• ഒളിമ്പസ് സഹവാസം. (Olympuss Community Living)

  by  • August 30, 2013 • അംഗത്വം • 0 Comments

  ആമുഖം

  നാരായണ ഗുരുവും, ഗാന്ധിജിയും മറ്റും നടത്തിയിരുന്ന കൂട്ട് ജീവിതത്തെ പറ്റി കേട്ടിട്ടുണ്ടാകും. ഉയര്‍ന്ന സാമൂഹ്യ ബോധമുള്ള മനുഷ്യര്‍, ശൌചം, ഇണ ചേരല്‍ എന്നിവയില്‍ ഒഴികെ, മറ്റെല്ലാ ജീവിത ധര്‍മങ്ങളും പൊതുവായി നിര്‍വഹിക്കുന്ന ഒരു സംവിധാനം ആണ് കൂട്ട് ജീവിതം അഥവാ സഹവാസം.. പട്ടാള ക്യാമ്പുകള്‍, സ്കൌട്ട് – ഗൈഡു ക്യാമ്പുകള്‍, ആശ്രമങ്ങള്‍, എന്‍ എസ് എസ് വോളന്റീര്‍മാര്‍, അദ്ധ്യാപക, വൈദ്യ , മാനെജുമെന്റ് വിദ്യാര്‍ഥികള്‍ എന്നിവര്‍ തങ്ങളുടെ ഔദ്യോകിക ജീവിത വഴിയില്‍, പലപ്പോഴായി സഹവാസ പരിപാടികളുടെ ഭാഗമാകാറുണ്ട്. അടുത്ത കാലം വരെ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ഉണ്ടായിരുന്ന ആഘോഷങ്ങളും ഒരു പരിധി വരെ സഹവാസ സ്വഭാവം ഉള്ളവയായിരുന്നു. നമ്മുടെ ഗോത്ര കാല ജീവിതത്തിലെ നന്മയെ ഓര്‍മപ്പെടുത്തലും, സഹവര്‍ത്തിത്വവും, സാമൂഹ്യമായ ഇഴുകലും, ഒക്കെ ചേര്‍ന്നവയാണ് ശരിയായ സഹവാസങ്ങള്‍. എന്നാല്‍ വ്യക്തിപരതയുടെ ഔപചാരികതയിലേക്ക് ആണ്ടു പോയ ഇന്ന്, സഹവാസങ്ങളുടെ തനിമയും ലക്ഷ്യവും ഉദ്ദേശ്യ ശുദ്ധിയും നഷ്ടമായി വന്നു.

  ഒളിമ്പസ് സഹവാസം
  സഹവാസങ്ങളുടെ അന്യം നില്‍ക്കലിനുള്ള, ആധുനിക പ്രായോഗിക മറുപടി ആണ്, ഉദ്ദേശ്യ പൂര്‍ണമായ സഹവാസ സമൂഹങ്ങള്‍ (Intentional communities and fellowships).. കേരളത്തില്‍ 1997 മുതല്‍ ഈ സഹവാസ കേന്ദ്രം ഒളിമ്പസ്സിനെ ആധാരമാക്കി പ്രവര്‍ത്തിച്ചു പോരുന്നു. (വിശദാംശങ്ങള്‍ക്ക് താഴെ ചേര്‍ത്ത ചരിത്രം കാണുക. കുറിപ്പുകളും). സ്ഥിരം സഹവാസികള്‍ ഇപ്പോള്‍ നാല് മുതിര്‍ന്നവരും മൂന്നു കുഞ്ഞുങ്ങളും മാത്രമേ ഉള്ളൂ എങ്കിലും, രണ്ടാം ശനിയാഴ്ച സഹവാസത്തിനു കേരളത്തിലെ പ്രകൃതി, പരിസ്ഥിതി, പ്രകൃത്യാത്മീയ, ആത്മീയ / യുക്തിവാദ, കമ്യൂണ്‍ / കൂട്ട് ജീവിത, തത്വ ചിന്താ, സാമൂഹ്യ നവോദ്ധാന, സ്വരാജ് എന്നിങ്ങനെയുള്ള മേഖലകളില്‍ തല്‍പരരായ ഒട്ടേറെ പേര്‍ വന്നു പോയി. മിക്കവാറും, ഒഴിവിനനുസൃതം, പലവുരു വന്നു പോകുന്നു. ഒന്നിലധികം തവണ വരുന്ന മിക്കവരുടെയും വീടുകളിലും ഗ്രാമങ്ങളിലും ഈ സഹവാസത്തിന്റെ ദീപ്തി പടരുന്നു എന്നതറിയുമ്പോള്‍, ഒളിമ്പസ്സിന്റെ പ്രവര്‍ത്തകര്‍ക്ക് സന്തോഷമുണ്ട്.

