• നീട്ടി വയ്ക്കലിന്റെ മന:ശ്ശാസ്ത്രം

  by  • July 24, 2013 • ജീവിത വിജയം • 0 Comments

  ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നീട്ടി  വയ്ക്കാത്തവര്‍ ഉണ്ടാകില്ല.. എന്നാല്‍ ഈ മാറ്റിവയ്ക്കല്‍ ( വിളമ്പ സ്വഭാവം – Procrastination) ജീവിതത്തില്‍ നമ്മെ പിന്‍ തുടരുന്നുവെങ്കില്‍, അറിയുക, ആധുനിക ജീവിതത്തിന്റെ ധൃത സഞ്ചാലനത്തില്‍  പിടിച്ചു നില്‍കാന്‍ കഴിയാത്ത വിധം,  എവിടെയോ, നമുക്കൊരു കുഴപ്പമുണ്ടെന്നു.. ജീവിതത്തെ വിജയകരവും ആസ്വാദ്യകരവും ആക്കി മുന്‍പോട്ടു കൊണ്ട് പോകുവാന്‍ നമുക്ക് പലപ്പോഴും, (ചിലപ്പോള്‍ ഒരിക്കലും) , ഇത് കൊണ്ട് തന്നെ കഴിയാതെ വന്നേക്കാം..  ജീവിതത്തിന്റെ ഇരുണ്ട അദ്ധ്യായങ്ങള്‍ ഇതിനാല്‍ വിരചിക്കപ്പെട്ടേക്കാം.  നല്ലതെന്നും നമ്മുടേതെന്നും കരുതിയ പലതും നമ്മെ വിട്ടു പോയേക്കാം..  എന്താണിതിനൊരു പ്രതിവിധി?

  ഈ പറഞ്ഞ വിളമ്പ സ്വഭാവം (Procrastination) ഒരു രോഗമാണെന്ന് പറയുക വയ്യ. അത് മനുഷ്യ സ്വഭാവം തന്നെ. എന്നാല്‍ ആഹാരത്തോടോ, ലൈംഗികതയോടോ , വസ്തുക്കളോടോ, വൈകാരികതകളോടോ ഉള്ള നമ്മുടെ കടുത്ത സമീപനം, നമ്മുടെ മനോ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ പക്വപ്പെടുന്നത് പോലെ (സംസ്കാരമോ വിദ്യാഭ്യാസമോ അതിനെ പക്വപ്പെടുത്തുന്നത് പോലെ),   വിളമ്പ സ്വഭാവത്തെ പക്വപ്പെടുത്തിയെടുക്കേണ്ടുന്ന  ഒന്നാണെന്ന് സംസ്കാരം പലപ്പോഴും നമ്മെ പഠിപ്പിക്കുന്നില്ല. (പണ്ടുള്ള ഗുരുകുലങ്ങളും നാം കുറ്റം പറയാറുള്ള മെക്കാളെ വിദ്യാഭ്യാസവും, വിളമ്പ സ്വഭാവത്തെ അതിജീവിക്കാന്‍ പരിശീലിപ്പിച്ചിരുന്നു എന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്.) മാനേജുമെന്റു ശാസ്ത്രം ഈ മേഖലയില്‍  ഒരുപാട് കണ്ടറിഞ്ഞു ചെയ്യുന്നുണ്ടെങ്കിലും സാധാരണക്കാരന് ഈ കാഴ്ചപ്പാടുകളും, പ്രതിവിധികളും ഇന്നും അന്യം ആണ്.

  വിളമ്പ സ്വഭാവത്തെ അറിയാനും അത് മാറ്റി എടുക്കുവാനുമുള്ള  പ്രാഥമിക പ്രതിവിധികള്‍ ചെറുതായി ഒന്ന് സൂചിപ്പിക്കുകയാണ് ഈ ഒരു കുറിപ്പിന്റെ ലക്‌ഷ്യം.

