• ജീവിത ഉദ്ദേശ്യം സൌകര്യം ആണ്

  by  • January 27, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  ജീവിതത്തെ മറ്റൊരു ഇടത്ത് നിന്നും നോക്കിക്കാണാന്‍ ഒരു അഞ്ചു നിമിഷം.

  നാമോരോരുത്തരും സന്തോഷം ഇഷ്ടപ്പെടുന്നു. സുഖമായിരിക്കുവാന്‍ ശ്രദ്ധിക്കുന്നു. സൌകര്യമായിരിക്കുവാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. ഇതിന്‍റെ തലക്കെട്ട്‌  കണ്ടതിനു ശേഷം തന്നെ നിങ്ങളുടെ ശരീരം അപ്പോഴുള്ള ഒരു നിലയില്‍ നിന്നും കൂടുതല്‍ സൌകര്യ പ്രദമായ മറ്റൊരു നിലയിലേക്ക് മാറിക്കൊണ്ടേ ഇരിക്കുന്നു.

  അതെ.. നാം എപ്പോഴും സൌകര്യ പ്രദമായ ഒരു ശരീര നിലയില്‍ ആണ് നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുക.  ആ നിലയില്‍ അല്‍പ നേരം തുടരുമ്പോള്‍  ശരീരം ഒരിടത്തേയ്ക്ക് മാത്രം ഭാരം നല്‍കുകയും ശരീരത്തിന്‍റെ കുറച്ചു പ്രദേശങ്ങളിലെ കോശങ്ങളും കലകളും സമ്മര്‍ദം അനുഭവിക്കുകയും അവിടുത്തെ വിവിധ പ്രവാഹങ്ങള്‍   തടസ്സ പ്പെടുകയും ചെയ്യും. ആ അവസ്ഥയില്‍ അധിക നേരം തുടരുവാന്‍ ശരീരത്തിനു കഴിയില്ല. അപ്പോള്‍ നിലവില്‍ നില്‍ക്കുന്ന നിലയുടെ തൊട്ടടുത്ത ഒരു സൌകര്യ പ്രദമായ നിലയിലേയ്ക്ക് ശരീര വിന്യാസത്തെ മാറ്റി ആവിഷ്കരിക്കും.

  ആനിലയിലും അധിക നേരം തുടരുവാന്‍ ശരീരത്തിനു കഴിയില്ല. അപ്പോള്‍ അടുത്ത സൌകര്യ പ്രദമായ ഒരു നിലയിലേയ്ക്ക്, വീണ്ടും സൌകര്യത്തിലേയ്ക്ക്, വീണ്ടും സൌകര്യത്തിലേയ്ക്ക്.

  നാം നമ്മുടെ സൌകര്യത്തിനായി ശരീരത്തെ മാറ്റി ആവിഷ്കരിക്കുമ്പോള്‍ ഒക്കെ ശരീരത്തിനകത്തെ അവയവങ്ങള്‍ ശരീരത്തിന്‍റെ സൌകര്യത്തിനായി സ്വയം മാറ്റി ക്രമീകരിക്കേണ്ടി വരുന്നുണ്ട്. അങ്ങനെ മാറ്റി ക്രമീകരിക്കുവാന്‍ ഉള്ള ഒരു പ്രേരണ ശരീരം അതിന്‍റെ അവയവത്തിനു നല്‍കുമ്പോള്‍ ആണ് ഈ ക്രമ മാറ്റം സംഭവിക്കുക.  അങ്ങനെ മാറ്റി ക്രമീകരിക്കുവാന്‍ ഒരു അവയവത്തിനു സ്വയം കഴിയാതെ വന്നാല്‍ ശരീരത്തിനു സുഖം നഷ്ടപ്പെടും. അസുഖമാകും.

  അസുഖം ഇല്ലാതെ ഇരിക്കുവാന്‍ ശരീരം ആവശ്യപ്പെടുന്ന മുറയ്ക്ക് സ്വയം മാറ്റി ക്രമീകരിക്കുവാന്‍ അവയവങ്ങള്‍ സദാ പ്രേരിപ്പിക്കപ്പെടും. അത് അവയവങ്ങളുടെ ഉത്തരവാദിത്തമാണ്. അതായത് ശരീരത്തിന്‍റെ ആവശ്യപ്പെടലിനു അനുസരിച്ച് പ്രവര്‍ത്തിക്കുക എന്നത് ആണ് അവയവങ്ങള്‍ അണിയുന്ന വേഷം. അതിനെയാണ് നാം ധര്‍മം എന്ന് വിളിക്കുക.

  ശരീരത്തിന്‍റെ സൌകര്യത്തിനു അനുസരിച്ച് ശരീരത്തിനു അകത്തുള്ള അവയവങ്ങള്‍ ധര്‍മം പാലിക്കുന്നത് പോലെ അവയവങ്ങളുടെ സൌകര്യത്തിനനുസരിച്ചു അവയവങ്ങള്‍ക്കകത്തുള്ള കലകളും ധര്‍മം പാലിക്കേണ്ടതുണ്ട്. കലകള്‍ ധര്‍മം പാലിക്കുവാന്‍ കലകള്‍ക്ക് അകത്തുള്ള കോശങ്ങള്‍ ധര്‍മം പാലിക്കണം. അങ്ങനെ അങ്ങനെ അകത്തേയ്ക്ക്  അകത്തേയ്ക്ക്  ധര്‍മങ്ങളുടെ  ഒരു ശൃംഖല തന്നെ നില കൊള്ളുന്നുണ്ട്.

