• കണ്‍വെട്ടത്ത് കണ്ടത് മാത്രം സമ്മതം.

  by  • October 29, 2016 • ക്രമപ്പെടുത്താത്തവ • 0 Comments

  കണ്‍വെട്ടത്ത് കണ്ടത് ആണ് നമുക്ക് പൊതുവില്‍ സമ്മതമാകുക, കാണാത്തത് അംഗീകരിക്കാന്‍ പൊതുസമൂഹത്തിനു അല്പം ബുദ്ധിമുട്ടുണ്ടാകും. സ്ഥിരം കണ്ടു കൊണ്ടിരിക്കുന്നതും അത് പോലെ ഉള്ളതും മാത്രമേ ഉള്ളൂ എന്ന് ബഹുജനം കരുതും. കാണാത്ത ചിലതും ഉണ്ടാകുമല്ലോ എന്ന് സാമാന്യ ബോധമുള്ളവര്‍ അംഗീകരിക്കും. അങ്ങിനെ ഒരു കാണാപ്പുറം ഉണ്ടോ എന്നും അതെന്തെന്നും ചിലരെങ്കിലും തിരക്കും. അങ്ങിനെ എപ്പോഴെങ്കിലും തിരക്കിയവര്‍ക്ക് അത്തരം കാണാപ്പുറ കാഴ്ചകള്‍ പരിചിതമായി തുടങ്ങിയിരിക്കും. ഒരിക്കലെങ്കിലും അങ്ങിനെ ഒരു സാദ്ധ്യത ഉണ്ടാകുമെന്ന് ഗ്രഹിക്കാത്ത ഭൂരിഭാഗത്തിനും ആ കാണാപ്പുറ കാഴ്ചകള്‍ അസത്യമായിരിക്കും.

  പ്രകൃത്യാനുഭവങ്ങളിലും നാട്ടറിവുകളിലും ഗുരുമുഖങ്ങളില്‍ നിന്നും ജീവിത നിയമങ്ങളേയും പ്രയോഗങ്ങളേയും പഠിച്ചവയായിരുന്നു ഓരോ പാരമ്പര്യസമൂഹങ്ങളും. അതാതു കാലത്തെ പുരോഗമന ചിന്തകള്‍ എക്കാലത്തും അത്തരം അറിവുകളെ നവീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്തു പോന്നിരുന്നു.

  അധിനിവേശ സമ്പ്രദായവും, നഗരവല്കരണവും വ്യവസായീകരണവും ജനതകളെ പിടി മുറുക്കും വരെ ഈ പാരമ്പര്യ ജ്ഞാനങ്ങള്‍ നമ്മെ നയിച്ചിരുന്നു. വ്യാവസായീകരണം വിതച്ച പൊതുവല്കരണം ജനതകളുടെ സംസ്കാരങ്ങളെ മാറ്റി എഴുതുകയും വ്യവസായത്തിനും അധിനിവേശത്തിനും ഉതകുന്ന രീതിയില്‍ പൊതുധാരയുടെ പൊതു കാഴ്ചയെ കുറിച്ചുള്ള ധാരണകളെ അതെന്തെന്നു സ്വയം അനുഭവിക്കും മുന്നേ (ശൈശവത്തില്‍ തന്നെ) മാറ്റി എഴുതിയെഴുതി തലമുറകള്‍ കടന്നപ്പോഴേക്കും പാരമ്പര്യജ്ഞാനവും കാണാപ്പുറ കാഴ്ച്ചകള്‍ക്കായുള്ള അന്വേഷണ ശേഷിയും മിക്കവരിലും നഷ്ട്ടമായി.

  ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ഗൃഹനിര്‍മാണം, സാങ്കേതികത എന്നിവ തുടങ്ങി, സ്വകാര്യത, സ്വത്ത്, ഭരണം, കുടുംബം, ലൈംഗികത, വിഭവങ്ങള്‍, ഉത്പാദനം, ഉപഭോഗം, തൊഴില്‍, ധര്‍മബോധം, അധികാരം, സമീപനം, ശാസ്ത്രം, ആത്മീയത, മൂല്യങ്ങള്‍ എന്നിങ്ങനെ ജീവിതത്തിന്‍റെ സമസ്ത മേഖലകളെയും അതിന്‍റെ തനതു ജ്ഞാനത്തിന്‍റെ വേരുകളില്‍ നിന്നും പിഴിതെടുത്ത്‌ വ്യാവസായീകരണം ഏതാണ്ട് വിഴുങ്ങിക്കഴിഞ്ഞു. അതേ സമയം പുതിയതായി രൂപപ്പെട്ട മുഖ്യധാരയുടെ വീഴ്ചകളെ ബോദ്ധ്യം വന്ന ചില അന്വേഷണ കുതകികള്‍ പുതിയകാലത്തിനൊത്ത സമഗ്രമായ തിരിച്ചറിവുകളോടെ ജീവിതപദ്ധതികളെ പുനരാവിഷ്കരിക്കുകയും ചെയ്തു പോരുന്നുണ്ട്. എന്നാല്‍ അങ്ങിനെ ഉണ്ടാകുന്ന ബദല്‍ധാരയെന്ന കാണാപ്പുറത്തെ കപടമെന്നും അപകടമെന്നും വിളിച്ചു ആക്ഷേപിക്കയാണ് പൊതുധാരകള്‍. അതിനായിയുള്ള ഗൂഡാലോചനകള്‍ തന്നെ ഒരു അധികാര വിന്യാസമായി സ്ഥാപിതമായി കഴിഞ്ഞു..

  പക്ഷെ ഇത് ഒരുസൂചനയാണ്. തനിക്കുള്ളിലെ പ്രക്ഷുബ്ധതകള്‍ പരിധിവിടുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിച്ചു വളര്‍ത്തി അതിന്റെ വളര്‍ച്ച പരിധിയിലെത്തിച്ചു ശേഷം ഒരു പൊളിച്ചടുക്കലിലൂടെ ശ്രേഷ്ടമായ ഒരു ലയം (പ്രകര്‍ഷേണ ലയം അഥവാ പ്രളയം) കൊണ്ട് വരികയെന്ന പ്രകൃതി നിര്‍ദ്ധാരണത്തിന്‍റെ ഒരുക്കം ആകുന്നു എന്ന സൂചന. അതിനുള്ള വഴിയായിരിക്കാം ഇന്ന് നാം ചുറ്റിലും കാണുന്ന വ്യാവസായീകരണ അധികാരികളുടെ ആക്രോശങ്ങള്‍.

  അത്തരമൊരു പ്രളയത്തെ അതിജീവിക്കുവാന്‍ നമുക്ക് വേണ്ടത് പ്രകൃതിയുടെ സമഗ്ര വിന്യാസങ്ങളുമായി ഏകാതാനമാകുവാനുള്ള അറിവും ശേഷിയും അര്‍പ്പണതയും ആണ്. വര്‍ത്തമാന കാലത്ത് ഇക്കോ സ്പിരിച്ച്വാലിറ്റിയുടെ ഒരു മുഖ്യ പ്രസക്തിയും ഇത് തന്നെ.

  വാല്‍ക്കഷണം: ഫെസ്ബുക്കിലെ ചില വാഗ്യുദ്ധങ്ങള്‍ കണ്ടപ്പോള്‍ പറയാന്‍ തോന്നിയത്.. .

  Print Friendly

  111total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in