• പഞ്ച ഗുരുത്വങ്ങൾ

  by  • February 19, 2014 • ആത്മീയത • 0 Comments

   

  ഒന്നിന്റെ  ആന്തരിക പ്രപഞ്ചവും ബാഹ്യ പ്രപഞ്ചവും അതിന്റെ നിയതമായ (destined) സ്വത്വ ധാരയിൽ നില്ക്കുമ്പോഴാണ് സുസ്ഥിതവും ജൈവവുമായ  മുൻപോട്ടു പോക്കുണ്ടാകുക  . ആ ക്രമം, തെറ്റാതെ നില നിർത്തുവാൻ വേണ്ടി  പ്രാപഞ്ചികമായ നിയത രൂപരേഖ (universally destined design) അതിന്റെ ഒരു മുറിപ്പതിപ്പിനെ (fractal) സഹജാവബോധമായി  അടക്കം ചെയ്തു നല്കിയതാണ്, ഒന്നിന്റെ ഗുരുത്വം. അത് ആ സത്തയെ അതിന്റെ നിയത ധാരയിൽ തന്നെ അടി പതറാതെ  ചേർത്ത് നിറുത്തും.  പ്രവേശകം, ധാരണീയം, നിമജ്ജനം, സമർപ്പണം, സമാധി എന്നീ തലങ്ങൾ കടന്നെത്തുന്ന ഒരു ജൈവ ചക്രത്തിൽ, ഗുരുത്വം കുടിയിരിക്കുമ്പോൾ മാത്രമേ, ആ ജൈവ സംവിധാനം, തന്റെ ജീവൽ ധർമം, പൂർണമായി നിർവഹിച്ചു (മോക്ഷമടഞ്ഞു) തീരുകയുള്ളൂ. സർവ പരമായ ധ്യാനം ഗുരുത്വത്തെ അതിന്റെ പൂർണതയിൽ നിലനിർത്തും.

  പ്രകൃതീ പ്രപഞ്ച സൂത്രത്തിൽ, പ്രകൃതിയാൽ രൂപ  കല്പിതമായ ധർമ പരമ്പരയെ പ്രപഞ്ച ധർമമെത്തുവോളം എത്തിക്കുവാൻ വേണ്ടി  പകർന്നു നല്കപ്പെട്ട ആയമാണ് ജന്മ ഗുരുത്വം. ഒരു തലമുറയിൽ നിന്നും തുടങ്ങാത്ത ഒന്നായത് കൊണ്ടും, പ്രാപഞ്ചിക നിയത ക്രിയ, കാലാനുബന്ധിതമല്ലാത്തതു  കൊണ്ടും, മാതൃ പിതൃ പരമ്പരകളിലൂടെ കടന്നു ഈ ഗുരുത്വം ആർജിക്കപ്പെടുന്നു. ജന്മഗുരുത്വം കായഗുരുത്വമായും, ജീവ ഗുരുത്വമായും ഇഴ പിരിഞ്ഞു നിൽക്കുന്നു. മനുഷ്യരിൽ കായ ഗുരുത്വം മാതൃ പരമ്പരയോടും, ജീവ ഗുരുത്വം പിതൃ പരമ്പരയോടും കടപ്പെട്ടിരിക്കുന്നു. പുതുതായി സൃഷ്ടിക്കപ്പെടാൻ കഴിയാത്ത ഒന്നായത് കൊണ്ട്, പാരമ്പര്യ സ്മൃതികളിലും, ആചരണങ്ങളിലും, സംസ്കാരത്തിലും ഊന്നി നിന്ന് കൊണ്ട് (മാതൃ പിതൃ സ്വത്വങ്ങളെ ആദരിച്ചു കൊണ്ട് ) ജന്മ ഗുരുത്വം നഷ്ടമാകാതെ സൂക്ഷിക്കാനാകും.

  സമീപസ്ഥ പ്രകൃതിയോടു ചേർന്ന് നിന്ന് കൊണ്ട് ജീവസന്ധാരണം നിർവഹിക്കുവാൻ  പാകത്തിൽ ജൈവ സംവിധാനത്തിന് ശേഷി പകർന്നു നിലനിറുത്തി  മുൻപോട്ടു പോകുന്ന സഹജ നൈസർഗികതയാണ് ശക്തി ഗുരുത്വം. സ്വശരീരത്തിനു വേണ്ടുന്നത് സമീപസ്ഥ പ്രകൃതി കരുതി വച്ചിട്ടുണ്ടെങ്കിലും, ശക്തി ഗുരുത്വത്തിന്റെ അളവിന് ആപേക്ഷികമായി മാത്രമേ, ജീവൽ സംവിധാനം, താല്കാലികമോ സ്ഥിരമോ ആയി സമ്പന്നമാകുകയും, വളരുകയും ചെയ്യുകയുള്ളൂ.. സമീപസ്ഥ പ്രകൃതിയിലേക്ക്, ആവശ്യം കഴിഞ്ഞുള്ളത്‌ വിട്ടു കൊടുക്കാൻ ഉള്ള  ശേഷിയും ശക്തി ഗുരുത്വത്തിന്റെ ഭാഗമാണ്. സമീപസ്ഥ പ്രകൃതിയിൽ നിന്നും എടുക്കുകയും കൊടുക്കുകയും ചെയ്യുന്നത് തുലനം ചെയ്യുമ്പോൾ ശക്തി ഗുരുത്വം പൂർണമായി നിലനിൽക്കും.. ശക്തിഗുരുത്വം കുറയുന്ന  പക്ഷം ആ ജൈവ സത്ത വളർച്ചയുടെ പൂർണാവസ്ഥയ്ക്ക് മുൻപേ തന്നെ തീർന്നു പോകും.  മനോ കായ കർമങ്ങൾ, പ്രാകൃതീയമായി സൂക്ഷിക്കുക (ആരോഗ്യം സമഗ്രമായി സംരക്ഷിക്കുക) എന്നതാണ് ശക്തിഗുരുത്വം നില നിർത്തുവാനുള്ള ഏക വഴി. (സമ്പന്നതയെ സംശുദ്ധമാക്കുക)