  വര്‍ത്തമാന പാരിസ്ഥിതിക സാമൂഹ്യ സാമ്പത്തിക സാംസ്കാരിക പ്രതി സന്ധികളുടെ ത്വരണത്തിന്റെ പശ്ചാത്തലത്തില്‍, സുസ്ഥിരതയെ ലക്ഷ്യമാക്കി, സഹവാസങ്ങളിലൂടെ, ഒരു പുതു ജീവന ശൈലിയിലേക്ക് മനുഷ്യ രാശിയിലെ ഒട്ടേറെ പേര്‍ മാറുന്ന കാലം അതി വിദൂരമല്ല. ഈയൊരു പശ്ചാത്തലത്തില്‍ ഒളിമ്പസ് സഹവാസങ്ങളുടെ പ്രസക്തി ഏറുന്നു. ഒളിമ്പസ് മുന്‍പോട്ടു വയ്ക്കുന്ന ഒരു കൂട്ട് ജീവിത ശൈലി, ഏതെങ്കിലും ഒരു പ്രത്യയ മൗലിക വിചാരത്തെ ആസ്പദിച്ചു ഉള്ളതല്ല. പ്രപഞ്ച നിയമങ്ങളും, പ്രപഞ്ച കേന്ദ്രിത വീക്ഷണവും ആധാരമാകുന്ന ഒരു സമഗ്ര വീക്ഷണത്തെ ഒളിമ്പസ് പകരുന്നു. എല്ലാ അര്‍ത്ഥത്തിലും.

  അതിനാല്‍, സ്വ ജീവിതത്തിന്റെ സമഗ്രവും, പരസ്പരാനന്ദ പൂര്‍ണവും ആയ തിരിച്ചറിവിനും പരിശീലനത്തിനും ആയി ഒരു മാസത്തിലെ രണ്ടു നാള്‍ എങ്കിലും മാറ്റി വയ്ക്കുക. അറിയുക, പകരുക. പരിചിതരെ ഈ വഴിയിലെത്താന്‍ സഹായിക്കുക…

  സുസ്വാഗതം..

  സ്ഥലം : പാലക്കാട് ജില്ലയിലെ തത്തമംഗലത്തുള്ള നവഗോത്ര ഗുരുകുലം.സമയം : എല്ലാ മാസവും രണ്ടാം ശനിയാഴ്ച രാവിലെ ഒമ്പതര മണി മുതല്‍ ഞായറാഴ്ച വൈകീട്ട് മൂന്നര വരെ..

  പരിപാടികള്‍ : കൂട്ടായ പഠനങ്ങള്‍, ധ്യാനങ്ങള്‍, ആചരണങ്ങള്‍, ജോലികള്‍, പാരെന്റിംഗ്, ആഘോഷങ്ങള്‍, ചര്‍ച്ചകള്‍, പരിചയപ്പെടലുകള്‍, ആസൂത്രണം, കളികള്‍, പങ്കിടലുകള്‍, അങ്ങിനെ ഒട്ടേറെ..
  പങ്കാളികളുടെ ഉത്തരവാദിത്തങ്ങള്‍:

  1. പങ്കാളികള്‍, വീട്ടുകാരാണ്. വന്നു കഴിഞ്ഞാല്‍ പോകും വരെ എങ്കിലും.
  2. അതിഥികള്‍ അല്ല, ആതിഥേയര്‍ ആകുക ആണ് വേണ്ടത്.
  3. എല്ലാ വിധം മുന്‍വിധികളും ഊരി വയ്ക്കുക.
  4. പൊതു അളവുകോലുകളില്‍ ആരെയും, എന്തിനെയും ഒതുക്കാതിരിക്കുക.
  5. പുതു അനുഭവങ്ങള്‍ക്കായി, മനസ്സിന്റെ ബോദ്ധ്യത്തെ തുറന്നു വയ്ക്കുക.
  6. ഇത് ഒരു നവ ലോക നിര്‍മിതിയുടെ ചെറിയ ഒരു ചുവടാണ്.
  7. അവനവനു ബോദ്ധ്യമുള്ള അളവില്‍, തലത്തില്‍, തരത്തില്‍, ആവതു ചെയ്യുക, വെറും കാഴ്ച്ചക്കാരാകാതിരിക്കുക.
  8. എവരുമായും കൂട്ട് കൂടുക, ജോലികളും, ഭക്ഷണവും, അറിവും സൌഹൃദവും പങ്കിടുക.

