• ക്യൂലൈഫ് : ലളിതാരോഗ്യം

  by  • December 22, 2018 • ക്രമപ്പെടുത്താത്തവ • 0 Comments

  *ഏറ്റവും ലളിതമായി നിത്യ ജീവിതത്തില്‍ ആരോഗ്യത്തെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതാണ് ഈ കുറിപ്പിന്‍റെ വിഷയം*.

   

  ജീവിത വിജയത്തിലെ ഏറ്റവും മുഖ്യ ഘടകം ആരോഗ്യം തന്നെയാണ്. ജീവിത ശൈലിയുടെയും മനസ്സിന്റെയും താളം തെറ്റല്‍ കൊണ്ടു തന്നെ  ജന്മ സിദ്ധമായ ആരോഗ്യത്തെ നഷ്ടപ്പെടുത്തുന്നവരാണ് നമ്മള്‍. ശരിയായ ശ്രദ്ധയുണ്ടെങ്കില്‍ ആരോഗ്യം നമ്മുടെ കൈപിടിയില്‍ ഒരു പരിധി വരെ ഒതുക്കാവുന്നതാണ്. രോഗങ്ങളുടെ അതി സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുവാന്‍ ലോകത്ത് പഴയതും പുതിയതും ആയ ഒട്ടേറെ ചികിത്സാ രീതികള്‍ ഉണ്ട്. ഏതു രീതിയായാലും, ആരോഗ്യം ഉള്ളതും അസുഖം വരുന്നതും ജീവനുള്ള സത്തയ്ക്കാണ്.  അത് അനുഭവിക്കുന്നതും അതിനെ ശമിപ്പിക്കുന്നതും ജീവന്‍ തന്നെ. ജീവനുള്ള ശരീരത്തെ ലളിതമായി കൈകാര്യം ചെയ്യുവാനുള്ള ചില അടിസ്ഥാന ശ്രദ്ധകളാണ് താഴെ പറയുന്നത്.

   

  _*പ്രാഥമിക വീക്ഷണം :* അനുകൂല പശ്ചാത്തലത്തില്‍ സ്വയം സംഘടിക്കുകയും സ്വയം സംരക്ഷിക്കുകയും സ്വയം പരിചരിക്കുകയും സ്വയം വികസിക്കുകയും സ്വയം വംശീകരിക്കുകയും ചെയ്യുന്ന സ്വയം നിയന്ത്രണ വ്യവസ്ഥകളാണ് ജൈവ വസ്തുക്കള്‍. ജൈവ വ്യവസ്ഥകളില്‍ ലീനമായ ഈ സ്വയം നിയന്ത്രണ സ്വഭാവം ആണ് ജീവന്‍. സഹസംയോജനത്തിനു അനുകൂലമായ പ്രാഥമിക മൂലക ഘടകങ്ങള്‍ ചേര്‍ന്ന് കൊണ്ടാണ് ജൈവ വസ്തുക്കള്‍ ഉണ്ടാകുന്നത്. സഹസംയോജനത്തിനു അനുകൂലമായ ഘടകങ്ങള്‍ ഉണ്ടായിരിക്കുകയും സ്വയം നിയന്ത്രണ സ്വഭാവം ഇല്ലാതിരിക്കുകയും ചെയ്യുമെങ്കില്‍ അവ ജൈവ വസ്തു അല്ല എന്ന് ഗണിക്കേണ്ടി വരും. എങ്കിലും ഒരു ജൈവ സംവിധാനത്തില്‍ വലിയ വിയോജിപ്പുകള്‍ അനുഭവിക്കാതെ നില കൊള്ളുവാന്‍ അവയ്ക്കാകും. ജൈവ വ്യവസ്ഥയുടെ ഈ സ്വയം നിര്‍ദ്ധാരണ സ്വഭാവത്തെ നില നിര്‍ത്തുവാനുള്ള ജീവിയുടെ ശേഷിയാണ് ആരോഗ്യം.  ഈ അടിസ്ഥാന തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് താഴെയുള്ള പരിപാലന ചിന്തകള്‍ പങ്കിടുന്നത്._

  ലളിതാരോഗ്യം

  ആരോഗ്യം എന്നത് ശരീരത്തിന്‍റെ സ്വയം പരിചരിക്കുവാനുള്ള ശേഷിയാണ്.

