• സുസ്ഥിര കൃഷി..

  by  • August 31, 2013 • കാർഷികം • 0 Comments

  ഇന്ന് കൃഷി നമ്മെ നില നിര്‍ത്തുന്നു. ഒരവശ്യ സംവിധാനം

  ആണെന്നറിഞ്ഞിട്ടും, നമ്മില്‍ പലരും കൃഷിയുമായി നേരില്‍ ബന്ധപ്പെടാന്‍

  മടിക്കുന്നു. വെള്ളക്കോളര്‍ സംസ്കാരം മാത്രമല്ല, ശാസ്ത്രാന്ധതയും,

  വികലമായ സാമ്പത്തിക വീക്ഷണവും വരെ അതിനു കാരണമാകുന്നു. നാളെയുടെ കൃഷി

  രീതി ആകേണ്ടുന്ന ഒന്നിനെ പറ്റി, മറ്റു പലര്‍ക്കും ഇന്നറിയാം..

  അറിയാത്തവര്‍ക്കായി അല്പമെങ്കിലും അറിയുന്നവര്‍ പറയുവാനും

  ചര്‍ച്ചചെയ്യുവാനും വേണ്ടി ഒരു വേദി ഒരുക്കുകയാണ് ഈ പോസ്റ്റിന്റെ

  ഉദ്ദേശ്യം. ഇവിടെ സൂചിപ്പിക്കുന്ന വിഷയങ്ങളില്‍ അപാകങ്ങള്‍ ഉണ്ടെങ്കില്‍

  തിരുത്തുവാനും മെച്ചപ്പെട്ട ശരികളിലേക്ക് വിരല്‍ ചൂണ്ടുവാനും

  ശ്രദ്ധിക്കുമല്ലോ..

   

  നാടോടികളായിരുന്നവര്‍ സ്ഥിരമായി തമ്പടിച്ചു പോയ സ്ഥലങ്ങളില്‍, മുമ്പ്

  അവര്‍ പലയിടങ്ങളില്‍ നിന്നായി സംഭരിച്ചതും, ഉപയോഗിച്ചതിന്റെ ബാക്കി

  ഉപേക്ഷിച്ചു പോയതുമായ ഭക്ഷ്യ ധാന്യങ്ങളുടെയും ഫലമൂലങ്ങളുടെയും

  വിത്തുകള്‍ കൂട്ടമായി വളര്‍ന്നു നിന്നയിടങ്ങള്‍, അവരെ ആകര്‍ഷിക്കുകയും,

  അങ്ങിനെ, ഒരു പ്രത്യേക സ്ഥലത്തെ കുറ്റിയടിച്ചുള്ള താമസവും, കൃഷിയും

  ഉണ്ടായി എന്നാണ് ചരിത്രം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. (ചരിത്രങ്ങളെല്ലാം

  പറഞ്ഞു കേള്‍ക്കുകയല്ലേ നിവൃത്തിയുള്ളൂ..) കൃഷിയിടങ്ങളില്‍ കൂടുതല്‍ ജൈവ

  അവശിഷ്ടങ്ങള്‍ കൊണ്ടിട്ടാല്‍, ചെടികളുടെ വളര്‍ച്ചയും ഉത്പാദന ക്ഷമതയും

  കൂടുമെന്നും, ഓരോ വിളകള്‍ക്കും, പ്രത്യേകം പ്രത്യേകം രീതികള്‍ വേണമെന്നും

  (ആകാം എന്നും), അവയെ ഇതര ജീവികള്‍ ഉപയോഗിക്കുമ്പോള്‍, നമുക്കുള്ള ലഭ്യത

  കുറയുമെന്നും അത് കൊണ്ട് ഇതര ജീവികളില്‍ നിന്നും വിളകളെ

  സംരക്ഷിക്കുവാനുമുള്ള വിദ്യകള്‍ വേണമെന്നും അവന്‍ കണ്ടെത്തി. ചെടികളുടെ

  ജീവശാസ്ത്രവും, പ്രകൃതീ ബന്ധവും മനസ്സിലാകിയ ഒരു കൃഷി രീതിയും, എന്നാല്‍,

  ജനതയെ പോറ്റുവാനുള്ള സാമ്പത്തിക സ്രോതസ്സായി മാത്രം കണ്ടുള്ള ഉത്പാദന

  രീതിയും, ഇടക്കാലത്ത് രണ്ടു ധാരയായി വഴി പിരിഞ്ഞു. ജനതയുടെ,

  സംസ്കാരത്തിന്റെ ബൌദ്ധിക ആത്മീയ കാഴ്ച പാടുകളുടെ ഒക്കെ സ്വാധീനം അവയില്‍

  വന്നിരുന്നു.

