• കൂടായ ജീവിതം.

  by  • February 19, 2014 • പരിസ്ഥിതി • 0 Comments

  അമ്മ, ഉദാത്തമായ പദം!!. അതിനും അപ്പുറത്ത്,  ശ്രേഷ്ഠവും സുരക്ഷിതവും ആയ മറ്റെന്തുണ്ട്? അതെ.. അമ്മയുടെ ഉദരത്തിൽ കിടക്കുമ്പോഴുള്ളതിലുമധികം സുരക്ഷ, മറ്റെങ്ങും ഇല്ലതന്നെ. അമ്മയുടെ ഗർഭപാത്രത്തിനകത്ത് കിടന്നവർ ആണെങ്കിലും, നാം ആരും, അത് കണ്ടതായി ഓർക്കുന്നില്ല. എങ്കിലും, ഏറ്റവും സുരക്ഷിതമായ ഒരു കിളിക്കൂട്‌ പോലെ എന്ന് നമ്മുടെ ബുദ്ധിയാൽ നാം ഗർഭപാത്രത്തെ മനസ്സിലാക്കും. ഗർഭത്തിൽ നിന്നും പുറത്ത് വരുന്നത് വരെയാണ്,   ഗർഭസ്ഥാവസ്ഥയെ നാം അനുഭവിച്ചിരിക്കുക. പുറത്ത് വന്നതിനു ശേഷം, ഗർഭസ്ഥാവസ്ഥയെന്നത് നമ്മുടെ പരിഭാഷണമാണ്. നാം ഗർഭസ്ഥാവസ്ഥയെ ഭാവനയിലാണ് പേറുന്നത്. മാതാവിനോനോട് കൃതജ്ഞതയും, കടപ്പാടും, സുരക്ഷിതത്വ സ്മൃതിയും ഒക്കെ പ്രദർശിപ്പിക്കുന്നത്, നാം ഭാവന കൊണ്ടാണ്. ആ ഭാവന അത്രയ്ക്കും ശക്തമാകുന്നത്, ഒരിക്കലും, നമ്മുടെ സാമൂഹ്യ പ്രേരണ കൊണ്ടല്ല.  കാണാമറയത്തിരിക്കുന്ന കുഞ്ഞിനു വിശക്കുമ്പോൾ, അമ്മയ്ക്ക് പാൽചുരക്കുന്നതു പോലെ, അത് അറിയാവുന്നതിലും അപ്പുറം (ജ്ഞാനാതീതം അഥവാ വിശിഷ്ടം – transcendental) ആണ്. അതിനെ അവബോധം എന്ന് തന്നെയാണ് പറയേണ്ടത്.

  അമ്മയിൽ നിന്നും വെളിയിൽ വന്നു കഴിഞ്ഞും അമ്മയിലൊതുങ്ങാനുള്ള (പുനർലീന –  Homoeostasis) ചോദന നമ്മിൽ എപ്പോഴും നിറഞ്ഞു നില്ക്കുന്നു. നമ്മുടെ വളർച്ചയുടെ ഓരോരോ ഘട്ടങ്ങളിൽ, ഓരോ തവണ പാലു കുടിക്കുമ്പോഴും, അമ്മയെ പുണരുമ്പോഴും, വിദൂരങ്ങളിൽ നിന്നും അമ്മയെ ഓർക്കുമ്പോഴും, അമ്മയെ കാണാൻ അണയുമ്പോഴും നാം അമ്മയിൽ ഒതുങ്ങാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. അമ്മയിൽ നിന്നും ബുദ്ധികൊണ്ട് വേറിട്ട്‌ നിൽക്കുമ്പോൾ, പുതപ്പിനകത്ത് ഒരു കൂടുണ്ടാക്കി, അതിനകത്ത് കൂടേറി, നാം പുനർലീനാവസ്ഥയെ   പ്രാപിക്കുന്നു. പ്രത്യുല്പാദനം എന്ന ജീവ ശാസ്ത്ര പ്രക്രിയയ്ക്കുമപ്പുറം , ഇണയിൽ  നാം ഈ പുനർ ലീനത പലപ്പോഴും കാണുന്നു. ഗൃഹാതുരത്വവും ഇത്തരമൊരു പുനർലീനാവസ്ഥയല്ലാതെ മറ്റൊന്നല്ല.

