• ഗുണഭോഗവും ഉപഭോഗവും : ഉപഭോഗ സംസ്കാരത്തിന്‍റെ ഒറ്റവരി.

  by  • August 10, 2017 • സമ്പദ്ശാസ്ത്രം, സാമൂഹികം • 1 Comment

  വിശപ്പടക്കാന്‍ ഫലമൂലാദികള്‍ പറിച്ചു തിന്നുന്നതും കൂടുകെട്ടാന്‍ ചുള്ളി പെറുക്കുന്നതും  പോലെ നിലനില്‍ക്കുവാന്‍ പ്രകൃതിയെ ആശ്രയിക്കുന്നതിനെ ഗുണഭോഗം എന്ന് വിളിക്കാം.   പഴങ്ങള്‍ പറിച്ചു സംഭരിക്കുന്നതും ഉപയോഗമായേക്കാവുന്ന ചുള്ളികള്‍ ഒടിച്ചു കൂടുതല്‍ കെട്ടി വയ്ക്കുന്നതും ഗുണഭോഗത്തിന്‍റെ വികസിത അവസ്ഥയാണ്.

  അതിനും അപ്പുറം അദ്ധ്വാനം കൊണ്ട് പ്രകൃതിയുടെ സ്വാഭാവികതയെ മാറ്റം വരുത്തി ഗുണഭോഗ വസ്തുക്കള്‍ നേടുന്നതാണ്  ഉപഭോഗം. ഉത്പാദനമാണ് ഉപഭോഗത്തിന്‍റെ ആദ്യഘട്ടം. തൊഴില്‍ ഉത്പാദനത്തെ ചലിപ്പിക്കുന്നു.  തൊഴില്‍ ഉപയോഗിച്ച് ഉത്പാദനം നടത്തി സംഭരിക്കുന്ന സംവിധാനത്തെ വ്യവസായം എന്ന് വിളിക്കാം. കൃഷിയാണ് ആദ്യമായി സ്ഥാപിക്കപ്പെട്ട വ്യവസായ സംവിധാനം.

  വ്യവസായത്തിനു മുമ്പ് കാടാണ് ഉണ്ടായിരുന്നത്. കാടറിഞ്ഞ കാടരാണുണ്ടായിരുന്നത്. അതിന്‍റെ കാതലറിഞ്ഞ മൂപ്പനാണ് കാടരെ ഇഷ്ടത്തോടെ കൂട്ടമാക്കി (ഗോത്രം) ചേര്‍ത്ത് നിര്‍ത്തി വഴി പറഞ്ഞു മുന്നോട്ടു കൊണ്ടുപോയത്. ജീവിതാനുഭവമായിരുന്നു അറിവ്. കൂടുതലറിഞ്ഞ മൂപ്പന്‍റെ വചനമായിരുന്നു പ്രമാണം. കാടെന്ന അനുഭൂതിയായിരുന്നു ഭക്തി.

  വ്യവസായം വ്യവസ്ഥാപിതമായപ്പോള്‍   കൃഷിയും മണ്ണറിഞ്ഞ കര്‍ഷകനുമുണ്ടായി. ഭൂവുടമയും നാടുമുണ്ടായി. നാടറിഞ്ഞവന്‍ നാടുവാഴിയായി. നാട്ടുജീവിതം പൊതുരീതിയാക്കുവാന്‍ വിദ്യാഭ്യാസമുണ്ടായി. ബാധിക്കുന്ന പ്രകൃതിയെ പറ്റിയുള്ള ആധികളില്‍ നിന്നും രക്ഷനേടാന്‍ നാടിന്റേതായ  ദൈവമുണ്ടായി, വൈദ്യമുണ്ടായി, വേദമുണ്ടായി. 

  സ്വന്തം ഉപഭോഗവും പങ്കിടലും കഴിഞ്ഞുള്ളത്‌ വില്‍ക്കുവാന്‍  തുടങ്ങിയപ്പോള്‍ വാണിജ്യമുണ്ടായി. വാണിജ്യം വ്യവസായത്തിനു പുതുരൂപങ്ങള്‍ നല്‍കി. തൊഴിലാളിയും തൊഴിലുടമയും വേതനവും ലാഭവും മുതലും സമ്പന്നതയും ദാരിദ്ര്യവും ഉണ്ടായി. നാടുവാഴി രാജാവായി.  പണവും നികുതിയും നീക്കുപോക്കുമുള്ള നാഗരികതയുണ്ടായി. നാഗരികതയുടെ ആധിയകറ്റാന്‍  വൈദികനും വൈദ്യനും (professionals) ഉണ്ടായി.