   

  കൃഷി നമ്മുടെ മണ്ണില്‍ വരുത്തുന്ന ആഘാതങ്ങളെ പണ്ട് മുതലേ, ആദ്യ

  ധാരയിലുള്ളവര്‍ മനസ്സിലാക്കിയിരുന്നു. അതിനവര്‍ പ്രകൃതിയുമായുള്ള

  നിരന്തര ബന്ധത്തെ ആധാരമാക്കി ശ്രമ തിരുത്തല്‍ രീതികളിലൂടെ സുസ്ഥിര കൃഷി

  രീതി കണ്ടെത്തിയിരുന്നു. ഏലാപദ്ധതിയും, കൃഷി വകുപ്പും, നമ്മുടെ കര്‍ഷകനെ

  ബോധവല്‍ക്കരിക്കുന്നത് വരെ, കേരളത്തിനും, അത്തരമൊരു കൃഷി രീതി സ്വന്തമായി

  ഉണ്ടായിരുന്നു. വിദേശ രാസ മാലിന്യങ്ങളെ, ഹരിത വിപ്ലവമെന്ന പേരില്‍ നമ്മെ

  അടിചെല്പ്പിക്കും വരെ പോലും, കേരളത്തിലെ കര്‍ഷകന്‍, സുസ്ഥിര കൃഷി

  മറക്കാതെ ഇരുന്നു. ഇന്ന്, ആധുനികതയെന്ന ധാരണയുടെ കാലപ്രവാഹത്തില്‍,

  നമ്മുടെ തനതു കൃഷി രീതി പോലും അന്യം നിന്നിരിക്കുന്നു.

   

  കൃഷി എന്നത്, മണ്ണിനും, വെള്ളത്തിനും, പരിസ്ഥിതിക്കും, ജൈവ

  വൈവിദ്ധ്യത്തിനും, കാലത്തിനും, ഉല്പാദകന്റെ പ്രത്യാശയ്ക്കും ഒക്കെ

  പ്രാധാന്യമുള്ള ഒരു വ്യവസ്ഥാ സംവിധാനമാണ്. ജൈവ വസ്തുകള്‍ വിഘടിച്ചുണ്ടായ

  ജീവനുള്ള മണ്ണിലാണ് ഒരു ചെടി ആരോഗ്യത്തോടെ വളരുക. പാകത്തിനുള്ള വെള്ളവും,

  വെളിച്ചവും, കൂടെ പാര്‍ക്കാന്‍ സഹജീവികളും, പിന്നെ, വൈവധ്യവും, നിരമലവും

  ആയ അന്തരീഖവും ആണ് ആരോഗ്യമുള്ള ചെടിയുടെ ലക്ഷണങ്ങള്‍. ചെടി വളരേണ്ടതിന്റെ

  ആവശ്യകത, ആ വിത്തിന് മാത്രമാണോ, ആ സസ്യ വിഭാഗത്തിനാണോ, അതോരോ

  ഭൂപ്രദേശത്തിന്റെ സുസ്ഥിതിക്കണോ, അതോ ഒരു സമൂഹത്തിനു വേണ്ടിയാണോ എന്നു

  തീരുമാനിക്കുന്നത് പ്രപഞ്ചത്തിന്റെ വ്യവസ്ഥാ നിയമം അനുസരിച്ചാണ് എന്നത്,

  വളരെ കുറച്ചു കര്‍ഷകര്‍ മാത്രം അറിയുന്ന കാര്യമാണിന്നു. ഭൂമി പൂജയും,

  കൃഷി ഉത്സവങ്ങളും, കൊയ്ത്തുല്‍സവങ്ങളും ഒക്കെ, അതിന്റെ രാഷ്ട്രീയ

  സാമ്പത്തിക നിറങ്ങളില്‍ മാത്രം ഒതുക്കി കണ്ടു കൂടാ. കൃഷിയെ നില

  നിറുത്തുന്നത്, ഒരു വലിയ പ്രാപഞ്ചിക, പാരിസ്ഥിതിക സംവിധാനമാണ്.,

   

