, ദേശീയത, ജൈവ വ്യവസ്ഥ, പാരസ്പര്യം എന്നിവയ്ക്ക് ഊന്നല്‍ കൊടുക്കുന്ന സംരംഭ പ്രവര്‍ത്തനവും, വാണിജ്യവും, മാത്രമായി നിലനിര്‍ത്തും.
  19. തൊഴില്‍ ഗ്രാമം എന്ന പദ്ധതിയ്ക്കും ഉള്ളില്‍, പരിസ്ഥിതി ഗ്രാമ പദ്ധതിയിലേക്ക് കടന്നു വരാന്‍ തയ്യാറുള്ളവര്‍ക്ക്, യഥാക്രമം, പുറം ബെല്‍ട്ടു, ബഫ്ഫര്‍, അകം ബെല്‍ട്ടു, കോര്‍ എന്നീ തലങ്ങളിലൂടെ കടന്നു പോകാവുന്നതാണ്. 
  20. പ്രാദേശിക നാടന്‍ സാങ്കേതിക സമുദായങ്ങളുടെ ഉന്നമനത്തിനായി നടത്തുന്ന സംരംഭങ്ങളിലെ, ലാഭ വിഹിതത്തിന്റെ പകുതി, അതതു സാങ്കേതിക സമുദായങ്ങളുടെ, സുസ്ഥിര വികസനത്തിനായി ആണ് ചെലവാക്കപ്പെടുക.
  21. തൊഴില്‍ ഗ്രാമ പദ്ധതിയുടെ പ്രവര്‍ത്തന രീതി താല്പര്യപ്പെടാത്തവര്‍ക്ക്, എപ്പോള്‍ വേണമെങ്കിലും, പുറത്തു പോകാവുന്നതാണ്. സംരംഭങ്ങളില്‍ എന്തെങ്കിലും തുക നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍, അത് ഒരു നിശ്ചിത കാലാവധിക്ക് ശേഷം തിരികെ കൊടുക്കുന്നതാണ്.

  Various means of journey from conventional society to Olympuss (from outward to inward)Various means of journey from conventional society to Olympuss (from outward to inward)

  അംഗത്വം
  പരിസ്ഥിതി അവബോധവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവര്‍ക്ക് സമൂഹത്തിന്റെ സന്നദ്ധ സേവനത്തിനായുള്ള പ്രാഥമികാംഗത്വം നേടാം. ഈ വേളയില്‍, സഹായ ധനം, സംഘാംഗത്വത്തിനായുള്ള പ്രാഥമിക പരിശീലനം എന്നിവ ലഭിക്കും.
  തൊഴില്‍ സമൂഹത്തിന്റെ അടിസ്ഥാന പരിശീലന പരിപാടി പൂര്‍ത്തിയാക്കുകയും, അര്‍ദ്ധ വര്‍ഷത്തോളം സജീവമായി തൊഴില്‍ ഗ്രാമത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലും, മാതൃ സംഘത്തിന്റെ പരിശീലനങ്ങളിലും പങ്കെടുക്കുകയും ചെയ്യുന്നവര്‍ക്ക് തൊഴില്‍ ഗ്രാമത്തിന്റെ പ്രവര്‍ത്തകാംഗത്വം ലഭിക്കും. ഈ വേളയില്‍ ആദര വേതനം (ഓണരേരിയം) ആണ് നല്‍കുക.
  തുടര്‍ന്നുള്ള അംഗത്വം പിന്നീട് വിവരിക്കുന്നതാണുചിതം

  നിക്ഷേപം.
  (ഇന്നോളം, പ്രത്യേക സാമ്പത്തിക നിക്ഷേപങ്ങള്‍ ഇല്ലാതെ തന്നെ ഒളിമ്പസ്സിന്റെ ഇക്കോ കമ്യൂനിലെ അംഗങ്ങള്‍ നടത്തിയിരുന്ന ഐട്ടീ കമ്യൂണ്‍ എന്ന സംരംഭം, സാമ്പത്തിക ലാഭത്തെ ലാക്കാക്കിയിട്ടില്ല. ഇനി അത് ചെയ്യുന്നതിന് മുന്നോടിയായി, മുഖ്യമായും, തൊഴിലിലും, ലാഭത്തിലും ഊന്നല്‍ കൊടുക്കുക എന്നാണു ലക്ഷ്യമാക്കുന്നത്. അതിനുള്ള സാമ്പത്തിക സ്രോതസ്സുകള്‍, ഗ്രാമം, അതിന്റെ ഉത്പന്നങ്ങള്‍ കൊണ്ട് തന്നെ കണ്ടെത്തുക എന്നാണ് തുടക്കത്തില്‍ കരണീയമാകുക. അതല്ലാതെ ഈ പദ്ധതിയുമായി സഹകരിക്കാന്‍ കഴിയുന്ന ആളുകള്‍ക്ക് സ്വകാര്യ നിക്ഷേപം, കോര്‍ ഗ്രൂപ്പുമായി ഉള്ള ചര്‍ച്ചകളെ ആധാരമാക്കി നടത്താവുന്നതാണ്. എങ്കിലും, സാമൂഹിക പ്രതിബദ്ധത ഇല്ലാതെ, ലാഭം മാത്രം ലാക്കാക്കി ഉള്ള നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടില്ല.)

