• ഭൌമ ജൈവ സംവിധാനത്തെ മതിക്കുക

  by  • July 19, 2013 • പരിസ്ഥിതി, സാമൂഹികം • 0 Comments

  Originally posted in FB on January 16, 2012 at 4:19 PM

  മലയാളി ചിലതൊക്കെ തിരിച്ചറിയുകയാണ്. ഡെമോക്ലെസ്സിന്റെ വാളു പോലെ, വിധിയെ തലമുകളില്‍ തൂക്കിയിട്ടിരിക്കുന്നത്, വരികളിലൂടെയും വരകളിലൂടെയും അവന്‍ കണ്ടറിയുകയാണ്. വികസന സങ്കല്പനങ്ങളോട് യോജിച്ചവരും വിയോജിച്ചവരുമെല്ലാം തലമുറയറ്റ് പോകാന്‍ പാകത്തില്‍ സംഹാര ശേഷിയുണ്ടെന്ന് കരുതപ്പെടുന്ന പഴയൊരു വികസന ബിംബമാണ് മുല്ലപ്പെരിയാര്‍.. അതിനെ കണ്ണും പൂട്ടി എതിര്‍ക്കേണ്ടിവരുന്ന ഈയൊരു ഭീതിത ദിനങ്ങളെ, യുക്തിയുടെ വെള്ളപ്പൊക്കത്തില്‍, ഉന്നതങ്ങളെ കൈവിരല്‍ കൊണ്ട് തൊട്ടറിഞ്ഞ മലയാളി, ചോദിച്ചു വാങ്ങിയതാണ്.

  അതെ!! നമുക്കിത് വൈകി വന്ന വിവേകമാണെങ്കിലും , പ്രകൃതി നമ്മെ ചിലത് പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നു. പണ്ടു ഇതേ പോലൊരു പാഠം തമിഴ്നാട്ടിലെ ഗ്രാമ നാഗരീകതയിലേക്ക് പ്രകൃതി എറിഞ്ഞു കൊടുത്തപ്പോള്‍ ഉണ്ടായ യുക്തി വിശേഷമാണ് ഈ ഡാമു തന്നെ.

  തമിഴ്നാട്, ചോള, ചേര, പാണ്ഡ്യന്മാരുടെ ഭരണകാലത്തിനു മുന്‍പ് തന്നെ നാഗരികതയില്‍ വികാസം പ്രാപിച്ചിരുന്നു. അത് യുക്തി കൊണ്ടാണെങ്കിലും, അതിജീവനപരമായ പരിണാമത്തിന്റെ ഭാഗമായിരുന്നു. അവരുടെ പരന്ന ഭൂപ്രകൃതിയും, പരന്ന നാഗരിക യുക്തിയും, കാര്‍ഷിക രംഗത്തെ, അന്നത്തെ ആധുനികതയിലേക്ക് ഉയര്‍ത്തി കൊണ്ട് വന്നു. ഏക വിള കൃഷിയും, മണ്ണിനെ നഗ്നമാക്കിയ കൃഷി രീതികളും മണ്ണിനു അകത്തുള്ളതല്ലാത്ത കൃത്രിമ ജലസേചന പദ്ധതികളും കൊണ്ട്, അവര്‍ ഒരു ജനതയുടെ നാഗരിക ആവശ്യങ്ങളെ പോറ്റി. പ്രകൃതി ഒരുക്കിയ ജീവ ജാല വിന്യാസത്തെയും, ഭൂമിയുടെ ജൈവ സ്വഭാവത്തെയും, പാടെ നിരാകരിച്ചോപ്പോള്‍, അത് കൊടും വരള്‍ച്ചയ്ക്കും, മരുവല്കരണത്തിനും കാരണമായി. ആ നാഗരികതെയെ ഉപജീവിച്ച ജനതയുടെ നിലനില്പ് തന്നെ ഒരു ചോദ്യചിഹ്നമായി മാറി.

  അതിനു മറുപടിയായി കണ്ടതാകട്ടെ, മറ്റൊരു യൌക്തിക പരിഹാരത്തെയാണ്‌. അതൊരു ഡാമായി രൂപം കൊണ്ടു. അത് പോലെ ഒരുപാടു ചെറുതും വലുതുമായ ഡാമുകളുണ്ടാക്കി, മനുഷ്യന്‍ കേവല ജീവ കാരുണ്യത്തിന്റെ പേരില്‍ ഭൂമിയുടെ ജീവരക്തക്കുഴലുകളെ കെട്ടി നിര്‍ത്തി. പകരം ബൈപ്പാസ്സുകള്‍ ഉണ്ടാക്കി.. അടിസ്ഥാന ആവശ്യകതയെന്ന താലോല പേരിട്ടു വിളിക്കുന്ന ആര്‍ത്തിയ്ക്ക് പരിഹാരങ്ങള്‍ കാണുന്ന ഒട്ടേറെ അനുബന്ധങ്ങള്‍ ഉണ്ടാക്കി. രാജഭരണം പുതിയ രൂപഭാവങ്ങള്‍ കൈക്കൊണ്ടു. വികസനം, എന്നത്, അതിജീവനത്തെ വിട്ടു, ആരാജകതയുടെ കേളീ നിലമായി മാറി.. ഭൂമിയുടെ രക്തം കെട്ടിയ കുരുക്കള്‍ അതിന്റെ പ്രായമാകുമ്പോള്‍ പൊട്ടുമെന്നായി. ഭൂമിയെന്ന ജീവിയുടെ കുരു പൊട്ടുന്ന ജൈവ സങ്കേതം, അത് കൊണ്ടു ലക്ഷ്യമാക്കുന്നത്, രക്തക്കുഴലുകളെ ശരിയാക്കുക മാത്രമല്ല, അതിനു കാരണമായ മനുഷ്യ യുക്തിക്കുള്ള, പുനര്‍ പാഠങ്ങള്‍ നല്‍കുക എന്നത് കൂടി ആയിരിക്കും.