  വിളമ്പ സ്വഭാവം ഉള്ളവ്യക്തിയാണോ നിങ്ങള്‍  എന്ന് ഒന്ന് പരിശോധിക്കുക

  അതാണ്‌ ആദ്യം വേണ്ടത്. താഴെയുള്ള ചോദ്യാവലി നിങ്ങളെ അതിനു സഹായിക്കും.

  1. നിങ്ങള്‍ ചെയ്യേണ്ടുന്ന ഉത്തരവാദിത്തങ്ങള്‍ /ജോലികള്‍ / കാര്യങ്ങള്‍ സാധാരണ മാറ്റി വയ്ക്കാറുണ്ടോ?
  2. കഴിഞ്ഞ / വരാനിരിക്കുന്ന പരാജയങ്ങള്‍ നിങ്ങളെ ഭയപ്പെടുത്താറുണ്ടോ?
  3. നിങ്ങളുടെ ലക്ഷ്യത്തിനു നേരെ വരുന്ന പ്രതിബന്ധങ്ങള്‍ നിങ്ങളെ അലട്ടാറുണ്ടോ?
  4. പൂര്‍ണ താല്പര്യം ഇല്ലാത്ത ഉത്തരവാദിത്തങ്ങള്‍  നിര്‍വഹിക്കേണ്ടി വരുമ്പോള്‍ അത് ഏറ്റെടുക്കാതെ മാറ്റിവയ്ക്കാറുണ്ടോ?
  5. സമയത്തിനു തീര്‍ക്കാന്‍ കഴിയാത്ത പദ്ധതികള്‍ /പരിപാടികള്‍ ജീവിതത്തില്‍ സ്ഥിരമായി അഭിമുഖീകരിക്കാറുണ്ടോ?
  6. നിര്‍വഹിക്കേണ്ടുന്നവ നേരില്‍ ചെയ്തു തുടങ്ങാതെ, പ്രാരംഭമായി,  ബന്ധമില്ലാത്ത കാര്യങ്ങള്‍ ചെയ്യാറുണ്ടോ?
  7. സ്വയം വൈകല്‍ ഒരു പരിചിതമായ ജീവിത സംഭവം ആണോ?
  8. വര്‍ഷങ്ങളായി കരുതി വച്ചിട്ടുള്ള സാക്ഷാത്കരിക്കാത്ത ലക്ഷ്യങ്ങള്‍  സ്വന്തമായി ഉണ്ടോ?
  9. ജോലിക്കിടയില്‍ സ്വപ്നം കാണുകയോ, മെയിലോ ഫെസ്ബുക്കോ അടിക്കടി നോക്കുകയോ ചെയ്യാറുണ്ടോ?
  10. കൃത്യവും പ്രവചനീയവും അല്ലാത്ത നാളെകള്‍ നിങ്ങള്‍ക്കുണ്ടോ?
  11. സാമൂഹ്യമോ, ബാഹ്യമോ ആയ കാര്യങ്ങളില്‍ ഇടപെടാന്‍ ഒരു പിന്‍വലിവ് നിങ്ങള്‍ക്കുണ്ടോ?
  12. വൈകാരിക വിക്ഷോഭങ്ങളെ സംയമനത്തോടെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയാതെ പോകുന്നുണ്ടോ?
  13. ചെയ്യുന്ന കര്‍മങ്ങള്‍ ഉത്തമാമാക്കിയെ അടങ്ങൂ എന്നൊരു സ്വഭാവം നിങ്ങള്‍ക്കുണ്ടോ?
  14. കടുത്ത  എന്നാല്‍ ഹിതകരങ്ങളായ തീരുമാനങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ട് തോന്നാറുണ്ടോ?
  15. മുന്‍ പരിചയമില്ലാത്ത പദ്ധതികളിലേക്ക് / സ്ഥലങ്ങളിലേക്ക് കയറിച്ചെല്ലാന്‍ മടി തോന്നാറുണ്ടോ?

  ഇവയോരോന്നിനും ഉള്ള ഉത്തരങ്ങള്‍ക്കു താഴെ പറയും പ്രകാരം മാര്‍ക്ക് നല്‍കുക.

