• ഭൌമ ജൈവ സംവിധാനത്തെ മതിക്കുക : ചോദ്യോത്തരി

  by  • July 19, 2013 • പരിസ്ഥിതി • 0 Comments

  ജയേഷ് പതാരം, മുന്‍ പോസ്റ്റിലുള്ള എന്റെയൊരു വാചകത്തെ (” ആവശ്യ നിവൃത്തിക്കുള്ള സ്വാശ്രയ പദ്ധതികളിലേക്ക് മലയാളി തിരിയണം>>>>”) ഉദ്ധരിച്ചു കൊണ്ട് ചോദിക്കുന്നു.

  ? ചെറുതായാലും വലുതായാലും പദ്ധതികള്‍ എന്നും പ്രകൃതി ചൂഷണം തന്നെ ….അത് കാററ്യാലും ജലമായാലും …പിന്നെ ഈ ഡാമുകള്‍ ഇല്ലായിരുന്നു എങ്കില്‍ ഇന്നു മാഷിന് ഇതു പറയാന്‍ ഈ മീഡിയ ഉണ്ടാകുമായിരുനില്ല .അത് പ്രവര്‍ത്തിപ്പിക്കാന്‍ വൈദുതിയും ….അത്യാവശ്യം വീടിനു പോലും സ്ഥലം കിട്ടാന്‍ ഇല്ലാത്ത കേരളത്തില്‍ എങ്ങനെ പ്രകൃതിയിലേക്ക് മടങ്ങും ..പല സ്ഥലങ്ങളില്‍ പല ജോലികളില്‍ യെര്പെട്ടു ജീവിതം പുലര്‍ത്തുന്നവര്‍ക്ക് സമയത്ത് ആഹാരം കഴിക്കാതെ പഴങ്ങള്‍ മാത്രം കഴിച്ചു എങ്ങനെ ജീവിക്കാനാകും …ഒന്ന് വിശദമാക്കൂ ……

  = പ്രകൃതി വിഭവങ്ങളെ ഇതര സത്തകള്‍ സുസ്ഥിതിക്കായി ഉപജീവിക്കും വിധമാണ് പ്രകൃതിയുടെ സംവിധാനം. സഹജ യുക്തിയെ മാത്രം ഉപജീവിക്കുന്ന ഒരു ജീവി ഒരു പച്ചക്കറി തിന്നുന്നുവെങ്കില്‍ അതിന്റെ വിത്ത് വിതരണമോ അതിന്റെ അധികമായ വിതരണത്തിന്റെ നിയന്ത്രണമോ എന്തോ ഒരു ധര്‍മം, പ്രകൃതി നിശ്ചയിച്ചിട്ടുണ്ടെന്നര്‍ത്ഥം. വിശേഷ യുക്തിയുള്ള മനുഷ്യന്റെ വിഭവ വിനിയോഗം തുലോം കൂടുതലാണ്. അതിനൊത്ത വിഭവ വിതരണം പ്രകൃതി നടത്തിയിട്ടുമുണ്ട്. അത്തരം വിഭവ ഉപഭോഗത്തിനു , പ്രാദേശികതയുടെയും, വ്യവസ്ഥാ വിനിമയങ്ങളുടെയും മറ്റും സംവിധാനങ്ങള്‍ പ്രകൃതി ഒരുക്കിയിട്ടുമുണ്ട്. ആ വ്യവസ്ഥയുടെ സംവിധാനങ്ങളെ പാലിക്കാനുള്ള ജീവിയുടെ ശേഷിയും അനുസരണയും ആണ് അതിന്റെ ധര്‍മം. അതിനുമപ്പുറം പോകുവാന്‍ പ്രേരിപ്പിക്കുന്ന വിശേഷ ബുദ്ധി സുസ്ഥിതിയെ ചോദ്യം ചെയ്യും.