  ആരോഗ്യമുള്ള ശരീരത്തില്‍ ഒരു അസ്വാഭാവിക അവസ്ഥ വന്നു ചേര്‍ന്നാല്‍ അതിനെ ക്രമീകരിച്ചു പരിചരിക്കുവാനുള്ള ജീവന്‍റെ പ്രവര്‍ത്തനമാണ് രോഗം അഥവാ അസുഖം. ജീവനും ആരോഗ്യവും ഉള്ള ശരീരത്തിലേ രോഗം ഉണ്ടാകുകയുള്ളൂ.

   

  അസുഖം സൃഷ്ടിക്കുന്നത് പോലെ വന്നാല്‍ അത് ശമിപ്പിക്കാന്‍ ശരീരത്തിനു ശേഷിയുണ്ട്. അതിനുള്ള സമയവും സാഹചര്യവും നല്‍കിയാല്‍ മതി.

   

  ഭക്ഷണവും മനസ്സും ആണ് ആരോഗ്യത്തിലെ മുഖ്യ ഭൌതിക ഘടകങ്ങള്‍. അവയ്ക്ക് ശരിയായ പോഷണവും വ്യായാമവും വിശ്രമവും നല്‍കിയാല്‍ ആരോഗ്യം ശരിയായി നില നിലല്‍ക്കും.

   

  പാരമ്പര്യവും പരിസരവും ആണ് ആരോഗ്യത്തിന്‍റെ മറ്റു രണ്ടു ഭൌതികേതര ഘടകങ്ങള്‍. നമ്മുടെ നിയന്ത്രണത്തിലല്ല ഇവ രണ്ടും.

   

  തൊട്ടതിനും പിടിച്ചതിനും ഔഷധങ്ങള്‍  (അത് ജൈവമോ അജൈവമോ രാസികമോ ആയാലും) കഴിക്കുന്നത്‌ ഒഴിവാക്കുന്നത്  നന്നാകും..

   

  ഒന്നോ രണ്ടോ നേരം ഭക്ഷണം കഴിച്ചില്ലെങ്കില്‍ മരിച്ചു പോകുമെന്ന് കരുതാതിരിക്കുക.

   

  ഓരോ തവണ ആവര്‍ത്തിച്ചു കഴിക്കുമ്പോഴും കുറെയേറെ പോഷകങ്ങള്‍ നമ്മുടെ ശരീരം കരുതി വയ്ക്കുന്നുണ്ട്‌. ഭക്ഷണം കഴിക്കാത്ത സമയത്ത് ആ പോഷകങ്ങളെ ഉപയോഗിച്ച് നില നില്‍ക്കുവാന്‍ ശരീരത്തിനു കഴിയും.

   

  ഭക്ഷണം ഊര്‍ജത്തെ വഹിക്കുമെങ്കിലും സൂര്യപ്രകാശത്തില്‍ അയണീകരിക്കപ്പെടുന്ന ഓക്സിജന്‍ തന്മാത്രകള്‍  അകത്തേക്ക് ചെല്ലുന്നതോടെയാണ് ശരീരം ചാലന ശേഷി ആര്‍ജിക്കുക.  അതിനാല്‍ തുറന്ന ഇടത്തെ വായു നന്നായി ശ്വസിക്കുക. നഗരങ്ങളില്‍ ഇത് ബുദ്ധിമുട്ടായിരിക്കും എന്നതിനാല്‍ ഇടയ്ക്കിടെ ഗ്രാമങ്ങളിലും വനങ്ങളിലും ചെല്ലുവാന്‍ ഓര്‍മിക്കുക.

   

  ഭക്ഷണം കഴിക്കുന്നത്‌ ശരീരത്തിന്റെ ജീവനെ നില നിര്‍ത്തുവാന്‍ കഴിവുള്ള  പോഷകങ്ങള്‍ ലഭിക്കുവാനായി ആണ്.  അതിനാല്‍ ജീവനുള്ള ഭക്ഷണങ്ങള്‍ വേണം കഴിക്കുവാന്‍.