  • എപ്പോഴും  – 6 മാര്‍ക്ക്
  • ഇടയ്ക്കിടെ  – 4 മാര്‍ക്ക്
  • വല്ലപ്പോഴും  – 2 മാര്‍ക്ക്
  • അപൂര്‍വമായി  – 1 മാര്‍ക്ക്
  • ഇല്ല  – 0 മാര്‍ക്ക്

  എല്ലാ മാര്‍ക്കുകളും കൂട്ടിയാല്‍ കിട്ടുന്നതാകും നിങ്ങള്‍ക്കുള്ള വിളമ്പ സ്വഭാവത്തിന്റെ ശതമാനം. (ഇത് ഒരു ഏകദേശ കണക്കാണ്. കൃത്യമായ വിശകലനത്തിന് ഈ ചോദ്യാവലിയുടെ നീളം മതിയാകില്ല. നെറ്റില്‍ ധാരാളം പൂര്‍ണമായ ടെസ്റ്റുകള്‍ ലഭ്യമാണ്)

  വിളമ്പ സ്വഭാവത്തെ അറിയുക : 

  വിളമ്പ സ്വഭാവം, ഓരോ വ്യക്തിയിലും ഓരോ സാഹചര്യങ്ങള്‍ക്കും, താല്പര്യങ്ങള്‍ക്കും, ശേഷിക്കും ഒക്കെ അനുസരിച്ചായിരിക്കും. ജീവിതത്തിന്റെ സുഗമമായ ഒഴുക്കിനെ അതെത്രകണ്ട് ബാധിക്കുന്നു എന്നതനുസരിച്ചിരിക്കും വിളമ്പ സ്വഭാവത്തെ എങ്ങിനെ എത്രകണ്ട് കൈകാര്യം ചെയ്യേണ്ടത് എന്നത്.

  വിളമ്പ സ്വഭാവം ഒരു ശീലമാണ്. (അതിനു കാരണമാകുന്നത് ശീലങ്ങള്‍ക്കു കാരണമാകുന്ന ഉപബോധ ചിത്രങ്ങള്‍ ആണ്.)  ശീലങ്ങള്‍ക്കു വല്ലാത്ത ഗുരുത്വ സ്വഭാവം ആണുള്ളത്. അത് കൊണ്ട് തന്നെ, ഇതൊക്കെ ഒരു വായന കൊണ്ട് മാറ്റിയെടുക്കാന്‍ കഴിയും എന്നല്ല കരുതേണ്ടത്. അതിനു നിരന്തര പരിശീലനം വേണ്ടി വരും. ഒപ്പം ഉപബോധ മനസ്സിന്റെ ചിത്രണം മാറ്റിയെഴുതാനുള്ള പരിശീലനങ്ങളും. പരിശീലനങ്ങള്‍ക്കുള്ള ചില പ്രാഥമിക സൂചനകള്‍ ഇതാ..

