• പ്രകൃതി സാക്ഷരതാ പരിപാടി നടപ്പിലാക്കുവാന്‍ തയ്യാറുള്ളവരെ തേടുന്നു.

    by  • August 24, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

    ഒരു പ്രളയം കൂടി കഴിഞ്ഞു പോയി.

    വെള്ളമാണ് ഒഴിഞ്ഞു പോയത്. വെള്ളം കൊണ്ടുണ്ടായ ദുരിതങ്ങളുടെ പ്രളയം ഒഴിഞ്ഞു പോയിട്ടില്ല. എല്ലാ വര്‍ഷവും പെയ്യുന്ന മഴ വല്ലപ്പോഴും പേമാരിയാകുമ്പോള്‍ വന്നു ചേരുന്ന ഈ വെള്ള പ്രളയം മാത്രമല്ല ഈ ദുരിത പ്രളയം എന്ന് ചിലരെങ്കിലും കരുതുന്നില്ലേ?.. 

    ഇത് മാത്രമാണോ നമുക്ക് ചുറ്റുമുള്ള പ്രളയം.

    ഒരു വാരത്തേക്ക്  മാത്രം ദുരിതാശ്വാസക്ക്യാമ്പിലേക്ക് നമ്മെ കടത്തി വിടുന്ന ഒരു പ്രളയമല്ല യഥാര്‍ത്ഥത്തില്‍  നമുക്കു ചുറ്റുമുള്ളത്.  നമ്മുടെ ഇന്നത്തെ ജീവിതം തന്നെ വിവിധയിനം പ്രളയങ്ങളുടെ കാലത്താണ്. ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ഗൃഹനിര്‍മാണം, സാമൂഹ്യസുരക്ഷ, രാഷ്ട്രീയം,  സമ്പത്ത്,  സംസ്കാരം,  അറിവ്,  കാലാവസ്ഥ, വ്യക്തി ബന്ധങ്ങള്‍,  മൂല്യങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളുടേയും സുസ്ഥിരത നഷ്ടപ്പെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഈ വെള്ള പെയ്തു അവയില്‍ ഒന്ന് മാത്രം.  അത് നമ്മുടെ നാടിന്റെ ഒരു ഭാഗത്തെ മാത്രമല്ല ബാധിക്കുന്നത്.  നമ്മുടെ സുസ്ഥിതി നഷ്ടമാക്കുന്ന ഈ പൊതുവായ പ്രളയത്തെ നാം ഉപഭോഗ സംസ്കാരം എന്ന് വിളിക്കുന്നു.

    ഉപഭോഗ സംസ്കാരത്തിന്റെ ഈ പ്രളയങ്ങള്‍  ആരാണ് ഉണ്ടാക്കുന്നത്‌?

    എണ്ണ കുഴിച്ചെടുത്തും വിറ്റും പണമെന്നത് ഉണ്ടാക്കിയും അത് പലിശയ്ക്കു കടം കൊടുത്തും അതിനെ ചലിപ്പിക്കാനുള്ള വ്യവസായങ്ങള്‍ ഉണ്ടാക്കിയും അവയെ പോറ്റുവാനുള്ള ഡാമുകളും പവര്‍ പ്ലാന്റുകളും കെട്ടിപ്പൊക്കിയും ഇവയൊക്കെ നടത്തുവാനും നിലനിര്‍ത്തുവാനും ഉള്ള ഉദ്യോഗസ്ഥ വൃന്ദങ്ങളെ ഉപഭോഗ തൊഴില്‍ സംസ്കാരങ്ങളുടെ അച്ചില്‍ വാര്‍ത്തെടുത്തും അങ്ങനെ ഒരു  സംസ്കാരം ഉണ്ടാക്കുവാന്‍ അക്കാദമികള്‍ ഉണ്ടാക്കിയും അതിനുമപ്പുറം മറ്റൊന്നിലേക്കും ശ്രദ്ധയോ ചിന്തയോ മാറിപ്പോകാതിരിക്കാന്‍ മാദ്ധ്യമ സങ്കേതങ്ങളിലും ഉപകരണങ്ങളിലും നമ്മെ മുക്കിത്താഴ്ത്തി ജാതിയും മതവും വര്‍ഗ്ഗവും ദേശവും നിറവും ഭാഷയും ഒക്കെയായി വിഭജിച്ചു നിര്‍ത്തിയും നാടിനെ ദല്ലാളന്മാര്‍ വഴി  നിയന്ത്രിക്കുന്ന കേന്ദ്രീകൃത അധിനിവേശ മുതലാളിത്ത സംവിധാനങ്ങള്‍ ആണ് നമ്മുടെ ജീവിതത്തിന്റെ തീരുമാനങ്ങള്‍ എടുക്കുന്നത്. അവര്‍ കൃത്യതയോടെ ആസൂത്രണം ചെയ്തു തയ്യാറാക്കി നമുക്ക് ചുറ്റും പെയ്യിക്കുന്ന പല വിധത്തിലുമുള്ള ദുരിത പ്രളയങ്ങളെ നാം  തിരിച്ചറിയുന്നില്ല.