   

  ഭക്ഷണത്തിലെ ഘടക പദാര്‍ഥങ്ങള്‍ (രാസികങ്ങള്‍ ) അല്ല, എന്നാല്‍  ഈ ഘടകങ്ങളുടെ  സ്വാഭാവികമായി ലഭിക്കുന്നതും പരസ്പരമുള്ളതും സവിശേഷവുമായ ചേര്‍ച്ച (സ്വയം നിര്‍ദ്ധാരണം എന്ന ജൈവീക അവസ്ഥ) ആണ് ഭക്ഷണത്തിന്റെ ജീവന്‍. അതില്ലാത്ത ഭക്ഷണ വസ്തുക്കള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും.

   

  അടുപ്പത്ത് വച്ച് ചൂടാക്കിയ  ഏതു ആഹാരവും ജീവന്‍ ഇല്ലാത്തതാണ്. അത് കൊണ്ട് തന്നെ പാചകം ചെയ്ത ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും ജീവനുള്ള ഭക്ഷണം മെനുവില്‍ ഉള്‍ക്കൊള്ളിക്കുകയും വേണം.

   

  ജീവനില്ലാത്ത ഭക്ഷണം കഴിക്കുന്നതിലും ഭേദം അപ്പോള്‍ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതാണ്.

   

  ഭക്ഷണം കഴിക്കാതിരിക്കുന്നതല്ല, മുമ്പ് കഴിച്ച മൃതഭക്ഷണത്തിന്റെ നിക്ഷേപത്തെ ശുചീകരിക്കാന്‍ ഭക്ഷണമില്ലാത്ത സമയത്ത് ശരീരം ശ്രമിക്കുന്നതും ഭക്ഷണം കഴിച്ചില്ലല്ലോ എന്ന ആശങ്കയുമാണ് അള്‍സര്‍ ഉണ്ടാക്കുക.

   

  ജീവനുള്ളവയും ജീവനില്ലാത്തവയും കഴിയാവുന്നത്ര ഒരുമിച്ചു കഴിക്കാതിരിക്കുക.

   

  പാചകം ചെയ്ത ഭക്ഷണം കഴിക്കുമ്പോള്‍ പാചകം കഴിഞ്ഞു രണ്ടു മൂന്നു മണിക്കൂറിനുള്ളില്‍ തന്നെ കഴിക്കുവാന്‍ ശ്രമിക്കുക. പാചകം ചെയ്ത ഭക്ഷണ വസ്തുവിന്‍റെ മരണം പൂര്‍ത്തിയാകാന്‍ (ജൈവ ഘടന ഘട്ടം ഘട്ടമായി പൂര്‍ണമായും നശിക്കുവാന്‍ ) മൂന്നു നാല് മണിക്കൂറുകള്‍ എടുക്കും.

   

  ഭക്ഷണം പാഴാകുന്നല്ലോ എന്ന് കരുതി ബാക്കിയായതും പഴയതുമായ ഭക്ഷണം കഴിക്കാതിരിക്കുക. നമ്മുടെ ശരീരത്തിനകത്തു കൂടി കടത്തി നമ്മില്‍ ഊര്‍ജ നഷ്ടവും ആരോഗ്യ നഷ്ടവും ഉണ്ടാക്കുന്നതിലും നല്ലത് പഴയ ഭക്ഷണം കളയുന്നതാണ്.

   

  ഭക്ഷണം പാചകം ചെയ്തു  പാഴാക്കാതിരിക്കാനുള്ള എളുപ്പ വഴി അളവിന് മാത്രം പാചകം ചെയ്യുക എന്നതാണ്. അല്പം കുറച്ചു ഭക്ഷണം കഴിക്കുന്നത്‌ എന്ത് കൊണ്ടും ആരോഗ്യത്തിനു നല്ലത് തന്നെ.

   

  ഏറ്റവും എളുപ്പം ദഹിക്കുന്ന, ചേരുവകള്‍ ഇല്ലാത്ത ജീവനുള്ള ഭക്ഷണം ആണ് ഏറ്റവും നല്ല ഭക്ഷണം. ചേരുവകളുടെ എണ്ണം കൂടുന്തോറും ഭക്ഷണം ദഹിക്കുന്നതിന്റെ ബുദ്ധിമുട്ടും കൂടും.

   

  പ്രകൃതി സവിശേഷകരമായി ഒത്തു ചേര്‍ത്തതിനെ (ഉദാ : അരിയും തവിടും) വേര്‍തിരിക്കുന്നതും വ്യത്യസ്തമായ രണ്ടു ഭക്ഷ്യ വസ്തുക്കളെ ഒരുമിച്ചു ചേര്‍ക്കുന്നതും (അരിയും പരിപ്പും) ആരോഗ്യകരമല്ല.

