• ശ്ലീലം ഒരു പ്രകൃതി വീക്ഷണം.

  by  • February 19, 2014 • പരിസ്ഥിതി • 0 Comments

  ആദരം, പ്രേമം, വാത്സല്യം

   

  സംസ്കാരമുള്ള ഒരു സമൂഹം, ശ്ലീലമായതിനെയാണ് മൂല്യമായി കണക്കാക്കുക. ധനാത്മകമായ ഒന്ന് എന്നതാണ് ശ്ലീലം എന്ന പദത്തിന്റെ അർഥം. ധനാത്മകമായതേ സഭയിൽ വിളമ്പാവൂ എന്നതാണ് സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്. അത് കൊണ്ട് ശ്ലീലം എന്നത് സഭ്യം എന്നതാകുന്നു. കാലക്രമത്തിൽ ശ്ലീലമല്ലാത്തതു എന്ന് പറയാവുന്ന ഒരു കൂട്ടം കാര്യങ്ങൾ തന്നെ സാമൂഹ്യ ജീവനത്തിൽ സ്ഥിതമായി തീർന്നിട്ടുണ്ട്. പ്രകൃതിതത്വ ശാസ്ത്രവീക്ഷണത്തിൽ ശ്ലീലമായതു എന്താണെന്ന് ആണ് ഇവിടെ അന്വേഷണം.

   

  നാം അറിയുന്ന ഓരോന്നും ഓരോ വ്യവസ്ഥകൾ ആണ്. മനുഷ്യനും, പ്രകൃതിയും, ശരീരവും കോശവും, തന്മാത്രയും ഒക്കെ ഓരോരോ വ്യവസ്ഥകൾ ആണ്.  ഈ പ്രപഞ്ച വ്യവസ്ഥകൾ കൂട്ടിലാക്കപ്പെട്ട ശ്രേണികളായി   (nested hierarchy) ആയി ആണ് ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. അതായത് അവയവങ്ങൾ ശരീരം എന്ന കൂടിലും, ശരീരങ്ങൾ ജീവ സമൂഹം എന്ന കൂടിലും, ജൈവാജൈവ സമൂഹങ്ങൾ ഗയ്യാ (ഭൂമി) എന്ന കൂടിലും അകപ്പെടുത്തപ്പെട്ടിരിക്കുന്നു. പരമാണു മുതൽ പ്രപഞ്ചം വരെയും ഈ കൂട്ടിലാക്കപ്പെട്ട ശ്രേണിയിൽ ആണ് ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. ഓരോ വ്യവസ്ഥയും തന്റെ കൂടിനെ (ഉപരിവ്യവസ്ഥ -Trans System) വലുതായി കാണുകയും, തനിക്കകത്തുള്ള കൂടിനെ (ആന്തരിക വ്യവസ്ഥ – Intra System) തന്റെതെന്നു (ചെറുതെന്ന്) കരുതുകയും ചെയ്യുമ്പോഴാണ് സുഗമമായി ഈ വ്യവസ്ഥാ ശ്രേണി നില നില്ക്കുക. അതാണ്‌ ആരോഗ്യം. ഈ ആരോഗ്യം സ്ഥാനശ്രേണികൾ തമ്മിലുള്ള സുതാര്യതയിൽ നിന്നും മാത്രം ഉടലെടുക്കുന്നതാണ്. വയറെന്ന അവയവത്തിൽ വിശപ്പുണ്ടാകുമ്പോൾ, അത് നാം അറിയുന്നതും പ്രകൃതിയിൽ നിന്നും വേണ്ടതെടുത്ത് ഭക്ഷിച്ചു നാം വിശപ്പടക്കുന്നതും  ഈ സുഗമ സുതാര്യത നിലനിൽക്കുമ്പോഴാണ്. ഈ ക്രമമായ സംവിധാനം അതിന്റെ സുതാര്യാവസ്ഥയിൽ എവിടെ താളം തെറ്റുന്നുവോ, അവിടെ അനാരോഗ്യം ഉടലെടുക്കുന്നു. ഈ പറഞ്ഞ സുഗമ സുതാര്യതയാണ് പ്രേമം (Love).

   

  ഒരു ജൈവ സംവിധാനത്തിൽ, ഉപരി വ്യവസ്ഥയോട് ഒരു വ്യവസ്ഥയ്ക്കുണ്ടാകുന്ന സുതാര്യതയാണ് ആദരം (Respect). ഉപരി വ്യവസ്ഥയ്ക്ക്, ഉപ വ്യവസ്ഥയോടുള്ള പ്രത്യാദരവാണ് വാത്സല്യം (Fondness). പ്രകൃതി വ്യവസ്ഥകളോടുള്ള  ഈ മൂല്യ വിനിമയത്തിൽ കൂടി ആണ് ഓരോ വ്യവസ്ഥയും, വെള്ളത്തിലെ മീൻ ചെകിളകളാൽ ജീവിച്ചു പോകുന്നതു പോലെ, നില നിന്നു പോകുന്നത്.  ഈ ആദരവും വാത്സല്യവും, ഓരോ വ്യവസ്ഥയും അവരവരുടെ സ്വന്തം വ്യാകരണത്തിലൂടെയാണ് മനസ്സിലാക്കുന്നതെങ്കിലും, എല്ലാം ഒന്ന് തന്നെയാണ്.   ഈ ആദര വാത്സല്യങ്ങൾ നഷ്ട്ടപ്പെട്ടു തുടങ്ങുമ്പോഴൊക്കെ, വ്യവസ്ഥകളുടെ വൈയക്തിക / സാമൂഹ്യ ജീവനം കലുഷിതമാകുന്നു, കലാപമാകുന്നു.