    ഈ പ്രളയങ്ങള്‍ കൊണ്ട് നാം നഷ്ടമാക്കിയതെന്ത് ?

    ജീവിതത്തിന്റെ എല്ലാ കാര്യങ്ങളും പരസ്പരം തുലനം ചെയ്തിരുന്ന ഒരു സാമൂഹ്യ പരിസ്ഥിതി നമുക്കുണ്ടായിരുന്നു. സമൂഹത്തിന്റെയും ജീവരാശികളുടെയും ഓരോ ഘട്ടത്തെയും സുസ്ഥിരമായി നിലനിര്‍ത്തുവാനുള്ള പ്രായോഗികമായ നാട്ടറിവുകള്‍ ആയിരുന്നു നമ്മെ നയിച്ചിരുന്നത്.   വലുതും ചെറുതുമായ പല തരം സായിപ്പന്മാര്‍ വന്നു നമ്മുടെ സംസ്കാരവും അറിവുമെല്ലാം കവര്‍ന്നെടുത്തു. നാം ആരായിരുന്നു എന്ന അറിവ് പോലും പതിയെ നമുക്ക് നഷ്ടമായി. 

    ഈ പ്രളയങ്ങള്‍ കൊണ്ട് നാം നേടിയതെന്ത്?

    ആരോഗ്യമോ കൃഷിയോ വിദ്യാഭ്യാസമോ ഗൃഹനിര്‍മാണമോ സാമൂഹ്യസുരക്ഷയോ രാഷ്ട്രീയമോ സമ്പത്തോ സംസ്കാരമോ അറിവോ കാലാവസ്ഥയോ മൂല്യങ്ങളോ ഒന്നും ഇന്ന് നമ്മുടെ പിടിയിലല്ല. ഇപ്പോള്‍ തന്നെ  നാം വായുവിനും വെള്ളത്തിനും അന്നത്തിനും വരെ സായിപ്പിനോട്‌ കൈ നീട്ടി ശീലിച്ചു കഴിഞ്ഞു. അവര്‍ തരുന്ന അപ്പക്കഷണങ്ങള്‍ക്ക് പ്രതീക്ഷിച്ചു മായിക സ്വപനങ്ങള്‍ കൊണ്ട് നിറച്ച ഒരു വലിയ ദുരിതാശ്വാസ ക്യാമ്പിലാണ് നാം ഇന്ന് ജീവിക്കുന്നത്.  ചൂടാകാന്‍ തുടങ്ങിയ വെള്ളത്തില്‍ കിടന്നു സന്തോഷിക്കുന്ന തവളയെ പോലെ   ഈ ദുരിതപെയ്ത്ത് ജീവിതമാണെന്ന് ധരിച്ചു വശായ നാം എന്നാണു ഇതില്‍ നിന്നും കര കയറുക. സുസ്ഥിരതയും സ്വാശ്രയത്വവും പാരസ്പര്യവും ശാന്തിയും എന്നാണു നാം തിരിച്ചു പിടിക്കുക?

