സ്വാശ്രയ ഗ്രാമ സങ്കല്പത്തിന് ഈ കൊറോണ കാലത്ത് ഏറെ പ്രസക്തി.
by Santhosh Olympuss • March 23, 2020 • കൂട്ട് ജീവിതം, പദ്ധതികള്‍, പരിസ്ഥിതി, സമ്പദ്ശാസ്ത്രം • 0 Comments
കഴിഞ്ഞ കുറെ പ്രകൃതി ദുരന്ത കാലങ്ങള്‍ പോലെ ഈ കൊറോണക്കാലവും കടന്നു പോകും. നാം ഇതും ഒരുമിച്ചു ഒറ്റക്കെട്ടായി നേരിടും. എങ്കിലും എല്ലാമുണ്ടായിട്ടും ഒറ്റയ്ക്കായ, ഒന്നുമില്ലാതായ, എന്താകുമെന്നു അറിയാതെ നില്ക്കുന്ന ഈ അവസ്ഥയില്‍ നാം ശക്തമായി ചിന്തിക്കേണ്ടത് സ്വാശ്രയത്വത്തെ ക്കുറിച്ചാണ്. ഇത് പോലെ ഉള്ള ദുരന്തങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ നാം ഇതു പോലെ സാമൂഹ്യ അകലം വീണ്ടും വീണ്ടും പാലിക്കേണ്ടി വരും. വ്യക്തിപരതയുടെ പുതിയ രൂപങ്ങളെ പരിചയപ്പെടേണ്ടി വരും. തിരിച്ചു പിടിച്ചു കയറാന്‍ കഴിയാത്ത രീതിയില്‍ സാമ്പത്തിക വീഴ്ചയിലേക്ക് കൂപ്പു കുത്തേണ്ടി വരും. ഭക്ഷണത്തെ പറ്റിയും സാമ്പത്തിക സുരക്ഷയെ പറ്റിയും ജീവിത ക്രമത്തെ പറ്റിയും സാമൂഹിക ക്രമീകരണത്തെ പറ്റിയും ഒട്ടേറെ പുനര്‍ നിര്‍വചനങ്ങള്‍ സ്വന്തം ജീവിതത്തില്‍ നാം നടത്തേണ്ടി വരും.

ഇങ്ങനെ ഒക്കെ വരും എന്നത് മുന്നേ കൂട്ടി അറിയാവുന്നത് കൊണ്ട് തന്നെയാണ് കഴിഞ്ഞ 34 വര്‍ഷങ്ങളായി ഒളിമ്പസ് ഇക്കോ വില്ലേജ് എന്ന സ്വാശ്രയ ഗ്രാമ പദ്ധതിയെ പറ്റി ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നത്. അതിനായി 26 വര്‍ഷങ്ങള്‍ ആയി കൂട്ടായ ജീവിതം പരീക്ഷിച്ചും പരിശീലിച്ചും പോന്നത്. പ്രാദേശിക സ്വാശ്രയ കൃഷി രീതികള്‍ പ്രചരിപ്പിച്ചു വന്നത്. ആരോഗ്യ സ്വാശ്രയത്വത്തെ ശീലിക്കാന്‍ പഠിപ്പിച്ചത്. സുസ്ഥിരമായ ജീവിതത്തെ അറിയുവാനുള്ള പാഠ്യപദ്ധതികളും വിദ്യാഭ്യാസ സമ്പ്രദായവും രൂപകല്പന ചെയ്തത്. ലളിതമായ പ്രകൃതി കേന്ദ്രിത വീടുകള്‍ ഉണ്ടാക്കുന്ന രീതികളെ പറ്റി ചിന്തിപ്പിച്ചത്. കേവല ഭൌതികമായ സമ്പദ് വ്യവസ്ഥയെ ആശ്രയിക്കാത്ത വിഭവാധിഷ്ടിത സമ്പദ് രീതികള്‍ പരിചയപ്പെടുത്തിയത്. ഉപഭോഗ ജീവിതത്തിനിടയിലും “നിനക്ക് ഞാന്‍ ഉണ്ട്” എന്ന് ബോദ്ധ്യമുള്ള ഗ്രാമക്കൂട്ടങ്ങളെ ഉരുവപ്പെടുത്തിയത്. അന്ധമായ ഭൌതിക ജീവിത മൂല്യങ്ങളെ തുലനം ചെയ്യുവാനുള്ള പ്രകൃത്യാത്മീയ ബോദ്ധ്യങ്ങളെ പരിചയപ്പെടുത്തിയത്. പ്രകൃതിയുടെ നിയമങ്ങളെയും പ്രകൃതിയുടെ മനഃശാസ്ത്രത്തെയും ആധാരമാക്കിയുള്ള പ്രായോഗിക ജീവിതത്തെ വ്യക്തി തലത്തിലെങ്കിലും പരിശീലിക്കുവാനുള്ള സത്സംഗങ്ങളും സഹവാസങ്ങളും ഫെലോഷിപ്പുകളും കേരളത്തിനു അകത്തും പുറത്തും മൂന്നു ദശകങ്ങളായി നടത്തി വന്നത്. ഒടുവില്‍ പാലക്കാട് ആലത്തൂര്‍ ഒരു കുഞ്ഞു പുഴയോരത്ത് ഈ സ്വാശ്രയ ഗ്രാമ സ്വപ്നത്തിന്റെ ലഘു മാതൃക ഉണ്ടാക്കുവാനായി സ്ഥലം വാങ്ങിയത്.