  അങ്ങിനെ നാം അമ്മയെന്ന കൂടിനകത്തെ ജീവിതത്തെ സദാ പേറുന്നു. അതിനകത്ത് ഭാവന കൊണ്ടെങ്കിലും ജീവിക്കുന്നു. അമ്മയെന്ന വലിയ യാഥാർത്യത്തെ പോലും നാം അറിഞ്ഞത് യുക്തി കൊണ്ടാണെങ്കിൽ, അതുപോലും ഇല്ലാതെ അതിലും വലിയ ഒട്ടേറെ കൂടുകളിൽ സ്ഥിരമായി വസിച്ചു കൊണ്ടേയിരിക്കുന്നുവെന്ന് അറിയാതെ പോകുന്നു.

  നാം കുടുംബം  / സമൂഹം എന്ന എന്ന വലിയൊരു കൂടിനകത്താണ് ജീവിക്കുന്നത്. സമൂഹമാകട്ടെ, രാഷ്ട്രം എന്ന അതിലും വലിയൊരു കൂടിനകത്തും, രാഷ്ട്രം ആകട്ടെ, ഭൂമി എന്ന അതിലും വലിയ കൂടിനകത്തും ജീവിച്ചു കൊണ്ടേ ഇരിക്കുന്നു. നമുക്കകത്താകട്ടെ, കലകളും കോശങ്ങളും എന്ന കുഞ്ഞു കൂടുകൾ ആണുള്ളത്, അവയ്ക്കകത്ത് ജൈവ മൂലകങ്ങളും, മൂലകങ്ങളും എന്ന് തുടങ്ങിയുള്ള കൂടുകളായി നില കൊള്ളുന്നു. അങ്ങിനെ പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ  വസ്തു മുതൽ പ്രപഞ്ചം വരെയും കൂടുകളായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. അതിനു വെളിയിൽ ഒരിക്കലും ഒരു സ്വതന്ത്രമായ  നിലനിൽപ്പില്ല.

  അമ്മയെന്ന കൂടിൽ നിന്ന് വെളിയിൽ വന്നതിനു ശേഷവും, ആ കൂടിനകത്തെയ്ക്ക്  ചേർന്ന് നിൽക്കുവാൻ ഭാവന കൊണ്ട് പ്രേരിതമാകുന്ന മനുഷ്യന്, അവൻ യഥാർതത്തിൽ നില കൊള്ളുന്ന പുറം കൂടുകളുടെ (കുടുംബം, /സമൂഹം / രാഷ്ട്രം / ഭൂമി / പ്രകൃതി )യും അകം കൂടുകളുടെ (അവയവം / കല / കോശം..) യും നിലകൊള്ളലിനെ പറ്റി ഭാവന ചെയ്യാൻ പോലും കഴിയാതെ പോയി. മനുഷ്യന്റെ യുക്തി ഭാവവും, യുക്തിയിലധിഷ്ടിതമായ സംസ്കാരവും, അതിനുമപ്പുറം അവനെ പഠിപ്പിച്ചെടുത്ത അക്കാദമിയും ചേർന്ന് കൊണ്ട് ഒരുക്കിയ, കൂടറിയാത്ത പശ്ചാത്തലം ആണ് അവന്റെ ആന്തരികവും ബാഹ്യവും ആയ ജീവൽ സുരക്ഷയ്ക്ക് ഭീതിയുണ്ടാക്കുന്നത്. നാം എപ്പോൾ നമ്മുടെ കൂടായ ജീവിതത്തെ തിരിച്ചറിയുന്നോ, അന്നേ ജീവിത സുസ്ഥിതി പ്രാപ്യമാകൂ.. ( തുടരും…)

  https://www.facebook.com/notes/620968374617773

  Print Friendly

  442total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in