  1. നിലവിലുള്ള മാനവ വിഭവ ശേഷി ഉപയോഗിച്ച് മാത്രം ഉത്പാദിപ്പിക്കാവുന്ന ഉത്പന്നങ്ങളോ സേവനങ്ങളോ മൂലം സമാഹരിക്കവുന്നതു .
  2. നവാംഗങ്ങള്‍ക്കോ, ഗ്രാമ സംഘത്തിനോ, നീക്കിയിരിപ്പുള്ള ധനം, താത്കാലികമായി ഉപയോഗിക്കവുന്നതു.
  3. വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ, പലിശ രഹിത വായ്പ ആയി സംഭരിക്കാവുന്നത്.
  4. ഉപാധികളില്ലാത്ത സംഭാവനകളിലൂടെ സംഭരിക്കാവുന്നത് ..

  ബിസിനസ് രീതി.

  1. സമൂഹത്തിലെ ക്രമിതമല്ലാത്ത ധനവിനിമയ രീതിയില്‍ നിന്നും വ്യത്യസ്തവും, കോര്‍പറേറ്റ് രീതിയുടെ ഔപചാരികതകളും, ഗോത്ര രീതിയിലെ സംഘാടന ശൈലിയും ചേര്‍ത്തിണക്കിയ ബിസിനസ് രീതിയായിരിക്കും തൊഴില്‍ ഗ്രാമത്തിന്റെത്.
  2. ഗ്രാമ സമൂഹം മുഴുവനും ഒരേ രീതിയിലുള്ള സാമ്പത്തിക കാഴ്ചപാടുകള്‍, കൈവരിക്കേണ്ടത് ഗ്രാമ വിജയത്തിന്റെയും, ധനാര്‍ജവതിന്റെയും, അവശ്യമായതിനാല്‍ അതിനായുള്ള പ്രത്യേക പരിശീലനങ്ങള്‍, ഓരോ അംഗത്തിനും നല്‍കി, ഏക ധാരയില്‍ എത്തിക്കുന്നതാണ്.
  3. ഗ്രാമ സമൂഹത്തില്‍ നിന്നുള്ള ഏതു ഉല്‍പന്നവും സേവനവും, ഗ്രാമ സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തത്തില്‍, വിപണന വിഭാഗം കൈ കാര്യം ചെയ്യും.
  4. ഇ- കൊമേഴ്സ്‌ മുതല്‍ പരമ്പരാഗത മാര്‍ക്കറ്റുകള്‍ വരെ ഉപയോഗിച്ച് കൊണ്ട്, ഉത്പന്നങ്ങള്‍, ലോകമെങ്ങും വിറ്റഴിക്കാനാണ്‌ ആസ്സൂത്രണം ചെയ്തിട്ടുള്ളത്.

  ഇപ്പോള്‍

  1. ലേഖകന്‍ നിര്‍മിച്ച നിമുകി എന്ന ഓണ്‍ ലൈന്‍ വെബ്‌ ഡിസൈന്‍ പ്ലാറ്റ് ഫോം (ലോകത്തില്‍ ഏറ്റവും എളുപ്പം, വേഗത്തില്‍, ലാഭത്തില്‍, ലളിതമായി ചെയ്യാവുന്നത്.. .) ആണ് ആദ്യ ഉല്പന്നം. ഈ ഉല്പന്നം ഒരു സോഫ്റ്റ്‌ വെയര്‍ ആയതിനാല്‍, അതിന്റെ സോഫ്റ്റ്‌ കോപ്പികള്‍ കൊണ്ട് തന്നെ, ലോകമെങ്ങും, വെബ്സൈറ്റുണ്ടാക്കാനുള്ള പ്ലാറ്റ് ഫോറം വിപണം ചെയ്യുവാന്‍ നമുക്കാകും.
  2. ഇത് പോലെയുള്ള ചില ഉത്പന്നങ്ങള്‍, വിപണന രൂപത്തില്‍ ആക്കി കൊണ്ടിരിക്കയാണ് ഞാനും അനുരാഗും..
  3. സ്വന്തമായി സ്ഥലമോ കേടിടമോ ആകുന്നതു വരെ അംഗങ്ങള്‍ ഓരോരുത്തരും ഇപ്പോള്‍ വസിക്കുന്ന സംവിധാനങ്ങളില്‍ തന്നെ വസിക്കുകയും, അവിടെ ഇരുന്നു കൊണ്ട് ജോലികള്‍ നിര്‍വഹിക്കുകയും ചെയ്യേണ്ടതുണ്ട്.