  വാണിജ്യത്തിനു തട്ടകമായി വിപണി ഉണ്ടായി. വിപണി നിലനില്‍ക്കുവാന്‍ ഉപഭോഗം ഒരു സംസ്കാരമായി മാറേണ്ടിയിരുന്നു.   അങ്ങനെ വിപണിയുടെ വിസ്തീര്‍ണം കൂട്ടുവാന്‍ അധിനിവേശങ്ങള്‍ ഉണ്ടായി.  ഇടനിലക്കാരും ദല്ലാളന്മാരും ഉണ്ടായി.  കാടറിഞ്ഞവനും മണ്ണറിഞ്ഞവനും നാടറിഞ്ഞവനും നീക്കം ചെയ്യപ്പെട്ടു. അവിടെ ദല്ലാളന്മാര്‍ കയ്യേറി, കാടേറിയവനും മണ്ണേറിയവനും നാടേറിയവനും ഉണ്ടായി. വികസനമുണ്ടായി, ജനാധിപത്യമുണ്ടായി, മതമുണ്ടായി.  അത് സംഘടിതമായി നടന്നപ്പോള്‍ കേന്ദ്രീകൃത വ്യവസായികള്‍ (കോര്‍പ്പറേറ്റുകള്‍) ഉണ്ടായി.  അവര്‍ നാടിനേയും പണത്തെയും ഭരിക്കുവാന്‍ തുടങ്ങി. ഇപ്പോള്‍ അത് ഭംഗിയായി നടന്നു കൊണ്ടിരിക്കുന്നു.

  ഈ സംവിധാനത്തിലെ ഏറ്റവും ഉയര്‍ന്ന ഇടത്തില്‍ നില്‍ക്കുന്ന ഉപഭോക്താവിലെ ഉപഭോഗമാണ് ഈ സംസ്കാര പരമ്പരയിലെ  അവസാനഘട്ടം. ഉപഭോഗം ചെയ്യുന്ന ഓരോ നിമിഷവും പ്രകൃതിയുടെ സ്വാഭാവിക സംവിധാനത്തെ മാറ്റി മറിച്ചു കൊണ്ടുള്ള ഒരു ഭീമാകാര സംവിധാനം മൊത്തം ചലിക്കപ്പെടുന്നു. ഉപഭോക്താവില്‍ തുടങ്ങി ദല്ലാളന്മാരുടെ വലകളെയും കവിഞ്ഞു അടിസ്ഥാന ഉല്പാദകന്‍ വരെ നീണ്ടു കിടക്കുന്നു ഈ വല.  അങ്ങനെയങ്ങനെ അതിര്‍വരമ്പുകള്‍ കണ്ടെത്തുവാനാകാത്ത വിധം ഉപഭോഗവ്യവസ്ഥ പരന്നു കിടക്കുന്നു. 

  ജീവിതം സൂപ്പര്‍മാര്‍ക്കറ്റിലെ ഷെല്‍ഫില്‍ ഉണ്ടാകുന്നതാണെന്നു കരുതുന്ന ഓരോരുത്തരും ഈ വലക്കണ്ണിയുടെ ഭാഗമാകുകയാണ്.   അതിലെ എവിടെ ഒരു ചലനമുണ്ടായാലും പ്രകൃതി ഹനിക്കപ്പെടുന്നു. നിലനില്പ് കൂടുതല്‍ കൂടുതല്‍ ചോദ്യം ചെയ്യപ്പെടുന്നു. പ്രകൃതി സ്വയം ക്രമീകരിക്കുവാന്‍ തയ്യാറായാല്‍ നിലയും നിലനില്പും നഷ്ടമാകുക ഈ വലയിലെ സര്‍വ ആളുകള്‍ക്കും ആണ്. 

  ഇനി, ഉറക്കമെണീറ്റു പല്ലുതേയ്ക്കാന്‍ കമ്പോളത്തിലെ ഷെല്ഫില്‍ നിന്നും തോണ്ടിയെടുത്ത റ്റൂത്ത്പേസ്റ്റിന്‍റെ മൂടി തുറക്കുമ്പോള്‍ എങ്കിലും ഒന്ന് അലോചിച്ചു നോക്കുക, നിങ്ങള്‍ തുറക്കുന്നത് എന്താണെന്ന്.  നമ്മുടെ നിലനില്പിന്‍റെ അവസാന സാദ്ധ്യതയും നാം തന്നെ ഇല്ലാതാക്കുകയാണോ എന്ന്. നാം ചെയ്തു പോകുന്നതിന്‍റെ ശാസ്ത്രീയതയും ആത്മീയതയും ധാര്‍മികതയും  ആരോഗ്യവും രാഷ്ട്രീയവും എന്തൊക്കെയാണെന്ന്. ..