    എന്ത് കൊണ്ട് പ്രളയങ്ങളെ നാം തിരിച്ചറിയുന്നില്ല?  

    ചൂടായ വെള്ളത്തില്‍ വീഴുന്ന തവളകളെ പോലെ  പൊടുന്നനെ ഉണ്ടാകുന്ന ദുരിതങ്ങളെ നാം പെട്ടെന്ന് തിരിച്ചറിയും.  പ്രതികരിക്കും, രക്ഷയ്ക്കായി അലമുറയിടും. എന്നാല്‍ ചൂടാകാന്‍ തുടങ്ങിയ വെള്ളത്തില്‍ വീഴുന്ന തവളകള്‍ വരാനിരിക്കുന്ന അപകടമറിയാതെ  സന്തോഷിക്കുന്നത് പോലെ പതിയെ പതിയെ നമ്മെ വിലയം ചെയ്യുന്ന ദുരിതങ്ങളെ നാം പലപ്പോഴും അറിയാറില്ല. അറിഞ്ഞാലും ശ്രദ്ധിക്കാറില്ല. കാരണം പതിയെ പതിയെ ഇത് ജീവിതം എന്ന് നാം പൊരുത്തപ്പെടുന്നുണ്ടാകും.  ദുരിതമെന്നത് ജനിക്കുന്ന നാള്‍ മുതല്‍ കണ്ടു വരുന്ന ഒന്നാകുമ്പോള്‍ അതിനെ ദുരിതമാണെന്നല്ല,  നിത്യസംഭവം എന്നോ നാട്ടുനടപ്പ് എന്നോ അതുമല്ലെങ്കില്‍ അങ്ങനെയാണ് വേണ്ടത് എന്നോ ആണ് നാം കരുതുന്നത്. അങ്ങനെയാണ് മുതലാളിത്ത സംവിധാനങ്ങള്‍ പാഠപുസ്തകങ്ങള്‍ വഴിയും മാദ്ധ്യമങ്ങള്‍ വഴിയും സാംസ്കാരിക ഇടപെടല്‍ വഴിയും നമ്മെ പഠിപ്പിച്ചിട്ടുള്ളത്‌.  പഴം കഥകളില്‍ രക്ഷസ്സുകളാല്‍  രക്തമൂറ്റി കൊല്ലപ്പെടുന്നവരും രക്ഷസ്സുകള്‍ ആയി മാറുന്നത് പോലെ അവര്‍ നമ്മെ ഓരോരുത്തരെയും അവരുടെ കൂട്ടത്തിലേക്ക് നാമറിയാതെ ചേര്‍ത്ത് കൊണ്ടിരിക്കുകയാണ്. സായിപ്പിന്റെ പാഠപുസ്തകങ്ങള്‍ നമ്മെയും സായിപ്പിനെ പോലെ ആക്കി മാറ്റുകയാണ്.

    ഈ പ്രളയങ്ങളില്‍ നിന്നും രക്ഷ നേടുവാന്‍ നാം മനസ്സിലാക്കേണ്ടത് എന്ത്?

    നാമും നമ്മുടെ നാടും ജീവിതവും ചുറ്റുപാടും വസ്തുക്കളും  ഉപകരണങ്ങളും ഒക്കെ പ്രകൃതി മാത്രം ആണ് എന്ന് നാം തിരിച്ചറിയണം. ഇവിടെ പ്രകൃതി മാത്രമേ ഉള്ളൂ എന്നും അവളുടെ അകത്താണ് നാം ജീവിക്കുന്നത് എന്നും അവളുടെ നിയമങ്ങളെ തെറ്റിച്ചു നമുക്ക്  ഒരു നിമിഷം പോലും നിലനില്‍ക്കുവാന്‍ കഴിയില്ലെന്നും നാം ശരിയായ വിധത്തില്‍ മനസ്സിലാക്കണം.

    ഈ പ്രളയങ്ങളെ എങ്ങനെ അതിജീവിക്കാം?

