• പണത്തെ ബഹുമാനിക്കേണ്ടതുണ്ടോ?

  by  • July 23, 2013 • സമ്പദ്ശാസ്ത്രം • 0 Comments

  പണമെന്നതിനു കറന്‍സിയുടെ (പ്രോമിസറി) നോട്ട് എന്ന് മാത്രമല്ല അര്‍ത്ഥമെന്നു ഇന്ന് അത് കൈകാര്യം ചെയ്യുന്ന മിക്കവര്‍ക്കും അറിയാമെന്നു തോന്നുന്നു. കടലാസ്സിലായാലും, കണക്കിലായാലും, വാക്കിലായാലും, ഘനമുള്ള ഒരു പ്രവര്‍ത്തന ഊര്‍ജം ആണ് പണം എന്ന് പലര്‍ക്കും അറിയാമെന്നും തോന്നുന്നു. മൂര്‍ത്ത രൂപങ്ങളില്ലാതെ സങ്കല്പിക്കാനും, സങ്കല്പിക്കുന്നവയെ മൂര്‍ത്തവത്കരിക്കാനും ഉള്ള മനുഷ്യന് മാത്രമുള്ള ആ ശേഷിയുടെ ഏറ്റവും മൂര്‍ത്ത വത്കൃത ഭാവനയാണ് പണം എന്ന സങ്കല്‍പം. പണം എന്നത് ഒരു ഭൌതിക വസ്തുവോ സംവിധാനമോ അല്ല. പണം എന്നത് ഭൌതികമായ വസ്തു – വസ്തുതാ – സംവിധാനങ്ങളുടെ ആധികാരമോ, ചാലകമോ ആയ ഒരു പ്രഭാവം ആണ്. അതായത്, നാം സ്വന്തമാക്കി വച്ചിട്ടുള്ള ഒന്നിനെയും, അതിന്റെ ഉടമസ്ഥാവകാശമോ  , സംഭരണ / സംരക്ഷണ ശേഷിയോ, വിനിമയ ഗുണമോ ഇല്ലാതെ, ധനം ആണെന്ന് പറയുക വയ്യ. കൈമുതലായുള്ള സ്വത്തിന്റെ എത്രയോ മടങ്ങ്‌ അതിന്റെ മുഖ വിലയായി കണക്കാക്കപ്പെടുന്നത് പോലും ഭൌതികമായ ഒന്നല്ല പണം എന്നത് കൊണ്ടാണ്. കൈവശ  മുതലുകള്‍ നില നില്‍ക്കണമെങ്കില്‍ / കൈകാര്യപരമാകണമെങ്കില്‍ അതിനു  ഭൌതികമല്ലാത്ത ചില രൂപ ഭാവങ്ങള്‍ കൈവരിക്കേണ്ടി വരും. അത് കൊണ്ടാണ് പണം എന്ത് ചെയ്യുന്നോ അതാണ്‌ പണം എന്ന് പറഞ്ഞു പോരുന്നത്. അതിനാല്‍ പണം പ്രഭാവ പരമാണ്.

   

  പ്രഭാവപരമായ ഒന്നിനെ തന്റെ പരിമിത ശേഷിയാല്‍ അളക്കാന്‍ കഴിയില്ലെന്ന വാസ്തവികതയ്ക്ക് മുന്നില്‍ മനുഷ്യന്‍ ഉണ്ടാക്കിയ മറ്റൊരു അമൂര്‍ത്ത മാനദണ്ഡമാണ് ബഹുമാനം എന്നത്. ഭൌതിക രൂപം എന്ന എകമാനമല്ലാത്തത് എന്നോ, ഈ ഒരു എകമാനത്തില്‍ അളക്കാന്‍ കഴിയാത്തത് എന്നോ ഒക്കെ ബഹുമാനം എന്ന ധര്‍മത്തെ നമുക്ക് മനസ്സിലാക്കാം. തഴക്കം എന്നതോ, ഗുരുത്വം എന്നതോ, പ്രായം എന്നതോ, പരിജ്ഞാനം എന്നതോ ഒക്കെ പ്രഭാവപരമായത് കൊണ്ടാണ്, സ്ഥാനങ്ങളെയും, പ്രായത്തേയും നാം ബഹുമാന രൂപത്തില്‍ കാണാന്‍ തുടങ്ങിയത്. ഗുരുക്കന്മാരോടും, മഹത്തുക്കളോടും ഒക്കെ നാം ബഹുമാനം “കാണിക്കാറുണ്ട്”. നമ്മുടെ ഭൌതിക മാന ശേഷിയുടെ പരിമിതിയില്‍ പെടാത്തത് കൊണ്ട്, പ്രകൃതി ശക്തികളോടും അതിന്റെ മറ്റു മൂര്‍ത്ത വത്കൃത സങ്കല്പങ്ങലായ ഈശ്വര ബിംബങ്ങളോടും നാം ബഹുമാനം കാണിക്കുന്നു. (കാണിക്കുന്ന ഒരു ആചരണത്തിന് പിന്പില്‍ ശക്തമായ ചില സങ്കല്പനങ്ങള്‍ ഉണ്ടെന്നറിയാതെ ആണ് നാം പലതും “കാണിച്ചു” പോരുന്നത് എന്ന് മാത്രം)