   

  ശരീരത്തിനു സമീകൃതമായ പോഷണങ്ങള്‍ ആവശ്യമാണ്. എന്നാല്‍ അവയെല്ലാം ഒരു സമയത്ത് ഒരുമിച്ചു ചേര്‍ത്ത് കഴിക്കുന്നത് ഭക്ഷണത്തിന്‍റെ സങ്കീര്‍ണത വര്‍ദ്ധിപ്പിക്കും.

   

  ഓരോ തരം ഭക്ഷണത്തിനും ഓരോന്നാണ് ദഹന സമയം. മിശ്രിതങ്ങള്‍ക്ക് ദഹന സമയം കൂടുകയും ചെയ്യും.

   

  ഒരു ഭക്ഷണം ദഹിച്ചു കഴിയുന്നതിനു മുമ്പ് മറ്റൊരു ഭക്ഷണം കഴിച്ചാല്‍ ആദ്യത്തെ ദഹന പ്രക്രിയ തടസ്സപ്പെടുകയും ദഹന പ്രക്രിയ ആദ്യം മുതല്‍ ആരംഭിക്കുകയും ചെയ്യും.

   

  ശരീരത്തിലെ ദഹനം കൃത്യമായി നടന്നാല്‍ മാത്രമേ വിസര്‍ജനം കൃത്യമായി നടക്കുകയുള്ളൂ. അതിനാല്‍ രണ്ടു തവണ ഭക്ഷണങ്ങള്‍ക്കുള്ള ഇടവേളയുടെ സമയം വര്‍ദ്ധിപ്പിക്കുക.

   

  വിസര്‍ജനം പൂര്‍ണമായും നടക്കാത്ത ശരീരത്തില്‍ രക്തത്തിന്‍റെ ശുദ്ധിയും ഗുണമേന്മയും  കുറയുകയും കോശങ്ങളുടെയും അവയവങ്ങളുടെയും പോഷണത്തിനും ചയാപചയത്തിനും വേണ്ടുന്ന ഘടകങ്ങളുടെ ശുദ്ധിയില്‍ വീഴ്ച വരികയും, ശരീരത്തില്‍  എല്ലാവിധ പ്രാഥമിക അസ്വസ്ഥകളും ഉണ്ടാകുകയും ചെയ്യും.

   

  കൂടുതല്‍ തവണ ഭക്ഷണം കഴിക്കുമ്പോള്‍ വിസര്‍ജനത്തിന്റെ തവണകളില്‍ കുറവ് വരും. അതിനാല്‍ നല്ല വിസര്‍ജനത്തിനു കുറഞ്ഞ തവണ മാത്രം ഭക്ഷണം കഴിക്കുക.

   

  പ്രായ പൂര്‍ത്തിയായ ഒരാള്‍ക്ക്‌ രണ്ടു നേരത്തെ ഭക്ഷണം തന്നെ ധാരാളമാണ്. അതില്‍ ഒരു നേരമെങ്കിലും ജീവനുള്ള ഭക്ഷണം (പഴങ്ങള്‍, പച്ചക്കറികള്‍ ചേരുവകള്‍ ഇല്ലാത്ത ജ്യൂസുകള്‍ ഇവയിലേതെങ്കിലും ഒന്ന്) നിര്‍ബന്ധമായും കഴിക്കുക.

   

  രാവിലെയും വൈകീട്ടും സുഖശോധന ഉണ്ടെന്നു ഉറപ്പാക്കുക. ശോധന സ്വാഭാവികമായി  സംഭവിക്കുന്നില്ലെങ്കില്‍ അര ലിറ്റര്‍ വെള്ളം ഒറ്റയടിക്ക്  കുടിച്ചിട്ട് അല്‍പ നേരം നടന്നാല്‍ മതി ശോധന സാധാരണ രീതിയില്‍ നടന്നു കൊള്ളും.

   

  എന്നിട്ടും നടക്കാതെ വരുകില്‍ അരലിറ്റര്‍ ഇളം ചൂടുള്ള വെള്ളത്തില്‍ രണ്ടു ചെറു നാരങ്ങയും ഒരു ടീ സ്പ്പൂണ്‍ ഉപ്പം ചേര്‍ത്ത് ഒറ്റയടിക്ക് കുടിക്കുക. നാലഞ്ചു തവണ ശോധനയുണ്ടാക്കുവാന്‍ അതിനു കഴിയും. അത് കൊണ്ട് തന്നെ യാത്ര ചെയ്യുന്നതിന് അല്പം മുമ്പായി ഈ രീതി അവലംബിക്കാതിരിക്കുക.