  1. തീരുമാനം ഉണ്ടാകുക : ഇനി തന്റെ ജീവിതത്തില്‍, ഒരു തിരിഞ്ഞു നോട്ടമില്ലാത്ത വിധം മുന്‍പോട്ടു പോകുക തന്നെ ചെയ്യും എന്ന തീരുമാനമെടുക്കുക. ഓര്‍ക്കുക, തീരുമാനമെന്നാല്‍ തിരിഞ്ഞു നോട്ടമില്ലാത്തത് എന്ന് തന്നെ ആകണം അര്‍ത്ഥം.  തീരുമാനത്തോടെ കാര്യങ്ങള്‍ ചെയ്തു തുടങ്ങുക. തടസ്സങ്ങളായി തിരിച്ചറിയുന്ന ക്രമത്തില്‍ എല്ലാം പുനരാവിഷ്കരിച്ചു നടപ്പിലാക്കുക. ഓര്‍ക്കുക, ഒരു ദിനം പോലും തീരുമാനത്തില്‍ ഇളക്കം വരാതിരിക്കാന്‍ ശ്രദ്ധിക്കുക.
  2. വിജയത്തെ കയ്യെത്തി നേടുക : വിജയം എന്നത് ധൈര്യമുള്ളവര്‍ക്കാണ്  പറഞ്ഞിട്ടുള്ളത്. മനുഷ്യേതര ജീവ ജാലങ്ങള്‍ വിജയിക്കാറേയുള്ളൂ..  അവര്‍ക്ക് വിജയേതര സാദ്ധ്യതെയെ പറ്റിയുള്ള യാതൊരു ചിന്തയോ ബോധമോ ഇല്ല.. വിജയേതര ചിന്തകള്‍ വെറും മനുഷ്യ യുക്തി  ആണെന്ന് കരുതുന്നതാകും ഉചിതം. ജീവിതം ചലനാത്മകവും ആഘോഷ പരവും ആകണം.ചെറു വെല്ലു വിളികളെ പുഞ്ചിരിയോടെ ചെന്ന് കൈപ്പറ്റുക.
  3. വന്‍ വെല്ലുവിളികളെ, ചെറു പരിപാടികളാക്കി മാറ്റുക. : ചെയ്തു തീര്‍ക്കെണ്ടുന്ന കാര്യങ്ങള്‍ വളരെ വലുതാണെന്ന് നമുക്ക് തോന്നിയേക്കാം.. എല്ലാ വലിയ കാര്യങ്ങളും ചെറിയ കുറെ കാര്യങ്ങളുടെ കൂട്ടമാണെന്ന് നമുക്കറിയാം. വലിയ കാര്യങ്ങളെ, ചെറു ചെറു ഉപ കാര്യങ്ങളായി പൊളിച്ചെഴുതുക. അവയെ അവയുടെ പ്രാധാന്യ പ്രകാരം ഒന്ന് പുന ക്രമീകരിക്കുക. അവയെ ഓരോന്നായി ശാന്തമായി ക്ഷമയോടെ   ചെയ്തു തീര്‍ക്കുക. കാര്യങ്ങളെ നേരിടാനുള്ള അവാച്യമായൊരു ശേഷി നമ്മിലേക്ക്‌ പറന്നിറങ്ങുന്നത് കാണാനാകും. ആ ഓരോ കുഞ്ഞു വിജയങ്ങളിലും സന്തോഷിക്കുക..(ഒരു കഷണം കടലാസ്സിനും പേനയ്ക്കും ഇക്കാര്യത്തില്‍ ഒരുപാട് നമ്മെ തുണയ്ക്കാനാകും)
  4. അനിഷ്ടമുള്ളവ ആദ്യം തീര്‍ക്കുക. : ഇഷ്ടമുള്ളവയോടു മാത്രം ആഭിമുഖ്യം ഉണ്ടാകുക മനുഷ്യ പ്രകൃതമാണ്. ഇഷ്ടമുള്ളവയും അനിഷ്ടമുള്ളവയും ഇട കലര്‍ന്ന് വരുമ്പോള്‍ ഉയര്‍ന്നു വരുന്ന വിളംബ സ്വഭാവത്തെ അതി ജീവിക്കാന്‍, അനിഷ്ടമുള്ളവ ആദ്യം ചെയ്തു തീര്‍ക്കുക. അതിന്റെ മാത്രമുള്ള ഫലം സുഖദായകമല്ലെങ്കില്‍, അതിനു ഒരു ഒരു പ്രത്യേക പ്രതിഫലം നിങ്ങള്‍ തന്നെ നല്‍കുമെന്ന് തീരുമാനിക്കുക.. (ഈ പണി കഴിഞ്ഞു ഞാനൊരു യാത്രപോകും എന്നോ മറ്റോ)