  കൃഷി വ്യവസായവല്‍കരിച്ചപ്പോള്‍ ഏകവിള കൃഷി വ്യാപകമായി. അതിന്റെ കൂടെ

  ചേര്‍ത്ത് വായിക്കാവുന്ന ഒന്നാണ്, കളകളോടുള്ള കര്‍ഷകന്റെ വിരോധം.

  ഏകവിളകൃഷിയും കളനാശനവും, നമ്മുടെ ഭൂമിയിലെ ഇതര സസ്യങ്ങളും, സസ്യങ്ങളെ

  പാരസ്പര്യതോടെ ഉപജീവിക്കുന്ന ചെറു ജീവ ജാലങ്ങളുമായുള്ള പരസ്പര സന്ധാരണ

  വ്യവസ്ഥയെ തകിടം മറിച്ചു. തുലനത നഷ്ടപ്പെട്ട, ഏക വിള കൃഷിയിടങ്ങളില്‍,

  അവയെ ഉപജീവിക്കുന്ന പ്രാണികള്‍ പെറ്റു പെരുകി. അവയുടെ നിയന്ത്രിതാക്കളായ

  മറ്റു പ്രാണികളുടെ, ജീവിത പശ്ചാതലങ്ങളായ മറ്റു സസ്യങ്ങളുടെ അഭാവം ആണതിന്

  കാരണമായത്‌. പെറ്റു പെരുകിയ ജീവജാലങ്ങളെ നാം കീടങ്ങള്‍ എന്ന് വിളിച്ചു.

  അവയുടെ ധര്‍മങ്ങള്‍ക്ക് നേരെ കണ്ണടച്ചു. അവയെ നിയന്ത്രിക്കാന്‍ നാം

  ജീവന്റെ അന്തകരെ ഒരു ഭസ്മാസുര ന്യായതിലൂടെ ഏര്‍പ്പെടുത്തി.. അതിപ്പോള്‍

  നമ്മുടെ തലമുറകളെ കൊന്നൊടുക്കുന്നു.

   

  മണ്ണ് ഇളക്കി മറിച്ചുള്ള കൃഷി രീതികള്‍, മണ്ണിന്റെ ഉപരിതല ആവാസ വ്യവസ്ഥയെ

  തകിടം മറിച്ചു. മണ്ണ് ചെങ്കല്‍ വല്കരിക്കപ്പെട്ട്യു. ഉയര്‍ന്ന നാഗരിതകളെ

  പോറ്റു വളര്‍ത്തിയ, തമിഴ്നാടടക്കമുള്ള കൃഷിയിടങ്ങള്‍

  മരുവല്‍കരിക്കപ്പെട്ടു. അവിടുത്തെ മണ്ണിനു വെള്ളത്തെ പിടിച്ചു

  നിറുത്താന്‍ ശേഷി ഇല്ലാതായി.. ഇതൊക്കെ അതി ജീവിക്കാന്‍ നാം രാസികങ്ങളെ

  ഇറക്കുമതി ചെയ്തു. ഭൂമിയുടെ രക്തക്കുഴലുകള്‍ക്ക് ബൈപാസ്സ് സര്‍ജറി ചെയ്തു

  ഡാമുകള്‍ ഉണ്ടാക്കി.. പരിസ്ഥിതി, ആരോഗ്യം, സുസ്ഥിരത, തുലനത ഒക്കെ

  നഷ്ടമായിത്തുടങ്ങി..

   

  ഇനി പറയുക കൃഷിയെപ്പറ്റി.

   

  https://www.facebook.com/groups/olympussdarsanam/doc/276639262367218/

  Print Friendly

  827total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in