    അതിനായി നമ്മെയും നമ്മുടെ തനതായ ജീവിതത്തെയും പരിസ്ഥിതിയെയും അറിയാന്‍ ഉതകുന്ന ഒരു പ്രകൃതി മൂല്യ വിദ്യാഭ്യാസം നാം നേടേണ്ടി ഇരിക്കുന്നു. നമ്മെ മറിച്ചിടാനായി സായിപ്പ് പഠിപ്പിച്ച വിദ്യകളില്‍ നിന്നും ഉയര്‍ന്നെഴുന്നേല്‍ക്കുവാനുള്ള ഒരു സമ്പൂര്‍ണവും സമഗ്രവും ആയ  പ്രതിവിദ്യാഭ്യാസത്തിലൂടെ നാം കടന്നു പോകേണ്ടിയിരിക്കുന്നു. അതിലൂടെ പ്രാദേശികമായ സ്വാശ്രയത്വവും സുസ്ഥിരതയും പാരസ്പര്യവും ശാന്തിയും നാം വീണ്ടെടുക്കേണ്ടിയിരിക്കുന്നു. അതിനായി നാം ഓരോരുത്തരും ആദ്യം സ്വയം പഠിക്കേണ്ടിയിരിക്കുന്നു. അത് വീട്ടിലും നാട്ടിലും ദേശത്തും ലോകത്തും ഉള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കേണ്ടിയിരിക്കുന്നു. അതിലൂടെ നാം നമ്മുടെ തനതായ ജീവിതത്തെ തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു.

    അതിനായി രാഷ്ട്രീയ മത സാമ്പത്തിക സാംസ്കാരിക വിഭാഗീയതകളെ എല്ലാം മറികടന്നു നാം ഏവരും കൈ കോര്‍ത്തു പ്രവര്‍ത്തിക്കണം.  വ്യക്തികളും കുടുംബങ്ങളും അയല്‍ക്കൂട്ടങ്ങളും സാമൂഹ്യ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനപ്രതിനിധികളും ഇത് ഏറ്റെടുത്തു നിര്‍വഹിക്കണം. 

    ആഴ പ്രകൃതി സാക്ഷരതാ പരിപാടി.

    അങ്ങനെ നമ്മിലെ ആബാല വൃദ്ധം ജനങ്ങളെയും പ്രകൃതി അവബോധത്തിലേക്ക് നയിക്കുവാനുള്ള വിദ്യാഭ്യാസ പദ്ധതിയാണ് ആഴ പ്രകൃതി സാക്ഷരത [Deep Ecological Literacy or ECO LITERACY]. നമുക്ക് അകത്തും പുറത്തും ചുറ്റിലും ഉള്ള സമഗ്രമായ പരിസ്ഥിതിയെ സാധാരണക്കാര്‍ മുതല്‍ സാമൂഹ്യ പ്രവര്‍ത്തകരും ഉദ്യോഗസ്ഥന്മാരും  ജനപ്രതിനിധികളും വരെയുള്ളവരെ പ്രബോധനം ചെയ്യുവാന്‍ ലക്ഷ്യമാക്കിയാണ് പ്രകൃതി സാക്ഷരതാ പരിപാടി  രൂപകല്‍പന ചെയ്തിട്ടുള്ളത്. അതുവഴി നമ്മുടെ തനതു സംസ്കാരത്തെ തിരിച്ചു പിടിക്കുകയും നാട്ടിലെങ്ങും സ്വാശ്യയത്വവും സുസ്ഥിരതയും ശാന്തിയും കൈവരിക്കുന്ന സുസ്ഥിര ജീവന സമൂഹങ്ങള്‍ ഉണ്ടാകുകയും ആണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷം.

    എങ്ങനെയാണ് ഈ സാക്ഷരതാ പരിപാടി നടപ്പിലാക്കേണ്ടത്?