എന്നാല്‍, ഉപഭോഗ സംസ്കാരത്തിന്റെയും മദ്ധ്യവര്‍ഗ മാന്യതയുടെയും പിന് വിളി ഉള്ളത് കൊണ്ട് കേരളത്തില്‍ നിന്ന് ഇന്നോളം ആരും അത്തരമൊരു സ്വാശ്രയ ഗ്രാമ ജീവിതത്തിനോ അതിന്റെ പ്രാരംഭത്തിനോ പോലും തയ്യാറായില്ല എന്നതാണ് വിസ്മയകരം. നവഗോത്ര സമൂഹം എന്ന ഒരു സുസ്ഥിര ജീവന പഠന ഫെലോഷിപ്പില്‍, കേരളത്തിലെ എല്ലാ ജില്ലകളിലും അയല്‍ സംസ്ഥാനങ്ങളിലും ചില രാജ്യങ്ങളിലും നിന്ന് കുറച്ചു ആളുകള്‍ വന്ന്, ഈ സ്വാശ്രയ ഗ്രാമ സ്വപ്നത്തിന്റെ സിദ്ധാന്തവും പ്രയോഗവും മനസ്സിലാക്കുകയും ഏഷ്യയിലെ ആദ്യ ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പും കേരളത്തിലെ ഒരു സുസ്ഥിര ജീവന സമൂഹവും ഉണ്ടാകുകയും ചെയ്തു. അവിടെയും ചില സ്നേഹ ജ്ഞാന ചര്‍ച്ചകളിലൂടെ കടന്നു പോയി എന്നതല്ലാതെ മറ്റൊരു അനക്കവും ഉണ്ടായിട്ടില്ല. കോര്‍പ്പറേറ്റ് ഫണ്ടും പദ്ധതിയും ഒന്നും തന്നെ നമ്മുടെ മാര്‍ഗമോ ലക്ഷ്യമോ ആകാത്തത് കൊണ്ട്, കൂടുതല്‍ ഒന്നും ചെയ്തു വിജയിപ്പിക്കാന്‍ നമുക്ക് ആയിട്ടില്ല. ഒരു പക്ഷെ ആനയും തോട്ടിയും താഴെ വച്ച് ഇവിടെ ഒരു പത്ത് സെന്റു സ്ഥലത്ത് മാത്രം ഒതുങ്ങി ജീവിച്ചു തുടങ്ങിയ ഈ കാലത്ത് വീണ്ടും ഇതെല്ലാം പൊടിതട്ടി എടുക്കേണ്ടുന്ന സാഹചര്യമാണ് ചുറ്റിലും.

നാം പ്രത്യാശ കൈവിടരുത് എന്നാണല്ലോ? കൊറോണ വന്നു പോകും. എന്നാല്‍ സാധാരണ ജീവിതം പുന:സ്ഥാപിക്കാന്‍ നമൂക്കു ഏറെ യത്നിക്കേണ്ടി വരും. ഇനിയൊരു കൊറോണ കൂടി വന്നാല്‍, സാമ്പത്തികമായി താങ്ങുവാന്‍ നമ്മുടെ സമൂഹത്തിനാകില്ല. അന്യ സംസ്ഥാനത്ത് നിന്നും വരുന്ന ധാന്യങ്ങളും പച്ചക്കറിയും നിന്നാലും, തൊഴില്‍ മേഖലയില്‍ ദീര്‍ഘ സ്തംഭനം വന്നാലും, പൊതു യാത്രാ മുടക്കം വന്നാലും ബാധിക്കാത്ത ഒരു സുരക്ഷിത സംവിധാനം നമുക്കില്ല.