  മനുഷ്യ യുക്തി, അതിന്റെ ആള്‍രൂപം കൈക്കൊണ്ട ജനതയാണ്, കേരളത്തിലുള്ളത്.. അത് കൊണ്ടു തന്നെ, ഒരു പുനരെഴുത്ത് വേണ്ടത് ആ യുക്തി കേന്ദ്രത്തില്‍ ആണെന്നും പ്രകൃതിക്കറിയാം. അതിനുള്ള പരിഹാരം മുല്ലപ്പെരിയാര്‍ പൊട്ടി ഒഴുകുക എന്നതാണെങ്കില്‍ പ്രകൃതി അത് ചെയ്യുക തന്നെ ചെയ്യും. അഥവാ പുതു യുക്തികളാല്‍, ഡാമിനെ പുതുക്കിപ്പണിതാല്‍, പിന്നെ പ്രകൃതി പഠിപ്പിക്കുന്നത് പടിഞ്ഞാറ് അറബിക്കടലില്‍ നിന്നായിരിക്കും. പ്രകൃതിക്ക് വേണ്ടത്, അതിന്റെ ഘടകങ്ങള്‍ക്കുള്ള പ്രതിഭാസപരമായ മാറ്റമാണ്. സുസ്ഥിരതയെ ബോധ്യമാകുന്ന മനുഷ്യന്‍, അന്നന്ന് കാണുന്ന കാലിക ശരികളുടെ പിറകെ പോകുന്നതിനു പകരം, ഭൌമ ജൈവ സംവിധാനത്തെ മതിക്കുന്നതും, അതിനനുസൃതം ജീവിത നിയമങ്ങളെ വൈകാരികമായി മാറ്റി എഴുതുന്നതും ആയ ഒരു നവീകരണ രീതി സ്വായത്തമാക്കണം.

  ഭരണകൂടം, മുപ്പത്തഞ്ചു ലക്ഷം വരുന്ന ജനതയെ സുരക്ഷിതരാക്കട്ടെ.. അവര്‍ക്ക് അറബിക്കടലിനെ കെട്ടി നിറുത്താന്‍ ആകില്ല. മദ്ദളം പോലെ ഇരുവഴിക്കും കൊട്ട് കിട്ടാതെ ശാന്തവും സുസ്ഥിതവും ആകണമെങ്കില്‍, മാറേണ്ടത്, നമ്മുടെ യൌക്തികതയാണ് . ആദ്യമേ തന്നെ ഡാമിനെ പറ്റിയുള്ള വ്യാകുലത നാം കൈ വെടിയണം. ചെറിയ മണ്ണില്‍ ,ചെറിയ സങ്കേതങ്ങളാല്‍ , ചെറുതായ ആവശ്യ നിവൃത്തിക്കുള്ള സ്വാശ്രയ പദ്ധതികളിലേക്ക് മലയാളി തിരിയണം. കേന്ദ്രീകൃത നഗരവല്‍കരണത്തെ പൊളിച്ചെഴുതണം. അതും യുദ്ധകാലാടിസ്ഥാനത്തില്‍.

  ഇതൊക്കെ പറയുമ്പോഴും, എവിടെ, എങ്ങിനെ എന്നൊക്കെയുള്ള കീറാമുട്ടികള്‍ നമുക്ക് മുന്നിലുണ്ട്.. എങ്കിലും, ഒരു പുനര്‍ വിന്യാസത്തിന് സമയമായെന്ന സ്വയം ബോദ്ധ്യപ്പെടുത്തലിന് സമയമായി എന്നത് നാം അറിഞ്ഞേ പറ്റൂ.. ഇനി മാറിയെ പറ്റൂ…

  ഞാനെന്തിനാണ് ഇങ്ങിനെയൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നതെന്നു, ഇത് വായിക്കുന്ന ഒരാള്‍ക്കെങ്കിലും ബോദ്ധ്യമായാല്‍ സന്തോഷം.

  (ചിത്രത്തിലുള്ളത്, കുറെ നാളുകള്‍ മുന്‍പ് നെറ്റില്‍ നിന്നും കിട്ടിയ ചില സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷനങ്ങല്‍ക്കിടെ എനിക്കുണ്ടായിവന്ന ഒരു ഫ്ലഡ് പ്രൊജക്ഷന്‍ മാപ് )

  https://www.facebook.com/notes/santhosh-olympuss/notes/296239260424021

  Print Friendly

  839total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in