   

  കാണിക്കപ്പെടുന്ന ബഹുമാനത്തെ തത്കാലം മാറ്റി വയ്ക്കുക. ഒരു വസ്തുവിന്റെ / വസ്തുതയുടെ  ഭൌതികമായ സ്ഥിതികത്വതെ കുറിച്ച് യുക്തി കൊണ്ട് വിശകലനം ചെയ്തു മനസ്സിലാക്കുമ്പോള്‍ നമുക്ക് പിടി കിട്ടുന്ന സമവാക്യങ്ങള്‍, പ്രഭാവപരമായ സ്ഥിതികത്വതെ മനസ്സിലാകാനും കൈകാര്യം ചെയ്യാനും പര്യാപ്തമായിരിക്കില്ല. ഒരു മാര്‍വാഡി പണത്തെ വല്ലാതെ ബഹുമാനത്തോടെ കാണുന്നതും, മറ്റു സാമൂഹിക കാര്യങ്ങളെ ബഹുമാനത്തോടെ അല്ലാതെ വീക്ഷിക്കുന്നതും ഒരു പൊതു കാഴ്ചയാണ്. ആ ബഹുമാനം, അയാളിലേക്ക്, “അധികമായ” ഭൌതിക അധ്വാനമില്ലാത്ത സമ്പത്തിന്റെ ഒഴുക്ക് സൃഷ്ട്ടിക്കും. ഭൌതികമായി മാത്രം പണത്തെ കാണുന്നവര്‍ക്ക് കഠിനാധ്വാനം വേണ്ടിവരും, പണത്തെ നേടാന്‍.

   

  പണം ബഹുമാനിക്കപ്പെടെണ്ട ഒന്നാണ്. എന്നാല്‍ ആ ബഹുമാനം കാണിക്കപ്പെടേണ്ടത് മാത്രമാണെന്ന് കരുതുന്നിടത് നമുക്ക് തെറ്റി തുടങ്ങും. ബഹുമാനം കാണിക്കുകയും അധ്വാനം മാത്രം മിച്ചമാകുകയും ചെയ്യുന്ന സാധാരണ സമൂഹത്തെ നാം കാണേണ്ടി വരുന്നതും ഇത് കൊണ്ട് തന്നെ.

   

  അതിനാല്‍, പണത്തെ ഭൌതികമായ ഒന്നാണെന്ന് കരുതാതിരിക്കുക. അത് പ്രഭാവപരമായ ഒന്നാണ്. അതിനെ എകമാനത്തില്‍ അറിയാന്‍ കഴിയില്ല. അത് ബഹുമാനിതമാണ്. അതിനെ പ്രഭാവമായി (ഭൌതികവാദികള്‍)/ ആത്മീയമായി (ആത്മീയവാദികള്‍) കാണുക, അറിയുക. അതിനാല്‍ തന്നെ ബഹുമാനിക്കുക, ആ ബഹുമാനം ചടങ്ങുകള്‍ ആക്കി മാത്രം ആചരിക്കാതിരിക്കുക.

   

  https://www.facebook.com/notes/santhosh-olympuss/notes/328540233860590

  Print Friendly

  454total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in