• അവിധി എന്ന് കേട്ടിട്ടുണ്ടോ?

  by  • July 19, 2013 • ജീവിത വിജയം • 0 Comments

  മുന്നില്‍ കാണുന്ന സര്‍വതിനെയും പൊതുവേ നാം നമ്മുടെ മുന്‍വിധിയിലൂടെയാണ് കാണുക. മുന്‍പ് പരിചയപ്പെട്ട എന്തിനെയെങ്കിലും താരതമ്യം ചെയ്തു കൊണ്ട് മാത്രമേ പൊതുവില്‍ നമുക്കെന്തിനെയും മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.. അറിഞ്ഞതില്‍ നിന്നും അറിയാത്തതിലേക്കുള്ള യാത്രയാണ് ജ്ഞാന സമ്പാദനമെങ്കില്‍, അറിഞ്ഞത് കൊണ്ട് നമുക്കുണ്ടാകുന്ന തടസ്സമാണ് വിധിക്കല്‍.

  ഏതൊന്നിനെ കാണുമ്പോഴും, അതിങ്ങനെയാകും എന്നോ, ഇങ്ങനെയേ ആകൂ എന്നോ ഒക്കെയുള്ള മുന്‍അനുമാനമാണിത്. നമ്മുടെ  കൂടെ ത്തന്നെയുള്ളവര്‍ ഒന്ന് പറയുമ്പോള്‍, നീയായത് കൊണ്ട് ഇങ്ങനെയല്ലേ പറയൂ എന്നോ, നിനക്കിത്രയെ പറയാന്‍ കഴിയൂ എന്നോ ഒക്കെ ധരിച്ചാണ്, അവര്‍ പറയുന്നതിനെ നാം എടുക്കുക. താന്‍ കണ്ടറിഞ്ഞു സത്യമെന്ന് ധരിച്ച കാര്യങ്ങളെ ആധാരമാക്കിയുള്ള കാര്യവിചാരം, എന്നെന്നേക്കുമായി “ശരിയായ സത്യത്തെ” നമുക്ക് മുന്നില്‍ നിന്നും മറയ്ക്കും. ഒരാള്‍ ചെയ്യുന്നതെന്തെന്നോ, അതിലൂടെ അയാള്‍ ഉദ്ദേശിക്കുന്നതെന്തെന്നോ അയാള്‍ നമ്മോടോ ലോകത്തോടോ പറയുന്നതെന്തെന്നോ, ഒരിക്കലും അറിയാതെയാകും. നാം എങ്ങിനെ വിധിക്കുന്നുവോ, അങ്ങിനെ തന്നെ നമ്മുടെ മുന്നിലെ ലോകം രൂപപ്പെടും. നമ്മുടെ അന്യോന്യതയും, ശാന്തിയും സുരക്ഷയും നഷ്ടമാകും.

  മുന്നില്‍ വന്നെത്തുന്നതിനെ, അതിന്റെ തുറവിയില്‍ കണ്ടറിയണം എങ്കില്‍, നാം വിധിക്കാതെയാകണം. മുന്നില്‍ വന്നെത്തുന്ന എന്തിനെയും, ഒരു ശിശുവിന്റെ നൈര്‍മല്യത്തോടെയും കൌതുകത്തോടെയും സമീപിക്കണം. അതിങ്ങനെയെ ആകൂ എന്ന് കരുതാതിരിക്കണം. ഒന്നിനെ കുറിച്ച് നാം വിധിച്ചു  കൊണ്ട് കാണുന്ന കാഴ്ച, ഒരിക്കലും, അതിന്റെ രൂപമല്ല, നമ്മുടെ മനസ്സിന്റെ രൂപമാണ് നമുക്ക് നല്‍കുക എന്നതറിയണം. ഒരു തെറ്റ് നാം കാണുമ്പോള്‍, അത് കാര്യവിചാരം ചെയ്യുന്ന നമ്മുടെ മനസ്സിലാണ് ആ തെറ്റെന്നു നാം മനസ്സിലാക്കണം.

  അതായത് അവിധി നാം പരിശീലിക്കണം. മനുഷ്യന്റെ അന്വേഷണത്തിന്റെ അടിക്കല്ലാകേണ്ട ഒരു സ്വഭാവം ആണത്.  അത് സത്യത്തിന്റെ നേര്‍ക്കാഴ്ചകള്‍ നമുക്ക് നല്‍കും. പ്രകൃതിയുമായ സുതാര്യത ഉരുവാക്കും. ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ നമ്മെ സഹായിക്കും, ചിന്തയ്ക്കും തിരിച്ചറിവിനും വ്യക്തത തരും. തടസങ്ങളില്ലാതെ ഏതു വിഷയത്തിന്റെയും അകക്കാമ്പിലേക്ക് കയറിച്ചെല്ലുവ ാന്‍ സഹായിക്കും. മനസ്സിലെ നന്മയ്ക്കൊത്തൊരു ലോകം മുന്നില്‍ തെളിയിച്ചു തരും..

  എങ്കില്‍, ഇനിയിന്നു മുതല്‍ അവിധി പരിശീലിച്ചു തുടങ്ങിയാലോ?

  https://www.facebook.com/notes/santhosh-olympuss/notes/265013443546603

  Print Friendly

  389total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in