   

  ഓരോ വ്യവസ്ഥയും തന്റെ കൂടിനുള്ളിൽ, തനിക്കു സമമിതമായ സഹവ്യവസ്ഥകൾക്കൊപ്പമാണ് വസിക്കുക. ഉപരിവ്യവസ്ഥ എന്നത് ഒരു സത്തയ്ക്കും പൂർണമായി കാണാവുന്നതല്ല. അത് കൊണ്ട് തന്നെ, ഓരോ വ്യവസ്ഥയ്ക്കും തന്റെ ഉപരി വ്യവസ്ഥയെ സഹവ്യവസ്ഥകളുടെ രൂപത്തിലാണ് ദർശിക്കുവാനാകുക. നമുക്ക്, നമ്മുടെ ഉപരി വ്യവസ്ഥയായ മനുഷ്യ ജീവി വർഗത്തെ നമ്മുടെ കൂടെ ഉള്ള മനുഷ്യരുടെ  രൂപത്തിലും, ജൈവാജൈവ ജാലം (പ്രകൃതി) എന്ന ഉപരി വ്യവസ്ഥയെ മരങ്ങളും മലയും മഴയും പുഴയും ചേർന്ന സഹ വ്യവസ്ഥകളായും ആണ് അറിയാൻ കഴിയുക. അതിനാൽ, ഒരു വ്യവസ്ഥയ്ക്ക് (ഉദാ: ജീവിക്ക്) ഉപരി വ്യവസ്ഥയോടുള്ള (ഉദാ: ജീവി വർഗം) സുതാര്യത എന്നത് സഹവ്യവസ്ഥയുടെ (ഉദാ: മറ്റു ജീവികളുടെ) രൂപത്തിൽ പ്രത്യക്ഷമാകുന്നവയോട് ഉള്ള സുതാര്യതയിലൂടെ ആയിരിക്കും മിക്കപ്പോഴും സംഭവിക്കുക ( ഇത് ബോധ ബുദ്ധികളുടെ തുലനതയോടെ സംഘാടനം ചെയ്യപ്പെടുന്ന വ്യവസ്ഥകളിലെല്ലാം കണ്ടു വരുന്നുണ്ട്).. അതിനാൽ തന്നെ, സുസ്ഥിര സ്വാസ്ഥ്യ പൂർണമായ സാമൂഹ്യ ജീവനത്തിനു ആദര പ്രേമ വാത്സല്യങ്ങൾ ആവശ്യം തന്നെ.

   

  ആദര പ്രേമ വാത്സല്യങ്ങൾ നിലകൊള്ളുമ്പോൾ, പ്രകൃതിയുടെ സുഗമമായ ജൈവ നിയമങ്ങൾ പാലിക്കപ്പെടുകയും സ്വാസ്ഥ്യം പ്രദാനം ചെയ്യപ്പെടുകയും ചെയ്യും. അത് ഭൌതികമായോ, പ്രഭാവ പരമായോ ഉള്ള വിനിമയങ്ങളിൽ (കൊടുക്കൽ വാങ്ങലുകളിലും, സംഭാഷണങ്ങളിലും,  ചിന്തകളിലും, ശീലങ്ങളിലും ഒക്കെ) ഉണ്ടാകുന്ന ഒരവസ്ഥ, സ്വാസ്ഥ്യം എന്നത് ആണെന്ന് പറയാം. അങ്ങിനെ ഒരേ സമയം സഹവ്യവസ്ഥയായും ഉപരിവ്യവസ്ഥയായും പ്രത്യക്ഷമാകുന്ന സർവതിനോടും ഉള്ള സുഗമമായ / സ്വാസ്ഥ്യ പൂർണമായ വിനിമയം ആണ് ശ്ലീലം.  അല്ലാതെ വരുന്ന ഏതു വിനിമയവും അശ്ലീലം തന്നെ, അസഭ്യവും. അതിനാൽ സുഗമ ലളിതമായ ശാന്ത സുസ്ഥിര ജീവനത്തിനു, ആദര പ്രേമ വാത്സല്യങ്ങൾ ഉണ്ടാകട്ടെ. നമ്മുടെ കർമങ്ങൾ ശ്ലീല സഭ്യങ്ങൾ ആകട്ടെ.

  https://www.facebook.com/notes/santhosh-olympuss/notes/580743561973588

  Print Friendly

  892total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in