  ഇനി, കുറെ അവയവങ്ങള്‍ പൊതിഞ്ഞു വച്ചിട്ടുള്ള ഒരു കൂടാണ് ശരീരം എന്ന് കരുതുക. നമ്മുടെ ശരീരമെന്ന കൂടിനകത്ത്‌ അവയവങ്ങളും  അവയവമെന്ന കൂടിനകത്ത്‌ കലകളും പൊതിഞ്ഞു സുരക്ഷിതമാക്കിയിരിക്കുന്നു. അത് പോലെ നമ്മുടെ ശരീരത്തിനു പുറത്ത് പ്രകൃതിയുടെ ജൈവമണ്ഡലമെന്ന കൂടും അതിനു പുറത്ത് ഭൂമി എന്ന ജീവസത്തയുടെ  കൂടും നമ്മെ പൊതിഞ്ഞു സംരക്ഷിക്കുന്നുണ്ട്. ഈ ഓരോ കൂടിനും അവയുടേതായ സൌകര്യത്തില്‍ നിന്നും സൌകര്യത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന സുഖാന്വേഷണവും  പ്രവര്‍ത്തന പരമ്പരയും ഉണ്ടായിരിക്കും.  ഈ ഓരോ പുറത്തുള്ള കൂടുകളുടെയും സൌകര്യത്തിനു അനുസരിച്ച് മാത്രമേ അകത്തുള്ള കൂടുകള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയൂ.

  പ്രകൃതിയുടെ ജൈവമണ്ഡലമെന്ന കൂടിനകത്ത് താങ്കള്‍ എന്ന കൂട് നില കൊള്ളുന്നത്‌ പോലെ തന്നെയാണ് ഞാന്‍ എന്ന കൂടും നില കൊള്ളുന്നത്‌. അതായത് താങ്കളും ഞാനും ഒരു പൂച്ചയും ഒരു പുല്‍ച്ചെടിയും ഒക്കെ പരസ്പരം സഹവര്‍ത്തിച്ച് നില്‍ക്കുന്ന സമീപ കൂടുകള്‍ അഥവാ സഹ കൂടുകള്‍ ആണ്. അതില്‍ ഒരു കൂടിനു സൌകര്യമായ ഒരു നില ഉണ്ടാകുവാന്‍ സമീപത്തിലുള്ള മറ്റു കൂടുകള്‍ കൂടി മാറി നിന്ന് കൊണ്ട് ക്രമീകരിക്കേണ്ടി വരും. ഒരു പൊതു ഭാഷ സ്വന്തമായി ഇല്ലാത്ത രണ്ടു കൂടുകള്‍ക്ക് ഇടയില്‍ എങ്ങനെയാണ് ഈ പരസ്പരമുള്ള ക്രമീകരണം നടക്കുന്നത്? ഒരു സത്തയാകുന്ന കൂട് തന്‍റെ  സുഖകരമായ അവസ്ഥയ്ക്ക് വേണ്ടിയുള്ള ഒരു ആവശ്യം പുറത്തുള്ള കൂടിലേയ്ക്ക് കൂട് അറിയിക്കും.  അതിനനുസരിച്ച് പുറം കൂട് തന്‍റെ അകത്തുള്ള സമീപകൂടിനോട് ക്രമം മാറ്റുവാന്‍ ആവശ്യപ്പെടും. അതിനനുസരിച്ച് സമീപ കൂട് തന്റെ പ്രവര്‍ത്തന ക്രമം മാറ്റും. ഇങ്ങനെ അകത്തും പുറത്തും വശത്തും ഉള്ള കൂടുകളുടെ സൌകര്യങ്ങള്‍ പരസ്പരം അറിയിച്ചു ക്രമം മാറ്റിക്കൊണ്ടിരിക്കുന്നതാണ് ജീവിതത്തിന്റെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ റിയിക്കലുകള്‍   

  പുറത്തുള്ള കൂടുകള്‍ക്ക് വേണ്ടത് വേണ്ടപ്പോള്‍ ചെയ്യുവാന്‍ പാകത്തിലായിരിക്കും അകത്തുള്ള കൂടുകളുടെ നിര്‍മിതിയും ശേഷിയും. ഈ ശേഷികള്‍ ആണ് വാസനകള്‍.  പുറത്തുള്ള കൂടുകള്‍ക്ക് വേണ്ടത് വേണ്ടപ്പോള്‍ ചെയ്യുവാനായി പ്രവര്‍ത്തിക്കുക എന്നതാണ് ഓരോ കൂടിന്റെയും ഉദ്ദേശ്യം അഥവാ ജീവിത ലക്‌ഷ്യം. ഇതത്രേ ഒരു സത്തയുടെ ജീവിത ധര്‍മം.

   

  നമ്മുടെ ശരീരമായാലും, നമ്മുടെ ശരീരത്തെ പേറുന്ന പ്രകൃതി എന്ന വലിയ ശരീരമായാലും സൌകര്യത്തില്‍ നിന്നും സൌകര്യത്തിലെയ്ക്ക് ശരീര വിന്യാസത്തെ എപ്പോഴും മാറ്റി സ്ഥാപിച്ചു കൊണ്ടേ ഇരിക്കും. പ്രകൃതിയിലെ ചലനാതമാകതയ്ക്ക് കാരണം ഈ സൌകര്യമാണ്. ഈ സൌകര്യമാണ് നമ്മുടെ, പ്രകൃതിയുടെ പ്രപഞ്ചത്തിന്റെ ഉദ്ദേശ്യം.   

  പ്രകൃതിയിലെ ഓരോ വസ്തുവിനും ജീവിക്കും സ്ഥലത്തിനും സമയത്തിനും സംഭവത്തിനും ഒക്കെ ഒരു ഉദ്ദേശ്യം ഉണ്ടായിരിക്കും. അത് പ്രകൃതിയുടെ സുഖമാണ്, സൌകര്യമാണ്, ആനന്ദമാണ്.

   

  Print Friendly

  246total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in