  ചെലവു :

  1. മിനിമം പ്രതി മാസ വരുമാനത്തിന്റെ മൂന്നു നാള്‍ വരുമാനം ഗുരു കുലത്തിന്റെ ചെലവിനായി പങ്കിടുക.
  2. പ്രതി മാസം 3000 രൂപ എങ്കിലും വരുമാനം ഉണ്ടാകും എന്ന നിലയില്‍ 300 രൂപ മിനിമം എന്ന് നിചപ്പെടുത്തിയിട്ടുണ്ട്.
  3. എന്ന് വച്ച് വരുമാനമില്ലാത്തവര്‍ തുക തന്നു കൊള്ളണം എന്നില്ല. ഒരു വീട്ടിലെ എല്ലാരും വരുമാനക്കാരാകില്ലല്ലോ..
  4. പരിപാടിയില്‍ വന്നെത്താന്‍ കഴിയാതെ പോകുന്ന ബന്ധുക്കള്‍ക്ക്, ഒരു നാളത്തെ പങ്കാളിത്ത തുക അയച്ചു തരാം..
  5. കൂടാതെ പങ്കു പങ്കിടാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് തരാതിരിക്കാം.

  ഒളിമ്പസ് സഹവാസ സംവിധാനത്തിന്റെ ചരിത്രം ഒറ്റ നോട്ടത്തില്‍

  1. 1981-ല്‍ കുട്ടികളുടെ ശാസ്ത്ര സംഘം ആയി ജനനം,
  2. 1990-ല്‍ പ്രകൃതി ആശ്രമ രൂപം,
  3. 1994-ല്‍ ചെന്നൈയില്‍ കൂട്ട് ജീവിത കേന്ദ്രം ആരംഭം,
  4. 1997-ല്‍ കേരള ത്തിലേക്ക് (പാലക്കാടു ജില്ലയിലെ തത്തമംഗലത്തെയ്ക്ക്.)
  5. 1998 മുതല്‍ സ്ഥിരം സഹവാസ അനുഭവം പൊതു ജനത്തിനു പരിചയപ്പെടാനായി മാസത്തില്‍ രണ്ടു നാള്‍ (രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ) കേന്ദ്രം തുറന്നു വയ്ക്കുന്നു.
  6. 2002-ല്‍ പുന സംഘടനാര്‍ത്ഥം സ്ഥിര സഹവാസവും, പ്രതിമാസ സഹവാസവും നിര്‍ത്തി വയ്ക്കുന്നു,
  7. 2006-ല്‍ പാലക്കാട് ജില്ലയിലെ കല്ലടിക്കോട് നവ ഗോത്ര ഗുരുകുലം എന്ന രൂപത്തില്‍ സഹവാസ സംവിധാനം പുന സംഘടിപ്പിക്കുന്നു.
  8. 2009-ല്‍ ഗുരുകുലം തത്തമംഗലത്തേക്ക് വീണ്ടും മാറുന്നു.
  9. 2012-ല്‍ ജനുവരിയില്‍ പൊതു സഹവാസം, (രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും) പുനരാരംഭിക്കുന്നു.

  ഒളിമ്പസ്സിനെ ആധാരമാക്കിയുള്ള ഈ കൂട്ട് ജീവിത സംവിധാനത്തിന്റെ 2002 വരെയുള്ള ആദ്യ ഘട്ടത്തില്‍, പ്രാദേശികമായും ദൂര ദിക്കുകളില്‍ നിന്നുമായി പന്ത്രണ്ട് പേരോളം ഉണ്ടായിരുന്നു. എന്നാല്‍, ഒരു പുന സംഘടനയ്ക്കിടെ വന്ന നീണ്ട എട്ടു വര്‍ഷങ്ങ ത്തെ നിറുത്തി വയ്ക്കല്‍ കൊണ്ട് അത് മൂന്നായി ചുരുങ്ങുകയും കൂടുതല്‍ പേര്‍ ഈ ധാരയിലേക്ക് ഇറങ്ങി വരാതിരിക്കയും ചെയ്യുന്നു. (മലയാളിയില്‍ വളര്‍ന്നു വരുന്ന വ്യക്തി പരത ആണ് അതിനു കാരണം എന്ന് ചില സാമൂഹ്യ ശാസ്ത്രജ്ഞര്‍ ഈ പ്രതിഭാസത്തെ നിരീക്ഷിക്കുന്നു)

  Facebook Post : https://www.facebook.com/notes/10205133412882863

  Print Friendly

  808total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in