അത് കൊണ്ട് തന്നെ കേവലമായ ഒരു വ്യക്തിഗത സോഷ്യല്‍ ഡിസ്റ്റന്‍സിംഗിനും അപ്പുറം ഈ പ്രതിസന്ധികളെ എല്ലാം അതിജീവിക്കുവാന്‍ കെല്പുള്ള മികച്ച സ്വാശ്രയത്വമുള്ള ഒരു കമ്യൂണിറ്റി സോഷ്യല്‍ ഡിസ്റ്റന്സിംഗിലേക്ക് നാം മാറിയേ മതിയാകൂ. ലോകം അത്തരം ചെറിയ കമ്മ്യൂണിറ്റികളാൽ നിറയുന്നുവെന്ന് സങ്കൽപ്പിക്കുക.
പോളി സെൻട്രിക് കമ്മ്യൂണിറ്റി ആർക്കിടെക്ചർ

അങ്ങനെയാണെങ്കിൽ
1. ആളുകൾ ജോലിക്കായി കൂടുതൽ യാത്ര ചെയ്യേണ്ടതില്ല.
2. ഡോളർ – രൂപ അസമത്വം ഉണ്ടാകില്ല.
3. സൂപ്പർ ശക്തികളും യുദ്ധവിദഗ്ധരും ഉണ്ടാകില്ല.
4. കേന്ദ്രീകൃത സർക്കിളുകളിലെ കമ്മ്യൂണിറ്റികളിൽ കൊറോണ വ്യാപിക്കുകയില്ല. ചുരുക്കം ചില കമ്മ്യൂണിറ്റികളിൽ അല്ലാതെ കൊറോണ പോലെ ഒരു അസുഖം പടരില്ല. തുടക്കം തന്നെ കമ്മ്യൂണിറ്റികൾ സ്വയം പര്യാപ്തമായതിനാൽ അവ സ്വയം isolated ആവും
5. ലോകത്തിന് സുസ്ഥിരമല്ലാത്ത വലിയ നഗരങ്ങളും മലിനീകരണവും ഉണ്ടാക്കേണ്ട ആവശ്യം വരില്ല.
6. പ്ലാസ്റ്റിക് പാക്കറ്റുകൾ, കത്തിക്കാൻ അസംസ്കൃത എണ്ണ എന്നിവ ആവശ്യം വരില്ല.
ഒന്ന് ആലോചിക്കൂ, നമുക്ക് സുസ്ഥിരമായ ഒരു ജീവിതത്തിലേക്ക് തിരിച്ചുപോകാനുള്ള സമയമല്ലേ ഇത്? സമയമായി എന്ന് തോന്നുന്നുവെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ തുടങ്ങണം.

ഒന്നുകില്‍, നിങ്ങള്‍ ഒളിമ്പസ് തുടക്കമിട്ട പ്രകൃതി കേന്ദ്രിത ജീവിത വഴി സ്വീകരിച്ചു കൊണ്ട് ഞങ്ങളോടൊപ്പം ഗ്രാമത്തില്‍ വന്നു സ്വയം അദ്ധ്വാനിച്ചു ജീവിച്ചു തുടങ്ങണം. നാമൊരുമിച്ചു ഈ മാതൃകാ ഗ്രാമ സ്വപ്നം സാക്ഷാത്കരിക്കണം. അല്ലെങ്കില്‍, നാമെല്ലാം പ്രാദേശികമായ ചെറു കമ്യൂണിറ്റികള്‍ രൂപീകരിക്കണം. അതും ഒളിമ്പസ്സിന്റെ വഴിയിലോ കാഴ്ച്ചപ്പാടിലോ വേണമെന്നില്ല താനും. ലോകമെമ്പാടും നിലവില്‍ 2500 ഓളം ഇത്തരം സ്വാശ്രയ ഇക്കോ വില്ലേജുകള്‍ ഉണ്ടെന്നതും അവയില്‍ ഏറ്റവും വലിയ സംവിധാനം ഭാരത സര്‍ക്കാറിന്റെ സഹകരണത്തോടെ നടത്തുന്ന ഓറോവില്ലെ (പോണ്ടിച്ചേരി) ആണെന്നതും ശ്രദ്ധേയമാണ്. അതായത്, ഭാരത സര്‍ക്കാറിന്റെ നിയമങ്ങള്‍ ഇത്തരം കമ്യൂണിറ്റികളെ പിന്താങ്ങുന്ന വിധമാണ്. നിങ്ങളില്‍ ആര്‍ക്കും അങ്ങനെ പ്രാദേശികവും സ്വതന്ത്രവുമായ സ്വാശ്രയ ഗ്രാമങ്ങള്‍ / സമൂഹങ്ങള്‍ ആരംഭിക്കാം. പുറം ലോകം സ്തംഭിച്ചാലും തൊഴില്‍ ഇല്ലാതായാലും പണം ഇല്ലാതായാലും, മക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വായുവും വെള്ളവും അന്നവും ഉറപ്പായ ജീവിതം നല്കുവാനാകും. നമ്മുടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം കമ്യൂണിറ്റികളെ പ്രമോട്ട് ചെയ്യുമെന്ന് പ്രത്യാശിക്കാം.