     വിദ്യാലയങ്ങളിലും സാമൂഹ്യ സംഘടനകളിലും  അയല്‍ക്കൂട്ടങ്ങളിലും  കുടുംബക്കൂട്ടങ്ങളിലും സംഘടിത – അസംഘടിത തൊഴില്‍ മേഖലകളിലും സര്‍ക്കാര്‍ സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളിലും രാഷ്ട്രീയ സാംസ്കാരിക സാമുദായിക സംഘടകളിലും പ്രാഥമിക ശില്പശാലകളും അനുഭവ പരിശീലനങ്ങളും നല്‍കുക വഴിയാണ് നാം തുടങ്ങേണ്ടത്. പ്രാദേശിക, ജില്ലാ സംസ്ഥാന ഭരണ സമിതികളിലും കാബിനെറ്റിലും വരെ ഈ സന്ദേശം എത്തിക്കുവാന്‍ നമുക്ക് കഴിയണം. ഓരോ വീടും ഗ്രാമവും സ്വയം നിലനില്‍ക്കാന്‍ പാകത്തില്‍ നാം ശക്തിപ്പെടണം. സുസ്ഥിരത നമ്മുടെ മുഖമുദ്ര ആകണം. എല്ലാതട്ടിലും ഉള്ള   ഭരണ സമിതികളാല്‍ വേണ്ടുന്ന നിയമ നിര്‍മാണങ്ങള്‍ നടക്കുവാന്‍ പാകത്തിലുള്ള ആഴത്തിലുള്ള സമഗ്ര പ്രകൃതി പ്രബോധനം നടത്തുവാനും നമുക്ക് കഴിയണം. അതിലൂടെ പ്രാദേശികമായ സ്വാശ്രയ സമൂഹങ്ങളുടെ നിര്‍മിതിയും ജില്ലാ സംസ്ഥാന തലങ്ങളില്‍ ഇവയുടെ ഏകോപനവും സംഭവിക്കണം. മൂല്യ വിദ്യാഭ്യാസത്തിലൂടെ തികച്ചും ധാര്‍മികവും അഴിമതി വിമുക്തവും ആയ ഒരു പദ്ധതി നിര്‍വഹണവും നാം സാദ്ധ്യമാക്കണം. 

    ഇതൊക്കെ സാധ്യമോ?

    ലോകത്തെ  മുഴുവനും മാറ്റുക എന്നത് ഒരു നടക്കാത്ത സുന്ദരമായ സ്വപനമാണ്. എന്നാല്‍ മാറിയെ മതിയാകൂ എന്ന ഒരു പ്രളയ ഘട്ടത്തിന്റെ വക്കില്‍ പലരും മാറി ചിന്തിച്ചു തുടങ്ങുന്നുണ്ട്. ആദ്യം അങ്ങനെ മാറിത്തുടങ്ങിയ മനസ്സുള്ളവരില്‍ നിന്നും തുടങ്ങുക തന്നെ വേണം. തുടങ്ങി നാം മുന്നേ നടക്കണം.  മറ്റു വഴികള്‍ ഇല്ലാത്ത ഒരു കാലം വരുമ്പോള്‍ ബാക്കിയുള്ളവരും ഓരോരുത്തരായി വഴിമാറി വന്നേക്കും. അതൊരു പക്ഷെ തലമുറകള്‍ നീളുന്ന പ്രക്രിയ ആയിരിക്കാം. എന്നാലും ഇന്ന് നാം തുടങ്ങിയില്ലെങ്കില്‍ കാലവും വരും തലമുറകളും നമ്മോടു പൊറുക്കണം എന്നില്ല

    എന്ത് കൊണ്ട് ഇപ്പോള്‍ ഇത് പറയുന്നു.