  എങ്ങിനെ തുടങ്ങാം..
  പ്രാഥമികമായി ഈ പദ്ധതിയെ അറിയുക.. പിന്നെ നേരില്‍ ബന്ധപ്പെടുക,,
  ഇതൊരു കരടു രൂപമാണ്‌.. എനിക്ക് ഈ വിഷയങ്ങള്‍ വ്യക്തമായി ബോദ്ധ്യമുന്ടെങ്കിലും പങ്കാളിത്ത രീതിയിലുള്ള ചര്‍ച്ചകളിലൂടെ വിഷയം കൂടുതല്‍ വ്യക്തമാകെണ്ടാതുണ്ട്.. അതിനാല്‍, അറിയേണ്ടതെല്ലാം ചോദിക്കുക. പറയേണ്ടത് മുഴുവന്‍ പറയുക..

  ഫോണ്‍ നമ്പര്‍
  9497628007 സന്തോഷ്‌
  9497628006 പൊന്നി
  9447989782 അനുരാഗ്

  +————————+————————-+————————+
  അനുബന്ധം

  കുറച്ചു നാളുകളായി, ഒരു സുസ്ഥിര ഗ്രാമ നിര്‍മിതിക്കായി ഉള്ള ശ്രമങ്ങള്‍ നെറ്റിലേക്ക് വ്യാപിപ്പിച്ചിട്ടു. ഒരുപാടു അഭിനന്ദനങ്ങളും മഹദ്വത്കരണ വാചകങ്ങളും കിട്ടി. എങ്കിലും അതിനായി ഇറങ്ങി തിരിക്കാന്‍ തയാറായി മുന്‍പോട്ടു വന്നവര്‍, വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. വന്നവരടക്കമുള്ള ഞങ്ങള്‍ ഗ്രാമ സ്ഥാപനത്തിന്റെ പാതയിലാണ് താനും.

  ഈ സംഘം (ഇപ്പോള്‍ ഒളിമ്പസ് എന്ന് അറിയപ്പെടുന്ന നവഗോത്ര സമൂഹം.. പണ്ട് 1981 -ല്‍ പ്റ്റാലബ് സയന്‍സ് ക്ലബ്) ഉണ്ടായി അഞ്ചോളം വര്‍ഷം കഴിഞ്ഞപ്പോള്‍ ആണ്, പഠനാര്‍ത്ഥവും തൊഴിലിനു വേണ്ടിയും, സംഘത്തിലെ അംഗങ്ങള്‍ പലവഴിക്ക് പിരിഞ്ഞു പോയത്. (അന്ന് ഞങ്ങളുടെ ബാച്ച് പത്താം ക്ലാസ് കഴിഞ്ഞതോടെ.. 1986 – ല്‍) അങ്ങിനെ പിരിയാനുള്ള സാമൂഹ്യ – സാമ്പത്തിക കാരണങ്ങളെ വിശകലനം ചെയ്തപ്പോള്‍ ആണ് സമഗ്രമായൊരു സുസ്ഥിര ജീവന വ്യവസ്ഥിതി എന്താകണം എന്ന് എനിക്ക് ബോദ്ധ്യമായതും, സംഘത്തിന്റെ ഭാവി പരിപാടി അതാക്കി മാറ്റുകയും ചെയ്തത്. രണ്ടര ദശകത്തോളം നീണ്ട ഗവേഷണ – പരീക്ഷണ – നിരീക്ഷണങ്ങള്‍ കഴിഞ്ഞു, ഇന്ന് ഒരു കൃത്യമായ രൂപം, സമഗ്ര ജീവന പദ്ധതിക്ക് നല്‍കാനായി എന്നാണ് തോന്നുന്നത്. മാനവ – ധന – ചിന്താ വിഭവങ്ങള്‍ തേടി ഇവിടെ നില്‍ക്കുമ്പോള്‍, കാര്യങ്ങള്‍ വിജയത്തിലേക്ക് നീങ്ങുക തന്നെ ചെയ്യുന്നു.