ഇവിടെ ഞങ്ങളും തയ്യാറാണ്. അങ്ങനെ സ്വാശ്രയത്വത്തോടെ, പ്രകൃതി കേന്ദ്രിതമായി, സുസ്ഥിരമായി, സുരക്ഷിതമായി, സാമൂഹ്യ അകലത്തിലായി, രോഗ പ്രതിരോധ ശേഷിയോടെ, ഭക്ഷ്യ സുരക്ഷിതത്വത്തോടെ ജീവിക്കുവാന്‍ തയാറുള്ളവര്‍ മനസ് ചേരുവാന്‍ വരികയാണെങ്കില്‍.
അതിനാല്‍, പ്രകൃതി കേന്ദ്രിതമായ സ്വാശ്രയ ജീവിതത്തിനു വേണ്ടി ഇറങ്ങി തിരിക്കുവാന്‍ തയ്യാറുള്ള കുടുംബങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ബന്ധപ്പെടുക. വെറുതെ രസത്തിനു ആശയം പങ്കിടാന്‍ വേണ്ടി ദയവായി ആരും വിളിക്കേണ്ടതില്ല. ഗ്രാമ പദ്ധതിയെ പറ്റി പണ്ടെഴുതിയ കാഴ്ചപ്പാടുകളെ അറിയാന്‍, ‘ഗ്രാമം’ എന്ന് ഞങ്ങളുടെ വെബ്സൈറ്റില്‍ സെര്‍ച്ച് ചെയ്താല്‍ മതിയാകും. പ്രകൃതി കേന്ദ്രിതമായ സ്വാശ്രയ ഗ്രാമ പദ്ധതിയുടെ കൂടെ ഇറങ്ങി തിരിക്കാന്‍ തയാറുള്ള കുടുംബങ്ങള്‍ക്ക് ഞങ്ങളെ വിളിക്കാം.
സന്തോഷ് ഒളിമ്പസ്
വാട്സാപ് : 9497 628 007
ഫോണ്‍ : 8921 032 329
ഇവ വായിക്കാതെ വിളിക്കരുത്
വിളിക്കുന്നതിനു മുമ്പ് വായിക്കുക.
ഞങ്ങളെ ബന്ധപ്പെടുന്നതിനു മുമ്പായി താഴെയുള്ള ലേഖനങ്ങള്‍ സമയമെടുത്തു വായിക്കുക. ഞങ്ങളുടെ വെബ് സൈറ്റില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പോസ്റ്റ് ചെയ്ത കുറിപ്പുകള്‍ ആണിവ.
- സമ്പൂര്‍ണ ജീവിത സുരക്ഷയ്ക്ക് കൂട്ടായ ജീവിതം
- തുടങ്ങാം ഒരു സ്വാശ്രയ സുസ്ഥിര ഹരിത ഗ്രാമം
- ഇക്കോ വില്ലേജ് ഒരു ആമുഖം
- എന്താണ്, എന്തല്ല സുസ്ഥിര ജീവന ഗ്രാമപദ്ധതി.
- ഗ്രാമ പദ്ധതിയെ പറ്റിയുള്ള സ്ഥിരമായ ചോദ്യങ്ങള്‍ (Frequently Asked Questions)
- ഇക്കോ വില്ലേജെന്നാല്‍ ജൈവ കൃഷി അല്ല.
- തുടങ്ങാം ഒരു നവ സ്വാശ്രയ സുസ്ഥിര ഹരിത ഗ്രാമം.
- നവ ഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമം.
- എങ്ങനെയാണ് ഒളിമ്പസ്?
- തൊഴില്‍ ഗ്രാമത്തിനു കീഴെ ഉപപദ്ധതികള്‍ക്കുള്ള കരടു രൂപം ക്ഷണിക്കുന്നു.
- ഇക്കോ വില്ലേജിലെ കന്യാവനത്തിനായി നിക്ഷേപിക്കാമോ?
- പ്രളയം കഴിയുമ്പോള്‍ ഇനി നാം ചെയ്യേണ്ടത്.
- ഗ്രാമം, ഇക്കോ വില്ലേജ് എന്നിവയെ കുറിച്ചുള്ള മറ്റു പോസ്റ്റുകളുടെ ലിസ്റ്റ്.
11475total visits,6visits today