  വാല്‍ക്കഷണം

  മേല്‍ ചര്‍ച്ച ചെയ്ത അവസ്ഥകള്‍ക്കുള്ള പരിഹാരം

  നിലനില്പിന്‍റെ എല്ലാ സമവാക്യങ്ങളും തെറ്റിപ്പോകുന്ന ഈ അവസ്ഥയില്‍ ഞങ്ങളുടെ അറിവില്‍ ഇനി ഒരേ ഒരു പരിഹാരമേ നമുക്ക് മുന്നില്‍ ഉള്ളൂ.  നിലനില്പിന് മാത്രമായ കൃഷിയും മണ്ണും കാടും വിണ്ണും അറിവും ഉള്ളും ഉണ്മയും വഴിയും ഉള്ള ഒരു പുതു ഗോത്രമുണ്ടാകണം. അത് സംസ്കാരമാകണം. അതിനു ഞങ്ങള്‍ ഇവിടെ ഒരു തുടക്കം ഇട്ടിട്ടുണ്ട്. നവഗോത്ര സുസ്ഥിര ജീവന സമൂഹം. പരസ്പരം അറിയുവാനായും വിഷയങ്ങളും ജീവിത ചര്യകളും പരിശീലിക്കുവാനായും  നാം എല്ലാ മാസവും ഒത്തു കൂടാറുണ്ട്.  ഈ ഒത്തു ചേരലാണ് ഇക്കോ സ്പിരിച്വല്‍ സഹവാസങ്ങള്‍.

  [കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ തവണ വീതം ഈ സഹവാസങ്ങളുടെ ഒന്നാം ഘട്ടം  നടന്നു കഴിഞ്ഞു. ഇനി മുതല്‍ രണ്ടാം ഘട്ടം കേരളത്തിന്റെ മദ്ധ്ജില്ലയും സംഘാടകരുടെ ഗൃഹ ജില്ലയുമായ പാലക്കാട് വച്ചാണ് പരിപാടി നടക്കുക. എല്ലാ മാസവും രണ്ടാം ശനിയാഴ്ചയുടെ തലേന്ന് ആരംഭിച്ചു ഞായര്‍ വൈകീട്ട് തീരുന്ന വിധത്തില്‍ മൂന്നു ദിവസമാണ് സഹവാസങ്ങള്‍ നടത്തുക. താല്പര്യം ഉള്ളവര്‍ക്ക് ബന്ധപ്പെടാം. ഫോണ്‍ : 9497628007 ]

  ഗ്രീന്‍ക്രോസ് സമഗ്ര മാതൃകാ ഇക്കോവില്ലേജാണ് അതിന്‍റെ പ്രായോഗിക പദ്ധതി. മനുഷ്യന്‍റെ കാല്‍പ്പാട് പതിയരുതാത്ത കന്യാവനവും, കൂട്ടായി ജീവിക്കുന്ന ചെറുഗ്രാമവും ജീവിത സര്‍വകലാശാലയും ഹരിതവിദ്യാലയവും സുസ്ഥിരഭക്ഷണവനവും തൊഴില്‍ഗ്രാമവും ഒക്കെ ചേര്‍ന്നതാണ് ഇക്കോവില്ലേജ്. അതിനകത്ത് ജീവിച്ചു കൊണ്ടോ, അവിടെ നിന്നും പങ്കിടാവുന്ന അറിവും അനുഭവും ഉപയോഗിച്ച് അവനവന്‍റെ മനസ്സിലും വീട്ടിലും നാട്ടിലും പ്രയോഗിച്ചു കൊണ്ടോ കൈ കോര്‍ക്കാവുന്നവരെ ഞങ്ങള്‍ തേടുന്നു. നന്മയും ശാന്തിയും നിലനില്പും ആനന്ദവും കൂട്ടായി നേടുവാന്‍ ഇഷ്ട്പ്പെടുന്നവരെങ്കില്‍ കൈ കോര്‍ക്കുവാന്‍ വിളിക്കുക.   9497628007.

  പുതിയ ബന്ധുക്കള്‍ക്ക് ഉള്ള പ്രവേശന വഴി ഇക്കോ സ്പിരിച്വല്‍ സഹവാസങ്ങള്‍ ആണ്. രണ്ടാം ശനിയാഴ്ചയുടെ തലേന്ന് മുതല്‍ പിറ്റേന്ന് വരെ മൂന്നു ദിവസത്തേക്കാണ് എല്ലാ മാസത്തെയും സഹവാസങ്ങള്‍‍. കൈകോര്‍ക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അല്പം പോലും സമയം കളയാതെ അടുത്ത സഹവാസത്തിനു ഒത്തുചേരുക.

  Print Friendly

  901total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in