   

  അവശ്യ ഘട്ടങ്ങളില്‍ അല്ലാതെ ശോധനയ്ക്കായി ഇങ്ങനെ അധിക അളവില്‍ വെള്ളം കുടിക്കുന്നത് ശീലമാക്കാതിരിക്കുക.

   

  മനസ്സിനും ശരീരത്തിനും ആവശ്യത്തിനു വ്യായാമവും വിശ്രമവും നല്‍കുക.

   

  ആഴ്ചയിലൊരിക്കല്‍ ഉപവസിക്കുക. അത് ദഹനേന്ദ്രിയ വ്യൂഹത്തിനു വിശ്രമം നല്‍കുകയും ശരീരത്തിന്റെ പ്രാഥമികമായ കേടുപാടുകള്‍ തീര്‍ക്കുവാന്‍ സഹായിക്കുകയും ചെയ്യും.  ഓര്‍ക്കുക, രണ്ടു വര്‍ഷം മുമ്പ് ചികിത്സയ്ക്കുള്ള നോബല്‍ സമ്മാനം ഈ വിഷയത്തിലായിരുന്നു.

   

  ഇതൊക്കെ വായിച്ചു ഉപവാസത്തിലേക്ക് എടുത്ത് ചാടരുത്. ഓരോ നേരമായി ഭക്ഷണം ഒഴിവാക്കി  ശീലിച്ചു മാസങ്ങള്‍ എടുത്തു വേണം  മൂന്നു നേരവും ഭക്ഷണം ഒഴിവാക്കുന്ന ഉപവാസത്തിലേക്ക് എത്തുവാന്‍.

   

  ശരീരത്തിന്‍റെ സര്‍വ ഭാഗവും ഇളകുന്ന രീതിയിലുള്ള വ്യായാമങ്ങള്‍ അത്യന്താപേക്ഷിതമാണ്. യോഗയും മണ്ണിലെ പണികളും നൃത്തങ്ങളും ഒക്കെ വ്യായാമം നല്‍കും.

   

  നിശ്ചിന്തനം (ധ്യാനം) മനസ്സിനും ശരീരത്തിനും ബോധപൂര്‍വം ആയ വിശ്രമം നല്‍കും. 

   

  നൃത്തം ശരീരത്തിനും മനസ്സിനും ഒരേ സമയം വ്യായാമം നല്‍കുന്നവയാണ്.

   

  മനസ്സ് എന്ത് തീരുമാനിക്കുന്നുവോ അങ്ങനെയാണ് ശരീരം പ്രാഥമികമായി പ്രവര്‍ത്തിക്കുക.

   

  ശരീരത്തിനു ഒരു അസ്വസ്ഥത ഉണ്ടായാല്‍ വിശ്രമിച്ചു അസ്വസ്ഥതയുള്ള ഇടത്തേക്ക് മനസ്സ് കൊണ്ട് ശ്രദ്ധിച്ചു ശരീരം എങ്ങനെ ആയി തീരണം എന്ന് നമുക്ക് തോന്നുന്നുവോ അങ്ങനെ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുകയും ശരീരത്തെ പ്രേരിപ്പിക്കുകയും ചെയ്യുക.

   

  ശരീരത്തിനു അകത്തായാലും പുറത്തായാലും മനസ്സ് വിഭാവന ചെയ്യുന്നത് പോലെയാണ് സംഭവിക്കുക.

  അതിനാല്‍ ആരോഗ്യം ലളിതമാണെന്നും അതിനെ മനസ്സിലാക്കിയാല്‍ ഏറ്റവും ലളിതമായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും മനസ്സിലാകുക

   

  *ഞങ്ങള്‍ മിക്കപ്പോഴും പാലിക്കുന്നത്*.