  അംഗീകരിക്കുന്നവര്‍ പോലും എത്തിപ്പറ്റാതെ പോരുന്ന ഒരു പ്രത്യേക സാമൂഹിക, സാമ്പത്തിക സാംസ്കാരിക പശ്ചാത്തലം, മലയാളിക്ക് ഉണ്ട് എന്ന് ഈ പഠന കാലത്ത് എനിക്ക് ബോധ്യമായിരുന്നു. അതിനായി അഞ്ചോളം വര്‍ഷങ്ങളായി പരീക്ഷണാടിസ്ഥാനത്തില്‍ ചെറു രൂപത്തില്‍ നവഗോത്ര ഗുരുകുലത്തിലെ അന്തേവാസികള്‍ ചെയ്തു പോരികയും, ഇനി വലിയൊരു ലോക പ്ലാട്ഫോമിലേക്ക് മാറ്റുവാന്‍ ഒരുങ്ങുകയും ചെയ്യുന്ന ഒരു പദ്ധതിയെ പറ്റിയാണ് എനിക്ക് ഇവിടെ പറയാനുള്ളത്.. ഇത് ഒളിമ്പസ് മുന്‍പോട്ടു വയ്ക്കുന്ന ഗ്രാമ പദ്ധതിയുടെ ഒരു പടിപ്പുര ആയി കണക്കാക്കാവുന്നതാണ്. ഈ പദ്ധതിയ്ക്ക്, ഒളിമ്പസ്സിന്റെ ഗ്രാമപദ്ധതിയെ പോലെ തന്നെ, ഭൂമിശാസ്ത്ര പരമായ അതിരുകള്‍ ഇല്ല. ആശയപരമായും, പ്രായോഗികമായും, കൃത്യമായ രൂപരേഖ ഞങ്ങള്‍ക്കുണ്ടെങ്കിലും, ഇത് വായിക്കുന്ന ഓരോരുത്തരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ യുക്തമായ രീതിയില്‍, കേള്‍ക്കാനുള്ള സ്വീകാര്യത ഒളിമ്പസ്സിനുണ്ട്. അത് കൊണ്ട് തന്നെ ഗൌരവതരമായ ഒരു വായനയും, പ്രതികരണവും തുടര്‍ന്നുള്ള സഹവര്‍ത്തിത്വവും പ്രതീക്ഷിക്കുന്നു.

  തൊഴിലിനു വേണ്ടി ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ടത് എന്ന മനോ ചിത്രം സ്വന്തമായുള്ള ഒരു ജനത, നമ്മുടെ മുന്‍പില്‍ അതിന്റെ മുഴുവന്‍ വൈതാള രൂപത്തിലും കത്തി പടരുകയാണ്. സ്റ്റേറ്റും സമൂഹവും തമ്മിലുള്ള പാരസ്പര്യ സുരക്ഷ എന്നത് നഷ്ടമാകുകയും, വ്യക്തിപരത ആളിക്കത്തുകയും ചെയ്യുമ്പോള്‍, തൊഴിലും, സ്വകാര്യ സമ്പാദ്യവും ഒരു അവശ്യ ഘടകമായി വന്നു ചേരുന്നു, (ഒടുവില്‍, ദമ്പതികള്‍ക്കിടയില്‍ പോലും). അത്തരമൊരു തരുണത്തില്‍, സ്വാവശ്യങ്ങള്‍ക്ക് മുന്‍പിലും, കുടുംബ – സമൂഹങ്ങള്‍ക്ക് മുന്‍പിലും, തികച്ചും അവശ്യമായ “തൊഴില്‍” എന്ന സങ്കേതം, ഇക്കോ വില്ലേജു പോലുള്ള സാമൂഹ്യ പ്രതിബദ്ധതകളോട് നീതി പാലിക്കാന്‍ ആഗ്രഹിക്കുന്നവരെ പോലും അനുവദിക്കാതെ പോരുന്നു. എങ്കില്‍ സാമൂഹ്യ പ്രതിബദ്ധതയും, പാരസ്പര്യവും, സുസ്ഥിരതയും, പ്രകൃതി സൌഹാര്‍ദ്ദവും ഒരുമിച്ചിണക്കാന്‍ കഴിയുന്ന ഒരു തൊഴിലിടവും, തൊഴില്‍ പശ്ചാത്തലവും തൊഴില്‍ സംവിധാനവും ഒന്ന് ചേര്‍ന്ന ഒരു തൊഴില്‍ സംസ്കാരമല്ലേ വേണ്ടത്? അതിനു വേണ്ടി, ഒളിമ്പസ്സിന്റെ പക്കലുള്ള സമഗ്രമായ മറുപടി ആണ് നവഗോത്ര ധാര്‍മിക വാണിജ്യ സമൂഹം. (NeoTribe Ethical Business Commune).

  https://www.facebook.com/notes/santhosh-olympuss/notes/317079398340007

  Print Friendly

  784total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in