• നമ്മുടെ ജനത ഒരു പ്രശ്നത്തിലാണ്. അത് മുല്ലപ്പെരിയാര്‍ മാത്രമല്ല..

  by  • July 23, 2013 • പരിസ്ഥിതി, രാഷ്ട്രീയം • 0 Comments

  മുല്ലപ്പെരിയാറിന്റെ ഭീതിതമായ തുടര്‍ന്നു പോകലിനേക്കാള്‍ വലിയ ചില ദുരൂഹ രാഷ്ട്രീയ വിന്യാസങ്ങളുടെ ഭീഷണിയിലാണ് ദക്ഷിണേന്ത്യ. അരക്കോടിയോളം പോരുന്ന മലയാളിയുടെയോ, അത്രത്തോളം ഉള്ള തമിഴന്റെയോ, വെള്ളം കുടിച്ചും കുടിക്കാതെയും ഉള്ള ആഗത ദുരന്തങ്ങളെ ചൂണ്ടിക്കാട്ടി, ഇവിടെ നടക്കുന്ന സാമൂഹ്യ പല്ലാങ്കുഴികള്‍, വെറും രാഷ്ട്രീയ സര്‍ക്കസ് മാത്രമായി കണ്ടു കളയേണ്ടതാണോ? അതിനുള്ളില്‍, നമ്മെയൊക്കെ (ഒരുപക്ഷെ ഈ രാഷ്ട്രീയക്കാരെ പോലും) തോല്‍പ്പാവകളാക്കുന്ന കുറച്ചു അദൃശ്യ ചരടുകള്‍ വിളയാടുന്നില്ലേ? ഇതിനൊക്കെ പിറകില്‍ ആരോ ഇരുട്ടില്‍ ഉറ്റു നോക്കുന്ന പോലെ…. ഒളിവിലിരുന്നു എല്ലാം നിയന്ത്രിക്കുന്ന പോലെ..

  തീവ്ര വാദങ്ങളുടെയും, ജാതീയതയുടെയും ഒക്കെ പേരിലുള്ള അടിപിടികള്‍ തത്കാലത്തേക്ക് മറന്നു, ഇപ്പുറത്ത് മലയാളികള്‍ (അപ്പുറത്ത് തമിഴനും) ഒന്നാകുകയാണ്, പരസ്പരം വംശീയതയുടെ പേരില്‍ കുത്തിക്കീറാനായി.. ഡാം സുരക്ഷിതമായി പരിചരിക്കാനും ഇരു സംസ്ഥാനങ്ങള്‍ക്കും കേടില്ലാതെ പ്രശ്നം പരിഹരിക്കാനും സാങ്കേതികമായി കഴിയും എന്നിരിക്കെ, ഇവിടെ ഡാം പൊട്ടിക്കുന്നതും, ഭൂമി കുലുക്കുന്നതും ആരാണ്? ഇവിടുത്തെ തറവാട്ടമ്മ രാഷ്ട്രീയമോ അവിടുത്തെ വല്യമ്മ രാഷ്ട്രീയമോ തന്നെ ആണോ.. അതോ അവരെ വിണ്ണില്‍ നിന്നും തോണ്ടി വിടുന്ന മറ്റൊന്നോ?

  ഒരു ഡാം പണിയുമ്പോഴത്തെ കരാറു പണികളിലെ ചെറു അപ്പക്കഷണങ്ങള്‍ മുതല്‍, ഇതിങ്ങനെ വലിച്ചു നീട്ടുന്നതിലെ വലിയ അപ്പക്കഷണങ്ങള്‍ വരെ ഇക്കരയിലുള്ളവരെ പ്രലോഭിപ്പിക്കുമ്പോള്‍, തമിഴകത്തിന്റെ സ്വന്തം പാരമ്പര്യം തങ്ങളുടെതാണെന്ന് സ്ഥാപിച്ചു വോട്ടുനേടാനുള്ള മറ്റു ചില അപ്പക്കഷണങ്ങള്‍ക്കായി അക്കരയ്ക്കു ചിലര്‍ ആക്രോശം കൂട്ടുന്നു. ഒടുവില്‍, ഇവരുടെ തോല്‍ നാടകത്തില്‍ നൂലനക്കുന്നവരുടെ ഉദ്ദേശ്യം കണ്ടു തുടങ്ങി. മലയാളിയും, തമിഴനും, തമ്മിലടി തുടങ്ങി. ഇതൊരു വംശീയമായ കലാപമാക്കി മാറ്റാന്‍ അവര്‍ക്കിനി അധിക കാലം വേണ്ടാ..

  മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ദുരന്തം തന്നെ. എന്നാല്‍ അതിനും മുമ്പേ മറ്റെന്തൊക്കെയോ പൊട്ടി ദുരന്തം ആകാന്‍ പോകുന്നുവോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ഭയക്കുന്ന ഈ സോഷ്യല്‍ മീഡിയയിലും, പിന്നെ രാഷ്ട്രീയ അന്തപ്പുരങ്ങളിലും ഒക്കെ, നമ്മുടെ ഭാഷകളും, വികാരവും അറിഞ്ഞു മുതലെടുക്കുന്ന മറ്റാരോ ഉണ്ട് എന്നതറിയുക. ഇത്തരുണത്തില്‍ തമ്മി തല്ലി ചാകാന്‍ അല്ല, നാം ഒരുങ്ങേണ്ടത്. സംയമനം പാലിക്കുക. പ്രാഥമികമായി ചെറുക്കേണ്ടത് ഈ ഡാം തര്‍ക്കത്തെയല്ല, അതിനു പിറകിലുള്ള ഒരു വലിയ അപകടത്തെയാണ് – ഈ ജനാധിപത്യ ഫെഡറല്‍ സംവിധാനം തകിടം മറിക്കാനുള്ള മറ്റാരുടെയോക്കെയോ ഇച്ഛകളെയാണ്.

  ഒപ്പം, കാലം, ഇവിടെ ഇത് ആഗ്രഹിക്കുന്നു എന്നതറിയുക.. ധര്‍മവ്യവസ്ഥ അപചയിക്കുമ്പോള്‍ സ്വയം വന്നു ചേരുന്ന പ്രകൃതിയുടെ അവതാരമാണിത്. അവതാരത്തെ അറിഞ്ഞു രണ വേദിയില്‍ നിന്നില്ലെങ്കില്‍, പല ശിഖണ്ഢികളെയും മുന്‍നിര്‍ത്തി പിന്‍ ശരങ്ങള്‍ വന്നു ചേരും. ശര ശയ്യകളില്‍ ഒടുങ്ങേണ്ടിവരും. അരാഷ്ട്രീയതയുടെ സാമ്പത്തിക സമവാക്യങ്ങള്‍ക്കും അപ്പുറം, പാരസ്പര്യത്തിന്റെ, സഹിഷ്ണുതയുടെ, സംയമനത്തിന്റെ, ഐക്യമത്യതിന്റെ, ഒക്കെ ഒരു ആത്മീയ സമവാക്യം നാം കണ്ടെത്തിയേ മതിയാകൂ.. പരിസ്ഥിതിയുടെ നിയന്ത്രിക്കാനുള്ള അകത്തു നിന്നുള്ള ഒരേയൊരു വഴി ശുഭകരങ്ങളായ വൈകാരിക വിഭാവനങ്ങള്‍ ആണെന്ന് ഗാഢപരിസ്ഥിതി ശാസ്ത്രം പറയുന്നു. വികാരം കൊള്ളേണ്ടത്‌ സര്‍വ നാശത്തിനായല്ല, സര്‍വ സുസ്ഥിതിക്കായി ആണ്. എങ്കില്‍ ഇനി നാം നമ്മുടെ ഈ പരിസ്ഥിതിയെയും പരിതസ്ഥിതിയേയും ശുഭകരമായി വിഭാവനം ചെയ്യുക.

  https://www.facebook.com/notes/santhosh-olympuss/notes/296249627089651

  Print Friendly

  401total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in