  നമ്മുടെ ഇവിടെയുള്ള വികസനങ്ങള്‍ എല്ലാം പ്രപഞ്ച വികാസത്തിന്റെ ഭാഗം ആയി തന്നെയാണ് നടക്കുന്നത്. അത് സുസ്ഥിരതയ്ക്ക് വിഘാതമാകുന്നത് , വികാസ വേഗത്തിനുള്ള ഗുരുത്വം നഷ്ടമാകുമ്പോഴാണ്. (ഗുരുത്വ വികാസങ്ങള്‍ വിപരീതാനുപാതത്തില്‍ ആണ്. അവയുടെ തുലനതയാണ്, ഒരു ചലന വ്യവസ്ഥയുടെ സുസ്ഥിതിക്കു അടിസ്ഥാനം.). ഇരുമ്പ് കുഴിച്ചെടുത്തു തനിക്കാവശ്യമുള്ള ലോഹത്തെ സംസ്കരിച്ചെടുക്കുന്ന പ്രാദേശീയവും ചെറുതുമായ ഒരു സംസ്കരണ രീതി, പ്രകൃതി നമുക്ക് നല്‍കിയിട്ടുള്ള സുസ്ഥിതിയെ വലുതായി ബാധിക്കില്ല, എന്നാല്‍ സഹസ്രകോടികളുടെ മൂല്യം (ആണിയുടെ ഉത്പാദനത്തിനുള്ള വന്‍ ഫാക്ടറികള്‍, ഖനി, അതിനുള്ള വൈദ്യുതി, അതുല്പാദിപ്പിക്കാനുള്ള വന്‍ കിട സംവിധാനങ്ങള്‍, അതിനായി സ്റ്റേറ്റിന്റെയോ, സ്വകാര്യ വ്യക്തിയുടെയോ വന്‍കിട നിക്ഷേപങ്ങള്‍, അതിനായുള്ള ഭരണ/സാമ്പത്തിക കേന്ദ്രീകരണം..) ഉള്‍ക്കൊള്ളുന്ന ഇന്നുള്ള ഒരു ഇരുമ്പാണി പോലും ജൈവ വൈവിധ്യം എന്ന പൊതു നിയമത്തെ ചോദ്യം ചെയ്യുന്നതാണ്. അങ്ങിനെ നാം സൃഷ്ടിക്കുന്ന ചെറു നിയമ ലംഘനങ്ങള്‍ക്ക് മേല്‍, പ്രപഞ്ചത്തിന്റെ വലിയ നിയമങ്ങള്‍ നടപ്പിലാക്കപ്പെടും. അതിനാല്‍ തന്നെ, വലിയ ലംഘനങ്ങലെക്കള്‍ ചെറു പാലനങ്ങള്‍ തന്നെ നല്ലത്.

  ചൂഷണം എന്ന പദം വാണിജ്യവല്കൃതമാണ്. സുസ്ഥിതിയ്ക്കായുള്ള ഉത്പാദനം, വ്യവസായമാണെന്ന് കരുതേണ്ടതില്ല. അത് ചൂഷണവും അല്ല. അത് ചൂഷണം ആകുന്ന അതിര്‍ വരമ്പ് നാം കണ്ടു അറിയേണ്ടിയിരിക്കുന്നു . ഇന്നുള്ള മനുഷ്യന് ഈ അതിവരമ്പ് അറിഞ്ഞു കൂടാ.. അവനറിയുന്ന ഒരു ജീവിതക്രമം, ഈ അതിര്‍ വരമ്പിന്റെ ചക്രവാളത്തിനും എത്രയോ അപ്പുറത്താണ്. ജീവ രാശിയുടെ സുസ്ഥിതിക്കായി അത് നാം പുനര്‍ നിര്‍വചിച്ചേ മതിയാകൂ..

  പിന്നെ ഈ മീഡിയ..

  ശരിയാണ്. ആണിയിലും വലുത്.. സങ്കീര്‍ണമായത് .. മുന്‍ പറഞ്ഞ അതിര്‍ വരമ്പിന്റെ ചക്രവാളത്തിനും എത്രയോ അപ്പുറത്ത്.. ഞാനും നിങ്ങളും അടങ്ങുന്ന നാം ഓരോരുത്തരും താരതമ്യേന വലിയ നിയമങ്ങളെപ്പോലും ലംഘിക്കാന്‍ ഉപയോഗിക്കുന്നത്.. ഇത് മറികടക്കുകയെ നിവൃത്തിയുള്ളൂ.. നാം മറികടന്നില്ലെങ്കില്‍ മറികടക്കാന്‍ പ്രകൃതി നമ്മെ പല വഴികളിലൂടെയും കടത്തി വിടും.