  • ഇവിടെ നവഗോത്ര ഗുരുകുലത്തിലെ പൊതു ഭക്ഷണ സമയം പകല്‍ പതിനൊന്നരയ്ക്കും വൈകീട്ട് ആറരയ്ക്കും ആണ്. 
  • വ്യക്തികള്‍ക്കും സന്ദര്‍ഭത്തിനും അനുസരിച്ച് മാറ്റങ്ങള്‍ വരുത്താമെങ്കിലും പൊതുവില്‍ ഈ സമയം ആയിരിക്കും ഉത്തമം.
  • പാരമ്പര്യ പാചകം ചെയ്ത ഭക്ഷണം ആണ് മുഖ്യമായും കഴിക്കുക.
  • മസാലകള്‍ ഉപയോഗിക്കാറില്ല.
  • റെഡി മെയ്ഡ് ഭക്ഷ്യ വസ്തുക്കളും ഉപയോഗിക്കാറില്ല.  
  • ഒരു നേരമെങ്കിലും തവിടുള്ള അരിയാക്കാന്‍ ശ്രദ്ധിക്കും. 
  • എല്ലാതരം പച്ചക്കറികളും ധാന്യങ്ങളും മാറി മാറി ഉപയോഗിക്കാറുണ്ട്.
  • സദ്യകള്‍ ഒഴികെ മറ്റ് സമയങ്ങളില്‍ സങ്കീര്‍ണമായ കൂട്ടുകള്‍ ഉപയോഗിക്കാറില്ല. 
  • പാചകം ചെയ്തു ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിക്കും.
  • ഇടയ്ക്ക് ഫലങ്ങളോ ജ്യൂസോ കഴിക്കാറുണ്ട്.
  • അംഗങ്ങളില്‍  പലരും രാവിലെയോ വൈകീട്ടോ ഫലങ്ങള്‍ മാത്രം കഴിക്കാറുണ്ട്.
  • ചിലര്‍ ഇട ദിവസങ്ങളില്‍ (ഉദാ : എല്ലാ ബുധനും) ഭക്ഷണം ഉപയോഗിക്കാറില്ല.
  • മിക്കവരും അസ്വസ്ഥതകള്‍ ഉള്ളപ്പോഴും ക്ഷീണം ഉള്ളപ്പോഴും പഴങ്ങള്‍ മാത്രം കഴിക്കുകയോ ഭക്ഷണം കഴിക്കാതിരിക്കുകയോ ചെയ്യും.
  • നിത്യവും ധ്യാനിക്കുകയും നൃത്തം ചെയ്യുകയും ചെയ്യാറുണ്ട്.
  • അസ്വസ്ഥതകള്‍ വരുമ്പോള്‍ അതുള്ള ഭാഗത്തേക്ക് ശ്രദ്ധിക്കുകയും എളുപ്പം ശമിക്കുവാനുള്ള നിര്‍ദേശങ്ങള്‍ ശരീരത്തിനു നല്‍കുകയും ചെയ്യാറുണ്ട്.
  • ഒരു പൊതു കേന്ദ്രമായത് കൊണ്ട് എല്ലാം എല്ലായ്പ്പോഴും അതേ പോലെ തന്നെ പാലിക്കാന്‍ കഴിയണമെന്നില്ല. എങ്കിലും ഏവരും ആരോഗ്യത്തോടെ പോകുന്നു. 

   

  _*ഡിസ് ക്ലെയ്മര്‍* : ഇത് ഒരു ചികിത്സാ കുറിപ്പല്ല, ചില അറിവുകള്‍ പങ്കിടുന്നു എന്ന് മാത്രം. ഏറ്റവും ലളിതമായി നിത്യ ജീവിതത്തില്‍ ആരോഗ്യത്തെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതാണ് ഈ കുറിപ്പിന്റെ വിഷയം. അസുഖങ്ങള്‍ക്ക് രാഷ്ട്രം അനുവദിക്കുന്ന ഏതെങ്കിലും ചികിത്സാ രീതികളെ അവലംബിക്കുന്നതിനു എതിരല്ല ഈ കുറിപ്പ്_.

  ഒരു അന്വേഷണത്തിന് മറുപടിയായി പെട്ടെന്ന് തയ്യാറാക്കിയതാണിത്. പലതും വിട്ടു പോയിട്ടുണ്ടാകാം.  വിട്ടുപോയി എന്ന് തോന്നുന്നവ സൂചിപ്പിക്കുക, സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കുക.

  *സന്തോഷ്‌ ഒളിമ്പസ്*
  9497628007

  Print Friendly

  419total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in