  ജന്മം കൊണ്ട് സിദ്ധിച്ച കായ മനോ ശേഷികളുമായി, ജീവിച്ചു പോകുമ്പോൾ, പ്രപഞ്ച ധർമത്തിലെക്കു ചെന്നെത്തുവാനുള്ള ദിശാബോധമാണ് ധർമ ഗുരുത്വം. ലൌകിക സാഹചര്യങ്ങളിൽ മുഴുകിയിരിക്കുമ്പോൾ, ആ ധർമ വ്യതിയാനമുണ്ടാകുവാനുള്ള യൗക്തിക സാദ്ധ്യതകൾ ഏറെ ആണെന്നത് കൊണ്ടാണ് ധർമ ഗുരുത്വം ഒരു ജീവൽ സംവിധാനത്തിന്റെ ശാന്ത സുസ്ഥിത അവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാകുന്നതു. മൂല്യങ്ങൾ പരിരക്ഷിക്കുകയാണ് അതിനുള്ള ഒരേ ഒരു  വഴി. മൂല്യമെന്നതു ഭൌതികതയുടെ സവിശേഷതാ മാനം (ആത്മീയത) ആണ്. മൂല്യാതീത ജീവനം പ്രക്ഷുബ്ധാവസ്ഥ തീർക്കുകയും അക്രമം ഉണ്ടാകുകയും, ആ വ്യവസ്ഥ ശിഥിലമാകുകയും ചെയ്യും. ഒരു ജൈവ വ്യവസ്ഥ എന്ന രീതിയിൽ, കോശത്തിലും, ശരീരത്തിലും, കുടുംബത്തിലും, സംഘടനയിലും, രാഷ്ട്രത്തിലും ഒക്കെ ഈ നിയമം (മൂല്യാധിഷ്ഠിത ജീവനം) ബാധകമാകുന്നു.

  കേവലാവസ്ഥയിൽ നിന്നും വികസിതമായ, ഒരു യുക്ത്യാധിക്യ സാമൂഹ്യ ക്രമത്തിൽ, സഹജാവ ബോധത്തെക്കാൾ, ശിക്ഷിതാവബോധത്തിന് പ്രാധാന്യം കൈ വരുമ്പോൾ, ആ സത്തയ്ക്ക് നിയതരൂപരേഖയോട്  ക്രമം തെറ്റാതെ ഉണ്ടായിരിക്കേണ്ട ഒഴുക്കിനെ പറ്റിയുള്ള ദിശാബോധം, തഴക്കമെന്ന വണ്ണം ആർജിക്കുന്നതാണ് ജ്ഞാന ഗുരുത്വം.  ജ്ഞാന ഗുരുത്വം, ഇതര ഗുരുത്വങ്ങളിൽ വന്നു ചേരാവുന്ന ക്രമമില്ലായ്കകളെ ശുദ്ധീകരിക്കാൻ പ്രാപ്തമാണ്. ജ്ഞാന ഗുരുത്വം, സ്വധർമത്തെ കേവല ധർമമായി മാത്രം നില നിർത്താതെ, ഒരു പ്രാപഞ്ചിക സ്വഭാവം നൽകുകയും, സാമൂഹ്യ ഉത്പാദകത്വത്തിനു ഹേതുവാക്കുകയും ചെയ്യും. അതിനാൽ തന്നെ ജ്ഞാന ഗുരുത്വം സർവർക്കും സ്വയം പ്രാപ്തമല്ല.  ജ്ഞാന ഗുരുത്വം സ്വാർജിതമായി കൈ വരിക്കുവാൻ ശേഷിയില്ലെങ്കിൽ,  പ്രാപഞ്ചിക നിയത രൂപരേഖ, ആ സത്തയിലേക്ക് പ്രേരിതമായി നൽകുവാനായി  ചുമതലപ്പെടുത്തുന്ന വസ്തുവോ, വസ്തുതയോ, വ്യക്തിയോ വ്യവസ്ഥയോ ആണ് ഗുരു. ഗുരു ഒരിക്കലും ഒരു സ്വയം വരിക്കൽ അല്ല. അതൊരു നിയോഗമാണ്.

   

  ഗുരുത്വം എന്നത് ഒരു പ്രാപഞ്ചിക ജീവൽ ഭാവമെന്നു അറിയുകയും ആദരിക്കയും ചെയ്യുന്നത് ജീവൽ സത്തയുടെ സ്വന്തം ആവശ്യം തന്നെയാണ്. ഗുരുത്വം ഉലയാതെ സൂക്ഷിക്കുകയാണ് പ്രാപഞ്ചിക ജീവിതത്തിൽ നമ്മുടെ പ്രഥമ ധർമം. ഏവർക്കും എല്ലായ്പ്പോഴും അതിനു കഴിയുമാറാകട്ടെ എന്ന് അർഥിക്കുന്നു.

  – ആധാരം, ഒളിമ്പസ്സിന്റെ ഗുരുസ്മൃതി

  https://www.facebook.com/notes/589890097725601

  Print Friendly

  826total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in