    ഇങ്ങനെ ഒരു പ്രളയ കാലത്തിലേക്കാണ് നാം നടന്നു കയറുന്നത് എന്നും വഴി മാറേണ്ടതുണ്ട് എന്നും ഞങ്ങള്‍ (ഒളിമ്പസ്, ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍, നവഗോത്ര ഡീപ് ഇക്കോളജിക്കല്‍ ഫെല്ലോഷിപ്പ്.) കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്നു. സസ്യ ശ്യാമളമായ ഈ ഭൂമിയില്‍ മിക്കവരും ഈ പ്രളയങ്ങള്‍ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല എന്ന് തോന്നുന്നു. വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രമാണ് അന്നൊക്കെ ഞങ്ങള്‍ പറഞ്ഞതിന് ചെവി കൊടുത്തത്. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ പേര്‍ കേള്‍ക്കുവാന്‍ പാകത്തില്‍ മാനസികമായി യാത്ര ചെയ്തു തുടങ്ങിയിരിക്കുന്നു. (ഈ അവസരത്തില്‍ എങ്കിലും ഇത് പറയുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോഴാണ് പറയുക?) നാമ മാത്രമായ അംഗങ്ങളെയും ബന്ധങ്ങളെയും കൊണ്ട് ഈ വിദ്യാഭ്യാസ പരിപാടി നടപ്പിലാക്കുവാന്‍ ആകില്ല. അപ്പോള്‍ കൂടുതല്‍ ആളുകള്‍ കൈ കോര്‍ത്തു കൂട്ട് കൂടുവാന്‍ പാകത്തില്‍ ആയി തീര്‍ന്ന ഈ കാലത്ത് ഇത് പറയുന്നു, കൂടുതല്‍ ആളുകളെ കൈ കോര്‍ക്കുവാന്‍ ക്ഷണിക്കുന്നു..  

    ആഴ പ്രകൃതി സാക്ഷരതാ പരിപാടി പ്രാദേശികമായി നടപ്പിലാക്കുവാന്‍ തയ്യാറുള്ളവരെ തേടുന്നു. .

    പ്രസ്തുത പരിപാടിയുടെ വിഷയങ്ങളെ പഠിക്കുവാനും സ്വജീവിതത്തിലും    പ്രാദേശികമായും നടപ്പിലാക്കുവാനും താല്‍പര്യവും ആര്‍ജവവും ഉള്ള വ്യക്തികളെയും കുടുംബങ്ങളെയും അയല്‍ക്കൂട്ടങ്ങളെയും സാമൂഹ്യ സംഘടനകളെയും സ്ഥാപനങ്ങളെയും ഞങ്ങളുടെ  ഈ ചെറു സംഘം  തേടുകയാണ്. പ്രാഥമിക വിഷയങ്ങളും പരിശീലനങ്ങളും നേടുവാനും ചെയ്തു തുടങ്ങുവാനും താല്പര്യം ഉള്ളവര്‍ ഉടനെ ബന്ധപ്പെടുമല്ലോ? 

     

    ഫോണ്‍ :
    9497 628 007, 9497 628 006

    പ്രകൃതി സാക്ഷരതാ പരിപാടിയെ പറ്റി അറിയാന്‍ : 
    ECOLOGICAL LITERACY PROGRAM 

    പങ്കാളികള്‍ ആകുവാനുളള യോഗ്യതകള്‍ : 
    WANTED TRAINERS & FACULTY MEMBERS FOR ECO LITERACY CAMPAIGN

    സാക്ഷരതാ പരിപാടിയിലെ വിഷയങ്ങളെ അറിയാന്‍ : 
    Deep Ecological Literacy through Olympuss 

    സ്നേഹത്തോടെ,

    സസ്റ്റൈനബിള്‍ കമ്യൂണിറ്റി ഡെവലപ് മെന്‍റ്  പ്രോഗ്രാം,
    ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ്,
    (കേരളത്തില്‍ ആരംഭിച്ചു കൊണ്ടിരിക്കുന്ന ആദ്യ മാതൃകാ സ്വാശ്രയ സുസ്ഥിര ജീവന ഗ്രാമ പദ്ധതി.)

    പാടൂര്‍, പാലക്കാട്.

     

    Print Friendly

    1118total visits,1visits today

    വായനക്കാരുടെ അഭിപ്രായങ്ങള്‍

    അഭിപ്രായങ്ങള്‍

    About

    An Ecosopher who lives to propagate Deep Ecological perspective in Human Life

    http://olympuss.in