  പരിഹാരം, പ്രകൃതിയെ അറിയുകയേ ഉള്ളൂ.. അതിനൊത്ത് നമ്മുടെ മനം മാറ്റിയെ പറ്റൂ.. വീട് വയ്ക്കാന്‍ സ്ഥലമില്ലെന്നതും മറ്റും നമ്മുടെ തെറ്റിദ്ധാരണയാണ്. എല്ലാത്തിനും സ്ഥലവും സൌകര്യവും വിഭവവും സങ്കേതങ്ങളും ഒക്കെ ഇന്ന് ഇവിടെ ഉണ്ട്. അത് കൊണ്ടാണ് എല്ലാം ഇവിടെ നിലനില്‍ക്കുന്നത്. പക്ഷെ നാളെയും നിലനില്‍ക്കണമെങ്കില്‍ വഴി മാറണം. കാര്‍ഷികമായും വ്യവസായപരമായും, ജീവനപരമായും ഒക്കെ.. (ഇരുപതു സെന്റു സ്ഥലം കൊണ്ട്, നാല് പേരുള്ള ഒരു കുടുംബത്തിനുള്ള ഭക്ഷ്യ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ സുസ്ഥിര കൃഷിക്ക് കഴിയും. അങ്ങിനെ അങ്ങിനെ എല്ലാ മേഖലയിലും.. ) അതിനാല്‍ നമ്മുടെ ആവശ്യങ്ങളെ പറ്റിയുള്ള ധാരണകളെ പുനര്‍ നിര്‍വചിക്കുക.

  (ഇന്റസ്ട്രിയല്‍ ഇക്കോളജി എന്ന എന്റെ പഴയൊരു പോസ്റ്റും കൂടി കാണുക.. ഒളിമ്പസ്സിന്റെ സുസ്ഥിര സ്വാശ്രയ ഗ്രാമ പദ്ധതിയുടെ ആശയങ്ങള്‍ എന്തിനെന്നു വ്യക്തമാക്കാനും കൂടി , ഇത് പൊതുവായി പോസ്റ്റ്‌ ചെയ്യുന്നു.)

  ? Jayesh Pathaaram : പക്ഷെ ഇതൊക്കെ എങ്ങനെ നടപ്പില്‍ വരുത്തും ….. പ്രായോഗികമാണോ …പ്രകൃതിയിലേക്ക് മടങ്ങല്‍ അതിനു പ്രകൃതി എവിടെ ……????

  = മലയാളിയുടെ സന്ദേഹം മാറിയാല്‍ മതി.. പറഞ്ഞിരിക്കാതെ പ്രവര്‍ത്തിച്ചു തുടങ്ങണം. എങ്ങും പ്രകൃതി ഉണ്ട്. എല്ലാം പ്രകൃതി തന്നെ.. … നഗരങ്ങള്‍ ഒന്ന് വിട്ടു നോക്കൂ .. കൂടുതല്‍ സഹജ പ്രകൃതിയെ കാണാം..നഗരങ്ങളിലും, ചട്ടികളിലും ബാഗിലും കൃഷി ചെയ്യാം.. ശല്യം ചെയ്യാതിരുന്നാല്‍ എവിടെയും ചെടി മുളച്ചു വരും. അതാണ്‌ പ്രകൃതിയുടെ നിയമം. മനസ്സില്‍ പ്രത്യാശയും, വിഭാവനവും ഉണ്ടെങ്കില്‍ എവിടെയും നമുക്ക് സ്വാശ്രയം ആകാം.. പക്ഷെ അതിനുള്ള ബോധവും, അവബോധവും ഉണ്ടാകുക തന്നെയാണ് മുഖ്യം. അതിനു മലയാളി തയ്യാറല്ലെങ്കില്‍, മുല്ലപ്പെരിയാര്‍ തകരും. തകരാതെ സൂക്ഷിച്ചു അണ മാറ്റി ക്കെട്ടിയാല്‍, മലയാളിയെ നന്നാക്കാന്‍ അറബിക്കടല്‍ ഇളകും. പ്രപഞ്ച തുലനതയെ മനുഷ്യന് മറികടക്കാന്‍ ആകില്ല.

  https://www.facebook.com/notes/santhosh-olympuss/notes/296240243757256

  Print Friendly

  756total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in