  5. ഒരു വര്‍ക്ക് ഡയറി സൂക്ഷിക്കുക : .ചെയ്യേണ്ടുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി അവയെ പ്രാധാന്യ ക്രമത്തിനും, സമയ ക്രമത്തിനും ആവൃത്തി ക്രമത്തിനും അനുസരിച്ച് ക്രമീകരിച്ചു എഴുതുക. അതിന്റെ ഒരു ലഘു പകര്‍പ്പ് (TO DO LIST) ഉണ്ടാക്കി എപ്പോഴും കൈവശം വയ്ക്കുക. നിരന്തരം വായിക്കയും, ക്രമമായി കാര്യങ്ങള്‍ മുന്‍പോട്ടു പോകുന്നുണ്ടോ എന്ന് വിലയിരുത്തുകയും ചെയ്യുക.
  6. കായികോന്മേഷം നില നിര്‍ത്തുക : .അക്ഷീണമായൊരു  മുന്‍പോട്ടു പോക്കിന്, ഉയര്‍ന്ന കായികോന്മേഷം ആവശ്യമാണ്. ലഘുവായ ഭക്ഷണങ്ങളും, വ്യായാമങ്ങളും, നൃത്ത സംഗീതാദികളും,  ഇടവിട്ടുള്ള ഉല്ലാസ യാത്രകളും സത്സംഗങ്ങളും അതിനു സഹായകമാകും
  7. വേണ്ടയിടങ്ങളില്‍ സഹായം നേടുക. :  എല്ലാം നമുക്ക് പരിചിതമായ പ്രവര്‍ത്തനങ്ങളിലൂടെ ചെയ്തു തീര്‍ക്കാനാകില്ലെങ്കില്‍, പരിചിതരുടെ സേവനം തേടുന്നതില്‍ തെറ്റില്ല. വേണ്ടുന്ന സമയത്ത് സഹായം തേടാനുള്ള തുറന്ന മനസ്സ് നമുക്കുണ്ടാകണം എന്ന് മാത്രം. അടുത്ത വ്യക്തികളോട്, നമ്മെ നിരീക്ഷിക്കാനും, പുതിയ തീരുമാനങ്ങളില്‍ നിന്നും വഴിമാറാതെ നമ്മെ നിലനിര്‍ത്താനും ആവശ്യപ്പെടാവുന്നതാണ്.
  8. മതിയായ ആത്മ ചിത്രം നേടുക. :  താന്‍ പ്രസക്തനായ ഒരു വ്യക്തിത്വം ആണെന്ന അവബോധം (ആത്മാവബോധം) ഉണ്ടാകുക എന്നതാണ് ഇതില്‍ മുഖ്യം. തന്റെ കഴിവുകളില്‍ ഉള്ള ഉറച്ച വിശ്വാസവും തന്റെ ലക്ഷ്യത്തെ കുറിച്ചും , അത് നേടുവാനുള്ള ഒരു കാലയളവിനെ കുറിച്ചും  ഉള്ള വ്യക്തമായ കാഴ്ചപ്പാടും ഉണ്ടാകണം. ഉപബോധമനസ്സില്‍ ഉണ്ടാകേണ്ടുന്ന ഒരു  മാറ്റം  ആയതിനാല്‍, പ്രത്യേക പരിശീലനങ്ങള്‍ കൊണ്ടേ ഇത് പൂര്‍ണമായും നേടാനാകൂ.. ഈ വിഷയങ്ങളിന്‍ മേലുള്ള അറിഞ്ഞുവയ്ക്കലുകള്‍, ആ പരിശീലനത്തിന്റെ തുടക്കം മാത്രമാണ്. (ഈ വായന പോലും)

  ഇത്രയും കൊണ്ട് നിങ്ങള്‍ക്ക് തുടങ്ങാനാകും, നിങ്ങളുടെ വിളമ്പ സ്വഭാവത്തെ കീഴടക്കുവാന്‍. കൂടുതല്‍ അറിയേണ്ടവര്‍ ലേഖകനുമായി ബന്ധപ്പെടുവാന്‍ മടിക്കേണ്ടതില്ല.

  https://www.facebook.com/notes/santhosh-olympuss/notes/386919071356039

  Print Friendly

  789total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in